ന്യൂദല്‍ഹി: രാജ്യത്തെ ഏതു പോസ്‌റ്റോഫീസിലൂടെയും പരിധിയില്ലാതെ നിക്ഷേപിക്കാമെന്ന പുതിയ ഉത്തരവുമായി പോസ്‌റ്റോഫീസ് ഇന്ത്യ. അക്കൗണ്ടില്ലാത്ത പോസ്റ്റ് ഓഫീസുകള്‍ വഴി 25,000 രൂപയിലധികം നിക്ഷേപിക്കാന്‍ കഴിയാത്തതുമായി ബന്ധപ്പെട്ട് നിരന്തരം ജനങ്ങള്‍ നല്‍കിയ പരാതികള്‍ മാനിച്ചാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയവയില്‍ മറ്റു ബ്രാഞ്ചുകള്‍ വഴി ഉയര്‍ന്ന തുക നിക്ഷേപിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു പരാതി.
സേവിങ്‌സ് അക്കൗണ്ടുടമകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്), സുകന്യ സമൃദ്ധി അക്കൗണ്ട്, റിക്കറിങ് ഡെപ്പോസിറ്റ് എന്നിവയ്‌ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്. എന്നാല്‍ 25000ലധികം തുക പിന്‍വലിക്കണമെങ്കില്‍ നിങ്ങളുടെ അക്കൗണ്ടുള്ള പോസ്റ്റ് ഓഫീസില്‍ തന്നെ പോകണം.
















