ലണ്ടന്‍: മത്സരാര്‍ത്ഥികള്‍ മതവും പ്രദേശികവാദവും ഉയര്‍ത്തി വോട്ട് പിടിച്ചെന്നുള്ള വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും സാഹസികമായ യാത്രകളില്‍ ഒന്നായ ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷന്‍ വിജയികളുടെ പ്രഖ്യാപനം നീട്ടിവച്ചു. സ്വീഡിഷ് കമ്പനിയായ ഫിയല്‍ റാവന്‍ തങ്ങളുടെ വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വിദ്വേഷ പ്രചാരണങ്ങള്‍ കാരണമാണ് മത്സരത്തിന്റെ വിജയിയെ പ്രഖ്യാപിക്കുന്നത് നീട്ടി വെച്ചതെന്നും ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂറി തെരഞ്ഞെടുക്കുന്നവരെ ഇന്ന് പ്രഖ്യാപിക്കുമെന്ന് വിശദമാക്കിയ ഫിയല്‍ റാവന്‍ ഓണ്‍ലൈന്‍ വോട്ടിംഗ് മുഖേനെയുള്ള വിജയിയുടെ പ്രഖ്യാപനമാണ് നീട്ടിവെച്ചത്. എല്ലാ പരാതികളും കൃത്യമായി പരിശോധിച്ച ശേഷം ജനുവരി 7ന് വിജയിയെ പ്രഖ്യാപിക്കുമെന്നും ഫിയല്‍ റാവന്‍ അറിയിച്ചു.
സാഹോദര്യം, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള മത്സരമാണ് ആര്‍ട്ടിക് പോളാര്‍ എക്സ്പെഡിഷന്‍. മത്സരത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വന്നവര്‍ക്ക് അഭിനന്ദനങ്ങള്‍, അവരുടെ പ്രചാരണങ്ങള്‍ ഈ യാത്രയെ വീണ്ടും ആളുകളുടെ ശ്രദ്ധയിലേക്ക് എത്തിച്ചുവെന്നും ഫിയല്‍ റാവന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ജയരാജ് എന്ന യുവാവാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയത് കേരളത്തില്‍ നിന്നുള്ള അഷറഫ് എക്‌സലാണ്. ഇവര്‍ തമ്മിലുള്ള മത്സരത്തില്‍ മതം പറഞ്ഞും. പ്രദേശിക വാദം ഉയര്‍ത്തിയും വോട്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇതിന്റെ രേഖകള്‍ അടക്കം ചിലര്‍ പരാതി ഉന്നയിച്ചതോടെയാണ് മത്സരഫലം ഫിയല്‍ റാവന്‍ തടഞ്ഞുവെച്ചത്.
















