ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം ആദ്യം പശ്ചിമ ബംഗാളില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രിക്ക് ഇത് തടയാന്‍ സാധ്യമല്ലെന്നും പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. നിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായിരിക്കും പശ്ചിമ ബംഗാളെന്നും ഇതിനെ എതിര്‍ക്കാന്‍ മമത ബാനര്‍ജിക്കോ തൃണമൂല്‍ കോണ്‍ഗ്രസിനോ സാധിക്കില്ലെന്നും അദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് തുടങ്ങിയവയെയും മമത സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ഇവയെല്ലാം സംസ്ഥാനത്ത് നടപ്പിലാക്കി. ഈ സാഹചര്യത്തില്‍ പൗരത്വ നിയമവും സംസ്ഥാനത്ത് നടപ്പിലാകും. പൗരത്വ നിയമത്തെ എന്തിനാണ് മമത എതിര്‍ക്കുന്നതെന്നും അദേഹം ചോദിച്ചു. നുഴഞ്ഞുകയറ്റക്കാരുടെ വിഷമമാണ് മമതയെ അലട്ടുന്നത്, കഴിഞ്ഞ പതിറ്റാണ്ടുകളായി ഈ നിയമത്തിനായി കാത്തിരിക്കുന്ന ഹിന്ദു അഭയാര്‍ഥികളെക്കുറിച്ച് മമതക്ക് ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു കാരണവശാലും ബംഗാളില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തേ മമത പറഞ്ഞിരുന്നു. തെറ്റായ കാര്യങ്ങല്‍ പ്രചരിപ്പിച്ച് പുതിയ നിയമത്തിനെതിരെ ബംഗാളില്‍ പ്രതിഷേധം മമത ആളിക്കത്തിച്ചതായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. ബംഗാളിലെ പ്രതിഷേധത്തിന് പിന്നിലുള്ളവര്‍ക്കെതിരെ മമത ബാനര്‍ജി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും നിയമം കൈയിലെടുക്കാന്‍ അവര്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണെന്നും കൈലാഷ് വിജയവര്‍ഗി പറഞ്ഞു.
















