നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭ സ്വീകരിച്ചിട്ടുള്ള നടപടികളും നിയമനിര്‍മാണങ്ങളും സമാനതകളില്ലാത്ത സംഭവങ്ങളാണ്. ജമ്മു കാശ്മീരിനുള്ള 370-ാം വകുപ്പ് റദ്ദാക്കിയതും മുത്തലാഖ് റദ്ദാക്കിയതും പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ്. ഏറ്റവും ഒടുവില്‍ പാസാക്കിയ പൗരത്വ ഭേദഗതിബില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തുമെന്നതില്‍ സംശയമില്ല. ആദ്യം ലോക്സഭയും പിന്നീട് രാജ്യസഭയും പാസാക്കിയ പൗരത്വഭേദഗതി ബില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. രാജ്യസഭയില്‍ ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷമില്ല. എന്നിട്ടും ബില്‍ പാസാക്കാനായത് ബില്ലിനോടുള്ള ജനങ്ങളുടെ താല്പര്യം തന്നെയാണ്. ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി വന്നത് കോണ്‍ഗ്രസും ഇടതുപക്ഷവുമാണ്. ബില്‍ മുസ്ലീങ്ങള്‍ക്കെതിരെ എന്ന ആപല്‍ക്കരമായ പ്രചാരണമാണ് പ്രതിപക്ഷം നടത്തിയത്. എന്നാല്‍ പരമ്പാരഗതമായി രാജ്യത്ത് കഴിയുന്ന ഒരു മുസ്ലിമിനും ബില്‍ എതിരല്ലെന്ന് ബില്‍ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത്ഷാ ആവര്‍ത്തിച്ചിട്ടും അപകടകരമായ പ്രചാരണം പ്രതിപക്ഷം തുടര്‍ന്നു. അത് ചില കേന്ദ്രങ്ങളിലെങ്കിലും ആശങ്കയും അക്രമസംഭവങ്ങളും സൃഷ്ടിച്ചിരിക്കുകയാണ്.
പൗരത്വ ഭേദഗതി ബില്‍ പെട്ടെന്നുണ്ടായതല്ല. ബിജെപിയുടെ പ്രകടനപത്രികയില്‍ വ്യക്തമാക്കിയതാണിത്. പ്രകടനപത്രികകള്‍ പ്രാബല്യത്തില്‍ വരുത്താനുള്ളതല്ലെന്ന ധാരണ പ്രതിപക്ഷത്തിനുണ്ടായിരിക്കും. എന്നാല്‍ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന് വിശ്വസിക്കുന്ന ബിജെപി വാക്കുപാലിക്കുക മാത്രമാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ എന്തു തീരുമാനിച്ചാലും പാര്‍ലമെന്റ് ഏത് നിയമമുണ്ടാക്കിയാലും നടപ്പാക്കില്ലെന്ന് വീമ്പടിക്കുന്ന ചിലരുണ്ട്. പശ്ചിമ ബംഗാള്‍ ഈ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രസ്താവിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അതങ്ങ് മനസ്സില്‍ വച്ചാല്‍ മതി എന്ന മറുപടിയാണ് ആഭ്യന്തരമന്ത്രി മറുപടി പ്രസംഗത്തില്‍ രാജ്യസഭയില്‍ നല്‍കിയത്. ഈ നിയമം രാജ്യതാല്പര്യത്തിനുവേണ്ടി മാത്രമാണ്. 2014ന് മുമ്പ് ഇന്ത്യയിലെത്തിയ ആര്‍ക്കും ഈ നിയമം മൂലം രാജ്യം വിടേണ്ടിവരില്ല. അതിനുശേഷം നുഴഞ്ഞുകയറിയവര്‍ പുറത്തുപോകേണ്ടിവരും. അത് ലോകനീതിയാണ്. ഇന്ത്യയില്‍ ഇരട്ട പൗരത്വമില്ല. മത വിവേചനവുമില്ല. മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് രാഷ്ട്രപതിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിമാരുമെല്ലാം ആകാന്‍ കഴിയുന്ന രാജ്യമാണിത്. പൗരത്വ ബില്ലിലെ ഭേദഗതിമൂലം ഒരവകാശവും മുസ്ലിങ്ങള്‍ക്ക് നഷ്ടപ്പെടില്ല. മതത്തേക്കാള്‍ രാജ്യതാല്പര്യം പരിഗണിക്കുന്ന സര്‍ക്കാരാണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ മതരാഷ്ട്രം സൃഷ്ടിക്കാനുള്ള നടപടി എന്നവാദം പുച്ഛിച്ച് തള്ളേണ്ടതാണ്.
പാക്കിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലാണ് പാര്‍ലമെന്റ് പാസാക്കിയത്. അയല്‍ രാജ്യങ്ങളില്‍ നിന്ന് മതപീഡനം മൂലം അഭയാര്‍ഥികളായി നരകിക്കുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നതാണ് നിയമമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കുകയുണ്ടായി. അഞ്ഞൂറിലേറെ മുസ്ലിങ്ങള്‍ക്കും അടുത്തിടെ പൗരത്വം നല്‍കിയത് അമിത് ഷാ ചൂണ്ടിക്കാട്ടി. ബില്ലിന് എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് എന്നീ കക്ഷികള്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ശിവസേന വേട്ടെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു. നാല്‍പ്പതിലേറെ ഭേദഗതി നിര്‍ദേശങ്ങളും സഭ വോട്ടിനിട്ട് തള്ളി. ബില്ലിനെതിരെ മുസ്ലീംലീഗ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പൗരത്വം റദ്ദാക്കുന്ന ബില്ലല്ല കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് മറുപടി പ്രസംഗത്തില്‍ അമിത് ഷാ ആവര്‍ത്തിച്ചിട്ടും അത് ഗൗനിക്കാതിരിക്കുന്നത് ദുരൂഹമാണ്. മുസ്ലിങ്ങളെ ഭയപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കള്ളപ്രചാരണമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് വ്യക്തം. ഈ ബില്ലുമായി ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വത്തിന് യാതൊരു ബന്ധവുമില്ല. ആരുടേയും പൗരത്വം റദ്ദാക്കാന്‍ പൗരത്വ ഭേദഗതി ബില്‍ വഴി സാധിക്കില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിയാത്തതിന് പിന്നില്‍ ദുഷ്ടലാക്കാണ്. വിഭജനകാലത്ത് പാക്കിസ്ഥാനില്‍പെട്ടുപോയ മുസ്ലിങ്ങള്‍ക്ക് നീതിനല്‍കിയത് വാജ്പേയി സര്‍ക്കാരാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിങ്ങളുമുണ്ടായിരുന്നു. ആ നയത്തില്‍ ഒരുമാറ്റവും വരുത്താത്ത മോദി സര്‍ക്കാരിനെ ക്രൂശിക്കാന്‍ നടത്തുന്ന ശ്രമം ക്രൂരമാണ്. പ്രതിപക്ഷ ശ്രമം ജനങ്ങള്‍ തള്ളിക്കളയുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: