ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് പോലും ലഭിക്കും മുന്‍പ് അത് നടപ്പാക്കിയേ അടങ്ങൂ. മുഖ്യമന്ത്രി പിണറായി വിജയന്റെ വാശി അതായിരുന്നല്ലോ. പോലീസിനേയും പാര്‍ട്ടിക്കാരെയുമെല്ലാം അണിനിരത്തി പഠിച്ചപണി പതിനെട്ടും പ്രയോഗിച്ചിട്ടും എല്ലാം പാളി. നന്നായി കൈപൊള്ളുകയും ചെയ്തു. തുടര്‍ന്ന് വന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയുമിട്ടശേഷമാണ് അബദ്ധം മനസ്സിലായത്. കണ്ടാല്‍ പഠിക്കാത്തവര്‍ കൊണ്ടാല്‍ പഠിക്കാതിരിക്കില്ലെന്ന് പൊതുവെ പറയാറുണ്ട്. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരുണ്ടോ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ കേട്ടോളൂ. അങ്ങനെയൊരാളുണ്ട്. അയാളെ നമുക്ക് വിളിക്കാം. പിണറായി വിജയനെന്ന്.
പൗരത്വഭേദഗതി ബില്‍ നിയമമാക്കിയത് നരേന്ദ്രമോദിയും അമിത്ഷായും കോന്തലയില്‍ കരുതി രാഷ്ട്രപതിഭവനിലേല്‍പ്പിച്ചതല്ല. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്ലാണിത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ അത് ഭരണഘടന പ്രകാരം നിയമമാണ്. അത് കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ പറയാന്‍ എങ്ങനെ കഴിയും? കേരളം എന്നത് ഇന്ത്യയുടെ ഭാഗമല്ലേ? കേരളം പിണറായി റിപ്പബ്ലിക്കാണോ? പിണറായി സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒരാള്‍ക്ക് പൗരത്വം നല്കാന് കഴിയുമോ? ഏതെങ്കിലുമൊരാളുടെ പൗരത്വം ഇല്ലാതാക്കാനാകുമോ? അധികാരവും അവകാശവുമില്ലാത്തിടത്ത് പ്രസ്താവന നടത്തി പൊങ്ങച്ചം നടിക്കാന്‍ ശ്രമിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്പത്തമാണ്.
രാജ്യസഭയില്‍ ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി നല്‍കവെ ബംഗാള്‍ മുഖ്യമന്ത്രി നിയമം നടപ്പാക്കില്ലെന്ന പ്രസ്താവന ചൂണ്ടിക്കാട്ടിയതാണ്. ആഭ്യന്തരമന്ത്രി അമിത്ഷാ അതിനെക്കുറിച്ച് സഭയില്‍ നല്കിയ മറുപടിയില്‍ മമതയുടെ പ്രസ്താവന ബാലിശമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും കേരള മുഖ്യമന്ത്രി പിണറായി വിജയന് ബംഗാള്‍ മുഖ്യമന്ത്രിയുടെ ചുവടുപിടിച്ച് രംഗത്തുവന്നത് വിചിത്രവും വിഡ്ഢിത്തം നിറഞ്ഞതുമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. നിയമവിദഗ്ധനല്ലെങ്കിലും പിണറായിക്കും അതിനെക്കുറിച്ച് നിശ്ചയമുണ്ടാകുമെന്ന് തന്നെയാണ് തോന്നുന്നത്. നിയമത്തെക്കുറിച്ച് ചിലരില്‍ ഭയാശങ്കയുണ്ടാക്കുകയും അവരോട് ഒപ്പം ഉണ്ടെന്ന തോന്നലുണ്ടാക്കുകയുമാവാം ലക്ഷ്യം. പക്ഷേ കഷ്ടമായിപ്പോയി.
രാഷ്ട്രപതി ഒപ്പുവച്ച പൗരത്വഭേദഗതി ബില്ലിന്റെ പേരില്‍ കേരളത്തില്‍നിന്ന് എന്നല്ല ഇന്ത്യയിലെ ഒരു മുസല്മാനെയും പുറത്താക്കാന്‍ ആര്‍ക്കും അവകാശമോ അധികാരമോ ഇല്ല. അതിനായി ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ അവര്‍ക്കെതിരെ ആദ്യം ഇറങ്ങുന്ന കക്ഷി ബിജെപിയായിരിക്കും. നടപടി സ്വീകരിക്കുന്ന ഭരണാധികാരി നരേന്ദ്രമോദിയും അമിത്ഷായുമായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്നുമാത്രമല്ല ഈ ബില്ലിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാഷ്ട്രീയകക്ഷികളും ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. മുസ്ലീംലീഗിന്റെ ലോക്സഭാംഗങ്ങളായ പി.കെ.കുഞ്ഞാലിക്കുട്ടി മുണ്ടുടുത്തും ഇ.ടി.മുഹമ്മദ് ബഷീര്‍ മുണ്ടുടുക്കാതെയും സുപ്രീംകോടതിയില്‍ നേരിട്ടെത്തി തങ്ങളുടെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സുപ്രീംകോടതിയെടുക്കുന്ന സമീപനം എന്താകുമെന്നറിയില്ല. എന്നാല്‍ മുസ്ലീംലീഗിന്റെ ആവശ്യമെന്താണ്? അന്യരാജ്യങ്ങളില്‍ നിന്നെത്തുന്ന മുസ്ലീങ്ങളെ നിരുപാധികം ഇന്ത്യയില്‍ പാര്‍പ്പിക്കണമെന്നാണ്. ഇന്ത്യയിലെ മുസ്ലീങ്ങളിലാരെയെങ്കിലും ഏതെങ്കിലും മുസ്ലീം രാജ്യത്ത് ഒരു രേഖയുമില്ലാതെ പാര്‍പ്പിക്കാന്‍ ലീഗിന് കഴിയുമോ? ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ലെന്ന് ലീഗ് പ്രസിഡന്റായിരിക്കെ സുലൈമാന്‍ സേട്ട് പാക്കിസ്ഥാനില്‍ ചെന്ന് പരാതി പറഞ്ഞിരുന്നു. ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തതാണ്. അന്ന് കേന്ദ്രഭരണം നടത്തിയത് കോണ്‍ഗ്രസ്സാണെന്നും ഓര്‍ക്കുന്നു.
പൗരത്വഭേദഗതി ബില്‍ നിയമമാകുമ്പോള്‍ രാജ്യത്തെ ഒരു സംസ്ഥാനത്തിനും അതു നടപ്പാക്കാതിരിക്കാനാവില്ല. ഒന്നാമതായി, പൗരത്വം നല്കുന്നതു സംസ്ഥാനമല്ല, കേന്ദ്ര സര്‍ക്കാരാണ്. രണ്ടാമതായി, പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി അനുമതി നല്‍കുകയും ചെയ്താല്‍ ആ നിയമം രാജ്യത്തെങ്ങും ബാധകമാണ്.
അതുകൊണ്ടുതന്നെ ബില്‍ നടപ്പാക്കില്ല എന്ന് ബംഗാള്‍, കേരള മുഖ്യമന്ത്രിമാര്‍ പറയുന്നതു പ്രായോഗികമല്ല. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നു മാത്രമല്ല ഈ ബില്ലിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ കക്ഷികളും ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി പരിശോധിക്കേണ്ടതുമാണ്. അവിടെ 7 സംസ്ഥാനങ്ങളില്‍ എല്ലാറ്റിലും ഇപ്പോള്‍ തന്നെ ബംഗ്ലാദേശില്‍നിന്ന് വന്‍തോതില്‍ കുടിയേറ്റം നടന്നുകഴിഞ്ഞു. ആസാം, ത്രിപുര, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. മണിപ്പുര്‍, നാഗാലാന്‍ഡ്, മിസോറം, മേഘാലയ എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം.
ഈ സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം ഒരുപോലെയല്ല. എല്ലായിടത്തും പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നുമില്ല.
ആസാമില്‍ സ്ഥിതി പാടേ വ്യത്യസ്തമാണ്. ആസാം കരാര്‍ പ്രകാരം 1971 മാര്‍ച്ച് 25 ആണ് പൗരത്വത്തിനുള്ള അവസാന തീയതി (കട്ട് ഓഫ് ഡേറ്റ്). ദേശീയ പൗരത്വ രജിസ്റ്റര്‍ നിലവില്‍ വന്നപ്പോഴും ഇതുതന്നെയായിരുന്നു തീയതി. കോണ്‍ഗ്രസ് ഭരണത്തിലാണ് ആസാം കരാര്‍ വന്നത്. എന്നാല്‍ ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമപ്രകാരം അത് 2014 ഡിസംബര്‍ 31 ആക്കിയിരിക്കുകയാണ്. ആസാം കരാറിനെ ഇതോടെ കേന്ദ്രം അസാധുവാക്കി എന്നാണ് ജനങ്ങളുടെ പരാതി. അതുകൊണ്ടുതന്നെ അവിടെ പ്രക്ഷോഭം ശക്തവുമാണ്. ആ പ്രക്ഷോഭം ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി എന്നറിയാന്‍ ഡിസംബര്‍ 13 ന്റെ മനോരമ പത്രത്തില്‍ ഒന്നാം പേജില്‍ ചിത്രം കണ്ടാല്‍ മതി. ചെഗുവേരയുടെ ചിത്രമുള്ള ടീഷര്‍ട്ട് ധരിച്ചവരാണ് ജനക്കൂട്ടത്തെ നയിക്കുന്നതും പോലീസിനുനേരെ കല്ലേറിയുന്നതും. സ്വയം നശിക്കാനേ അത് ഉപകരിക്കൂ.
ഭരണഘടനയേയും ജനാധിപത്യത്തേയും കുഴിച്ചുമൂടുന്നു എന്ന് കേന്ദ്രസര്‍ക്കാരിനെതിരെ ആക്രോശിക്കുന്നവര്‍ പാര്‍ലമെന്റിനെയും വെല്ലുവിളിക്കുന്നു. ഭരണഘടനയെ ചവിട്ടിത്തേയ്ക്കുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും ചെയ്ത ബില്ലില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ അത് ഭരണഘടനയുടെ ഭാഗമാണെന്നറിയാതെ കൂപമണ്ഡൂകങ്ങള്‍ ഭരണം നയിക്കുന്നത് നാണക്കേടാണ്. ഭരണഘടനയാണ് എന്റെ മതം എന്ന് പ്രഖ്യാപിച്ച ഒരേയൊരു പ്രധാനമന്ത്രിയേ രാജ്യത്ത് ഉണ്ടായിട്ടുള്ളൂ. അത് നരേന്ദ്രമോദിയാണ്. അദ്ദേഹത്തിന്റെ ഭരണത്തില്‍ ഒരു മതവിഭാഗവും ദുഃഖിക്കേണ്ടിവരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: