ന്യൂദല്‍ഹി: ആസാം ജനത ഭയക്കേണ്ട യാതൊന്നും തന്നെ പൗരത്വ നിയമ ഭേദഗതി ബില്ലില്‍ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ ഭേദഗതി ബില്‍ പാസായതില്‍ ആസാമിലെ സഹോദരീ സഹോദരന്മാര്‍ ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ അവകാശങ്ങളും അസ്തിത്വവും സംസ്‌കാരവും എടുത്തുകൊണ്ട് പോകാന്‍ ആരെയും അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു. ആസാമിന്റെ സംസ്‌കാരവും അസ്തിത്വവും വീണ്ടും വളരുകതന്നെ ചെയ്യും, മോദി ട്വീറ്റ് ചെയ്തു.
രാഷ്‌ട്രീയവും ഭാഷാപരവും സാംസ്‌കാരികവും ഭൂമിയിന്മേലുള്ള അവകാശവും അടക്കം ആസാം ജനതയുടെ അവകാശങ്ങള്‍ക്കുള്ള എല്ലാ ഭരണഘടനാ സുരക്ഷയും ആറാം ക്ലോസ് പ്രകാരം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 15ന് ഷില്ലോങ്ങിലെത്തും. പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് അമിത് ഷായുടെ സന്ദര്‍ശനം. മേഘാലയയിലെ നോര്‍ത്തീസ്‌റ്റേണ്‍ പോലീസ് അക്കാദമയിലെ ചടങ്ങിനെത്തുന്ന ആഭ്യന്തരമന്ത്രി പൗരത്വ ഭേദഗതി ബില്ലിന്മേല്‍ വടക്കുകിഴക്കന്‍ ജനതയോട് പ്രതികരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
















