കൊല്ലം: കാഷ്യു കോര്‍പ്പറേഷന്റെ കീഴിലുള്ള 30 ഫാക്ടറികളും സ്തംഭിച്ചിട്ട് ഒരാഴ്ച. 14,000 വരുന്ന സ്ത്രീതൊഴിലാളികള്‍ യൂണിയന് വ്യത്യാസമില്ലാതെ സമരത്തിലായിട്ടും പ്രശ്നപരിഹാരമില്ല. തൊഴിലാളിരംഗത്ത് നമ്പര്‍ വണ്‍ നടിക്കുന്ന സിഐടിയുവും മാതൃസംഘടനയായ സിപിഎമ്മും രാഷ്ട്രീയ പിന്തുണയില്ലാതെ സ്ത്രീശക്തി നടത്തുന്ന സമരം കണ്ട് പകച്ചിരിക്കുന്നു.
തൊഴിലാളികള്‍ക്കെതിരെ ഒന്നും പറയാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സിപിഎം. ആദ്യ ദിനങ്ങളില്‍ ചില തൊടുന്യായങ്ങള്‍ നിരത്തിയെങ്കിലും ആയുസുണ്ടായില്ല. സമരം ചെയ്യുന്നവര്‍ക്ക് നേതൃത്വം നല്കുന്ന ചിലരെ പരിഹസിച്ചായിരുന്നു ഇത്. സ്വന്തം പക്ഷത്ത് ന്യായം കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 16ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിവിധ യൂണിയന് നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കാഷ്യു കോര്പ്പറേഷന്. സമരം നടത്തുന്ന സ്ത്രീ തൊഴിലാളികള്‍ സംഘടിതമായാണ് രംഗത്തുള്ളത്. സമരത്തോട് മാനേജ്മെന്റ് കാട്ടുന്ന അവഗണനയോടുള്ള പ്രതിഷേധം ദിനംപ്രതി വര്‍ധിക്കുകയാണെന്ന് സിപിഎമ്മും തിരിച്ചറിയുന്നു.
അതേസമയം, ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐയാകട്ടെ തൊഴിലാളികള്‍ക്കൊപ്പം നിലകൊണ്ട് മുഖം രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. രാജ്യത്ത് അവരുടെ ഏക ശക്തികേന്ദ്രമായി വിശ്വസിക്കുന്ന ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വിവിധ ഫാക്ടറികളുടെ പടിക്കല്‍ സമരക്കാര്‍ക്ക് മുന്നില്‍ ഐക്യദാര്‍ഢ്യവുമായി എത്തുകയും കോര്പ്പറേഷന് മാനേജ്മെന്റിനെതിരെ പ്രസംഗിക്കുകയുമാണിപ്പോള് സിപിഐക്കാര്‍. അഞ്ചല്‍ പനച്ചവിളയില്‍ സിപിഐയുടെ ജില്ലാ അസി. സെക്രട്ടറിയായ പി.എസ്. സുപാലാണ് കഴിഞ്ഞ ദിവസം ഫാക്ടറി ഉപരോധം ഉദ്ഘാടനം ചെയ്തത്.
ഗ്രേഡിങ് തൊഴിലാളികള്‍ക്ക് വേര്‍തിരിക്കാനുള്ള നിലവിലെ 80 കിലോ പരിപ്പ് 100 കിലോയായി വര്‍ധിപ്പിച്ചതും അതുവഴി മറ്റ് ആനുകൂല്യ നിഷേധവുമാണ് സമരത്തിന് കാരണമായത്. സിഐടിയു നേതാവ് കൂടിയായ കോര്പ്പറേഷന് ചെയര്മാന് തൊഴിലാളികളെ വഞ്ചിക്കുന്നതായാണ് സിപിഐയുടെ പ്രചാരണം. വെള്ളിയാഴ്ച കോര്‍പ്പറേഷന്റെ ആസ്ഥാന മന്ദിരം 250 സ്ത്രീതൊഴിലാളികള്‍ ഉപരോധിച്ചു. സമരത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ഓഫീസിലേക്ക് തള്ളിക്കയറി. വനിതാ പോലീസിനെ ഉപയോഗിച്ചാണ് രാവിലെയും വൈകിട്ടും ഇവിടെ സമരക്കാരെ നേരിട്ടത്. മറ്റൊരു സ്ഥാപനമായ കാപ്പക്സിലെ ഗ്രേഡിങ് ജോലി സ്വഭാവം കോര്പ്പറേഷന് ഫാക്ടറികളിലും നടപ്പാക്കുമെന്ന നിലപാടിലാണ് ചെയര്മാന്. ഇത് കാരണം വരും ദിവസങ്ങളിലും സമരം ശക്തമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: