ചിലര്‍ അങ്ങനെയാണ്. ജയിച്ചു ജയിച്ച് തോല്‍വിയെ തോല്‍പ്പിച്ചുകൊണ്ടേയിരിക്കും. പക്ഷേ പെട്ടെന്നൊന്നും അത് പ്രത്യക്ഷമാവില്ല. അതുകൊണ്ടാവും ഏഴു വാടക വീടുകള്‍ മാറി മാറി താമസിച്ചപ്പോഴെല്ലാം അഞ്ചുപേരടങ്ങിയ കുടുംബം ദുരന്തത്തിലേക്കു വീഴുകയാണെന്നു വിചാരിച്ച് ആ വീടുകളുടെ ഉടമകള്‍ അവരോടു താമസം മാറാന്‍ പറഞ്ഞത്. ബിസ്മി ബിനുവിന്റെ ജീവിതം അങ്ങനെ ചെകുത്താനും കടലിനുമിടയില്‍ പകിടകളിച്ചുകൊണ്ടേയിരുന്നു. കാഴ്ചക്കാര്‍ക്കായിരുന്നു പക്ഷേ, ഭയം. ബിസ്മിക്ക് ദുരിത ദുഃഖങ്ങള്‍ ജീവിതം നട്ടുപിടിപ്പിക്കാനുള്ള തൂണുകളായിരുന്നു. വാളോങ്ങിയ ചുറ്റുപാടുകളോടു നിരന്തരപോരാട്ടത്തിലായിരുന്നു ബിസ്മി. കാഞ്ഞിരപ്പള്ളി ചെരിവുകാലായില്‍ ആന്റണി-ത്രേസ്യാമ്മ ദമ്പതികളുടെ മകളും ഇന്‍വെര്‍ട്ടര്‍ ബിസിനസുകാരനായ ബിനുവിന്റെ ഭാര്യയും മൂന്നു മക്കളുടെ അമ്മയുമായ ബിസ്മി നടത്തുന്ന ചെടിച്ചട്ടിയിലെ പച്ചക്കറി വിപഌവമാണ് അവരെ പ്രശസ്തിയിലേക്കും സംരംഭകരെ സൃഷ്ടിക്കുന്നതിലേക്കും നയിച്ചത്.
ഞങ്ങളുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന ബിസ്മിയോടും കുടുംബത്തോടും മാറാന്‍ പറഞ്ഞത് വാടകപ്പണത്തിന്റെ കാര്യത്തിലോ ഇഷ്ടക്കുറവുകൊണ്ടോ ഒന്നുമല്ല, ആ കുടുംബത്തിന്റെ ദുരിതം പേടിച്ചുമാത്രമാണെന്ന് കാഞ്ഞിരപ്പള്ളി താലൂക്കിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷൂജ ഒരു പ്രമുഖ ചാനലിനോട് ഈയിടെ പറഞ്ഞത് ആ കുടുംബം അനുഭവിച്ചിരുന്ന പ്രശ്നങ്ങളുടെ ആഴം വ്യക്തമാക്കുന്നു. ഒരേ കടലിലേക്കു മാത്രം ഒഴുകുന്നവയല്ലല്ലോ എല്ലാ നദികളും. അതുപോലെ വേദനകളെല്ലാം ദുരന്തത്തിലേക്കു ചെന്നു ചേരാനുള്ളതല്ലല്ലോയെന്ന് ബിസ്മി. ഇന്നത്തെ ഉയര്‍ച്ചയുടെ പിന്നിലെ വരം കട്ടപിടിച്ച പ്രകൃതി സ്നേഹമാണ്. അപ്പന് ആന്റണിയില്‍നിന്നാണ് അതുതുടങ്ങിയത്. എന്നാല്‍ പ്രചോദനം ചേച്ചിയായിരുന്നു. ആ കൃഷിവാസന ബിസ്മിയിലും നാമ്പിട്ടു. അത് വിധിയെ കവച്ചുവച്ച ദൈവവിളിയെന്ന് ബിസ്മി. ഭര്‍ത്താവ് ബിനുവും മക്കളും ഒപ്പംനിന്നു. അതു ചെടികളോടും പച്ചക്കറികളോടും പൂക്കളോടുമുള്ള പ്രണയമായി. ഇന്ന് വിശാലമായ വീട്ടുമുറ്റത്തെ നിരവധി നിരകളില്‍ വളരുന്ന ആയിരക്കണക്കിന് ചെറുബാഗുകളിലെ പച്ചക്കറികള്‍ ഇതിനെല്ലാം സാക്ഷികളാണ്. പലതരം പൂക്കളും ചെടികളും പച്ചക്കറികളുമായി കണ്ണഞ്ചിപ്പോകുന്ന വീട്ടുമുറ്റം. അതിനിടയില്‍ പഴമകൊണ്ടലങ്കരിച്ചപോലെ വലിയൊരു വാടകവീട്. അകത്തും പഴമയുടെ പുതുമ. ഇരിപ്പിടങ്ങളും ഫാനും ചുമരിലെ ചിത്രങ്ങളും എന്തിനേറെ മേശപ്പുറത്തു പ്രത്യേകം പ്രതിഷ്ഠിച്ച ദൈവങ്ങളുടെ രൂപങ്ങള്‍ക്കും കുരിശിനും മെഴുതിരിക്കുപോലുമുണ്ട് പഴമ. പഴമയോടു ബസ്മിക്കു വലിയ ആരാധനയാണ്. പഴയ ആള്ക്കാര്, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍…എല്ലാറ്റിനോടും വല്ലാത്തൊരടുപ്പം. പുതുമയോട് കമ്പമില്ലാതെതന്നെ യോജിച്ചുപോകുന്നുവെന്നുമാത്രം.
മണ്ണുത്തിയില്‍നിന്നും മറ്റുംകൊണ്ടുവരുന്ന ചെടികളെ കുഞ്ഞുങ്ങളെപ്പോലെ ഓമനിച്ചാണ് സംരക്ഷിക്കുന്നത്. ചെറിയ ബാഗില്‍ നട്ടശേഷം അവിടന്ന് മാറ്റിസ്ഥാപിക്കും. ചെടി വളര്‍ത്താന്‍ സ്ഥലമില്ലെന്നു പറയുന്നവര്‍ക്ക് ബിസ്മിയുടെ രീതികള്‍ പുതിയ വഴി പറഞ്ഞുകൊടുക്കും. ചെടിച്ചട്ടിയില്‍ ബീറ്റ്റൂട്ട്, ഉള്ളി തുടങ്ങി അനേക ഇനങ്ങളാണ് വളര്‍ത്തുന്നത്. ഇതു കാണാനും അറിയാനും വാങ്ങുവാനുമായി വീട്ടിലെത്തുന്നത് നിരവധി പേരാണ്. തിരക്കിനിടയില്‍ ഇവര്‍ക്കു ക്ലാസുകൊടുക്കാനും മടിയില്ല. ഇവിടെ ചെടി വില്‍ക്കുന്നത് വളരെ വില കുറച്ചാണ്. പുറത്ത് ഇരുനൂറ്റന്പത് രൂപ വില വരുന്ന ഓര്‍ക്കിഡ് വെറും അന്‍പതു രൂപയ്ക്കാണ് ബിസ്മി വില്‍ക്കുന്നത്.
ചെടിച്ചട്ടിയിലെ പച്ചക്കറി വിപ്ലവം എന്നൊരു പ്രസ്ഥാനത്തിലേക്ക് ആകര്ഷിക്കപ്പെട്ടുവന്ന വിവിധ ജില്ലകളിലെ ആയിരത്തോളം സംരംഭകരെയാണ് യാതൊരു പ്രതിഫലേച്ഛയും കൂടാതെ ബിസ്മി വാര്‍ത്തെടുത്തിരിക്കുന്നത്. കൂടാതെ അടുത്തും അകലെയുമുള്ളവര്ക്ക് ആവശ്യപ്പെട്ടാല്‍ അവരുടെ വീടുകളിലോ സ്ഥാപനങ്ങളിലോ എത്തി സ്വന്തം ചെലവില്‍ കഌസെടുക്കുന്നുമുണ്ട്. ജാതിമത ഭേദമില്ലാതെ കാരുണ്യപ്രവൃത്തികള്‍ വേറെ. പെട്ടെന്ന് ഇല്ലാതാകുന്നവരാണ് മനുഷ്യര്‍. ഗ്യാരണ്ടിയില്ലാത്ത ജീവിതം. അതിനിടയില്‍ മറ്റുള്ളവര്‍ക്കു നല്കുന്ന സ്നേഹവും കരുതലും മനസ്സിനു നല്കുന്ന ജാഗ്രത ചെറുതല്ല. ഇതൊക്കെക്കൊണ്ടാണ് വലിയ ദുരന്തത്തിലേക്കു ചെന്നുവീഴുമെന്നു മറ്റുള്ളവര്‍ ഭയന്ന ഒരു കുടുംബം ആത്മവിശ്വാസത്തിന്റെ പാറയില്‍ ജീവിതം പണിതുയര്‍ത്തിയത്.
മുന്നേറ്റത്തിന്റെ പിന്നാമ്പുറത്തുണ്ട് അയല്‍ സ്നേഹത്തിന്റെ കനപ്പും അനുഗ്രഹവുമെന്ന് ബിസ്മി. ഒരു തിരുഹൃദയച്ചെടിയില്നിന്നായിരുന്നു തുടക്കം. കണ്ണാടിച്ചെടിയെന്നും പറയും. അയല്‍വീട്ടിലെ ലില്ലിച്ചേച്ചി പത്തു രൂപ തന്ന് ഒരു തിരുഹൃദയച്ചെടി വാങ്ങുമ്പോള്‍ അതു വളര്‍ച്ചയുടെ വസന്തത്തിനുള്ള കൈനീട്ടമായിരുന്നുവെന്ന് ഇപ്പോഴറിയുന്നു. തിരുഹൃദയംപോലെ ആ കൈനീട്ടിയ ഐശ്വര്യം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു.
തീരെ സമയമില്ലെന്നു പറയുന്നവര്‍ക്കിടയില്‍ നേരം ബിസ്മിക്കു ചുറ്റും തെള്ളിവരുംപോലെയാണ് ഒരു ജന്മത്തിലെ അനേക ജീവിതംപോലെ പലതും ചെയ്തുകൂട്ടുന്നത്. അനുഭവങ്ങളും ജീവിതത്തെ തുറന്ന മനസ്സോടെ കാണുന്നതുമാകാം ബിസ്മി സംസാരിക്കുമ്പോള്‍ വലിയ ഉള്‍ക്കാഴ്ചയുടെ ആലക്തിക പ്രകാശമുണ്ടാകുന്നത്. ഉള്ളിലെ തെളിച്ചവലിപ്പംകൊണ്ടാവണം ചിരിയോടെ മാത്രം ബിസ്മിക്കു നിഷ്ക്കളങ്കമായി സംസാരിക്കാന്‍ കഴിയുന്നത്.
പ്രകൃതിയുടെ ഏതു വരദാനത്തോടും പ്രിയമാണ് ബിസ്മിക്ക്. വീട്ടിലെ ധാരാളം കിളികളും പൂച്ചകളും പട്ടികളും ഈ സ്നേഹത്തിന്റെ സാക്ഷികള്‍. ബിസ്മി-ബിനു ദമ്പതികള്‍ക്ക് മൂന്നു മക്കള്‍. മകന് ബിപിന്‍ എട്ടാം കഌസില്‍ പഠിക്കുന്നു. മിന്നുവും മീനുവും ആറിലും നാലിലും. നിരവധി പുരസ്ക്കാരങ്ങള്‍, അഭിമുഖങ്ങള്‍, ആദരവുകള്‍, ഉദ്ഘാടനങ്ങള്‍… വിജയത്തിന്റെ പടികള്‍ ഓരോന്നു കയറുമ്പോഴും ബിസ്മി കൂടുതല്‍ വിനയാന്വിതയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: