ന്യൂദല്‍ഹി: രാജ്യത്ത് സ്ത്രീകക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കാരണം കണ്ടെത്താന്‍ യുസി ബ്രൗസര്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വെയില്‍ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. സര്‍വ്വയില്‍ പങ്കെടുത്ത 60% സ്ത്രീകളും വിശ്വസിക്കുന്നത് പീഡനങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതു കൊണ്ടാണെന്നാണ്. സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമെല്ലാം സമീപകാലത്ത് നിരന്തരം ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും ഭൂരിപക്ഷ സ്ത്രീകളും യാഥാസ്തിതിക മനോഭവത്തില്‍ നിന്നും മാറിയിട്ടില്ല എന്നാണ് സര്‍വ്വേ ഫലത്തെകുറിച്ച് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
സ്ത്രീ സുരക്ഷയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ കൊണ്ടുവന്ന അത്യാവശ്യസമയങ്ങളില്‍ ഉപയോഗിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്പര്‍ പകുതിപ്പേര്‍ക്കും അറിയില്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം. സര്‍വ്വയില്‍ പങ്കെടുത്തവര്‍ വിദ്യാസമ്പന്നരും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അറിയുന്നവരുമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 12,502 പേര് പങ്കെടുത്ത സര്‍വെയില്‍ 6496പേര്‍ക്കു മാത്രമാണ് ഹെല്‍പ് ലൈന്‍ നമ്പര്‍ അറിയാവുന്നത്.
പീഡനക്കേസിലെ പ്രതികള്‍ക്കു കിട്ടേണ്ട ശിക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍ 60ശതമാനം സ്ത്രീകളും തൂക്കികൊല്ലണം എന്ന അഭിപ്രായക്കാരാണ്. എന്നാല്‍ കമന്റുകളിലൂടെ ലഭിച്ച പ്രതികരണങ്ങളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന സാഹചര്യമുണ്ടാകണമെന്നും സ്ത്രീകളെ സ്വയരക്ഷയ്‌ക്കുവേണ്ട വിദ്യകള്‍ അഭ്യസിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നു. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പുരുഷന്മാരെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കമന്റുകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
















