മുംബൈ: മഹാരാഷ്‌ട്രയില്‍ അനധികൃതമായി കുടിയേറി താമസിച്ച ഏഴ് ബംഗ്ലാദേശികളെ എടിഎസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. പല്‍ഗാര്‍ ജില്ലയിലെ വിരാര്‍ പട്ടണത്തിലാണ് ഇവര്‍ വ്യക്തമായ തിരിച്ചറിയല്‍ രേഖകളില്ലാതെ താമസിച്ചിരുന്നത്.കഴിഞ്ഞ ദിവസമാണ് വിരാറിലെ തിരുപ്പതി നഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയില്‍ നിന്ന് ഏഴ് ബംഗ്ലാദേശികളെ പല്‍ഗാര്‍ പോലീസിന്റെ ഭീകര വിരുദ്ധ സംഘം പിടികൂടിയത്. രാജ്യത്ത് താമസിക്കാന്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇവരെ പോലീസ് സംഘം അറസ്റ്റു ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്റ്റ്, വിദേശി ആക്റ്റ് എന്നീ വകുപ്പുകള്‍ പ്രകാരം അര്‍നാല പോലീസ് കേസെടുത്തു. ദേശീയ പൗരത്വ ഭേദഗതി നടപ്പിലാക്കിയതിനു പിന്നാലെയാണ് ഇവരെ അറസ്റ്റു ചെയ്തത്. രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ അയല്‍ രാജ്യക്കാര്‍ അനധികൃതമായി താമസിക്കുന്നതിന്റെ തെളിവുകൂടിയാണ് ഇത്തരത്തിലുള്ള അറസ്റ്റുകള്‍. ഏതാനും മാസങ്ങള്‍ക്കു മുമ്പും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
















