രാജ്യം പലവിധ ഭീഷണികള്‍ നേരിടുന്ന ഒരു വേളയാണിത് കാലഘട്ടം മാറുന്നതിനനുസരിച്ച് ഭീഷണിയുടെ സ്വഭാവവും ശൈലിയുമൊക്കെ മാറുന്നു എന്നതാണ് ശ്രദ്ധേയം. ശത്രുവിന്റെ കാഴ്ചപ്പാട് മാത്രമല്ല, ആധുനിക ആയുധ സംവിധാനങ്ങള്‍ കരഗതമാക്കി ആരെയും എപ്പോഴും എങ്ങിനെയും നേരിടാനുള്ള ഒരുക്കങ്ങളും ശത്രുക്കള്‍ നടത്തുന്നു. പഴയകാലത്ത് ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതായിരുന്നു വലിയ ഭീഷണി. ഇന്ന് അതില്ല എന്നല്ല, ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളി അതിനൊക്കെ അപ്പുറമായിരിക്കുന്നു.
കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുശക്തമായ ഒരു ഭരണകൂടമുള്ള ഈ വേളയില്‍ പോലും നമ്മുടെ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കാന്‍ ഇത്തരം ചില ശക്തികള്‍ ശ്രമിക്കുന്നത് നമ്മുടെയൊക്കെ മുന്നിലുണ്ട്. നമ്മുടെ സൈന്യവും സുരക്ഷാസംവിധാനവുമൊക്കെ കണ്ണും കാതും കൂര്‍പ്പിച്ചു കാത്തിരിക്കുന്നതു കൊണ്ടാണ് ഇത്രക്ക് ശാന്തമായ അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നത്. ഇവിടെ സുരക്ഷാ ഭടന്മാര് മാത്രമല്ല, സൈന്യത്തില്‍ നിന്നും അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ച പൂര്‍വ സൈനികരുടെ പ്രതിബദ്ധതയും സേവനവും കൂടി ഗൗരവത്തില്‍ സ്മരിക്കപ്പെടേണ്ടതുണ്ട്. പൂര്‍വസൈനിക് സേവാപരിഷത്തിന്റെ സംസ്ഥാന സമ്മേളനം തൃശൂരില്‍ നടക്കുന്ന ഈ വേളയില്‍ അതൊക്കെ വിലയിരുത്തപ്പെടുന്നത് സ്വാഭാവികം മാത്രം.
യുദ്ധമെന്നാല്‍ അതിര്‍ത്തി കടന്നും മറ്റും ശത്രു സൈന്യം കടന്നുവരുന്നതായിരുന്നു പഴയ നിര്‍വചനം. അത് ആകാശ മാര്‍ഗവും കടലിലൂടെയും ആവാറുണ്ട്, കാല്‍നടയായും മറ്റും വേറെ. ആ കാലഘട്ടം ഏതാണ്ട് കഴിഞ്ഞു; ഇന്ന് മിസൈലുകളുടെ കാലമാണ്. നിശ്ചിത ദൂരത്തേക്ക് കൃത്യമായി ലക്ഷ്യം വെയ്ക്കാവുന്ന മിസൈലുകള്‍. ഇപ്പോള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ കൃത്യമായി ലക്ഷ്യമിടാന്‍ കഴിയുന്ന മിസൈലുകള്‍ ഇന്ത്യ പോലും വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ട് ഇവിടെ വന്നു യുദ്ധം ചെയ്യുന്ന സമ്പ്രദായമൊക്കെ മാറിക്കഴിഞ്ഞു. അടുത്തകാലത്ത് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ മറ്റൊന്നാണ്. നമുക്ക് നേരെ ഭീഷണിയുടെ വിരലുയര്‍ത്തുന്നവരെ അവരുടെ തട്ടകത്തില്‍ ചെന്ന് ഇല്ലായ്മ ചെയ്യുന്ന തന്ത്രമായിരുന്നു അത്. വ്യോമാക്രമണം തന്നെയായിരുന്നു അത്. അതിര്‍ത്തിക്കപ്പുറത്തെ ഭീകരക്യാമ്പുകള്‍ തകര്‍ക്കലായിരുന്നു ലക്ഷ്യം. അതില്‍ നമ്മുടെ സുരക്ഷാഭടന്മാര് വിജയിക്കുകയും ചെയ്തു.
ഇന്ത്യയുടെ സുരക്ഷാപ്രശ്നം സുരക്ഷാ ഭടന്മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതായിരുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യക്ക് വേണ്ടത്ര ആധുനിക യുദ്ധസാമഗ്രികള്‍ വാങ്ങാനായിരുന്നില്ല. പടക്കോപ്പുകള്‍ ഇല്ലായിരുന്നു എന്നര്‍ത്ഥം. യുപിഎ ഭരണകാലത്ത് ചില ശ്രമങ്ങള്‍ നടന്നുവെങ്കിലും ആയുധ ദല്ലാളന്മാര് പരസ്യമായി തമ്മിലടിച്ചപ്പോള്‍ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ. ആന്റണിക്ക് ഒന്നും ചെയ്യാനാവാത്ത അവസ്ഥയുണ്ടായി. അവസാനം 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് ചങ്കുറപ്പോടെ ശത്രുവിനെ നേരിടാനുള്ള ആയുധങ്ങള്‍ സൈന്യത്തിന് ലഭിച്ചത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വാങ്ങിയത് പോലും അപ്പോഴാണ് എന്നുപറഞ്ഞാല്‍ എല്ലാമായല്ലോ. ഏറ്റവുമൊടുവില്‍ നാവികസേനയ്ക്ക് വിമാനങ്ങള്‍ വാങ്ങിക്കുന്നു, വ്യോമസേനയ്ക്കായി റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു, കരസേനയ്ക്ക് ആധുനിക തോക്കുകള്‍ സംഘടിപ്പിക്കുന്നു. അങ്ങിനെ പലതും ഇക്കാലത്ത് കണ്ടു. വേണ്ടതൊക്കെ വേണ്ടവിധം എന്നതായിരുന്നു മോദി സര്‍ക്കാരിന്റെ ചിന്തയും കര്‍മ്മപദ്ധതിയും. അതിലേറെയും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നു എന്നതാണ് പ്രധാനം. വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി നടത്തിയവയാവട്ടെ, എല്ലാം സര്‍ക്കാരുകള്‍ തമ്മിലെ കരാറുകള്‍ പ്രകാരവും. ഇവിടെ ദേശസുരക്ഷ ശക്തമാക്കാന്‍ വേണ്ടത് ചെയ്തു എന്നതിനൊപ്പം പ്രതിരോധ ഇടപാടിലെ ഇടനിലക്കാര്‍ക്ക് സ്ഥാനമില്ലാതായി എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത്രയേറെ സുതാര്യമായും പ്രതിരോധ ഇടപാടുകള്‍ നടത്താനാവുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ കാണിച്ചുകൊടുത്തു. റഫാല്‍ കേസില്‍ സുപ്രീംകോടതിയും അക്കാര്യം വ്യക്തമാക്കിയിരുന്നു.
ഇന്നിപ്പോള്‍ രാജ്യം നേരിടുന്ന പ്രധാന ഭീഷണി അതിര്‍ത്തി കടന്നുള്ള സൈനിക ആക്രമണമല്ല മറിച്ച് ഭീകരരും അവരുടെ കൂട്ടുകാരും നടത്തുന്ന നീചമായ ശ്രമങ്ങളാണ്. കശ്മീരില്‍ അത് ഒരു ഘട്ടത്തില്‍ അത്യുന്നതിയിലെത്തിയതാണ്; വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലും അവരുടെ ശല്യമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി ഭീകരതയെ നിയന്ത്രിക്കാന്‍, കുറച്ചു കൊണ്ടുവരാന്‍ നമ്മുടെ സര്‍ക്കാരിനായി, സുരക്ഷാ സേനയ്ക്കായി. നാം ശ്രദ്ധിക്കേണ്ടത്, ഇത്തവണ അനുഛേദം 370 എടുത്തുകളഞ്ഞ സാഹചര്യത്തില്‍ പോലും കശ്മീരില്‍ ഒരു വലിയ ഭീഷണി ഉയര്‍ത്താന്‍ ഭീകരര്‍ക്കായില്ല എന്നതാണ്. ചില നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു; എന്നാല്‍ ഒരിക്കലും ജനജീവിതം പ്രശ്ന സങ്കീര്‍ണ്ണമായില്ല. അതുപോലെ തന്നെയാണ് അയോദ്ധ്യ വിധിയെത്തുടര്‍ന്നുണ്ടായ സാഹചര്യങ്ങളെയും കാണേണ്ടത്. ആ കോടതിവിധിയുടെ മറവില്‍ രാജ്യത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചവരുണ്ട്, അല്ലെങ്കില്‍ കലാപം നടക്കട്ടെ എന്നാഗ്രഹിച്ചവരുണ്ട്.
പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വഭേദഗതി ബില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കി. അയല്‍രാജ്യങ്ങളില്‍ നിന്ന് മതപീഡനം മൂലം അഭയാര്‍ത്ഥികളായി നരകിക്കുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് നിയമമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. അഞ്ഞൂറിലേറെ മുസ്ലിങ്ങള്‍ക്കും അടുത്തിടെ പൗരത്വം നല്‍കിയത് അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്നിപ്പോള്‍ പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ചില സംസ്ഥാനങ്ങളില്‍ കലാപമഴിച്ചുവിടാന്‍ ശ്രമിക്കുന്നവരുണ്ട്. അത് പൊടുന്നനെ ഉണ്ടായ പ്രശ്നമാണ് എന്ന് കരുതിക്കൂടാ; അതിനുപിന്നില്‍ ഏതൊക്കെയോ ശക്തികളുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ ‘ഒരു റാങ്ക് ഒരു പെന്ഷന്’ പദ്ധതി തയാറാക്കുകയും പൂര്‍വസൈനികര്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്തത് ഈ സര്‍ക്കാരാണ്. അത് നടപ്പിലാക്കി എങ്കിലും ചില പോരായ്മകളുണ്ട് എന്നത് തിരിച്ചറിയുന്നു. അതിനും പരിഹാരം ഉണ്ടാവേണ്ടതുണ്ട്. തീര്‍ച്ചയായും അക്കാര്യത്തിലും പൂര്‍വസൈനിക് സേവാപരിഷത് വേണ്ട നടപടികള്‍ സ്വീകരിക്കും.
നാളെ ഡിസംബര്‍ 16, ‘വിജയ് ദിവസ’മാണ്; ബംഗ്ലാദേശ് യുദ്ധത്തില്‍ നാം വിജയിച്ച നാള്. ഒരു യുദ്ധം വിജയിക്കുക എന്നത് ഒരു സൈനികന് എന്നും മധുരസ്മരണകളാണ് നല്‍കുക.(പൂര്‍വസൈനിക് സേവാപരിഷത് സംസ്ഥാന സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: