അമരാവതി: സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് പുതിയ നിയമത്തിന് അംഗീകാരം നല്‍കി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന മന്ത്രിസഭ നിയമം അംഗീകരിച്ചു.
ആന്ധ്രാപ്രദേശ് ക്രിമിനല്‍ ആക്ട് അല്ലെങ്കില്‍ ദിശ നിയമത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കും. കേസുകളില്‍ 14 ദിവസത്തിനുള്ളില്‍ വിചാരണയും 21 ദിവസത്തിനുള്ളില്‍ വിധിയുമുണ്ടാകും. കൂടാതെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്നതിന് ഓരോ ജില്ലയിലും പ്രത്യേക കോടതികളും നിയമം വ്യവസ്ഥ ചെയ്യുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 (ഇ) പ്രകാരം സ്ത്രീകള്‍ക്ക് മാനഹാനിയുണ്ടാക്കുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നവര്‍ക്കുള്ള ശിക്ഷയും നിയമം വ്യക്തമാക്കുന്നു. ആദ്യമായാണ് കുറ്റം ചെയ്യുന്നതെങ്കില്‍ രണ്ട് വര്‍ഷമാണ് തടവ്. രണ്ടാം തവണയാണെങ്കില്‍ നാല് വര്‍ഷവും.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 (എഫ്) പ്രകാരമാണ് ശിക്ഷ. പ്രതികള്‍ക്ക് 10 മുതല്‍ 14 വര്‍ഷം വരെയാണ് തടവ്. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് ജീവപര്യന്തം വരെ നീളും. പോക്‌സോ നിയമപ്രകാരവും ശിക്ഷ ലഭിക്കും.
















