തിരുവനന്തപുരം: നിയമ വിരുദ്ധമായി പരീക്ഷ വിജയിച്ച് ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങണമെന്ന് നോര്‍ക്ക. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് വിദേശത്ത് ജോലി നേടുന്നതായുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ഈ നടപടി. ഇതുസംബന്ധിച്ച് കേരള, എംജി സര്‍വ്വകാലാശാലകള്‍ക്ക് നോര്‍ക്ക് റൂട്ട്‌സ് കത്ത് നല്‍കി.
അതേസമയം സാധുവല്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കെതിരെ നടപടി തുടങ്ങിയതായും നോര്‍ക്ക അറിയിച്ചു. മാര്‍ക്ക് ദാനത്തിലൂടെ 123 പേരാണ് എംജി സര്‍വ്വകലാശാലയുടെ ബിടെക് പരീക്ഷ പാസായത്. ഇതുകൂടാതെ കേരളയില്‍ നിന്നും 30 കോഴ്‌സുകളിലായി 727 പേര്‍ മാര്‍ക്കില്‍ തിരുമറി നടത്തിയെന്നാണ് കണ്ടെത്തല്‍. നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി നല്‍കിയെങ്കി്ല്‍ മാത്രമേ വിദേശത്ത് ജോലിക്ക് പോകാന്‍ സാധിക്കൂ.
മാര്‍ക്ക് ദാനത്തില്‍ ബിരുദം നേടിയവരില്‍ ഭൂരിഭാഗവും വിദേശത്താണ് ജോലി നേടിയിരിക്കുന്നത്. നോര്‍ക്കയുടെ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്താനായി പ്രതിദിനം നിരവധി പേര്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവരില്‍ ആരൊക്കെയാണ് അനര്‍ഹമായി ബിരുദം നേടിയെതെന്ന് കണ്ടെത്താന്‍ പ്രയാസമാണ്. അതുകൊണ്ടാണ് അര്‍ഹതയില്ലാതെ ബിരുദം നേടിയവരുടെ മുഴുവന്‍ വിശദാംശങ്ങളും നല്‍കാന്‍ നോര്‍ക്ക സര്‍വകലാശാല രജിസ്ട്രാര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ബിരുദം റദ്ദാക്കാനുള്ള നടപടി ആരംഭിക്കാനും രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയ കത്തില്‍ നോര്‍ക്ക അഡീഷണല്‍ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇത്തരത്തില്‍ നിയമ വിരുദ്ധമായി പരീക്ഷ പാസായവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വൈകിയാല്‍ വിദേശത്ത് ജോലിക്കു പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലിന് തടസപ്പെടുമെന്നും നോര്‍ക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ക്രൈംബ്രാഞ്ചും അന്വേഷണം ആവശ്യപ്പെട്ടെങ്കിലും ആരോപണ വിധേയവരായവരെ സംരക്ഷിക്കുന്നതിനായി മനപ്പൂര്‍വ്വം വൈകിക്കുന്നതായും പരാതിയുണ്ട്.
















