ന്യൂദല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ക്രൂര പീഡനത്തിനിരയാക്കി കത്തിച്ചുകൊന്ന കേസില്‍ പിടിയിലായവര്‍ കൊല്ലപ്പെട്ട സംഭവം വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷിക്കും. ഹൈദരാബാദ് കേസില്‍ അറസ്റ്റിലായവര്‍ ഈ മാസം ആറിന് പുലര്‍ച്ചെ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങള്‍ പുറത്തുവന്നിരുന്നു.
ഉന്നത കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാകണം അന്വേഷിക്കണ്ടത്. സത്യം അന്വേഷിച്ച് പുറത്തുകൊണ്ടുവരണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെ അന്വേഷണത്തിനായി നിയമിക്കും. അദ്ദേഹം ദല്‍ഹിയിലിരുന്നുകൊണ്ട് തന്നെ അന്വേഷണം നടത്തുമെന്നും കോടതി പറഞ്ഞു.
കേസില്‍ സുപ്രീംകോടതി നാളെയും വാദം കേള്‍ക്കല്‍ തുടരും. അന്വേഷണ കമ്മീഷനെ സുപ്രീംകോടതി നാളെ നിശ്ചയിച്ചേക്കും. എന്നാല്‍ ഹൈദരാബാദ് കേസില്‍ സംഭവം പുനരാവിഷ്‌കരിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസിനു നേരെ കല്ലെറിയുകയും മറ്റും ചെയ്തതോടെ മറ്റ് മാര്‍ഗ്ഗമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പോലീസ് വിഷയത്തില്‍ പ്രതികരിച്ചത്.
















