ന്യൂദല്‍ഹി: സ്വാതന്ത്ര്യസമര പോരാട്ടത്തിലെ വിപ്ലവ പോരാളി വിനായക് ദാമോദര്‍ സവര്‍ക്കറെ അപമാനിച്ച കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുലിനെതിരെ പ്രതിഷേധം ശക്തമാവുന്നു. മാപ്പു ചോദിക്കാന്‍ എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല എന്നാണ് ദല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ”ഇന്ത്യയെ രക്ഷിക്കൂ” റാലിയില്‍ രാഹുല്‍ പ്രസംഗിച്ചത്.
സ്വാതന്ത്ര്യസമര പ്രക്ഷോഭത്തില്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ പതിറ്റാണ്ടുകള്‍ തടവു ശിക്ഷ അനുഭവിച്ച സവര്‍ക്കറെ രാഹുല്‍ അപമാനിച്ചതില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുകയാണ്. ബ്രിട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പു ചോദിച്ചിരുന്നു എന്ന് ഇടതു ചരിത്രകാരന്മാര്‍ സൃഷ്ടിച്ച കള്ളക്കഥ ആവര്‍ത്തിക്കുകയായിരുന്നു രാഹുല്‍. റേപ്പ് ഇന്‍ ഇന്ത്യ എന്ന പരാമര്‍ശത്തിന് മാപ്പു ചോദിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന ആവശ്യത്തിനുള്ള മറുപടിയായാണ് സവര്‍ക്കറെ അപമാനിക്കുന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചത്.
മഹാരാഷ്‌ട്രയില്‍ അധികാരത്തിനു വേണ്ടി കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയ ശിവസേനയാണ് രാഹുലിന്റെ പ്രസംഗത്തില്‍ വെട്ടിലായത്. സവര്‍ക്കറിന് ഭാരതരത്‌ന നല്‍കി ആദരിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്ന ശിവസേന രാഹുലിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ചോദ്യം.
ശിവസേനാ നേതാവും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പരസ്യമായി രാഹുലിന്റെ ചെകിട്ടത്ത് അടിക്കണമെന്നാണ് സവര്‍ക്കറിന്റെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ ആവശ്യപ്പെട്ടത്. താന്‍ രാഹുല്‍ സവര്‍ക്കറല്ല എന്ന് രാഹുല്‍ പറഞ്ഞത് നന്നായി. മറിച്ചാണ് പറഞ്ഞിരുന്നതെങ്കില്‍ ഞങ്ങള്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമായിരുന്നു. സവര്‍ക്കറെ ആരെങ്കിലും അപമാനിച്ചാല്‍ അയാളെ താന്‍ പരസ്യമായി തല്ലുമെന്നു പറഞ്ഞ ഉദ്ധവ് താക്കറെ ഇപ്പോള്‍ എന്തു ചെയ്യും എന്നറിയാന്‍ ആഗ്രഹമുണ്ട്. രാഹുലിനെ ഉദ്ധവ് തല്ലുമോ? സവര്‍ക്കറിന് ഭാരതരത്‌ന നല്‍കണം എന്ന ആവശ്യത്തില്‍ നിന്ന് ശിവസേന പിന്മാറുമോ എന്നറിയാന്‍ ആഗ്രഹമുണ്ട്, രഞ്ജിത് പറഞ്ഞു.
ശിവസേനയുടെ പ്രതികരണം അറിയാന്‍ ആഗ്രഹമുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. വീര്‍ സവര്‍ക്കര്‍ മാപ്പു ചോദിച്ച ഭീരുവാണെന്നാണല്ലോ രാഹുല്‍ പറഞ്ഞത്. ഇതെക്കുറിച്ച് ശിവസേന എന്തു പറയുന്നു എന്നറിയാന്‍ ആഗ്രഹമുണ്ട്, അമിത് പറഞ്ഞു. രാഹുല്‍ ജിന്ന എന്നു പേരുമാറ്റുന്നതാവും അദ്ദേഹത്തിന് ഉചിതമെന്നാണ് ബിജെപി നേതാവ് ജി.വി.എല്‍. നരസിംഹറാവു പറഞ്ഞത്.
സവര്‍ക്കറെ അപമാനിക്കരുതെന്ന ദുര്‍ബ്ബലമായ പ്രതികരണത്തില്‍ ഒതുങ്ങി ശിവസേനയുടെ പ്രതിഷേധം. രാഹുലിന്റെ പേരെടുത്തു പറയാന്‍ പോലുമുള്ള ധൈര്യം കാട്ടാതെയാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പ്രതികരണം ട്വീറ്റ് ചെയ്തത്. സവര്‍ക്കര്‍ രാജ്യത്തിന് ദൈവത്തെപ്പോലെയാണെന്നും മഹാത്മാഗാന്ധിയെയും നെഹ്‌റുവിനെയും പോലെ സവര്‍ക്കറെയും ബഹുമാനിക്കണം തുടങ്ങിയ ഉപദേശങ്ങളായിരുന്നു റാവത്തിന്റെ ട്വീറ്റില്‍.
















