ഇന്ത്യാ വിഭജനകാലം മുതല്‍ കോണ്‍ഗ്രസും ജവഹര്‍ലാല്‍ നെഹ്‌റുവും വരുത്തിവെച്ച ചരിത്രപരമായ തെറ്റുകള്‍ തിരുത്തുകയാണ് രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമെല്ലാം ഏറെ വൈകിയെങ്കിലും ഒടുവില്‍ യാഥാര്‍ത്ഥ്യമായി.
തിങ്കളാഴ്ച അര്‍ദ്ധരാത്രി വൈകിയും ലോക്‌സഭ പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലിന്റെ ലക്ഷ്യവും മറ്റൊന്നല്ല. മതാടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ വിഭജിച്ചു നല്‍കാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസിന്റെ നിലപാടുകളാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ കൂട്ടക്കൊലയ്‌ക്ക് വഴിവെച്ചതെന്ന് ചരിത്രം നമ്മെ പഠിപ്പിച്ചു. വിഭജനത്തിന് ശേഷമുള്ള ഏഴു പതിറ്റാണ്ടുകളില്‍ പാക്കിസ്ഥാനിലെയും പിന്നീട് ബംഗ്ലാദേശിലെയും ലക്ഷക്കണക്കിന് ന്യൂനപക്ഷ ജനവിഭാഗങ്ങളാണ് അതിക്രൂര പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടത്.
സ്വതന്ത്ര ഇന്ത്യയുടെ കടമയായിരുന്നു ഇവരുടെ സംരക്ഷണം ഉറപ്പു വരുത്തുക എന്ന കാര്യം വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിച്ച ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇക്കാലമത്രയും സൗകര്യപൂര്‍വ്വം വിസ്മരിച്ചു. ജീവനോടെ ഈ നാടുകളില്‍ അവശേഷിക്കുന്നവര്‍ക്കെങ്കിലും നീതി നല്‍കാനാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈനര്‍, ബൗദ്ധര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്ന പൗരത്വ ഭേദഗതി ബില്‍ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ആശ്വാസമാകും. 80നെതിരെ 311 വോട്ടുകള്‍ക്കാണ് പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ തിങ്കളാഴ്ച അര്‍ദ്ധരാത്രി പാസാക്കിയത്. ബില്‍ ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കും.
‘കോണ്‍ഗ്രസ് മതാടിസ്ഥാനത്തില്‍ രാജ്യം വിഭജിച്ചു’
സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ലോക്‌സഭയിലെ പ്രസംഗം കേന്ദ്രസര്‍ക്കാരിന്റെ ഉദേശ്യ ലക്ഷ്യങ്ങള്‍ വിശദീകരിക്കുന്നതായിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരായ കോണ്‍ഗ്രസ്സിന്റെ വര്‍ഗ്ഗീയ പ്രചാരണങ്ങളെ തുറന്നുകാട്ടിയ അമിത് ഷാ,
പൗരത്വ ബില്ലിന്റെ പേരില്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതവിഭാഗത്തിന് ഭേദഭാവനകള്‍ നേരിടേണ്ടിവരില്ലെന്ന് ഉറപ്പ് നല്‍കി.
സ്വാതന്ത്ര്യത്തിന് പിന്നാലെ മതാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യം വിഭജിച്ചു. അന്നത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ പൗരത്വ ഭേദഗതി ബില്ലിന്റെ ആവശ്യമുണ്ടാകുമായിരുന്നില്ല. ഞങ്ങളല്ല കോണ്‍ഗ്രസ്സാണ് രാജ്യത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കിയത്. ബില്ലിന്
പിന്നില്‍ രാഷ്‌ട്രീയ അജണ്ടയില്ല. അഭയാര്‍ത്ഥികളെയും നുഴഞ്ഞുകയറ്റക്കാരെയും വേര്‍തിരിച്ചു കാണേണ്ടതുണ്ട്. അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് രേഖകളില്ലാതെ തന്നെ പൗരത്വം നല്‍കും. എന്നാല്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ സ്ഥാനമില്ല. ബില്‍ ഒരാളോടും വിവേചനം കാണിക്കുന്നതോ ഒരാളുടെയും അവകാശം കവരുന്നതോ അല്ല. ഭരണഘടനയുടെ ഏതെങ്കിലും വകുപ്പിന്റെ ലംഘനവുമല്ല. .001 ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല. മുസ്ലിം സമുദായത്തിന്റെ പേര് ബില്ലില്‍ ഒരിടത്തും പരാമര്‍ശിക്കുന്നില്ല, അമിത് ഷാ സഭയില്‍ വിശദീകരിച്ചു.
മതന്യൂനപക്ഷങ്ങളുടെ അവസ്ഥ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാക്കിസ്ഥാന്‍, റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ഇസ്ലാം ഔദ്യോഗിക മതമായി പ്രഖ്യാപിച്ചതാണ്. 1947ല്‍ ഇന്ത്യ വിഭജിച്ച് പാക്കിസ്ഥാന്‍ രൂപീകരിച്ചപ്പോള്‍ 33 ശതമാനം ആയിരുന്നു പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷ ജനസംഖ്യ. എന്നാല്‍ 2011 ആയപ്പോഴേക്കും 3.7 ശതമാനമായി ന്യൂനപക്ഷ ജനസംഖ്യ കുറഞ്ഞു. 1947ല്‍ 22 ശതമാനം ആയിരുന്നു ബംഗ്ലാദേശിലെ ന്യൂനപക്ഷമെങ്കില്‍ 2011 ആയപ്പോഴേക്കും അത് 7.8 ശതമാനമായാണ് കുറഞ്ഞത്. ഇവരെല്ലാം ഒന്നുകില്‍ മതപരിവര്‍ത്തനത്തിന് വിധേയരായി, അല്ലെങ്കില്‍ കൊലചെയ്യപ്പെട്ടു. ബാക്കിയുള്ളവര്‍ ഇന്ത്യയിലേക്ക് വന്നു. അവരുടെ അസ്തിത്വത്തിന്റെ പ്രശ്‌നമാണ്. അവര്‍ക്ക് അംഗീകാരം നല്‍കേണ്ടതുണ്ട്.
ഭാരതത്തെ ഹിന്ദു രാഷ്‌ട്രമാക്കാനാണ് ശ്രമമെന്നാണ് ചിലര്‍ ആരോപിക്കുന്നത്. 84 ശതമാനം ഹിന്ദുക്കളുണ്ടായിരുന്നു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍. എന്നാല്‍ 2011ല്‍ 79 ശതമാനമായി കുറഞ്ഞു. 1947ല്‍ മുസ്ലിം ജനസംഖ്യ 9.8 ശതമാനമായിരുന്നു. എന്നാല്‍ 2011 ല്‍ അത് 14.33 ശതമാനമായി ഉയര്‍ന്നു. ഇന്ത്യയില്‍ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തില്‍ ഭേദഭാവങ്ങളില്ല എന്നതിന്റെ തെളിവാണത്. ഇനി മുന്നോട്ടും അങ്ങനെ തന്നെയായിരിക്കും. ഇതൊക്കെ കൊണ്ടുതന്നെയാണ് അയല്‍ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ മതത്തിന്റെ പേരില്‍ ക്രൂരതകള്‍ അനുഭവിക്കുമ്പോള്‍ അവരെ രക്ഷപ്പെടുത്താന്‍ നാം ശ്രമിക്കുന്നത്. എന്നാല്‍ മുസ്ലിം ജനവിഭാഗത്തിനെതിരാണ് ബില്ലെന്ന് പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസും പ്രതിപക്ഷവും. ഇന്ത്യയിലെ മുസ്ലിങ്ങളെ യാതൊരു തരത്തിലും ബാധിക്കുന്ന ബില്ലല്ല ഇതെന്നും മുസ്ലിം എന്ന പേരുപോലും ബില്ലില്‍ ഇല്ലെന്നും ഷാ പറഞ്ഞു. കേരളത്തില്‍ മുസ്ലിം ലീഗിനൊപ്പവും മഹാരാഷ്‌ട്രയില്‍ ശിവസേനയ്‌ക്കൊപ്പവും നില്‍ക്കുന്ന കോണ്‍ഗ്രസിന്റെ വിചിത്ര മതേതരത്വ നിലപാടുകളാണ് പ്രശ്‌നമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ അംഗങ്ങള്‍ക്ക് കൃത്യമായ ഉത്തരം
ആര്‍ട്ടിക്കിള്‍ 14നെ യാതൊരു വിധത്തിലും ഈ ബില്‍ ബാധിക്കില്ലെന്നും പ്രാദേശികാടിസ്ഥാനത്തില്‍ നിയമ നിര്‍മ്മാണം നടത്തുന്നതിനെ ആര്‍ട്ടിക്കിള്‍ 14 ഖണ്ഡിക്കില്ലെന്നും അമിത് ഷാ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉന്നയിച്ച പ്രശ്‌നത്തിന് നല്‍കിയ മറുപടിയായി വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 14 ഉള്ളതിനാല്‍ ഇത്തരം നിയമനിര്‍മ്മാണങ്ങള്‍ സാധ്യമല്ലെങ്കില്‍ എങ്ങനെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ബില്ലുകള്‍ സഭ പാസാക്കിയെന്നും ഷാ ചോദിച്ചു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് എല്ലാം ബില്ലില്‍ നിന്ന് സംരക്ഷണം നല്‍കും. മണിപ്പൂരിനെക്കൂടി ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ല്‍ ഉള്‍പ്പെടുത്തി ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തനത് സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യസ്ഥതയുണ്ട്.
പാക് അധിനിവേശ കശ്മീരിലെ ജനങ്ങള്‍ക്ക്
പൗരത്വത്തിന് അര്‍ഹതയില്ലേ എന്ന ചോദ്യമുയര്‍ത്തിയ ദയാനിധിമാരനോട്, പിഒകെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടുത്തെ ജനങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്നും ഷാ പറഞ്ഞു. ജമ്മു കശ്മീര്‍ അസംബ്ലിയില്‍ 24 സീറ്റുകള്‍ പിഒകെയ്‌ക്കായി ഒഴിച്ചിട്ടിരിക്കുന്നത് അതിനാലാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയ്‌ക്ക് മറുപടി നല്‍കവേ ചൂണ്ടിക്കാട്ടി.
ദേശീയ പൗരത്വ രജിസ്റ്റര്‍ പിന്നാലെ ഉണ്ടെന്ന് കൂടി വ്യക്തമാക്കിയാണ് അമിത് ഷാ ഇന്നലെ മറുപടി പ്രസംഗം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: