ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ ശിവസേന അധികാരമേറ്റെങ്കിലും ചരട് ഇപ്പോഴും കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും കൈയിലാണെന്നതിന് തെളിവാണ് ഒരു നിലപാട് പോലും എടുക്കാന്‍ സാധിക്കാത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അവസ്ഥ.
ദേശീയ പൗരത്വ ബില്ലിനെ തങ്ങളുടെ രാഷ്‌ട്രീയ നയമനുസരിച്ച് പിന്തുണക്കേണ്ടതുണ്ടെന്ന് ശിവസേനക്ക് നന്നായി അറിയാം. ബിജെപി ബില്ല് പാസാക്കൊനൊരുങ്ങിയപ്പോള്‍ അതിനെ പിന്തുണക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴത്തെ ശിവസേനയുടെ കൂട്ടുകാരായ കോണ്‍ഗ്രസിനും എന്‍സിപിക്കും ബില്ലിനെ എതിര്‍ക്കുകയാണ് വേണ്ടത്. എന്നാല്‍ മാത്രമേ അവരുടെ കാര്യങ്ങള്‍ നടക്കുകയുള്ളു. ശിവസേനയെ അതിനായി അവര്‍ കരുവാക്കുന്നു. ആദ്യം ബില്ലിനെ പിന്തുണച്ച ശിവസേന അതില്‍ നിന്നും പിന്‍മാറി, പിന്തുണക്കില്ലെന്നായി. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ അതിനെ എതിര്‍ത്തേക്കും.
ദേശീയ താല്പര്യം പരിഗണിച്ച് ബില്ലിനെ പിന്തുണയ്‌ക്കുന്നു എന്നായിരുന്നു തിങ്കളാഴ്ച ലോക്‌സഭയില്‍ ശിവസേന സ്വീകരിച്ച നിലപാട്. ബില്ലിനെ എതിര്‍ത്ത് പാര്‍ട്ടി മുഖപത്രമായ സാമ്‌ന ലേഖനമെഴുതിയതിനു തൊട്ടുപിന്നാലെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ചുള്ള ശിവസേനയുടെ നീക്കം. ഇതിനെത്തുടര്‍ന്ന് അതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയോടുള്ള കടന്നാക്രമണമാണ്. അതിനെ പിന്തുണയ്‌ക്കുന്ന ഓരോരുത്തരും നമ്മുടെ രാജ്യത്തെ ആക്രമിക്കുകയും അടിത്തറ നശിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത് എന്നായിരുന്നു രാഹുല്‍ ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരണവുമായി ശിവസേന രംഗത്തുവന്നത്.
ബില്ലിലെ സംശയങ്ങള്‍ മാറ്റേണ്ടതുണ്ട്. തൃപ്തികരമായ ഉത്തരങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ലോക്‌സഭയിലേതില്‍ നിന്ന് ഭിന്നമായ നിലപാടാകും രാജ്യസഭയില്‍ തങ്ങള്‍ സ്വീകരിക്കുകയെന്ന് ശിവസേന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് പറഞ്ഞു. രാജ്യസഭയില്‍ മൂന്ന് അംഗങ്ങളാണ് ശിവസേനക്കുള്ളത്.
















