ശബരിമല: ക്ഷേത്രാചാരത്തിന് വിരുദ്ധമായി ശബരിമലയിലെ അപ്പം, അരവണ പ്രസാദങ്ങള്‍ പമ്പയില്‍ വിതരണം ചെയ്യുന്നതിനെതിരെ ഹിന്ദുസംഘടനകള്‍ രംഗത്ത്. ഇന്നലെ മുതലാണ് അപ്പം, അരവണ കൗണ്ടറുകള്‍ പമ്പാ ഗണപതി ക്ഷേത്രത്തിന് സമീപം ആരംഭിച്ചത്.
മൂന്ന് കൗണ്ടറുകളില്‍ രണ്ട് കൗണ്ടറില്‍ പണം നല്‍കിയും ഒരു കൗണ്ടറില്‍ കാര്‍ഡ് ഉപയോഗിച്ചും പ്രസാദം വാങ്ങാം. തിരക്ക് കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ കൗണ്ടറുകള്‍ തുടങ്ങാനും ആലോചനയുണ്ട്.
കരുതല്‍ ശേഖരമായി അമ്പതിനായിരം വീതം അപ്പവും അരവണയുടെയും ടിന്നുകളും പായ്‌ക്കറ്റുകളുമാണ് എത്തിച്ചിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഈ നീക്കമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.
സ്വാര്‍ത്ഥതാത്പര്യം: അക്കീരമണ്‍
ശബരിമല അയ്യപ്പന് നേദിച്ച പ്രസാദം പമ്പയിലെത്തിച്ച് വിതരണം ചെയ്യുന്നത് ആചാരപരമായി തെറ്റാണെന്നും നിയമനടപടി സ്വീകരിക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്നും തന്ത്രവിദ്യാപീഠം രക്ഷാധികാരി അക്കീരമണ്‍ കാളിദാസഭട്ടതിരി.
ഇപ്പോള്‍ പമ്പയില്‍ നല്‍കുന്ന പ്രസാദം എന്തുകൊണ്ട് മറ്റുസംസ്ഥാനങ്ങളില്‍ വിതരണം ചെയ്തുകൂടായെന്ന് നാളെ ജനങ്ങള്‍ ചോദിക്കുന്ന സ്ഥിതിയുണ്ടാകും. സ്വാര്‍ത്ഥ താത്പര്യമാണ് ഇതിന് പിന്നിലെന്നും അക്കീരമണ്‍ കാളിദാസ ഭട്ടതിരി പറഞ്ഞു.
പ്രസാദങ്ങള്‍ കുടുംബശ്രീ ഉത്പന്നങ്ങളല്ല: ശശികല ടീച്ചര്‍
പമ്പയില്‍ കൗണ്ടറുകള്‍ ആരംഭിച്ച ബോര്‍ഡ് തീരുമാനത്തിന് പിന്നില്‍ കച്ചവട താത്പര്യമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. കുടുംബശ്രീ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് വില്‍പ്പന നടത്തുന്നതുപോലെ ക്ഷേത്രങ്ങളിലെ പ്രസാദം വില്‍പ്പന നടത്തുന്നത് ആചാരലംഘനമാണ്.
ദക്ഷിണേന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളായ ഗുരുവായൂര്‍, തിരുപ്പതി, എന്നിവിടങ്ങളില്‍ ക്ഷേത്രത്തിന് പുറത്ത് പ്രസാദം വില്‍ക്കുന്ന സംവിധാനമില്ല. ഏത് ക്ഷേത്രത്തിന്റെ മാതൃകയാണ് ബോര്‍ഡ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കണം.
പമ്പാ ഗണപതി ക്ഷേത്രത്തിലെ പ്രധാന വഴിപാട് പ്രസാദങ്ങളായ അവല്‍ നിവേദ്യം, മോദകം എന്നിവയാണ് ഇവിടെ വിതരണം ചെയ്യേണ്ടത്. ഒരു ദേവതയ്‌ക്ക് നേദിച്ച പ്രസാദം മറ്റൊരു ദേവതാക്ഷേത്രത്തില്‍ വിതരണം ചെയ്യുന്നത് ശരിയല്ലെന്നും അത് ആചാരവിരുദ്ധമാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
















