മെട്രോ നഗരമായ കൊച്ചിയില്‍ റോഡിലെ കുഴി ഒരു യുവാവിന്റെ ദാരുണ മരണത്തിന് കാരണമായത് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പാലാരിവട്ടം മെട്രോസ്റ്റേഷനു സമീപത്ത് മൂടാതെയിട്ടിരുന്ന കുഴിയുടെ മുന്നില്‍ വച്ചിരുന്ന ബോര്‍ഡില്‍ തട്ടിവീണ ബൈക്ക് യാത്രികന് യദുലാല്‍ എന്ന യുവാവിന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. കഴിഞ്ഞയാഴ്ച ഈ ഭാഗത്ത് റോഡ് ടാര്‍ ചെയ്തപ്പോഴും കുഴി മൂടിയില്ല. വകുപ്പുകളുടെ തമ്മിലടിയാണ് കാരണം. ജല അതോറിറ്റിയിടെ പൈപ്പ് പൊട്ടി വെള്ളം ചോര്‍ന്നാണ് കുഴി രൂപപ്പെട്ടതത്രേ. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയുണ്ടായാല്‍ മാത്രമേ അറ്റകുറ്റപ്പണി നടത്തൂ എന്നായിരുന്നു ജല അതോറിറ്റിയുടെ വാശി. രണ്ടു കൂട്ടരുടെയും വാശിയില്‍ നഷ്ടമായത് വിലപ്പെട്ട ഒരു ജീവിതമാണ്.
റോഡിലെ കുഴി യാത്രക്കാരുടെ ജീവനപഹരിക്കുന്നത് ഇതാദ്യമല്ല. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇത്തരം ദാരുണ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം നഗരത്തില്‍ പൈപ്പ് നന്നാക്കാനെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രികന് മരിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഓരോ സംഭവത്തിലും ചര്‍ച്ചകളും കുഴിയടയ്ക്കലുകളുമെല്ലാം ഉണ്ടാകുമെങ്കിലും വീണ്ടും പഴയപടിതന്നെയാകുന്നു കാര്യങ്ങള്‍. റോഡിലെ കുഴി മറ്റൊരു ജീവനപഹരിക്കണം വീണ്ടും നടപടികളുണ്ടാകാന്‍.
നാട്ടിലെ റോഡപകടങ്ങളില്‍ ഭൂരിഭാഗവുമുണ്ടാകുന്നത് അശ്രദ്ധകൊണ്ടും സുരക്ഷിതമല്ലാത്ത റോഡുകള്‍ മൂലവുമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ രൂപപ്പെടുന്ന വന്‍കുഴികള്‍ ഇരുചക്രവാഹന യാത്രികര്‍ക്കാണ് ഭീഷണിയാകുന്നത്. അശാസ്ത്രീയ റോഡ് നിര്‍മാണമാണ് കേരളത്തിലേതെന്ന് കേന്ദ്രസര്‍ക്കാര്‍ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. വേഗത്തില്‍ നശിക്കുന്ന റോഡുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിക്കപ്പെടുന്നവയാണ്. വന്‍ അഴിമതിയാണ് കേരളത്തില്‍ ഇക്കാര്യത്തിലുണ്ടാകുന്നത്. കേരളത്തിലെ റോഡ് നിര്‍മാണം അശാസ്ത്രീയമാണെന്നും ഇത്തരം റോഡുകള്‍ നിര്‍മിക്കുന്നവര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞത് ഏറെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതാണ്. റോഡില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്തിട്ടു കാര്യമില്ല. ഇത്തരം മരണങ്ങള് ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് അത്യാവശ്യമായി ഉണ്ടാകേണ്ടത്.
2108ലെ കണക്കു പ്രകാരം അഞ്ചു വര്‍ഷത്തിനിടെ റോഡിലെ കുഴികളില്‍ വീണുണ്ടായ അപകടങ്ങളില്‍ രാജ്യത്ത് ജീവന് നഷ്ടപ്പെട്ടത് 15,000 പേര്‍ക്കാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ഭരണകൂട സംവിധാനങ്ങളുടെ അനാസ്ഥയും ഉദാസീനതയും കൃത്യവിലോപവും മൂലമുള്ള ഈ നരഹത്യ അംഗീകരിക്കാനാവില്ലെന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്. ഭീകരാക്രമണം, അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ എന്നിവയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് ഇതെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. റോഡുകള്‍ വേണ്ടവിധം പരിപാലിക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ വാഹനപെരുപ്പത്തിനനുസരിച്ചുള്ള റോഡ് വികസനം നടക്കുന്നില്ല. റോഡില്‍ ഒരു കുഴിയുണ്ടായാല്‍ അത് മൂടണമെന്ന സാമാന്യബുദ്ധി റോഡ് പരിപാലിക്കേണ്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകേണ്ടതല്ലേ.
പാലാരിവട്ടം സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടത് ആശ്വാസകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കോടതികളുടെ ഇടപെടലുകള്‍ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. റോഡ് നന്നാക്കാന്‍ ഇനി എത്ര പേര് മരിക്കണമെന്നു കോടതി ചോദിച്ചു. സര്‍ക്കാര്‍ സംവിധാനം പൂര്‍ണ പരാജയമാണെന്നു വിമര്‍ശിച്ചു. കൊച്ചിയിലെ റോഡുകളുടെ അവസ്ഥ പഠിക്കാന്‍ അമിക്കസ് ക്യൂറിയെ കോടതി നിയോഗിച്ചത് ആശ്വാസ നടപടിയാണ്.
ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ നടപടി വേണം. അതു വെറും സസ്പെന്‍ഷനില്‍ അവസാനിക്കരുത്. ശമ്പളം കൃത്യമായി വാങ്ങുന്ന ഉദ്യോഗസ്ഥര്‍ ജോലി കൃത്യമായി ചെയ്യുന്നില്ലെന്നതിന്റെ ഉദാഹരണമാണ് പാലാരിവട്ടം സംഭവം. ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണിത്. അത്തരക്കാരെ സര്‍വീസില്‍ നിന്ന് പുറത്താക്കുകയാണുചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: