ബെംഗളൂരു: സംസ്ഥാനത്ത് കനത്ത തിരിച്ചടികള്‍ നേരിടുന്നതിനിടെ കര്‍ണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലികളുമായി നേതാക്കള്‍. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ കന്ദ്രെ എന്നിവരെ നിലനിര്‍ത്തി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.
പതിനഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പതിനൊന്നില്‍ 10 സിറ്റിങ് സീറ്റുകളും നഷ്ടമായതോടെ ദിനേശ് ഗുണ്ടുറാവു രാജിവച്ചു. ഈശ്വര്‍ കന്ദ്രെ രാജിസന്നദ്ധത അറിയിച്ചെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് പരസ്യ പ്രസ്താവന ഒഴിവാക്കി. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനം മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചതിനു പിന്നാലെയായിരുന്നു ദിനേശ് ഗുണ്ടുറാവുവിന്റെ രാജിപ്രഖ്യാപനം.
ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ തന്നെ സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ പുനസംഘടന വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ പുതിയതായി തെരഞ്ഞെടുക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍, തന്റെ വിശ്വസ്തനായ ദിനേശ് ഗുണ്ടുറാവുവിനെ മാറ്റാന്‍ സിദ്ധരാമയ്യ തയാറായില്ല. പ്രസിഡന്റിനെയും വര്‍ക്കിങ് പ്രസിഡന്റിനെയും നിലനിര്‍ത്തി ബാക്കി ഭാരവാഹികളെ തെരഞ്ഞെടുക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ നിലപാട്. ഇതിനോട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ അനുകൂലിക്കാതിരുന്നതോടെ പുനസംഘടന നീണ്ടുപോയി.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാര്‍, ജി. പരമേശ്വര, എച്ച്.കെ. പാട്ടീല്‍ എന്നിവരുടെ പേരുകളാണ് സിദ്ധരാമയ്യ വിരുദ്ധചേരി മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ഈ പേരുകള്‍ സിദ്ധരാമയ്യ അംഗീകരിച്ചില്ല. തന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരെ കെപിസിസി പ്രസിഡന്റാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമം. ഇതിനാണ് ദിനേശ് ഗുണ്ടുറാവുവിനെ നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ ശ്രമിച്ചത്.
സംഘടനയെ ശക്തമാക്കാന്‍ ഡി.കെ. ശിവകുമാര്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തണമെന്ന ആവശ്യമാണ് കൂടുതല്‍ നേതാക്കള്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, ആദായനികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുകള്‍ മുന്‍നിര്‍ത്തിയാണ് എതിര്‍വിഭാഗം ഇത് തടയുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവ്, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് നേരത്തെ ജി. പരമേശ്വര, എച്ച്.കെ. പാട്ടീല്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിരുന്നു. പക്ഷേ, ഇതും സിദ്ധരാമയ്യ വെട്ടി. ഈ രണ്ടു സ്ഥാനവും സിദ്ധരാമയ്യയാണ് വഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സിഎല്‍പി നേതൃസ്ഥാനം രാജിവച്ചെങ്കിലും ഹൈക്കമാന്‍ഡ് ഇതുവരെ അംഗീകരിച്ചിട്ടില്ല.
ജി. പരമേശ്വരയും എച്ച്.കെ. പാട്ടീലും പ്രതിപക്ഷ നേതാവ് സ്ഥാനമായിരുന്നു പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പരമേശ്വരയുടെ പേര് ആദ്യമെ സിദ്ധരാമയ്യ വെട്ടി. എച്ച്.കെ. പാട്ടീല്‍ ദല്‍ഹിയിലെത്തി സോണിയ, രാഹുല്‍ തുടങ്ങിയ നേതാക്കളെ സന്ദര്‍ശിച്ച് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹൈക്കമാന്‍ഡ് ദൂതനായെത്തിയ അഹമ്മദ് പട്ടേല്‍ എംഎല്‍എമാരെ കണ്ട ശേഷം പ്രതിപക്ഷ നേതാവായി സിദ്ധരാമയ്യയെ പ്രഖ്യാപിച്ചു.
കൂടുതല്‍ എംഎല്‍എമാര്‍ സിദ്ധരാമയ്യയെ പിന്തുണച്ചെന്നായിരുന്നു വിശദീകരണം. എന്നാല്‍, സിദ്ധരാമയ്യയുമായി അടുപ്പമുള്ള എംഎല്‍എമാരെ മാത്രമാണ് അഹമ്മദ് പട്ടേല്‍ കണ്ടതെന്നായിരുന്നു എതിര് വിഭാഗത്തിന്റെ ആരോപണം.
സംസ്ഥാനത്ത് തുടര്‍ച്ചയായി നേരിടുന്ന തിരിച്ചടികളെ മറികടക്കാന്‍ സമ്പൂര്‍ണ അഴിച്ചുപണിയെന്ന ആവശ്യം ഒരു വിഭാഗം പരസ്യമായി മുന്നോട്ടുവച്ചു കഴിഞ്ഞു. ഇതിനോടുള്ള ഹൈക്കമാന്‍ഡ് പ്രതികരണത്തിന് കാക്കുകയാണ് സിദ്ധരാമയ്യ എതിര്‍ചേരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: