അറിവ് കാച്ചിക്കുറുക്കി സൂക്ഷിക്കുക, അനുഭവങ്ങളിലൂടെ അറിവ് ആര്‍ജിക്കുക, അവസരത്തിന് ഓര്മിച്ചെടുക്കുക, അനുസ്യൂതമായി അത് പകര്‍ന്നുകൊടുക്കുക- ആധുനിക ശാസ്ത്രത്തിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) ഇതൊക്കെയാണ്; കമ്പ്യൂട്ടറും കടന്നുള്ള വളര്‍ച്ച. ഇതിനെല്ലാം പുറമേ, അസാധാരണമായ മാനുഷികതകൂടി ചേര്‍ന്നതായിരുന്നു അനേകായിരം വര്‍ഷം മുമ്പത്തെ ഭാരതീയ ബുദ്ധി ശാസ്ത്രം. സാങ്കേതികതയും ഭാഷാവൈഭവവും ശാസ്ത്രീയതയും സങ്കല്പ്പശേഷിയും മാനവികതയും എന്നു വേണ്ട സകലതും ഒന്നിച്ചിരുന്ന വ്യക്തികളും വ്യക്തിസംഘങ്ങളും സഹസ്രാബ്ദങ്ങള്‍ മുമ്പേ ഇവിടെ ഉണ്ടായിരുന്നു. ആ പരമ്പരയുടെ ഇക്കാലത്തെ കണ്ണികളിലൊന്നാണ് ഹരിയേട്ടന് എന്ന, ആര്. ഹരിയെന്ന, രംഗഹരി. ഒരു കമ്പ്യൂട്ടര്‍ സര്‍വറിനെ അനുസ്മരിപ്പിക്കുകയല്ല, അതിശയിപ്പിക്കും അദ്ദേഹത്തിന്റെ കഴിവുകള്‍. വിവരം ശേഖരിക്കാന്‍, സുക്ഷിക്കാന്‍, തിരിച്ചെടുക്കാന്‍, ആവിഷ്കരിക്കാന്‍, വിതരണം ചെയ്യാന്‍ ഉള്ള അസാമാന്യ പാടവം, അതിന്റെ ഓരോ അണുവിലും ആദര്‍ശാധിഷ്ഠിതമായ സംഘടനാ ബോധവും സംഘ ബോധവും സൂക്ഷിക്കാന്‍ കഴിയുന്നയാള്‍. മലയാളിക്ക് ഹരിയേട്ടന്. ഇതര പ്രദേശങ്ങള്‍ക്ക് രംഗഹരി. രേഖകളില്‍ ആര്. ഹരി. രൂപം കൊണ്ട് കുറിയ ഈ മനുഷ്യന്റെ വാമനഭാവം അടുത്തറിയുന്നവര്‍ക്ക് അമ്പരപ്പും ആരാധനയും പെരുകിക്കൊണ്ടേയിരിക്കും.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ, ആര്‍എസ്എസിന്റെ കേരളത്തില്‍നിന്നുള്ള ആദ്യത്തെ ദേശീയ ഭാരവാഹിയാണ്, അതും മൂന്ന് പതിറ്റാണ്ടു മുമ്പ്. അഞ്ച് സര് സംഘചാലകന്മാര്ക്കൊപ്പം പ്രവര്‍ത്തിച്ചയാള്‍. നാല് സംഘ പ്രവര്‍ത്തന നിരോധന കാലത്ത് സംഘടനയെ നയിച്ചയാള്‍. പ്രസ്ഥാനത്തിന്റെ ബൗദ്ധിക വിഭാഗത്തില്‍ ദേശീയ തലവനായിരുന്നു. അടുത്തവര്‍ഷം, 2020 ഡിസംബര്‍ അഞ്ചിന് 90 വയസ് തികയുന്നു. പതിമൂന്നാം വയസില്‍ തുടങ്ങിയ സംഘ പ്രവര്‍ത്തനം ഇന്നും തുടരുന്നു. അസാധാരണമല്ലാത്ത ദിവസങ്ങളിലെല്ലാം സംഘടനയുടെ അടിസ്ഥാനവും ആത്മാവുമായ ദൈനംദിന ശാഖാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം ‘പതത്വേഷ കായോ നമസ്തേ നമസ്തേ’ എന്ന് പ്രാര്‍ഥന ചൊല്ലുന്നു. ആര്‍എസ്എസിന്റെ കേരളത്തിലെ ആസ്ഥാനമായ എറണാകുളം എളമക്കരയിലെ മാധവ നിവാസിലെ ഒറ്റമുറിയിലിരുന്ന് ബൗദ്ധികമായി ലോകതലത്തില്‍ സംഘ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. അഖിലേന്ത്യാ പരിപാടികളില്‍ സംഘടനയുടെ നിര്‍ദേശ പ്രകാരം പങ്കെടുക്കുന്നു. മാര്‍ഗ നിര്‍ദേശം നല്കുന്നു. അത്ഭുതമാണ് ഈ ഹരിയേട്ടന്.
പതിമൂന്നാം വയസില്‍ തിരഞ്ഞെടുത്ത വഴി ശരിയെന്ന് സ്ഥാപിച്ച്, പിന്തരിയാതെ ഏകനിഷ്ഠനായി, എല്ലാ അര്‍ഥത്തിലും യാത്രക്കാരനായ ആര്. ഹരി ഒരേയൊരു ഹരിയേട്ടനായതിന്റെ ചരിത്രം കേരളത്തിലെ, ഭാരതത്തിലെ, വിദേശ രാജ്യങ്ങളിലെ സംഘത്തിന്റെ പ്രവര്‍ത്തന ചരിത്രംകൂടിയാണ്. എവിടെ തുടങ്ങി പറയണമെന്നതേ സംശയമുള്ളു. എങ്കിലും ആദ്യത്തെ സംഘസ്ഥാനില്‍ നിന്നാവാം; ഹരിയേട്ടന് പറയുന്നു:
സംഘത്തിലേക്ക്
എറണാകുളത്ത് ടിഡി അമ്പലത്തിന്റെ പരിസരത്ത് ബാഡ്മിന്റണ്‍ കളിക്കാന്‍ ക്ലബ്ബുണ്ടാക്കിയിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ കളിച്ചുകൊണ്ടിരിക്കെ, പാളത്താറൊക്കെ ഉടുത്ത് ഒരു മഹാരാഷ്ട്രിയന്‍ വന്നു. ഞങ്ങളോട് സംസാരിച്ചു. ഒരു ‘സംഘം’ തുടങ്ങണമെന്ന് ഒക്കെ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ തുടങ്ങി. ഒരുമിച്ച് പത്തിരുപത്തഞ്ച് പേരെ കിട്ടി. പക്ഷേ, അന്ന് ഇന്നത്തെപ്പോലെ സംഘത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം എന്നൊക്കെ പറഞ്ഞു. 1943-ലോ 44 ലോ ആണ്. അദ്ദേഹത്തിന്റെ രീതിയും പറച്ചിലും ഒക്കെ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. അതായത്, തുടങ്ങിയത് ഒരു പ്രത്യേക ഒരുക്കമില്ലാതെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രേരണ വലുതായിരുന്നു. സംഘത്തെക്കുറിച്ച് ഞങ്ങള്‍ക്കുള്ള സംശയങ്ങള്‍ മാറ്റാനും കൂടുതല്‍ അറിവു നല്‍കാനും. അന്ന് ടാറ്റാ കമ്പനിയില്‍ ചീഫ് കെമിസ്റ്റായ ഡോ. ബി.ജി. ഗുണ്ടെ ഉണ്ടായിരുന്നു. അദ്ദേഹം ഇംഗ്ലണ്ടിലെ ലിവര്പൂളിനിന്ന് പിഎച്ച്ഡി എടുത്തയാള്‍. എന്റെ അച്ഛനും ടാറ്റയില്‍ ആയിരുന്നു ജോലി. അവര്‍ പരിചയക്കാരനായിരുന്നു. ഗുരുജിയുടെ (ഗുരുജി ഗോള്‍വല്‍ക്കര്‍)കൂടെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഒക്കെ ഉണ്ടായിരുന്നു. അദ്ദേഹം ഇടയ്ക്ക് ശാഖയില്‍ വരുമായിരുന്നത് ഞങ്ങള്‍ക്ക് സഹായകമായി. ഇന്ന് എബിവിപിയിലുള്ള ഗീതാ ഗുണ്ടെയുടെ അച്ഛനാണ് ബി.ജി. ഗുണ്ടെ. അപ്പോള്‍ അങ്ങനെ ഒരു പ്രത്യേക ഒരുക്കമൊന്നുമില്ലാതെ ഞങ്ങള്‍ എല്ലാവരും കൂടി ശാഖ തുടങ്ങി.
കൊച്ചിയില്‍ നിന്നുവന്ന മഹാരാഷ്ട്രക്കാരന്, ആര്‍എസ്എസ് പ്രചാരക് ആയിരുന്നു. നാഗപ്പൂരില്‍ നിന്നയച്ച പ്രചാരക്, പേര്, ചിഞ്ചോല്‍ക്കര്‍. അദ്ദേഹം കൊച്ചിയിലും മറ്റും ശാഖ തുടങ്ങിക്കഴിഞ്ഞിരുന്നു. കൊച്ചിയില്‍ ഒരു ബാലചന്ദ്ര പണ്ഡിറ്റ് ഉണ്ടായിരുന്നു, മഹാരാജാസിലെ വിദ്യാര്‍ത്ഥി. ചിഞ്ചോല്‍ക്കര്‍ അയാളെയും കൂട്ടി മഹാരാജാസിലായിരുന്ന ഞങ്ങളുടെ ക്ലബ്ബിലെ അംഗങ്ങളെ കാണാന്‍ വന്നതാണ്. ഒറ്റയടിക്ക് ക്ലബ്ബിലെ പത്തിരുപത്തഞ്ചു പേരെ ഒന്നിച്ച് കിട്ടി. അദ്ദേഹം ‘ചൂണ്ടയിട്ട് പിടിച്ചതല്ല, വലവീശി പിടിച്ചതാ’ണെന്ന് പറയാം.
പ്രായം 13, 14 എത്തിയപ്പോള്‍ ആര്‍എസ്എസ് പ്രവര്ത്തകന്. തുടങ്ങിയപ്പോഴേ വന്ന ആര്‍എസ്എസ് നിരോധനം, ഗാന്ധിവധത്തിന്റെ പേരില്‍. അതിനെതിരേയുള്ള സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയി. ഇതിനുള്ള പ്രേരണയെക്കുറിച്ച്:
1948- ആവുമ്പോള്‍ എനിക്ക് വയസ് പതിനെട്ടായി. മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥി. രസതന്ത്രം ബിഎസ്സി പഠിക്കുകയാണ്. ഡിസംബര്‍ പരീക്ഷ നടക്കുന്നു. സംഘടന സത്യഗ്രഹം നിശ്ചയിച്ചു. ബാച്ച് തയ്യാറാക്കി. അപ്പോള്‍പ്പിന്നെ അതിന് പോയി. ഓരോരുത്തരേയും നേരിട്ട് കണ്ട് സംസാരിച്ച് മനസിലാക്കിച്ചിട്ടാണ് സത്യഗ്രഹത്തിന് നിയോഗിച്ചത്. ഇന്നത്തെപ്പോലെ പ്രചാരണ പരിപാടികള്‍ സാധിച്ചിരുന്നില്ലല്ലോ. അന്ന് ഭാസ്കര്‍ റാവുവാണ് പ്രചാരക്. അന്ന് ജില്ലാ പ്രചാരക് എന്നൊന്നുമില്ല. ഓരോരുത്തര് എവിടെ കേന്ദ്രമാക്കുന്നോ അവിടെനിന്ന് എത്തിപ്പെടാവുന്നിടത്തെല്ലാം പ്രവര്‍ത്തിക്കുക. ഭാസ്കര്‍ റാവു എറണാകുളത്ത് ശാഖ തുടങ്ങി. അത് കൊച്ചി സ്റ്റേറ്റാണ്. ആലുവയാകട്ടെ തിരുവിതാംകൂറാണ്. പക്ഷേ അവിടെ ശാഖ തുടങ്ങുന്നതിന് തടസമൊന്നുമില്ലായിരുന്നു. പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു പദ്ധതി. അങ്ങനെ ഞാനുള്‍പ്പെടെ എറണാകുളത്തുനിന്ന് സത്യഗ്രഹത്തിന് ഞങ്ങള്‍ ഇരുപതോളം പേര് ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു, കെ.ജി. വാധ്യാര്. എറണാകുളത്ത് ജന്മഭൂമിയുടെ തുടക്കത്തില്‍ എല്ലാമെല്ലാമായിരുന്നു അദ്ദേഹം. ആറുമാസം ശിക്ഷ കിട്ടി, ജയിലില്‍ കിടന്നു. കണ്ണൂര്‍ ജയിലിലായിരുന്നു. വിദ്യാര്‍ത്ഥിയായതിനാല്‍ അഞ്ചുമാസം കഴിഞ്ഞുവിട്ടു. അങ്ങനെ തിരിച്ചുവന്നപ്പോള്‍ പഠനം മുടങ്ങി. വീണ്ടും മഹാരാജാസില്‍ ചേര്‍ന്നു. ബിഎ എടുത്തു. വിഷയം ഫോര്‍ ബി ഗ്രൂപ്പ്. ഇംഗ്ലീഷ് നിര്‍ബന്ധം, രണ്ടാം ഭാഷ സംസ്കൃതം, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഇന്ത്യന്‍ ഹിസ്റ്ററി തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍. അന്ന് ഗ്രാഡുവേഷന് ഇന്നത്തെ പ്പോലെ മൂന്നുവര്ഷമല്ല, രണ്ടുവര്‍ഷമാണ്. അതുകൊണ്ട് ഇന്നത്തെ കണക്കില്‍ ഒരു വര്‍ഷം നഷ്ടമായില്ല.
ജയിലില്‍
ഇന്നത്തെ ജയിലനുഭവം എനിക്കറിയില്ല. അതുകൊണ്ട് അന്നത്തേതുമായി താരതമ്യം പറ്റില്ല. പക്ഷേ വിവരണങ്ങള്‍ കൊണ്ടു നോക്കുമ്പോള്‍ വലിയ വ്യത്യാസമില്ല. വിദ്യാര്‍ത്ഥിയെന്ന നിലയില്‍ മാത്രമല്ല, വായിക്കാനും മറ്റും സമയം കിട്ടി. അവിടെ ലൈബ്രറിയൊക്കെയുണ്ടായിരുന്നു. ജയിലില്‍ നല്ല പെരുമാറ്റമൊക്കെയായിരുന്നു.
കേരളത്തില്‍നിന്ന് കണ്ണൂര്‍ ജയിലില്‍ മാത്രം 254 പേര് ഉണ്ടായിരുന്നു. 300-350 പേര് മംഗലാപുരത്തുനിന്നുണ്ടായിരുന്നു എന്നാണോര്‍മ. മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നുവല്ലോ മലബാര്‍. മദ്രാസ് പ്രസിഡന്‍സിയുടെ സെന്‍ട്രല്‍ പ്രിസണായിരുന്നു കണ്ണൂര്‍. സൗത്ത് കാനറ ജില്ലയും മദ്രാസ് പ്രസിഡന്‍സി. അതുകൊണ്ട് മംഗലാപുരത്തുകാരെയും കണ്ണൂരില്‍ കൊണ്ടുവന്നു. അങ്ങനെ അറുനൂറോളം പേര് ആകെ ഉണ്ടായിരുന്നു. വെവ്വേറെ ബാരക്കുകളിലാണ്. എറണാകുളത്തുനിന്ന്, അനന്ത ഷേണായി, അനന്ത കമ്മത്ത്, ആര്. വേണുഗോപാല്‍, സി. ദിവാകര്‍ റാവു അങ്ങനെ നാല്‍പ്പതോളം പേരുകള്‍ ഓര്‍മയുണ്ട്.
സത്യഗ്രഹം മുതലക്കുളം മൈതാനിയിലായിരുന്നു. സത്യഗ്രഹം പ്രത്യേക രീതിയിലായിരുന്നു, ഒരാള്‍, ആര്‍എസ്എസ് സര്‍സംഘചാലക് ഗുരുജി, മഹാത്മാഗാന്ധി വധത്തിലെ കേസിനെ തുടര്‍ന്ന് സംഘപ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ആ തീരുമാനം പിന്‍വലിച്ചു, അതിനാല്‍ ഞങ്ങള്‍ ഇന്ന ദിവസം മുതല്‍ ശാഖാ പ്രവര്‍ത്തനം പുനരാരംഭിക്കുകയാണെന്ന് ജില്ലാ മജിസ്ട്രേറ്റിന് എഴുതിക്കൊടുക്കുന്നു. പിന്നെ വൈകിട്ട് അഞ്ചരയ്ക്ക് നേരത്തേ നിശ്ചയിച്ച സമയത്ത് നിശ്ചയിച്ചയാള്‍ സ്ഥലത്ത് പോയി ശാഖാക്രമം അനുസരിച്ച് വിസില്‍ അടിക്കും. നിശ്ചയിച്ചയാളുകള് പങ്കെടുക്കും. പ്രാര്‍ത്ഥന ചൊല്ലും. ധ്വജം ഉയര്‍ത്തില്ല. മുതലക്കുളം മൈതാനത്തായിരുന്നു കേരളത്തില്‍. ഇത് ഭാരതം മുഴുവന്‍ നടന്നു. ശാഖ തുടങ്ങും, പോലീസ് വരും, അറസ്റ്റ് ചെയ്യും.
ആദ്യമൊന്നും അവര്‍ ഉപദ്രവിച്ചിരുന്നില്ല. പിന്നെ അടിക്കാന്‍ തുടങ്ങി. ആദ്യം അവര്‍ വിചാരിച്ചു, അറസ്റ്റോടെ ഒതുങ്ങുമെന്ന്. പിന്നെ അവര്‍ അടിതുടങ്ങി. ജയില്‍ നിറഞ്ഞപ്പോള്‍ വയനാട്ടില്‍ ബത്തേരി, മാനന്തവാടി തുടങ്ങി കാട്ടിലൊക്കെ കൊണ്ടുപോയി വിടാന്‍ തുടങ്ങി. അറസ്റ്റ് ചെയ്ത് വണ്ടിയില്‍ കൊണ്ടുപോകും, കുറേപ്പേരെ വീതം ഓരോരോ സ്ഥലങ്ങളില്‍ ഇറക്കിവിടും. അപ്പോള്‍ അവര്‍ പ്ലാന്‍ ചെയ്തു, അവസാനം ഇറക്കിവിടുന്നവരെ വരെ കാത്തിരുന്ന് ഒരുമിച്ചുപോന്നു. ഒരു സത്യഗ്രഹികളും പട്ടിണികിടക്കേണ്ടിവന്നില്ല. സമൂഹം സഹകരിച്ചു. സാഹചര്യം പറഞ്ഞ് ചെല്ലുന്നിടത്തെല്ലാം ഭക്ഷണവും ഒക്കെ കിട്ടി. ഈ സത്യഗ്രഹികള്‍ വീണ്ടും ശാഖയിലെത്തി. പിന്നെ പോലീസ് തല്ലാന്‍ തുടങ്ങി. അടികിട്ടുന്നവരെ ആശുപത്രിയില്‍ കൊണ്ടുപോയി, അവര്‍ ജയിലിലുമെത്തി. എനിക്കൊന്നും തല്ലു കിട്ടിയില്ല. ആദ്യ ബാച്ചിലായിരുന്നു. മൂന്നോ നാലോ ബാച്ചുകള്‍ മുതലാണ് അടി കിട്ടിത്തുടങ്ങിയത്.
ഡിസംബര്‍ 30, 31 തീയതികളിലേതോ, ഈ മര്‍ദനങ്ങള്‍ക്കെതിരേ കെ.പി. കേശവ മേനോന് ‘മാതൃഭൂമി’യില്‍ എഴുതി. വെങ്കിട്ടറാം ശാസ്ത്രി ‘ദ് ഹിന്ദു’വില്‍ പോലീസ് നടപടിക്കെതിരെ എഴുതി. പിന്നീട് അദ്ദേഹം മധ്യസ്ഥനായി. ജനുവരി 20, 21 തീയതികളിലൊക്കെ, ലോകമാന്യ തിലകന്റെ മകനും മറ്റും ഇടപെട്ട് സംസാരിച്ചതിന്റെ ഭാഗമായി, ഗുരുജി സത്യഗ്രഹം പിന്‍വലിച്ചു. തുടര്‍ന്ന് ചര്‍ച്ചകളായി. ഞങ്ങള്‍ ആ സമയത്തൊക്കെ ജയിലിലായിരുന്നു.
കുട്ടിക്കാലത്തേ എനിക്ക് വായന ഇഷ്ടമായിരുന്നു. ജയിലില്‍ ധാരാളം വായിച്ചു. ചരിത്രം, രാഷ്ട്രീയം ഒക്കെ. അങ്ങനെ ജയിലില്‍ നിന്നിറങ്ങുമ്പോള്‍ കെമിസ്ട്രിയേക്കാള്‍ എനിക്ക് ബിഎയ്ക്ക് പഠിക്കാനുള്ള വിഷയങ്ങളില്‍ താല്പ്പര്യമേറി. സംഘ പ്രവര്‍ത്തനത്തിന് ശാസ്ത്ര വിഷയങ്ങളേക്കാള്‍ ചരിത്രവും രാഷ്ട്രീയവും ഒക്കെ പഠിക്കുന്നതാണ് സൗകര്യം എന്ന് മനസിലാക്കി ഞാന്‍ മനപ്പൂര്‍വം ബിഎ എടുത്തതാണ്. സത്യഗ്രഹികള്‍ക്ക് അറസ്റ്റ് ചെയ്യപ്പെടണമെന്ന് ആഗ്രഹം. അപ്പോള്‍ ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചിരുന്ന ഭരതേട്ടന് (ടി.എന്‍. ഭരതന്), മാധവ്ജി, ഭാസ്കര്‍ റാവു തുടങ്ങിയവര്‍ ചിന്തിച്ച് കൊച്ചി-തിരുവിതാംകൂര്‍ സ്റ്റേറ്റില്‍ നിന്നുവരുന്നവര്‍ അവിടവിടെ സത്യഗ്രഹം ചെയ്യട്ടെ എന്ന് തീരുമാനിച്ചു. അങ്ങനെ എറണാകുളത്തും തിരുവനന്തപുരത്തും സത്യഗ്രഹം നടത്തി. അവരേയും അറസ്റ്റ് ചെയ്തു. അവിടങ്ങളില്‍ കുറച്ചുപേരെ ഉണ്ടായിരുന്നുള്ളൂ.
ഇരുപത്തിയൊന്നാം വയസില്‍ ഒരു സംഘടനയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി; ആര്‍എസ്എസ് പ്രചാരകനായി. അസാധാരണ തീരുമാനമായിരുന്നു അത്. ഇന്ന് ലോകം മുഴുവന്‍ പടര്‍ന്ന്, ആദര്‍ശവും ആശയവും ആശയും ആശ്വാസവും നല്കുന്ന ആര്‍എസ്എസ് പ്രസ്ഥാനത്തിനെ അന്ന് വിത്തുരൂപത്തില്‍ കണ്ടപ്പോഴേ ഭാവിയിലെ വിശ്വരൂപം തിരിച്ചറിഞ്ഞ വിരലിലെണ്ണാവുന്നവരില്‍ ഈ കൗമാരക്കാരനും ഉണ്ടായിരുന്നു.
സംഘടനാ പാടവമാണ് സംഘത്തിന്റെ, മറ്റു സംഘടനകള്‍ക്കില്ലാത്ത പ്രത്യേക മികവുകളില്‍ ഒന്ന്. ചിട്ടയും ക്രമവും രീതിയും സമ്പ്രദായവും വ്യക്തികളില്‍ ഉണ്ടാക്കി, സംഘനയില്‍ വളര്‍ത്തി, രാഷ്ട്രത്തിന്റെ സ്വത്താക്കി മാറ്റുകയാണ് സംഘം ചെയ്യുന്നത്. സ്വജീവിതത്തില്‍ നെല്ലിട തെറ്റാതെ തുടരുന്ന ആ വ്രതം ഹരിയേട്ടനെ ദേശീയ ശ്രദ്ധേയനാക്കി.
പ്രചാരകന്
ജയിലില്‍ പോകും മുമ്പേ, കോളജില്‍ ചേരും മുമ്പേ പ്രചാരകനാവുക എന്ന തീരുമാനം. ഉണ്ടായിരുന്നു. എപ്പോഴാണ് ആ ചിന്ത വന്നതെന്നറിയില്ല; എന്തുകൊണ്ടാണെന്നും. ഇന്നത്തെ ശാഖാ സങ്കല്‍പ്പവുമായി അന്നത്തേതിനെ താരതമ്യം ചെയ്യാനാവില്ല. അന്ന് പരിധിയല്ല. എറണാകുളത്തും കൊച്ചിയിലുമാണ് അന്ന് ശാഖ. പക്ഷേ പുല്ലേപ്പടി ശാഖയില്‍ കിലോമീറ്ററുകള്ക്കപ്പുറത്തുനിന്നുള്ളവരും പങ്കെടുത്തു. ഇന്ന സ്ഥലത്ത് ആര്‍എസ്എസ് തുടങ്ങിയിട്ടുണ്ട് അവിടെ പോവുക എന്നതായിരുന്നു രീതി. മുഴുവന്‍ കേരളത്തില്‍ അന്ന്, പത്തോ പതിനഞ്ചോ ശാഖയല്ലേ ഉള്ളൂ. തിരുവനന്തപുരം, കൊല്ലം, ചങ്ങനാശേരി, ആലപ്പുഴ, എറണാകുളം, കൊച്ചി, ആലുവ, തൃപ്പൂണിത്തുറ, തൃശൂര്‍, പാലക്കാട്, ഗുരുവായൂര്‍, കോഴിക്കോട്, കണ്ണൂര്‍, തലശ്ശേരി. തിരുവനന്തപുരത്തെ പ്രചാരകനാണ് ചങ്ങനാശേരിയില്‍ ശാഖ തുടങ്ങിയത്. ആലപ്പുഴയില്‍ തുടങ്ങിയത് എറണാകുളത്ത് നിന്ന് പോയാണ്. ചില സ്ഥലങ്ങള്‍ ഒരുപക്ഷേ വിട്ടുപോയിട്ടുണ്ടാകും. ഈ ശാഖകളില്‍ നിന്നെല്ലാം സത്യഗ്രഹത്തില്‍ പങ്കെടുക്കാനെത്തി.
ഞാന്‍ പരീക്ഷ കഴിഞ്ഞ് ഫലത്തിന് കാത്തിരുന്നില്ല. 1951-ല്‍ ഡിഗ്രി കഴിഞ്ഞു. ആ വര്‍ഷം തന്നെ പ്രചാരകായി. 46-ല്‍ കോളജില്‍ ചേര്‍ന്നു. 21-ാം വയസില്‍ പ്രചാരകയായി. ആദ്യം വടക്കന്‍ പറവൂരിലാണ് പ്രചാരകായത്. അന്ന് കാര്യാലയങ്ങളില്ല. വീടുകളിലാണല്ലോ താമസം. അന്ന് ആദ്യമായി, പ്രചാരകനായതിനുശേഷം ഊണുകഴിച്ച പെരുവാരത്തെ വീട്ടില്‍ ഇപ്പോഴും ഞാന്‍ പോകാറുണ്ട്. അവിടിപ്പോള്‍ എന്റെ തന്നെ പ്രായമുള്ള പുരുഷനും ഏറ്റവും പ്രായംകുറഞ്ഞ സഹോദരിയുമുണ്ട്. അന്ന് ആ കുട്ടി ഏഴാം ക്ലാസില്‍ ആയിരുന്നു. ഇപ്പോള്‍ എണ്‍പത് വയസാവും. ഹിന്ദുഐക്യവേദി ബാലന് ചേട്ടന്റെ ഭാര്യയാണ്. ഞാന്‍ കടപ്പാട് എന്ന അര്‍ത്ഥത്തില്‍ എന്റെ തിരഞ്ഞെടുത്ത കൃതികളുടെ മുഴുവന്‍ കോപ്പിയും അവിടെ കൊണ്ടെക്കൊടുത്തു. എനിക്ക് കൊടുക്കാന്‍ അതല്ലേയുള്ളൂ.
അന്ന് ജില്ല, താലൂക്ക് ഒന്നും ഇല്ല. പറവൂര്‍ കേന്ദ്രം, ആകാവുന്നിടത്തെല്ലാം ശാഖ. കൊടുങ്ങല്ലൂരില്‍ ഞാനാണ് ശാഖ തുടങ്ങിയത്. കാര്യാലയമില്ല. താമസമൊക്കെ വീടുകളില്‍. സംഘത്തിന് പണമില്ലായിരുന്നു. പിന്നെ വീടുകളില്‍ താമസിക്കാന്‍ ചെല്ലുമ്പോള്‍ പ്രത്യേകം ഒരുക്കമൊന്നും വേണ്ട. കിടക്കാന്‍ ഒരു പായ, കുടിക്കാന്‍ കഞ്ഞി. അത്രയുമേ ആവശ്യമുണ്ടായിരുന്നുള്ളൂ. കുളിക്കാന്‍ അമ്പലക്കുളം, തുണി അലക്കിയുണക്കാന്‍ സൗകര്യം. ഉണങ്ങുംവരെ കുളത്തില്‍ നീന്തലും, കൂട്ടുകൂടലും. ഞാന്‍ പ്രചാരകാകുമ്പോള്, അഞ്ചോ ആറോ പേരെയുള്ളൂ കേരളത്തില്‍ പ്രചാരകന്മാരായി. ലക്ഷ്മീ നാരായണന്, പരമേശ്വര്‍ജി, മാധവ്ജി, ഞാന്‍, രാമചന്ദ്രന് കര്‍ത്താ, ഭരതേട്ടന്, വി.പി. ജനാര്ദനന്, വേണുവേട്ടന്, മാര്‍ത്താണ്ഡന്‍, മനോഹര്‍ ദേവ്, ഭാസ്കര്‍ റാവു, ശങ്കര്‍ ശാസ്ത്രി അവസാനം പറഞ്ഞ മൂന്നുപേര്‍ നാഗപ്പൂരില്‍നിന്ന് അയച്ചതാണ്. ലക്ഷ്മീ നാരായണന്, പരമേശ്വര്‍ജി, രാമചന്ദ്രന് കര്‍ത്താ, മൂന്നു പേരും തിരുവനന്തപുരം ശാഖയില്‍നിന്ന്. പാലക്കാട് ശാഖയില്‍നിന്നാണ് ജനാര്ദനന്. ഭരതേട്ടന്, മാര്‍ത്താണ്ഡന്‍, മാധവ്ജി, വേണുഗോപാല്‍, കോഴിക്കോട് ശാഖയില്‍നിന്ന് ഒരു കുമാരന് ഒരു വര്‍ഷം പ്രചാരകനായി ഉണ്ടായിരുന്നു. 1951-ല്‍ ഇത്രയും പേരേയുള്ളൂ.
എതിരില്ലാതെ
അക്കാലത്ത് ആദര്‍ശപരമായ ചിന്തയുടെ പ്രശ്നമില്ലായിരുന്നു. ഹിന്ദു സംഘടന വേണമെന്ന് പറഞ്ഞാല്‍ എല്ലാവരും തയാറായിരുന്നു. എതിര്‍പ്പില്ലായിരുന്നു. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഉണ്ടായിരുന്നെങ്കിലും അങ്ങനെ പറയത്തക്ക എതിര്‍പ്പ് ആദ്യകാലത്തില്ലായിരുന്നു. കോണ്‍ഗ്രസുകാര്‍ സഹായിച്ചിട്ടുമുണ്ട്. കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് കോണ്‍ഗ്രസുകാരന്റെ വീട്ടില്‍ പോയാലും ഊണൊക്കെ കഴിക്കാമായിരുന്നു. അതുകഴിഞ്ഞ്, ഗാന്ധിജി വധിക്കപ്പെട്ടതിന്റെ പേരില്‍ അതില്‍ ബന്ധമില്ലാത്ത സംഘത്തിന് നിരോധനവും കുപ്രചാരണവും ഒക്കെ വന്നശേഷമാണ് എതിര്‍പ്പുകള്‍ ഉണ്ടായത്. അല്ലെങ്കില്‍, ഇന്ന് ചിന്മയാ മിഷനോടും അമൃതാനന്ദമയീ ആശ്രമങ്ങളോടുമൊക്കെയുള്ള മനോഭാവം ഹിന്ദു സമൂഹത്തിന് ആര്എസ്എസിനോടുണ്ടായിരുന്നു.
1948 ജനുവരി ആദ്യവാരം പൊതുയാത്രയുടെ ഭാഗമായി ഗുരുജി എറണാകുളത്ത് വന്നിരുന്നു. ഗവണ്മെന്റ് ഗേള്‍സ് സ്കൂളിലായിരുന്നു ഗുരുജിയുടെ പൊതുപരിപാടി. ആ പരിപാടിയില്‍ ആഗമാനന്ദ സ്വാമി വന്നിരുന്നു. പ്രസംഗം കേള്‍ക്കാന്‍ മഹാരാജാസ് കോളജ് പ്രിന്‍സിപ്പാള്‍. ജി. നാരായണയ്യര്‍ വന്നിരുന്നു. കൊച്ചിന് ജഡ്ജി നന്ദനമേനോന്‍ വന്നിരുന്നു. കൊച്ചിന് സ്റ്റേറ്റ് റിട്ടയേഡ് സെക്രട്ടറി ഉണ്ടായിരുന്നു. മഹാരാജാസ് കോളജിലെ സംസ്കൃതം വിഭാഗം തലവന്‍ ഇ. രാഘവവാര്യരെയൊക്കെ ഞങ്ങളാണ് ക്ഷണിച്ചത്, അവര്‍ വന്നു. 48-ല്‍ മഹാത്മാഗാന്ധി വധിക്കപ്പെട്ട സംഭവം വരെ സംഘത്തിന് പ്രസ്റ്റീജിന് പ്രശ്നവുമില്ല. ഒരു ഭ്രഷ്ടും ഇല്ലായിരുന്നു. ഇ. രാഘവ വാര്യര്‍ ഗുരുദക്ഷിണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചിട്ടുണ്ട്. 1947 ഡിസംബറില്‍ എറണാകുളത്ത് ടിഡിയില്‍ വച്ച് കേരളത്തിലെ മുഴുവന്‍ സ്വയംസേവകരുടെയും ക്യാമ്പുണ്ടായിരുന്നു. അക്കാലത്ത് രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി ഭക്ഷ്യനിയന്ത്രണവും റേഷനിങ്ങുമുണ്ടായിരുന്നു. അരിക്ക് ക്ഷാമമുണ്ടായിരുന്നു. അപ്പോള്‍ പുത്തേഴത്ത് രാമന് മേനോന്, അന്നത്തെ ഐജി: ഐ.എന്‍. മേനോനും തൃശൂരില്‍നിന്ന് കാറില്‍ അരിയുമായി ക്യാമ്പില്‍ വന്നിരുന്നു. ചിലര്‍ നടത്തിയ ഗാന്ധിവധം എതിര് പ്രചാരണംമൂലം ബാധിച്ചത് സംഘത്തിന്റെ പ്രസ്റ്റീജിനെയാണ്.
തിരുവനന്തപുരത്ത് സത്യഗ്രഹം നടത്തുമ്പോള്‍ പരമേശ്വര്ജിയൊക്കെ അറസ്റ്റിലായി. ആ അറസ്റ്റിനു മുന്‍പ് ഗുരുജി സത്യഗ്രഹം പിന്‍വലിച്ചു. പില്ക്കാലത്ത് പ്രകൃതി ചികിത്സ പ്രചരിപ്പിച്ച് പ്രചാരകനായ സി.ആര്.ആര്. വര്‍മ, കുമാര സ്വാമിയൊക്കെ സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സ്ഥിരമായി പുറത്താക്കി. രണ്ടുപേരും പിഡബ്ല്യുഡി എഞ്ചിനീയര്‍മാരായിരുന്നു. അതിനുശേഷം അവര്‍ കേരളം വിട്ടു. കുമാരസ്വാമി ഭിലായ് ഉരുക്ക് ഫാക്ടറിയില്‍ മാനേജരുമായി, കൊല്‍ക്കത്തയിലും പോയി. വര്‍മ്മാജി ദല്‍ഹിയില്‍ പോയി. പിന്നീട് ഇറാനില്‍ ഒരേസമയം മൂന്നു കമ്പനികളുടെ ഡയറക്ടറുമായി. ഡിസ്മിസ് ചെയ്തത് ഒരര്‍ഥത്തില്‍ നന്നായി. അല്ലെങ്കില്‍ അവര്‍ പിഡബ്ല്യുഡിയില്‍ എഞ്ചിനീയേഴ്സായി തുലഞ്ഞേനെ.
അന്ന് ശാഖാ പ്രവര്‍ത്തനം മാത്രം. മറ്റൊന്നുമില്ല. അതിനാല്‍ റാം മനോഹര്‍ ലോഹ്യ, അശോക് മേത്ത തുടങ്ങിയവര്‍ എറണാകുളത്ത് വന്നപ്പോള്‍പ്പോലും ഞാന്‍ പോയില്ല. യോഗങ്ങളിലും പങ്കെടുത്തില്ല. ശാഖ മുടങ്ങരുതെന്ന വ്യഗ്രത.
ഗാന്ധിവധത്തിനുശേഷം ഉണ്ടായ എതിര്‍പ്പുകള്‍ നേരിടാന്‍ പ്രവര്‍ത്തന തന്ത്രങ്ങള്‍ മാറ്റേണ്ടിവന്നു. ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ആയിരുന്നതിനാല്‍ ഞങ്ങള്‍ക്ക് കമ്യൂണിസ്റ്റുകളില്‍ നിന്നാണ് എതിര്‍പ്പു നേരിടേണ്ടി വന്നത്. എം.എം. ലോറന്‍സ് ഒക്കെ അന്ന് കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിലുണ്ട്. അവരും അന്ന് ഒളിപ്രവര്ത്തനത്തിലാണ്. ലോറന്‍സിന്റെ ഒളിവിലെ പേര് ‘ചാക്യാര്‍’ എന്നായിരുന്നു. പിന്നീട് സഖാക്കള്‍ പരസ്യമായി ഭാസ്കര്‍ റാവുവിനെ തടയാനൊക്കെ ശ്രമിച്ചിരുന്നു. പക്ഷേ ശാരീരിക ആക്രമണം കുറവായിരുന്നു. സംഘടനാപരമായി നോക്കി-തിരുവനന്തപുരത്ത് ഗുരുജിയെ തടയാന്‍ ശ്രമിച്ചു, കോഴിക്കോട് ഭാഗത്തും ഒക്കെ ശ്രമം നടത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് പോകുമ്പോഴൊക്കെ ആക്രമിക്കുന്നത് പതിവില്ലായിരുന്നു. ഒരുപക്ഷേ അന്ന് ആ കല അവര്‍ പഠിച്ചിരുന്നില്ലായിരിക്കും. ചില സ്ഥലങ്ങളില്‍ മുസ്ലിങ്ങളുടെ ഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു.
ഗോഹത്യനിരോധന പ്രസ്ഥാനം
ഗോഹത്യാ നിരോധന പ്രസ്ഥാനമാണ് പിന്നീട് സംഘം സമര്‍ത്ഥമായി നിശ്ചയിച്ച് നടത്തിയ സംരംഭം. ഗാന്ധി വധത്തിന്റെ പേരില്‍ സംഘത്തിന്റെ പേരില്‍ ചിലര്‍ നടത്തിയ പ്രചാരണം കളങ്കം വരുത്തി. നിരോധിച്ചു. സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെ എല്ലാവരും അറിയുമായിരുന്നെങ്കിലും അന്ന് അദ്ദേഹത്തിന് പ്രായം 43 വയസല്ലേ. പക്ഷേ, കോണ്‍ഗ്രസിന്റെ നേതാക്കള്‍ മുതിര്‍ന്നവര്‍. നെഹ്റു, പട്ടേല്‍ തുടങ്ങിയ മുതിര്‍ന്നവര്‍, മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസുകാര്‍ ആണെന്ന് പറയുമ്പോള്‍ ആളുകള്‍ അത് വിശ്വസിക്കും. കാരണം, മരിച്ചത് ഗാന്ധിജി. താഴേത്തട്ടില്‍, കമ്യൂണിസ്റ്റുകാര്‍ ഇത് പ്രചരിപ്പിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതുകൊണ്ട് ആര്‍എസ്എസ് ഏറെ വിഷമിച്ചു. ഇത്തരം പ്രചാരണങ്ങള്‍ ആര്‍എസ്എസിന്റെ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിച്ചോ എന്നത് വേറെ വിഷയം.
ഈ പ്രചാരണത്തിനെതിരെ, മുഴുവന്‍ ഭാരതത്തിലും മുഴുവന്‍ ജനങ്ങളും അനുകൂലിക്കുന്ന വിഷയമായി സംഘത്തിന്റെ കേന്ദ്ര നേതൃത്വം ഗോഹത്യാ നിരോധനത്തെ കണ്ടെത്തി. അത് ഗുരുജി എടുത്തു. അതൊരു മാസ്റ്റര്‍ സ്ട്രോക്കായി. ഓരോരുത്തരുടെയും ഒപ്പ് വാങ്ങുന്ന പ്രചാരണമായി. ഒരു ദിക്കിലും എതിര്‍പ്പുണ്ടായില്ല. സകലരും അനുകൂലിച്ചു. കോണ്‍ഗ്രസുകാര്‍ക്കും എതിര്‍പ്പില്ലായിരുന്നു. രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദും അനുകൂലിച്ചു. 1949 ജൂലായില്‍ ആര്‍എസ്എസ് നിരോധനം വന്നു. 52 ജൂലായില്‍ ആണ് ഗോഹത്യ നിരോധന പ്രചാരണം. മൂന്നുവര്‍ഷത്തിനുശേഷം വന്‍തോതില്‍ ജനസമ്പര്‍ക്കം നടത്തി. ഗ്രാമങ്ങളിലും പ്രവര്‍ത്തനം എത്തിച്ചേരാന്‍ സഹായകമായി. സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ പൊതു പ്രസ്ഥാനമായത് ഇതാണ്. സത്യഗ്രഹം സംഘടനാ വിഷയമാണ്. അതില്‍ത്തന്നെ 1942 ലുണ്ടായിരുന്ന സത്യഗ്രഹത്തിനേക്കാള് കൂടുതല്‍ പേര് പങ്കെടുത്തു.
ഗോഹത്യ നിരോധന പ്രസ്ഥാനത്തിനെ അനുകൂലിച്ച് എസ്എന്‍ഡിപി പ്രമേയം പാസാക്കി. മന്നത്ത് പത്മനാഭന്, ആര്. ശങ്കര്‍ ഒക്കെ പ്രസംഗിക്കാന്‍ വന്നു. മറ്റേതെങ്കിലും വിഷയമായിരുന്നെങ്കില്‍ ഇത്ര പിന്തുണ കിട്ടുമായിരുന്നില്ല. 50 ദിവസത്തെ പ്രവര്‍ത്തനമായിരുന്നു. കേരളത്തില്‍ പ്രവര്‍ത്തകര്‍ കുറവായിരുന്നു. ഈ ദിവസം കൊണ്ട് എത്താവുന്ന പരമാവധി പേരില്‍ എത്തി. ഞാനന്ന് ആലുവയില്‍ പ്രചാരകനാണ്. രാവിലെ ഇറങ്ങും. ഭക്ഷണത്തിനൊന്നും ബുദ്ധിമുട്ടിയില്ല. സംഘടനാപരമായ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അതാണ് മുഖ്യ നേട്ടം. മഹാത്മാഗാന്ധി വധത്തിന്റെ പേരിലെ കുപ്രചാരണം സംഘത്തെ അത്രബാധിച്ചില്ല എന്ന് ബോധ്യപ്പെട്ടു. സാമൂഹ്യ സ്വീകാര്യത തുടരുന്നു എന്ന ബോധം വന്നു.
എന്നാല്‍ സംഘത്തിന് സ്വീകാര്യത കിട്ടിയ ഏറ്റവും വലിയ സംരംഭം ഇതായിരുന്നുവെന്ന് പറയാനാവില്ല. അത് 1956-ല്‍ വരെ ഗുരുജിയുടെ 51-ാം പിറന്നാള്‍ ആഘോഷമാണ്. ഗോവധ നിരോധന പ്രചാരണത്തില്‍ നമുക്ക് ആര്‍എസ്എസിനെക്കുറിച്ച് പറയാന്‍ അവസരങ്ങളില്ലായിരുന്നു. വിഷയം വേറെ ആയിരുന്നു. സമൂഹത്തിലേക്ക് ഇറങ്ങിയപ്പോള്‍ മനസിലായി, രാഷ്ട്രീയക്കാര്‍ എന്തു പറഞ്ഞാലും സമൂഹം നമ്മളെ സ്വീകരിക്കാന്‍ തയാറാണെന്ന്. പൊതുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ധൈര്യം കൂടി. ശാഖകള്‍ പലയിടത്തും തുടങ്ങാനായി. ഈ കുട്ടികളല്ലേ പശുവിനെ കൊല്ലരുതെന്ന് പ്രചരിപ്പിച്ചര്‍ എന്ന പരിഗണനയും ജനങ്ങളില്‍നിന്ന് കിട്ടി.
രസകരമായ പല സംഭവങ്ങളുമുണ്ട്. നാരായണ്‍ജിയും (പി.നാരായണന്) ഞാനും കൂടി കോട്ടയത്ത് പൊന്‍കുന്നത്തിനും പള്ളിക്കത്തോട്ടിനുമിടയ്ക്കുള്ള പനങ്ങാട്ട് എന്ന സ്ഥലത്ത് പോയി. അവിടെ ശാഖ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ എന്‍എസ്എസിലെ ചിലര്‍ ഇവിടെ ആര്‍എസ്എസ് വേണ്ട എന്നൊക്കെ പറഞ്ഞു. ഞാന്‍ വിഭാഗ് പ്രചാരക്, നാരായണ്‍ജി ജില്ലാ പ്രചാരക്. ഞങ്ങള്‍ അവിടത്തെ നമ്മുടെ ഒരാളുടെ വീട്ടില്‍ പോയി. കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു, നിങ്ങള്‍ കഞ്ഞികുടിച്ച് ഉറങ്ങിക്കോളൂ. ഇന്ന് കരയോഗം മീറ്റിങ്ങുണ്ട്. ഞാന്‍ ശരിയാക്കിക്കോളാം എന്നും പറഞ്ഞു. പിറ്റേന്ന് കാരണവരോട് എന്തായി എന്ന് ചോദിച്ചു. ഒക്കെ ശരിയാക്കി എന്ന് പറഞ്ഞ് വിവരിച്ചു. ഞാനവരോട് ചോദിച്ചു, ഗാന്ധിയെ കൊന്നത് അവരാണോ? ഇനി അവരാണെന്ന് തന്നെയിരിക്കട്ടെ. അയാള്‍ ഈ പനങ്ങാട്ടുകാരനാണോ? കൊല്ലാന്‍ എന്റെയോ നിങ്ങളുടെയോ മക്കള്‍ പോയോ? ഉത്തരേന്ത്യയില്‍ ഒരാളെ കൊന്നു. കൊന്നവരെവധിച്ചു. ഇവര്‍ ഇവിടെ ചെയ്യുന്നത് നല്ല കാര്യമല്ലേ. നമുക്കെന്താ. ഇവിടെ ഇത് നടക്കട്ടെ എന്നു പറഞ്ഞു. എല്ലാവരും സമ്മതിച്ചു.
ശരിക്കും സംഘ പ്രവര്‍ത്തനം ടേക്ഓഫ് ചെയ്തത് 1956-ലാണ്. ഗുരുജിയുടെ 51-ാം പിറന്നാള്‍. നിരോധിച്ച കാലത്ത് സംഘപ്രവര്‍ത്തനത്തിന് പലയിടങ്ങളില്‍നിന്ന് പണം കടമെടുക്കേണ്ടിവന്നു. ആ പണമൊക്കെ തിരിച്ചുകൊടുക്കണം. അങ്ങനെ ഭയ്യാജി ദാണിയും ഏകനാഥ് റാനഡെജിയുമൊക്കെയാണ് ജന്മദിനാഘോഷത്തിന് തീരുമാനിച്ചത്. അതിന് ഒരു കാരണം അവര്‍ കണ്ടെത്തി. അവര്‍ നിശ്ചയിച്ചു, അന്‍പതാം വയസില്‍ ആദ്യ സര്‍സംഘചാലക് ഡോക്ടര്‍ജി അന്തരിച്ചു. ഗുരുജി അമ്പതാം വയസ് കഴിച്ചു. അതുകൊണ്ട് അമ്പത്തൊന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. അല്ലാതെ വേറെ കാരണമില്ല. ലോകത്താരെങ്കിലും അമ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ചിട്ടുണ്ടോ. 1952-ല്‍ ഗോഹത്യ നിരോധന പ്രസ്ഥാന പ്രവര്‍ത്തനത്തിനുശേഷം സംഘടന പുനഃപ്രവര്ത്തനമൊക്കെയായി 56-ല്‍ ആഘോഷം വന്നു. ഗുരുജിയെക്കുറിച്ച്, ‘ദ് മാന്‍ ആന്‍ഡ് മിഷന്’ എന്ന പേരില്‍ ഒരു പുസ്തകം ഠേംഗ്ഡിജി (ദത്തോപാന്ത് ഠേംഗ്ഡി) തയാറാക്കി. ‘ഗുരുജിയുടെ വിചാരധാര’ എന്ന പേരില്‍ ഒരു പുസ്തകം ഉദ്ധരണികളും പ്രസംഗഭാഗങ്ങളും ചേര്‍ത്ത് എല്ലാ ഭാഷയിലും അച്ചടിച്ചിറക്കി. (പില്ക്കാലത്ത് ഇറക്കിയ വിചാരധാര എന്ന ബൃഹദ് ഗ്രന്ഥമല്ല). അത് ബര്‍മയിലും അവിടുത്തെ ഭാഷയില്‍ പ്രചരിപ്പിച്ചു. അക്കാലത്താണ് ബര്‍മയില്‍ സംഘപ്രവര്‍ത്തനം തുടങ്ങിയത്. ഗുരുജിയുടെ പേരു പറഞ്ഞ് ശ്രദ്ധാനിധി സമ്പാദിച്ചു. ഇതിന് എല്ലാവരേയും കാണാന്‍ പോകുന്നതിന്റെ ഭാഗമായി പരമേശ്വര്‍ജിയും മറ്റും ചേര്‍ന്ന്, കോഴിക്കോട്ട് സാഹിത്യനിരൂപകന്‍ കുട്ടികൃഷ്ണമാരാരെ കാണാന്‍ പോയി. ലഘുലേഖയെല്ലാം വായിച്ചു നോക്കി. എന്നിട്ട് ‘ശ്രദ്ധയില്ല’ എന്ന് പറഞ്ഞ് മടക്കി. പൈസയൊന്നും കൊടുത്തില്ല.
എന്നാല്‍, പിന്നീട് കുട്ടികൃഷ്ണ മാരാര്‍, രാമകൃഷ്ണ ഭക്തനും സംഘത്തിന്റെ ശിബിരങ്ങളില്‍ മാര്‍ഗദര്‍ശക സാന്നിധ്യമായിമാറി.
ആ ശ്രദ്ധാനിധി ഏറ്റുവാങ്ങാന്‍ ഗുരുജി ഭാരതമെമ്പാടും സഞ്ചരിച്ചു. അത്തരം പരിപാടികളില്‍ അധ്യക്ഷന്മാര് എല്ലാക്കാലത്തും പ്രസിദ്ധരായവരായിരുന്നു. തമിഴ്നാട്ടില്‍ അന്ന് മുത്തുരാമലിംഗത്തേവരായിരുന്നു അധ്യക്ഷന്‍. തേവര് സമുദായത്തിന്റെ തലവന്‍. കേരളത്തിനും മദ്രാസിനും ചേര്‍ത്ത് ഒരിടത്തായിരുന്നു. അത് വലിയ പ്രചാരണമായി. രാജ്യമെമ്പാടും ഗുരുജിയെക്കുറിച്ചും സംഘത്തെക്കുറിച്ചും പ്രചരിപ്പിക്കാനായി 1952-ല്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായി, 56-ല്‍ സംഘത്തെ ജനങ്ങളില്‍ വ്യാപകമായി എത്തിക്കാനായി.
വിവേകാനന്ദ സ്മാരകം
പിന്നീട് വന്നതാണ് കന്യാകുമാരി വിവേകാനന്ദ സ്മാരകവിഷയം, 1963-ല്‍. അപ്പോഴേക്കും പ്രചാരണത്തില്‍ നമ്മള് കോണ്‍ഗ്രസുകാരേയും കമ്യൂണിസ്റ്റുകാരേയും കാള്‍ കടന്നു. 1953 ല്‍ അല്ലെങ്കില്‍ 54 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടുയടെ മധുരയിലെ കോണ്‍ഗ്രസില്‍ ഇഎംഎസ് നമ്പൂതിരിപ്പാട് സമര്‍പ്പിച്ച റിപ്പോര്‍ട്ടുണ്ട്. അതില്‍ അദ്ദേഹം എഴുതുന്നു. പാര്‍ട്ടിക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ കോളജുവിദ്യാര്ത്ഥികളെ ആര്‍എസ്എസ് ന് ആകര്‍ഷിക്കാന്‍ കഴിയുന്നു. വര്‍ഷം അതാണെന്നാണ് ഓര്മ. കാരണം ഞാന്‍ ഇവിടെ ദേശാഭിമാനി സ്റ്റാളില്‍ പോയി ആ പുസ്തകം വാങ്ങിയിട്ട് ഭാവുറാവു ദേവറസിന് കൊടുത്തിട്ടുണ്ട്.
വിവേകാനന്ദ സ്മാരക വിഷയത്തിന് സര്‍വ ദിക്കിലും നിന്ന് പിന്തുണ കിട്ടി. 52 ലെയും 56 ലെയും പ്രചാരണ സമ്പര്‍ക്ക പരിപാടികളുടെ ആകെ ശക്തി വിവേകാനന്ദ വിഷയത്തില്‍ വന്നു. കാരണം ഒന്ന്, വിവേകാനന്ദന് സര്‍വര്‍ക്കും സ്വീകാര്യന്‍. രണ്ടാമത്, ഒരു ദിക്കിലും എതിര്‍പ്പില്ല. മനശാസ്ത്രപരമായിട്ടായിരുന്നു ആ നീക്കങ്ങള്‍. പ്രചാരണത്തിന് മാത്രമല്ലായിരുന്നു. ‘സ്വാമി വിവേകാനന്ദനാണ് റൗസിങ് കാള്‍ ടു ഹിന്ദു നേഷന്‍’ എന്നായിരുന്നു ഏകനാഥ് റാനഡെജിയുടെ പുസ്തകത്തിന്റെ പേര്. ആ പേരിടാന്‍ എന്തൊരു ധൈര്യം വേണമെന്നാലോചിക്കൂ. ഒരേ സമയം എല്ലാ ഭാഷകളിലും വിവര്ത്തനമിറങ്ങി. അതാണ് എന്റെയും പുസ്തകമെഴുത്തിലെ ചരിത്രം അവിടെയാണ് തുടങ്ങുന്നത്. ‘ഉത്തിഷ്ഠഭാരത’ എന്ന് ഞാനാണ് ആ പുസ്തകം വിവര്‍ത്തനം ചെയ്തത്. പരമേശ്വര്‍ജി തെറ്റ് തിരുത്തി. പരമേശ്വര്‍ജി തിരുത്തിയ ചുവന്ന അടയാളങ്ങള്‍ കണ്ടാല്‍ ആ പേജുകള്‍ യുദ്ധക്കളംപോലെയാണ്. എന്റെ ആദ്യത്തെ വിവര്‍ത്തനം. അന്ന് പരമേശ്വര്‍ജി ജനസംഘത്തിലായി. അല്ലെങ്കില്‍ അത് പരമേശ്വര്‍ജി ചെയ്തേനെ. അങ്ങനെ എന്റെ ചുമതലയായി. വിവേകാനന്ദ ഭക്തരുടെ, രാമകൃഷ്ണാശ്രമത്തിന്റെ ഗുഡ്വില്, കൂടുതല്‍ ബുദ്ധിജീവി വിഭാഗത്തിലെത്താന്‍ സഹായകമായി.
രാമകൃഷ്ണാശ്രമത്തിന്റെയും സര്‍ക്കാരിന്റെയും സംരംഭങ്ങളേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ കഴിഞ്ഞത് സംഘടനയെന്ന നിലയില്‍ ആര്‍എസ്എസിനാണ്. എറണാകുളം മഹാരാജാസ് കോളജിലെ മലയാളം തലവന്‍ കുഞ്ഞിരാമ മേനോനാണ് അതു സംബന്ധിച്ച് എറണാകുളത്ത് ഹിന്ദി പ്രചാരസഭയില്‍ നടന്ന യോഗത്തില്‍ അധ്യക്ഷനായി വന്നത്. ഞാന്‍ പ്രസംഗകന്. അപ്പോള്‍ ഞാന്‍ പ്രചാരകനായിക്കഴിഞ്ഞു. ഞാന്‍ കോളജില്‍ പഠിക്കുമ്പോള്‍ മലയാളം പ്രൊഫസറായിരുന്ന അദ്ദേഹം പറഞ്ഞു, ഹരി കോളജില്‍ പഠിക്കുമ്പോള്‍ ഞാന്‍ അവന്റെ അധ്യാപകനായിരുന്നു. പക്ഷേ ഇക്കാര്യത്തില്‍ അധ്യാപകന് അവനാ എന്ന്.
കേരളത്തിനെ സംബന്ധിച്ച് സംഘടനാ തലത്തില്‍ പറഞ്ഞാല്‍ 1966-ല്‍ കോഴിക്കോട്ട് നടന്ന മൂന്നു ദിവസത്തെ കേരള ക്യാമ്പ് പ്രധാനമാണ്. ഗുരുജിക്ക് അറുപത് വയസായ വര്‍ഷം. അന്ന് ഗുരുജി ഒറീസയിലായിരുന്നു. അവിടുന്ന് നേരെ കേരളത്തില്‍ വന്നു. രണ്ടായിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കണമെന്നാണ് നിശ്ചയിച്ചത്. കാക്കി ടൗസറും വെള്ളഷര്‍ട്ടും മാത്രമായിരുന്നു ഗണവേഷം. അത്ര ഉദാരമാക്കിയിട്ടും രണ്ടായിരമെത്തിയില്ല, 1900-ല്‍ ചില്വാനം. ഭാസ്കര്‍ജി മെസ് ഇന്‍ചാര്‍ജ്, ഞാന്‍ ക്യാമ്പ് ഇന്‍ചാര്‍ജ്, മാധവ്ജി ജനറല്‍ ഇന്‍ചാര്‍ജ്. ആദ്യമായി സാമൂതിരി സ്കൂള്‍ അനുവദിച്ചു കിട്ടി. പി.ഇ.ബി. കുറുപ്പായിരുന്നു അന്ന് അവിടെ. വി.എം. കൊറാത്ത് ഒക്കെ അന്ന് ഏറെ സഹായിച്ചു. അടിയന്തരാവസ്ഥയ്ക്ക് മുമ്പുതന്നെ അദ്ദേഹം നമുക്കൊപ്പമുണ്ടായിരുന്നു.
ജനസംഘം
പിന്നീട് 67 ലാണ് ജനസംഘം സമ്മേളനം കോഴിക്കോട് വരുന്നത്. അതിന്റെ പിന്നില്‍ കഥയുണ്ട്. സംഘപ്രാന്ത പ്രചാരകന്മാരുടെ ബൈഠക് നടക്കുന്നു. അപ്പോള്‍ ദീനദയാല്‍ജി പറഞ്ഞു, ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണ് ജനസംഘം എന്ന് ആള്ക്കാര് പറയുന്നു. അപ്പോള്‍ ദക്ഷിണ ഇന്ത്യയില്‍ ഒരു സമ്മേളനം നമുക്ക് നടത്തണം. മംഗലാപുരം വേണം എന്ന് എല്ലാവരും പറഞ്ഞു. ദീനദയാല്‍ജിയും. പക്ഷേ യാദവറാവു ജോഷി പറഞ്ഞു, അല്ല, കേരളത്തില്‍ വേണം, കോഴിക്കോട്ടാകണം, അവിടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഇപ്പോള്‍ ഭരിക്കുന്നത് എന്ന്. പക്ഷേ ആര്‍ക്കും ആത്മവിശ്വാസമില്ല. അന്ന് പരമേശ്വര്‍ജി ദല്‍ഹിയില്‍ നിന്നോ മറ്റോ കേരളത്തിലേക്ക് വരുന്നു. ബൈഠക്കില്‍ നിന്ന് ആളെ അയച്ച് പരമേശ്വര്‍ജിയെ ട്രെയിനില്‍ നിന്ന് നാഗപ്പൂരിലിറക്കി. ബൈഠക്കില്‍ എത്തിച്ച് കാര്യം ധരിപ്പിച്ചു. സംഘതീരുമാന പ്രകാരം കോഴിക്കോട് നടത്താന്‍ നിശ്ചയിച്ചു. ഒരുക്കങ്ങള്‍ക്ക് റാംഭാവു ഗൊഡ്ബോലെ എന്നയാളെ അതിന് അയക്കാമെന്ന് ദീനദയാല്‍ജി പറഞ്ഞു.
കോഴിക്കോട്ട് സമ്മേളനം തീരുമാനിച്ചു. അപ്പോള്‍ കോഴിക്കോട്ട് നടന്ന സംഘശിബിരത്തിന്റെ അതേ പതിപ്പില്‍, അതേ ആളുകളുടെ ചുമതലയില്‍ ജനസംഘം സമ്മേളനത്തിന്റെ തയാറെടുപ്പും ഒരുക്കങ്ങളുമായി. എനിക്കായിരുന്നു ചുമതല. അതുകൊണ്ട് തയാറാടെപ്പിനെക്കുറിച്ച് പരമേശ്വര്ജിക്കോ, ഒ. രാജഗോപാലിനോ, നാരായണ്ജിക്കോ കൂടുതല്‍ ക്ലേളിക്കേണ്ടിവന്നില്ല. അവര്‍ക്ക് സൈ്വരമായി സമ്മേളനത്തിന്റെ കാര്യക്രമങ്ങളില്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ കഴിഞ്ഞു. ഒരുതരം കാര്യവിഭജനമായിരുന്നു അത്. ചാത്തുക്കുട്ടിയെന്ന സ്വയംസേവകനാണ് പന്തലൊക്കെ തയാറാക്കിയത്. അങ്കമാലിയില്‍നിന്നാണ് പനമ്പും മുളയുമൊക്കെ സംഘടിപ്പിച്ചത്. ടി. സുകുമാരനായിരുന്നു ജാഥയുടെ ചുമതല. അതൊന്നും സംഘത്തിന്റെ ഏര്‍പ്പാടായിരുന്നില്ല.
സമ്മേളനത്തിന്റെ സംഘടനാ നേട്ടം കാര്യമായി കിട്ടിയത് മുഴുവന്‍ ആര്‍എസ്എസിനാണ്. നാട്ടുകാര്‍ക്ക് ആര്‍എസ്എസും ജനസംഘവും തമ്മില്‍ ഭേദമില്ല. പലയിടത്തും യൂണിറ്റ് വേണമെന്ന് അവശ്യം വന്നു. പക്ഷേ ജനസംഘത്തിന്റെ കാര്യത്തില്‍ യൂണിറ്റ് ഉണ്ടാക്കി, ഓഫീസും ഭാരവാഹികളുമായിക്കഴിഞ്ഞാല് പിന്നെ കാര്യമായൊന്നുമല്ല. മറിച്ച് സംഘത്തിന്റേതാവുമ്പോള് ദൈനംദിന ശാഖയും സമ്പര്‍ക്കവും ഒക്കെയുണ്ട്. അങ്ങനെ 1967 സംഘപ്രവര്‍ത്തന വ്യാപനത്തിന് വേഗം കൂട്ടി. മുഴുവന്‍ കേരളത്തില്‍ 1967 സംഘത്തിന്റെ വാട്ടര്‍ ഷെഡായി.
തളി ക്ഷേത്രം
അതിനു പിന്നാലെയാണ് അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭം വന്നത്. ക്ഷേത്ര സംരക്ഷണ സമിതി അക്കാര്യങ്ങള്‍ ഏറ്റെടുത്തു. തളി സമരകാലത്ത് ഗുരുജി കോഴിക്കോട്ട് അളകാപുരി രാധാകൃഷ്ണന്റെ വീട്ടില്‍ താമസിക്കുകയാണ്. മാധവ്ജി അന്ന് ക്ഷേത്രസംരക്ഷണ സമിതിയില്‍ സജീവമായി. കേളപ്പജി (കെ.കേളപ്പന്) അന്ന് ഗുരുജിയെ കാണാന്‍ വന്നു. ഗുരുജിയാണ് കേളപ്പജിയോട് പറഞ്ഞത്. ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണയുണ്ടാകും, ആര്‍എസ്എസിന്റെ പേരു പറഞ്ഞാല്‍ സംരംഭത്തിന് ദോഷം വരാം. അതുകൊണ്ട് സംഘത്തിന് പേരേ വേണ്ട. പൂര്‍ണ പിന്തുണയുണ്ടാകും എന്ന്. സി.പി. ജനാര്ദനനെപ്പോലുള്ളവരുടെ പൂര്‍ണസമയ പ്രവര്‍ത്തനം നല്കി. കേളപ്പജിക്ക് ഇടാനുള്ള ബെല്‍ട്ട് സംഘത്തിന്റേതാണ് കൊടുത്തത്; പഴയ തോല്‍ബെല്‍റ്റ്. ജനാര്‍ദനന്റെയും ബാലചന്ദ്രന്റെയും തങ്കേടത്തിയുടേയും മറ്റും വീട്ടിലാണ് താമസിച്ചത്. ചിന്മയാനന്ദജിയുടേയും ഒക്കെ പിന്തുണ കിട്ടി. ഒരു വീട്ടില്‍നിന്ന് ഒരു രൂപയേ സംഭാവന സ്വീകരിക്കൂ എന്ന് തീരുമാനിച്ചിരുന്നു. മലപ്പുറത്തുനിന്ന് 8000 രൂപ കിട്ടി. അത് ചെറിയ തുകയാണെന്ന് ഇന്ന് തോന്നാം. പക്ഷേ അത്രയും വീട് അന്ന് സമ്പര്‍ക്കം ചെയ്തു. ഞാനവിടെ അന്ന് വിഭാഗ് പ്രചാരകാണ്.
തളിക്ഷേത്ര സമരത്തിലൂടെ ജനങ്ങള്‍ക്ക് ആത്മാഭിമാനം കിട്ടി. വിവേകാനന്ദ സ്മാരകത്തില്‍ നിന്ന് കുരിശ് മാറ്റണം എന്ന് ആവശ്യപ്പെട്ട സമരം, തളി സമരം, നിലയ്ക്കല്‍ സമരം ഒക്കെ വിജയിച്ചു. ഇപ്പോള്‍ രാമസിംഹന്റെ അവിടെ നരസിംഹ ക്ഷേത്രവും വന്നു. മറ്റ് സംഘടനകള്‍ക്ക് കിട്ടാത്ത വിജയമാണിത്. ഈ സമര വിജയ കാരണം ഏറ്റുമുട്ടലിന്റെ വഴിയില്‍ തിരിയാഞ്ഞതുകൊണ്ടാണ് എന്നെനിക്കു തോന്നുന്നു. ആ സമരത്തിലെ ഏറ്റുമുട്ടല്‍ ആ ക്ഷേത്രം ഇരുന്നിടത്തു മാത്രമാണ്. ബഫാക്കി തങ്ങളെപ്പോലുള്ളവര്‍, പി.ഇ.ബി. കുറുപ്പ്, വി.എം.കൊറാത്ത് തുടങ്ങിയവരുടെ സഹകരണം ഗുണം ചെയ്തു.
മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധസമരം രാഷ്ട്രീയമായിരുന്നു. സംഘത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. സംശയമില്ല. പക്ഷേ രാഷ്ട്രീയ സമരമായിരുന്നു. പരമേശ്വര്‍ജി, ഭരതേട്ടന്, തങ്കേടത്തി (യശോദാ ദാമോദരന്‍) ഒക്കെ. അതിന് ഉത്തരേന്ത്യന്‍ പിന്തുണയും ഉണ്ടായിരുന്നല്ലോ. അടല്‍ ബിഹാരി വാജ്പേയി വന്നു, ബഛ്റാജി വ്യാസ്, മദന്‍ലാല്‍ ഖുരാന ഒക്കെവന്നു. കണ്ണൂര്‍ ജയിലില്‍ ബഛ്റാജി കിടന്നിട്ടുണ്ട്. അന്ന് ഓഫീസ് സെക്രട്ടറിയായിരുന്നു, രേഖകള്‍ സൂക്ഷിക്കുന്നതില്‍ മിടുക്കനായ ഗുഡ്ഷെഡ് ശ്രീധരന്.
ഗുരുജിക്ക് ശേഷം
അതിനുശേഷം അടിയന്തരാവസ്ഥയ്ക്കു മുന്‍പ് ദേവറസ്ജി സര്‍സംഘചാലക് ആയപ്പോഴുണ്ടായ ചില മാറ്റങ്ങള്‍ സംഘത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റം ഉണ്ടായി. ഗുരുജിയുടെ കാലശേഷം, അതുവരെ ഉണ്ടായിരുന്ന പ്രവര്‍ത്തനരീതിയില്‍നിന്ന് ചില മാറ്റങ്ങള്‍ക്ക് ദേവറസ്ജി ശ്രമിച്ചു. ഗുരുജി വേഷത്തിലും രീതിയിലും ഒരു സംന്യാസി ഭാവത്തിലായിരുന്നു. ഒരു പ്രൊഫസറുടെ ഗരിമയോടെ സംഘകാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിച്ചു. വര്‍ണാശ്രമ വ്യവസ്ഥയെക്കുറിച്ചുള്ള തര്‍ക്കത്തിലും വാദത്തിലുമൊക്കെ വൈദഗ്ദ്ധ്യത്തോടെ വിശദീകരണമൊക്കെ നല്കി. കമ്യൂണിസ്റ്റുകാര്‍ക്ക് വേണ്ടിയിരുന്നതും അതായിരുന്നു. ആര്‍എസ്എസ് അതില്‍ വിശ്വസിക്കുന്നു സ്ഥാപിക്കാന്‍ അവര്‍ക്ക് സാധിച്ചു.
ഗുരുജിയുടെ മരണത്തിനുശേഷം, ദേവറസ്ജി, നേരിട്ട് ആര്‍എസ്എസ് വര്ണാശ്രമത്തിനൊപ്പം ഇല്ലെന്നും ജാതിവ്യവസ്ഥ മിശ്രവിവാഹംകൊണ്ട് മാറുമെന്നും ജാതി ഇല്ലാതാകണമെന്നും മറ്റും പരസ്യമായി പറയാമെന്ന നിലപാടെടുത്തു. അങ്ങനെ പൂനെയിലെ ‘വസന്ത് വ്യാഖ്യാന് മാല’ എന്ന വാര്‍ഷിക പൊതു പരിപാടിയില്‍ നിലപാട് വെളിപ്പെടുത്താമെന്നും തീരുമാനിച്ചു. വസന്ത് വ്യാഖ്യാന് മാലയില്‍ 1973-ല്‍ നടത്തിയ പ്രഖ്യാപനങ്ങളും വ്യഖ്യാനങ്ങളും സംഘത്തിന്റെ ചരിത്രത്തില്‍ വലിയ മാറ്റമുണ്ടാക്കി. നാഴികക്കല്ലായി. ജാതി നിരാകരണം, സമുദായ പരിഷ്കരണം, സേവാപ്രവര്‍ത്തനം തുടങ്ങിയ വിവിധ തീരുമാനങ്ങള്‍ വന്നു.
അതിനുശേഷം 1989-ല്‍ ഡോക്ടര്‍ജി ജന്മശതാബ്ദിയാണ് മറ്റൊരു വലിയ പ്രയത്നം. ആ വര്‍ഷം സേവാപ്രവര്‍ത്തനം എന്ന സങ്കല്‍പ്പത്തില്‍ ആ വര്‍ഷം 5000 പദ്ധതികള്‍ ലക്ഷ്യമിട്ടു. ഇപ്പോള്‍ അത് ഒരു ലക്ഷത്തി എഴുപത്തയ്യായിരമായി. ഡയമെന്‍ഷണല്‍ ഗ്രോത്ത് ഓഫ് ആര്‍എസ്എസ് 1973-മുതല്‍ തുടങ്ങി. മറ്റ് സംഘടനകള്‍ക്ക് സാധിക്കാനും സങ്കല്‍പ്പിക്കാനും പോലും കഴിയാത്ത തരത്തില്‍ പദ്ധതികളും പരിപാടികളും ആര്‍എസ്എസിന് നടപ്പാക്കാന്‍ കഴിയുന്നത് 1973 വരെ ഗുരുജി പടുത്തുയര്‍ത്തിയ ഇന്‍ഫ്രാ സ്ട്രക്ചര്‍ മൂലമാണ്.
ഇന്നിപ്പോള്‍ രണ്ടുമാസംകൊണ്ട് ഒരു ദേശീയ സംഘടനയും സംവിധാനവും ഉണ്ടാക്കാന്‍ ആര്‍എസ്എസിനു കഴിയും.
സംഘത്തിന്റെ കാര്യത്തില്‍ മറ്റൊരു ശ്രദ്ധേയമായ കാര്യം ഉള്ളത് പറയണം. ഒരിക്കല്‍ ഒരു അഖിലേന്ത്യാ ബൈഠക്കില്‍ മൊറോപാന്ത് പിംഗ്ളെ പറഞ്ഞു, സംഘത്തിന്റെ അഖിലേന്ത്യാ ഭാരവാഹികളുടെ ശരാശരി വയസ് കുറയ്ക്കണം എന്ന്. ഈ ഒറ്റ വാക്യം മാത്രം. അതിനുശേഷം സൂര്യനാരായണറാവു അന്നത്തെ സര്‍കാര്യവാഹ് എച്ച്. വി. ശേഷാദ്രിജിക്കും രജുഭയ്യ (പ്രൊഫ. രാജേന്ദ്ര സിങ്)ക്കും കത്തെഴുതി. അതില്‍ പറഞ്ഞ്, ”ഒരു വിചിത്ര സത്യമെന്തെന്നാല്‍ വയസായ അധികാരികളുടെ സ്വസ്ഥമായ ആരോഗ്യം വളര്‍ന്നുവരുന്ന തരുണ കാര്യകര്‍ത്താക്കള്‍ ചുമതലയില്‍ ആനയിക്കപ്പെടാന്‍ തടസമാകുന്നു,” എന്നായിരുന്നു. അതിനാല്‍ 75 വയസു തികയുമ്പോള്‍ ഞാന്‍ ഒഴിയുമെന്ന് അറിയിച്ചു. ഒരുപക്ഷേ സംഘത്തിലേ അത്തരത്തില്‍ ഒരു തീരുമാനം എടുക്കാനാവൂ. 75 വയസ് ഒരു മാനദണ്ഡമായി. എല്ലാം സംഘസംഘടനകളിലും ഈ തീരുമാനം നടപ്പായി. എന്നാല്‍ നോക്കൂ, സുദര്‍ശന്‍ജി(കെ. സുദര്ശന്) ഈ കാര്യം അടല്‍ജിയേയും അദ്വാനിജിയേയും കുറിച്ച് പറഞ്ഞപ്പോള്‍ വിവാദമായി. അതിനു കാരണം അവരുടെ പ്രവര്‍ത്തന രംഗം രാഷ്ട്രീയമായിരുന്നു എന്നതായിരിക്കാം. ഞാന്‍ 75 കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞു. എങ്കിലും എന്നെ ഇപ്പോഴും സംഘപരിപാടികള്‍ക്ക് വിളിക്കുന്നു. ഞാന്‍ പോകുന്നു. ദേവറസ്ജി തന്നെ പറഞ്ഞില്ലേ, ഞാന്‍ സര്‍സംഘചാലക് അല്ല എന്ന്. ഇങ്ങനെ സംഘനടയ്ക്ക് ചിന്തിക്കാന്‍ സാധിക്കുന്നത്, അധികാരം പ്രശ്നമല്ലാത്ത സംവിധാനം ഉള്ളതുകൊണ്ടാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകട്ടെ എന്ന് ഗോവയില്‍ മനോഹര്‍ പരീക്കര്‍ പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചതും ഇതാണ്. സംഘത്തിന്റെ കാഴ്ചപ്പാടായിരുന്നു യുവാക്കള്‍ അധികാരത്തിലേക്ക് വരട്ടെ എന്ന്.
അടിയന്തരാവസ്ഥയ്ക്ക് നാല്‍പ്പത്തഞ്ച് വയസാകാന്‍ പോകുന്നു. നാവെടുത്താല്‍ ഇന്ന് ഫാസിസം, ജനാധിപത്യ ഹത്യ എന്നൊക്കെ രാഷ്ട്രീയം പ്രസംഗിക്കുന്നവര്‍ക്ക് നാവനക്കാന്‍ കഴിയാതെവന്ന വീര്‍പ്പുമുട്ടലിന്റെ കാലമായിരുന്നു ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടപ്പാക്കിയ അടിയന്തരാവസ്ഥ. ഓര്മയുള്ളവര് അതോര്‍ത്ത് ഇന്നും ഞെട്ടും. അനുഭവിച്ചവര്‍ നൊമ്പരപ്പെടും. മുറിവേറ്റവര്‍ പല്ലിറുമ്മും. ഒരു ജനതയുടെ നിലനില്പ്പുസമരമായിരുന്നു അത്. ദേശവ്യാപക പ്രക്ഷോഭത്തില്‍ പങ്കെടുത്ത് കേരളത്തില്‍ പ്രതിരോധിച്ചത് പ്രധാനമായും ആര്‍എസ്എസ് ആയിരുന്നു. അതിന്റെ ചുക്കാന്‍ പിടിച്ച മൂന്നു പേരില്‍ ഒരാള്‍ ഹരിയേട്ടനായിരുന്നു. അനുഭവങ്ങള്‍ ത്രസിപ്പിക്കുന്നതും രസിപ്പിക്കുന്നതുമാണ്:
അടിയന്തരാവസ്ഥ
അടിയന്തരാവസ്ഥയില്‍ മുഴുവന്‍ ഒളിപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കേരളത്തിലാകെ ചുമതലയുള്ളവരായിരുന്നു, ഭാസ്കര്‍ജി, മാധവ്ജി, ഞാന്‍. ഒരു നിര്‍ദേശത്തിന്റെ കീഴില്‍ പ്രവര്‍ത്തനം എന്ന തീരുമാനമായിരുന്നു അഖിലേന്ത്യാ തലത്തില്‍. എല്ലാ പ്രസ്ഥാനങ്ങളും ആര്‍എസ്എസ് നിര്‍ദേശത്തില്‍. സംഘടനാ തലത്തില്‍ ഒരു കുഴപ്പവും വരാതിരിക്കാന്‍ ശാഖാ പ്രവര്‍ത്തനം ഒറ്റയൂണിറ്റായി നടത്തി. ഇന്ദിരാഗാന്ധി ബലമുള്ള ശത്രുവായിരുന്നു. അതുകൊണ്ട് കരുതലുണ്ടായിരുന്നു.
സംഘത്തിന്റെ ആദ്യ നിരോധനം 48 ല്‍ ആയിരുന്നല്ലോ. അന്ന് ബ്രിട്ടീഷ് സംവിധാനം ശീലിച്ച ഉദ്യോഗസ്ഥരും മറ്റുമായിരുന്നു. അവര്‍ക്ക് മൂല്യങ്ങളുണ്ടായിരുന്നു. ഇന്ദിരാഗാന്ധിക്ക് അതില്ലായിരുന്നു. അതുകൊണ്ട് ഇന്ദിരാഗാന്ധിയുടെ കാര്യത്തില്‍ കരുതല്‍ കൂടുതല്‍ വേണമായിരുന്നു.
കുരുക്ഷേത്ര എന്ന പ്രചാരണ പ്രസിദ്ധീകരണം തയാറാക്കിയിരുന്നത് എംഎ സാറും ഞാനും ആയിരുന്നു. ഓരോ മാസത്തേയും റിപ്പോര്‍ട്ട് ഞാന്‍ തയാറാക്കുമായിരുന്നു. അത് ഒരു അഡ്രസില്‍ പോസ്റ്റ് ചെയ്തു. 19 മാസം എഴുതിയ 19 ഭാഗങ്ങള്‍ എന്റെ കൈയിലുണ്ട്. അത് ചിലത് കോഡ് ഭാഷയില്‍, ചിലത് കൊങ്കണിയില്‍. പലതും എനിക്കു തന്നെ ഇന്ന് വായിക്കാനാവുന്നില്ല. ചില ഇനീഷ്യല്‍, പേര് ഒക്കെ കണ്ടുപിടിക്കാന്‍ വിഷമം. ഞാനത് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. എന്റെ വ്യക്തിപരമായ താല്‍പ്പര്യം കൊണ്ട് സൂക്ഷിച്ചതാണ്. അന്ന് സത്യഗ്രഹത്തിന് പോയവര്‍ പൂരിപ്പിച്ചു തന്ന മുഴുവന്‍ ഫോമുകളും ബൈന്‍ഡ് ചെയ്ത് വച്ചിട്ടുണ്ട്. അതാണ് കുരുക്ഷേത്ര പ്രകാശന് പുസ്തകമാക്കിയതില്‍ ചേര്‍ത്തിട്ടുള്ളത്. പക്ഷേ, അതില്‍ ചില തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. അവരവര്‍ തയാറാക്കിയ വിവരങ്ങളാണല്ലോ. അത് ഞാന്‍ പകര്‍ത്തിയെഴുതിയതല്ല. ടൈപ്പ് ചെയ്യാന്‍ കൊടുത്തവര്‍ നോക്കി തയാറാക്കി. അതുകൊണ്ട് പുസ്തകം ഇറങ്ങിയ ഉടനെ വൈക്കം ഗോപകുമാര്‍, പിന്നെ ചില സ്വയംസേവകര്‍, വിളിച്ചിരുന്നു. എന്റെ പേര് അതിലില്ല എന്ന് പറഞ്ഞു. ഗോപനെ അറസ്റ്റ് ചെയ്തത് സത്യഗ്രഹിയായിട്ടല്ല. ഗോപന് അറസ്റ്റു ചെയ്യപ്പെട്ടത് ഒളിവില്‍ നിന്നാണ്. ആ ലിസ്റ്റ് അല്ല പ്രസിദ്ധീകരിച്ചത്. അതാണ് പട്ടികയില്‍ ഇല്ലാത്തത്.
അന്നത്തെ രേഖകള്‍ പലതും ഭാരതീയ വിചാരകേന്ദ്രത്തില്‍ സംരക്ഷിക്കാന്‍ കൊടുത്തു. പക്ഷേ അത് സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് വന്നപ്പോള്‍ ഞാന്‍ ഇതെല്ലാം എടുത്തുകൊണ്ടുപോന്നു. സംഘത്തിന്റെ രേഖകള്‍ സംരക്ഷിക്കപ്പെടുന്നില്ല, സംവിധാനം കുറവാണ്. വാസ്തവത്തില്‍ സംഘത്തിന്റെ ചിന്തന്‍ ബൈഠക്കിലെ അതിസൂക്ഷ്മ വിവരങ്ങള്‍ പോലും രേഖപ്പെടുത്തണം. അത് സംഘടനയുടെ ഒഴുക്കിന്റെ ചരിത്രമാണ്. ഡോക്ടര്‍ജിയുടെ കാലത്ത് സംഘപ്രവര്‍ത്തനത്തിന് രഹസ്യം സൂക്ഷിക്കേണ്ടിയിരുന്നു. ഇന്ന് അതിന്റെ ആവശ്യമില്ല. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ വേണമെങ്കില്‍ പരിശോധിച്ച് എഡിറ്റ് ചെയ്ത് ലഭ്യമാക്കാം. സംഘടനയ്ക്ക് ഓരോ സൂക്ഷ്മവിവരങ്ങളുടെ രേഖ സംരക്ഷിക്കപ്പെടണം. അടിയന്തരാവസ്ഥക്കാലത്തെ രേഖകള്‍ സൂക്ഷിച്ചിരുന്നതുകൊണ്ട് പ്രസിദ്ധീകരിക്കാന്‍ പറ്റി. ജനസംഘകാലത്ത് സമ്മേളനത്തിന്റെ മുഴുവന്‍ കാര്യങ്ങളും മങ്കട രവിവര്‍മ (അടൂരിന്റെ ക്യാമറാമാന്) എന്ന പ്രസിദ്ധ ക്യാമറാമാന് ഫിലിമിലാക്കിയിരുന്നു. അത് പക്ഷേ ഇന്നെവിടെയാണെന്ന് ആര്‍ക്കും അറിയില്ല. അത് നഷ്ടമായത് കനത്ത നഷ്ടമാണ്.
നാഗപൂരിലെ രേഖാ സംരക്ഷണം അസാധാരണമാണ്. അതുകൊണ്ടാണ് ഗുരുജിയുടെ കത്തുകളൊക്കെ കണ്ടെത്താനും പ്രസിദ്ധീകരിക്കാനും കഴിഞ്ഞത്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കും അതിന് പരിശീലനം വേണം. ആധുനിക സംവിധാനങ്ങള്‍ വന്നതോടെ ഇനിയും കുറയും.
സംഘവും പോലീസും
പോലീസിന് നമ്മളെ അടിയന്തരാവസ്ഥയ്ക്ക് പിടികൂടാനോ പ്രവര്‍ത്തനം നിയന്ത്രിക്കാനോ കഴിഞ്ഞില്ല. അതിന് കാരണം വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം എന്നതാണ്. എന്നാല്‍ ജനസംഘത്തിന്റെ പ്രവര്‍ത്തനം ഹോട്ടലുകളൊക്കെ കേന്ദ്രീകരിച്ചായിരുന്നു. കോഴിക്കോട്ടെ അലങ്കാര്‍ ലോഡ്ജില്‍നിന്നാണ് നാരായണ്‍ജിയേയുമൊക്കെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അതേ ലോഡ്ജില്‍ത്തന്നെ കുട്ടി ഗോപാല്‍ എന്ന സ്വയംസേവകന് താമസിച്ചിരുന്നു; ആരും അറിയാതെ. നാരായണ്‍ജിപോലും അറിഞ്ഞില്ല. ഒരു മുറിയില്‍ താമസിച്ച് പുറത്ത് മാനേജര്‍ എന്ന് എഴുതി ഒട്ടിച്ചു. കൃത്രിമപ്പല്ലായിരുന്നത് എടുത്ത് മാറ്റി. കാക്കി ഉടുപ്പൊക്കെയിട്ട് മുനിസിപ്പല്‍ ജീവനക്കാരനെപ്പോലെ നടന്നു. കുട്ടി ഗോപാലിന്റെ മുറിയിലെ കട്ടിലിനു താഴെയായിരുന്നു രഹസ്യമായി പലതും സൂക്ഷിച്ചിരുന്നത്. അയാളെ പോലീസ് സംശയിച്ചതുപോലുമില്ല.
ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശ്രമിച്ചുനോക്കിയത് പി.പി. മുകുന്ദനാണ്. തൃപ്രയാറിലെ ഒരു ലോഡ്ജില്‍ യോഗം വിളിച്ചു. അന്നുതന്നെ പോലീസ് പിടിച്ചു. അടിയന്തരാവസ്ഥയില്‍ ആദ്യം അറസ്റ്റിലായത് ‘മുകുന്ദേട്ട’നാണ്. അതുകൊണ്ട് അടിയന്തരാവസ്ഥയിലെ സംഘപ്രവര്‍ത്തനത്തെക്കുറിച്ച് ഒന്നും നേരിട്ടറിയില്ല. ലോക് സംഘര്‍ഷ സമിതിയുടെ അഖിലേന്ത്യാ മീറ്റിങ്ങിന് കൊല്‍ക്കത്തയില്‍ പോയി അവിടെ പുറത്തിറങ്ങി നടക്കുമ്പോഴാണ് ജോര്‍ജ് ഫെര്‍ണാണ്ടസ് പിടിക്കപ്പെട്ടത്, രവീന്ദ്ര വര്‍മയും അന്ന് അവിടെ ഉന്നതതല രഹസ്യയോഗമായിരുന്നു. ഠേംഗ്ഡി, മാധവറാവു………., ഭാവുറാവു ദേവറസ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. അവരാരും പിടിക്കപ്പെട്ടില്ല. കാരണം സംഘത്തിന്റെ പ്രകൃതത്തിലുള്ള അച്ചടക്കത്തിന്റെ ഒതുക്കം അവര്‍ക്ക് സഹജമായിരുന്നു.
വീട് കേന്ദ്രീകരിച്ചായിരുന്നു നമ്മുടെ പ്രവര്‍ത്തനം. വീടുകളില്‍ അവരുടെ ബന്ധുക്കളായാണ് നമ്മള് കഴിഞ്ഞിരുന്നത്. കോഴിക്കോട്ട് ഞാന്‍ താമസിച്ച ഗണേശ് റാവുവിന്റെ വീട്ടിലാണ്. ഗണേശിന്റെ ചേട്ടന് വസന്ത് റാവുവിന്റെ അയല്ക്കാരന് ഒരു പോലീസ് ഓഫീസറായിരുന്നു. അദ്ദേഹത്തോട് ഞാന്‍ കാസര്‍കോട്ടുനിന്നു വന്നതാണെന്ന് പറയുമായിരുന്നു. അവിടത്തെ സ്ത്രീയുടെ എന്നോടുള്ള പെരുമാറ്റം എങ്ങനെ എന്നതും ആളുകള്‍ ശ്രദ്ധിക്കുമല്ലോ. ഒരിക്കല്‍ അവര്‍ക്ക് പ്രസവവേദനയായി. അവര്‍ ഫോണ്‍ വിളിച്ച ആളുകളെ വരുത്തി. പരിചയക്കാരും സ്വയംസേവകരും വന്നപ്പോള്‍ സ്ത്രീ പറഞ്ഞു, ‘കാസര്‍കോട്ടുനിന്ന് വല്യച്ഛന് വന്നിട്ടുണ്ട്, മലയാളം സംസാരിക്കാന്‍ അറിയില്ല എന്നെല്ലാം’ ഞാന്‍ അപ്പോള്‍ മുറിക്കുള്ളില്‍ കതകടച്ചിരിക്കുകയാണ്.
വേറൊരിക്കല്‍ രാമറായ് കിണി എന്നയാളിന്റെ വീട്ടില്‍ താമസിക്കുകയാണ്. കോഴിക്കോട്ട് വെള്ളയില്‍ റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്ത്. ഗേറ്റ് തുറന്നാല്‍ പ്ലാറ്റ് ഫോം. സ്വയംസേവകനാണ്, പക്ഷേ കുറെക്കാലമായി പ്രവര്‍ത്തനത്തിലില്ല. കുട്ടി ഗോപാലാണ് എന്നെ അവിടെ ആക്കിയത്. ഒരിക്കല്‍ ഞാന്‍ വീട്ടിനുള്ളിലിരിക്കുമ്പോള്‍ സുഭാഷ് എന്നൊരു സ്വയംസേവകന് വന്ന് പുറത്ത് കിണിയുമായി സംസാരിക്കുകയാണ്. ഞാന്‍ കേള്‍ക്കുന്നുണ്ട്. ‘ഹരിയേട്ടനെപ്പോലുള്ളവരെ നിങ്ങളെപ്പോലെയുള്ളവര്‍ താമസിപ്പിക്കണം. മാറി നില്‍ക്കരുത് ഇതാ നിര്‍ണായകസമയം’ എന്നുപറഞ്ഞു. കിണി ബാങ്കുദ്യോഗസ്ഥനാണ്. സുഭാഷിനോട് മറുപടി നല്കി, ‘അയ്യോ എനിക്ക് പേടിയാണ്, ആരെങ്കിലും അറിഞ്ഞാല്‍ പണി പോകും. അമ്മയുടെ കാല്‍മുറിച്ചിരിക്കുന്നു. സഹോദരി വിവാഹംപോലും ചെയ്യാതെ കഴിയുന്നത് അമ്മയെ നോക്കാനാണ്’ എന്നൊക്കെ. സുഭാഷ് വളരെ ക്ഷുഭിതനായി കിണിയെ ‘പേടിത്തൊണ്ടന്‍’ എന്നൊക്കെ വിളിച്ചാക്ഷേപിച്ചുപോയി. പ്രവര്‍ത്തകര്‍ക്ക് റിസ്ക് എടുക്കുകയും വേണം അപമാനവും സഹിക്കണം. ഇത്തരം അനുഭവങ്ങള്‍ എല്ലാവര്ക്കും പറയാനുണ്ടാകും.
യോഗങ്ങള്‍ വീടുകളില്‍ ചേര്‍ന്നിരുന്നത് മറ്റാര്‍ക്കും അറിയാന്‍ പറ്റിയിരുന്നില്ല. യോഗം എന്ന സങ്കല്‍പ്പവും നമ്മള് ചെയ്തിരുന്നതും പോലീസിന് തിരിച്ചറിയാന്‍ പറ്റിയിരുന്നില്ല. സ്ത്രീകളുടെ പങ്ക് വലുതാണ്. അക്കാലത്തെ ഗുരുദക്ഷിണയുടെ പണം മുഴുവന്‍ കൈകാര്യം ചെയ്തിരുന്നത് എറണാകുളത്ത് പ്രൊ. സുമംഗലയാണ്. അക്കാലത്തും പ്രചാരകന്മാര് അക്കൗണ്ട്സ് ഷീറ്റ് കൊടുക്കണമായിരുന്നു. കെ.സി.ബാലന് (മണി)യാണ് അതൊക്കെ നോക്കിയിരുന്നത്. ബാലന് മെസഞ്ചറും കൂടിയായിരുന്നു. സുമംഗല ടീച്ചര്‍ മഹാരാജാസ് കോളജില്‍ ഡിപ്പാര്‍ട്ടുമെന്റ് ഹെഡ്ഡായിരുന്നു. ആലുവയില്‍ ബിഎംഎസ് നേതാവ് പി.ടി. റാവുവിന്റെ അനുജത്തിയാണ് അക്കൗണ്ട് നോക്കിയിരുന്നത്. തൃശൂരില്‍ ജി. മഹാദേവന് ജയിലിലായിരുന്നെങ്കിലും ഭാര്യയാണ് ഗുരുദക്ഷിണ അക്കൗണ്ട് കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇങ്ങനെ ഓരോ ദിക്കിലും. സുമംഗല ടീച്ചറുടെ ഭര്‍ത്താവ് ക്യാപ്റ്റനായിരുന്നു. അതുകൊണ്ട് ബാങ്ക് അക്കൗണ്ടില്‍ പണം വരുന്നതിലൊന്നും സംശയം തോന്നിയിരുന്നില്ല. വരുമാനം ഉണ്ടായിരുന്നു. ഠേംഗ്ഡിജി മൂന്നു ദിവസം സുമംഗലടീച്ചറുടെ വീട്ടില്‍ താമസിച്ചു, ‘സുനില്‍ ദത്തെ’ന്ന പേരില്‍.
ഒളിപ്രവര്‍ത്തന കാലത്ത് ഒന്നിലേറെത്തവണ ഹരിയേട്ടന് പോലീസ് പിടിയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. രസകരമായ ഗൗരവ സംഭവങ്ങളാണത്.
ഒരിക്കല്‍ ശബരിമല വ്രതകാലസമയത്ത് ഞാന്‍ താടിയൊക്കെ വളര്‍ത്തി കറുപ്പൊക്കെ ഉടുത്തു. വ്രതമൊന്നുമില്ല. സെന്റ് ആല്‍ബര്‍ട്സിന്റെ പരിസരത്ത് ബസില്‍ എന്റെ തൊട്ടുപിന്നില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്. എവിടേക്കാണെന്നു ചോദിച്ചു. ആലുവയ്ക്കെന്നു പറഞ്ഞു. അയാള്‍ കച്ചേരിപ്പടിയിലിറങ്ങി. എനിക്ക് സംശയം, അയാള്‍ പോലീസില്‍ ഫോണ്‍ ചെയ്താലോ. ഞാന്‍ അടുത്ത സ്റ്റോപ്പിലിറങ്ങി. നേരെ ചേറായിലേക്ക് പോയി. അവിടുന്ന് കൊടുങ്ങല്ലൂരില്‍. എനിക്ക് പാലക്കാട്ടാണ് പോകേണ്ടത്. അങ്ങനെ വടക്കഞ്ചേരിയിലെത്തി. അവിടെയെത്തി ആദ്യം ഷേവ് ചെയ്യാന്‍ കടയില്‍ കയറി. ബാര്‍ബര്‍ എന്നോട് കെട്ടിയിറക്കിയതും മാലയഴിച്ചതും ഒക്കെ ചോദിച്ചു. എനിക്ക് അതൊന്നും അറിയില്ലല്ലോ. ഒരുവിധം പറഞ്ഞ് ഒഴിഞ്ഞ് പാലക്കാട് വടക്കന്തറയില്‍ എത്തി, നമ്മുടെ ഏറ്റവും സുരക്ഷിത താവളത്തില്‍.
മറ്റൊരു അവസരത്തില്‍ അകപ്പെട്ടേനെ. കൊച്ചിയില്‍ ഒരിക്കല്‍ യാദവ് റാവുജി, ഭാസ്കര്‍ റാവു, സേതുവേട്ടന്, കെ.ജി. വേണുഗോപാല്‍, സി.കെ. ശ്രീനിവാസന്, ഞാനും. കഷണ്ടി മുക്കിലെ ഫിയാസ് മാന്‍സില്‍ എന്നയിടത്ത്. എണ്ണക്കച്ചവടമാണ്, നോര്‍ത്ത് ഇന്ത്യയിലെ സേട്ടുവാണ്. മൂന്നോ നാലോ ടെലിഫോണുണ്ടാവും അവിടെ. അവിടെ ഞങ്ങള്‍ കൂടിക്കാഴ്ച നിശ്ചയിച്ചു. അടിവാങ്ങി ജയിലില്‍ പോയ പുരുഷോത്തമന് എന്ന ആളിനെ കാണണമെന്ന് ആഗ്രഹം. പ്രവര്‍ത്തകര്‍ പോയി പുരുഷോത്തമനെ കൊണ്ടുവന്നു. യാദവറാവു താഴെ ഇരിക്കുന്നു. ഞങ്ങള്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍. ജയിലില്‍ പോയ ആളെ പിന്തുടര്ന്ന് പോലീസെത്തി. ഇന്‍സ്പെക്ടര്‍ വന്നു. സേട്ടുവിനോട് ചോദിച്ചു, ‘ഇവിടെ എന്തോ ആര്‍എസ്എസ് മീറ്റിങ് നടക്കുന്നുവെന്ന് കേട്ടല്ലോ.’ സേട്ടു പറഞ്ഞു ‘എന്ത് മീറ്റിങ്, എന്റെ ഭാര്യയുടെ അച്ഛന് വന്നിട്ടുണ്ട്. അദ്ദേഹത്തെ കണ്ട് ആരെങ്കിലും ആര്‍എസ്എസ് ആയിട്ട് ധരിച്ചതാവും. എനിക്കറിയില്ല.’ അപ്പോഴേക്കും ഫോണ്‍ വന്നു. ഒന്നിനുപുറകേ പല ഫോണ്‍. അതിനിടെ പോലീസുകാരനെ അപ്പോള്‍ ശരിയെന്നു പറഞ്ഞയച്ചു. ഒട്ടും സംശയം തോന്നാതെ കൈകാര്യം ചെയ്തു. പോലീസ് വന്നു പോയപ്പോള്‍ മുകളില്‍ വന്ന് കാര്യങ്ങള്‍ അറിയിച്ചു. ഞാനും കെ.ജി. വേണുവും മതിലുചാടി വേറേ വഴിയില്‍ രക്ഷപ്പെട്ടു. ഭാസ്കര്‍ റാവുവും യാദവ് റാവുവും സേട്ടുവിന്റെ ബന്ധുക്കളെപ്പോലെ പെരുമാറി. അവിടുന്ന് സേട്ടുവിന്റെ കാറില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയി മദ്രാസിലേക്കു മടങ്ങാന്‍. അന്നു വൈകിട്ടുതന്നെ ഞങ്ങള്‍ രവിപുരം അമ്പലത്തില്‍ വച്ച് കണ്ടു, ഭാസ്കര്‍ റാവു അങ്ങനെയാണ് നിര്‍ദ്ദേശിച്ചിരുന്നത്.
ഒരിക്കല്‍ മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പാള്‍ മധുകര്‍ റാവുവിന്റെ മുമ്പില്‍ തിരിച്ചറിയാതെ രക്ഷപ്പെട്ട അനുഭവമുണ്ട്. അദ്ദേഹം ലക്ചററായി വന്നു. ഞാനന്ന് പഠിക്കാനുണ്ടായിരുന്നു. കുടുംബ സുഹൃത്തുമായി. അന്ന് ഞാനും ജ്യേഷ്ഠന് പുരുഷോത്തമനും തമ്മില്‍ പലര്‍ക്കും തെറ്റുമായിരുന്നു. പൊക്കം, സംസാര രീതി ഒക്കെക്കൊണ്ട് ഏറെക്കുറേ ഒരുപോലെ. ഒരു ദിവസം ടിഡി റോഡില്‍ കൂടി പോകുമ്പോള്‍ മധുകര്‍ റാവു സ്കൂട്ടറില്‍ എതിരെ. അദ്ദേഹം ഉറക്കെ ചോദിച്ചു; ‘ഹരീ, താങ്കള്‍ പോലീസ് പിടിയിലായില്ല അല്ലേ?’ എന്ന് ഇംഗ്ലീഷില്‍. പെട്ടെന്ന് എനിക്ക് അപകടം മനസിലായി. ഞാന്‍ പറഞ്ഞു, ‘സര്, അങ്ങേയ്ക്ക് തെറ്റിപ്പോയി. ഞാന്‍ പുരുഷോത്തമാണ്. ചേട്ടന് കൊല്‍ക്കത്തയിലാണ്.’ ഉടനെ ഓ, യെസ് പറഞ്ഞ് അടുത്ത ചോദ്യം, ‘നിങ്ങള്‍ എന്തിനിവിടെ വന്നു?’ ഞാന്‍ ‘എന്റെ ഭാര്യ പ്രസവത്തിനിവിടെ വന്നു സര്’ എന്ന് മറുപടി പറഞ്ഞു. (ഞാന്‍ പുരുഷോത്തമാണല്ലോ) അത് സത്യമായിരുന്നു. ചേട്ടത്തിയമ്മ പ്രസവത്തിന് വന്നിരുന്നു. അദ്ദേഹം പോയി.
എനിക്ക് തോന്നി, ഇന്ന് അദ്ദേഹത്തിന്റെ ഭാര്യ വീട്ടില്‍ ചെല്ലും. ഗര്‍ഭിണിയായ ചേട്ടത്തിയമ്മയെ കാണും. അപ്പോള്‍ ചേട്ടനെ കണ്ടകാര്യം പറയും. ചേട്ടത്തിയമ്മയെ മദ്രാസ് വരെ ചേട്ടന് കൊണ്ടുവന്ന്, അവിടുന്ന് എന്റെ അനുജന് ധനഞ്ജയന് പോയി കൂട്ടിക്കൊണ്ടുവരികയായിരുന്നു. വീട്ടില്‍ ഫോണില്ല. ഞാന്‍ ഉടനെ വീട്ടിലേക്ക് ആളെ അയച്ചു. കാര്യങ്ങളൊക്കെ അറിയിച്ചു. വൈകിട്ട് കൃത്യമായി അവര്‍ വീട്ടില്‍ ചെന്നു. അങ്ങനെ മുന്‍കൂര്‍ കാര്യങ്ങള്‍ അറിയാമായിരുന്നതുകൊണ്ട് കള്ളം പറയാതെ, എന്നാല്‍ സംഭവിച്ചതും പറയാതെ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു. ആ സ്ത്രീയും സംതൃപ്തയായിപ്പോയി.
അടിയന്തരാവസ്ഥക്കാലത്ത് ഗുരുദക്ഷിണ നടന്നു. മുംബൈ, കല്‍ക്കത്ത, മദ്രാസ് എന്നിവിടങ്ങളിലെ ഗുരുദക്ഷിണ അതത് സംസ്ഥാനക്കാര്‍ നടത്തി അതത് സംസ്ഥാനത്തേക്ക് കൊണ്ടുപോയാല്‍ മതിയെന്ന് കേന്ദ്രം നിശ്ചയിച്ചു. അക്കാലത്ത് ഞാന്‍ ഒരു മാസം മുംബൈയില്‍ ആയിരുന്നു. മലയാളികള്‍ക്കിടയില്‍ സ്വാതന്ത്ര്യത്തോടെ നടന്നു. ഒരു മുറിയില്‍ ചെറിയ ധ്വജവും പൂവും ഒക്കെ വച്ച് മുറിയില്‍ വന്ന് ഓരോരുത്തരും ഗുരുദക്ഷിണ ചെയ്തു. സ്വയംസേവകരല്ലാത്തവര് വന്നാല്‍ ഒരു കൊടിവച്ചിരിക്കുന്നു. അത്രമാത്രം. ഇന്ന് അത്തരത്തില്‍ ഒക്കെ നടക്കുമോ എന്നത് സംശയമാണ്.
ഇ വായനയും (ഡിജിറ്റല്‍) അ,ആ വായനയും (പുസ്തകവായന) ഹരിയേട്ടന്റെ വായന തികച്ചും വ്യത്യസ്തമാണ്. ഇങ്ങനെ വായിക്കുന്നത് എങ്ങനെയെന്ന് അത്ഭുതം കൂറിപ്പോകും. വായിക്കുക, ഓര്‍മിക്കുക, അതു മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്നതെങ്കില്‍ അതേക്കുറിച്ച് എഴുതുക, ആവശ്യമെങ്കില്‍ വിവര്‍ത്തനം ചെയ്യുക… അറിവിനെ അണികളിലേക്ക് ഒഴുകുന്ന വിജ്ഞാന ഭഗീരഥനാണ് ഹരിയേട്ടന്. എത്രയെത്ര പുസ്തകങ്ങള്‍, ലേഖനങ്ങള്‍, പ്രഭാഷണങ്ങള്‍. അവയൊക്കെയും കൃത്യമായ ലക്ഷ്യം സാധിക്കുന്നതിനുപകരിക്കുന്നവയാണ്. അവ ചില കാര്യങ്ങളില്‍ നിലവിലുള്ള പൊതു ധാരണയിലെ തെറ്റുതിരുത്തലുകളുണ്ട്. ആടയാഭരണങ്ങളും അലങ്കാരങ്ങളും അഴിച്ചെറിഞ്ഞ്, അടിസ്ഥാന ധാരണകള്‍ സ്ഥാപിക്കുന്നവയുണ്ട്. അത് സാമൂഹ്യ പരിഷ്കരണത്തിന് ലക്ഷ്യമിട്ടുള്ളതുമാണ്. വായിക്കാന്‍, ഓര്‍മിക്കാന്‍, എഴുതാന്‍ ഹരിയേട്ടന്റെ രീതിയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്; അദ്ദേഹത്തിന് അത് സ്വാഭാവിക രീതിയാണെങ്കിലും.
ഓര്‍മയും വായനയും
ഓര്‍മ്മയില്‍ കൃത്യതയോടെ കാര്യങ്ങള്വക്കുന്നതിന് ബോധപൂര്‍വം ഞാനൊന്നും ചെയ്യുന്നില്ല. ദൈവാനുഗ്രഹം എന്ന് പറയാം. അല്ലാതെ അതിനായി ഒന്നും ചെയ്യുന്നില്ല. ഓര്‍ക്കുന്നത് മറക്കാതിരിക്കുന്നതുകൊണ്ടാണ്, മറക്കുന്നത് ഓര്ക്കാതിരിക്കുന്നതുകൊണ്ട്. പിന്നെ പ്രത്യേകതയായി പറയാവുന്നത്, 1956 മുതല്‍ 1982 ല്‍ പ്രാന്തപ്രചാരക് ആകുംവരെ കൃത്യമായി ദിവസവും ശീര്‍ഷാസനം ചെയ്യുമായിരുന്നു. കാല്‍നൂറ്റാണ്ട്, എട്ട് ഒമ്പത് മിനിട്ട് വീതം. നരസിംഹ സ്തുതിയുണ്ട്, 22 ശ്ലോകം; അത് ആ സ്ഥിതിയില്‍ ചൊല്ലും. അതിന്റെ വല്ല ഗുണവുമാണോ എന്ന് പറയാനാവില്ല.
വായനയ്ക്ക് എന്റെ ഒരു രീതിയുണ്ട്. ഞാന്‍ ഏതു പുസ്തകവും വായിക്കുകയല്ല, പഠിക്കുകയാണ്. കല്‍ഹണന്റെ രാജതരംഗിണിയാണ് വായിക്കുന്നതിപ്പോള്‍. ഈ ബുക്കില്‍ (നോട്ട് ബുക്ക് കാണിച്ച) ഞാന്‍ എഴുതിയ അതിന്റെ നോട്ടാണ്. ഇത് ടൈപ്പു ചെയ്യാന്‍ കൊടുത്താല്‍ പുസ്തകമാക്കാം. ഓരോ കുറിപ്പുമുണ്ട്. റഫ് വേറെയുണ്ട്. ഇങ്ങനെ ഏറെപ്പേര്‍ വായിക്കാറില്ല. വായിക്കുന്ന പുസ്തകത്തില്‍ ഞാന്‍ പെന്‍സില്‍കൊണ്ട് അടയാളപ്പെടുത്തും. അലസ വായനയില്ല. പുസ്തക വായന നോട്ട് എഴുതിയാണ്. മാസികയൊക്കെയേ അല്ലാത്ത രീതിയില്‍ വായിച്ചു. യാത്ര ചെയ്യുമ്പോള്‍ രാത്രിയില്‍ ഒക്കെ വായിക്കും. വായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ സമയം കണ്ടെത്തി വായിക്കും.
ഒരിക്കല്‍ പാലക്കാട് ഐടിസിയില്‍ 25-30 രൂപ മിച്ചംവന്നു. വാല്മീകി രാമായണത്തിന് പന്ത്രണ്ട് രൂപയാണ്. ഞാന്‍ വാല്മീകി രാമായണം വാങ്ങിച്ചു. വലിയ തടിച്ച പുസ്തകമാണ്. അത് അഞ്ചായി വിഭജിച്ച് പ്രത്യേക പുസ്തകങ്ങളാക്കി ബൈന്‍ഡ് ചെയ്തു. യാത്രയില്‍ കൊണ്ടുപോയി. ദിവസം 100 ശ്ലോകം വീതം വായിച്ചു. യാത്രയില്‍, ബസ് കാത്തിരിക്കുമ്പോള്‍, ട്രെയിന്‍ വൈകിയാല്‍ ഒക്കെ വായിക്കും. പച്ച മഷിയാണ് ഞാനുപയോഗിച്ചിരുന്നത്. വായിച്ചതിന് ദിവസവും തീയതി എഴുതിയിടും. ഒരു ദിവസം മാത്രം വായിച്ചില്ല. അന്ന് ഗുരുജി കോഴിക്കോട്ടുണ്ടായിരുന്ന ദിവസമാണ്.
ഏതു ദിവസമാണ് ഗുരുജി കോഴിക്കോട്ടു വന്നതെന്ന് ചോദിച്ചാല്‍ എനിക്ക് ആ പുസ്തകം തിരഞ്ഞാലും കണ്ടുപിടിക്കാം. 1971-ല്‍ കിട്ടിയ രാമായണമുണ്ട്. അതില്‍ തീയതി എഴുതിയിട്ടുണ്ട്. അതൊക്കെ വായിക്കുമ്പോഴുള്ള എന്റെ രീതിയാണ്. ചാണക്യന്റെ അര്‍ത്ഥശാസ്ത്രം ഉണ്ടല്ലോ, അത് ഡി.എന്‍. ഉണ്ണി ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മൂന്നു വാള്യം. അതു മുഴുവന്‍ ഞാന്‍ വായിച്ചു. അതിന്റെ മുഴുവന്‍ നോട്ടെടുത്തിട്ടുണ്ട്. അപ്പോള്‍ വായിക്കുന്ന പുസ്തകം ഞാന്‍ പഠിക്കുന്നതാണെന്നര്ത്ഥം. ദേ, ഇതാണ് നോട്ട്സ്. ‘ദൈവമേ ഈ വിഷയം മുഴുവനാക്കാന്‍ എന്നെ അനുഗ്രഹിച്ചാലും, വേണ്ടത്ര ഓര്‍മശക്തി തന്നാലും. ഉത്സാഹം തുടരെ തന്നാലും, ക്ഷമ തന്നാലും, താല്‍പ്പര്യം നിലനിര്‍ത്തിയാലും. വായിക്കാന്‍ ഇത്രയും വൈകിയതില്‍ ക്ഷമ തന്നാലും.’ എന്നാണ് എന്റെ തുടക്കം. വാസ്തവത്തില്‍ ഇത്രയും പ്രധാന പുസ്കം ഞാന്‍ വായിക്കാന്‍ ഏറെ വൈകി. 2012 ജൂലായ് 18 ന് ആണ് ഇത്രയും പ്രധാന പുസ്തകം വായിക്കുന്നത്. വായിച്ചു കഴിഞ്ഞു 28, ആഗസ്റ്റ് 2018. ഇതാണ് എന്റെ രീതി.
ഇപ്പോള്‍ പഠനവും എഴുത്തും അല്ലാത്തപ്പോള്‍ ഉറക്കമാണ്. യോഗത്തിനൊക്കെ പോകുന്നത് വലിയ സമയം പാഴാക്കലാണ്. ഉദ്ഘാടനവും സമാപനവും വേസ്റ്റാണ്. നമുക്ക് അതില്‍നിന്നും കിട്ടില്ല.
എഴുതുന്നതിന് പ്രത്യേക തയാറെടുപ്പു വേണ്ട. ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കെ, നിര്‍ത്തി പിന്നീട് ബാക്കി എഴുതുന്നതിന് തടസമല്ല, മൂഡ് പോയി, ഫ്ളോ പോയി എന്നൊന്നും തോന്നിയിട്ടില്ല. കവിത എഴുതുന്നവര്‍ക്ക് ചിലപ്പോല്‍ തടസമുണ്ടായിരിക്കാം.
കവിതയെഴുതിയിട്ടില്ലേ എന്നു ചോദിച്ചപ്പോള്‍ കൊങ്കണി ഭാഷയില്‍ ഗോവയില്‍ പ്രസിദ്ധീകരിച്ച കവിതാ പുസ്തകം പുറത്തെടുത്തു. ഹരിയേട്ടന് കൊങ്കണിയിലെഴുതിയ കൊങ്കണികളുടെ പലായന ചരിത്ര ഖണ്ഡകാവ്യം, ‘വിസ്ഥപനാ ചീ കഥാ.’ ചില ഭാഗങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. വ്യത്യസ്ത വൃത്തങ്ങളില്‍ കവിത വായിച്ചു കേള്‍ക്കാന്‍ നല്ല കൗതുകമായിരുന്നു. നാലഞ്ചു വ്യത്യസ്ത വൃത്തങ്ങളില്‍ എഴുതിയ കവിത. 500 വര്‍ഷം മുന്‍പ് ഗോവയില്‍നിന്ന് കുറ്റിയും പറിച്ച് പലായനം ചെയ്ത് കൊച്ചി തുറമുഖത്ത് എത്തിയ പൂര്‍വികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നാണ് തുടക്കം.
ഭാഷാലോകത്ത്
ഇംഗ്ലീഷ്, മലയാളം, സംസ്കൃതം, മറാഠി, ഹിന്ദി ഭാഷകള്‍ അനായാസമാണ്. തമിഴ് അറിയാം, എഴുതാനാവില്ല. മുംബൈയും നാഗപ്പൂരും ഹെഡ് ഓഫീസായപ്പോള് മറാഠി പഠിക്കാന്‍ സഹായകമായി. ഞാന്‍ വായിച്ച് വായിച്ച് പഠിച്ചതാണ്. പുരുഷസൂക്തത്തിന്റെ മറാഠിയിലുള്ള ഒരു വ്യാഖ്യാനം അടുത്തിടെ വായിച്ചു. അത് മലയാളത്തിലാക്കി. പ്രസിദ്ധീകരിക്കുന്നത് എപ്പോഴാണ് എന്നറിയില്ല. എന്റെ ജോലി കഴിഞ്ഞു, റോയല്റ്റിലും പകര്‍പ്പവകാശത്തിലും എനിക്ക് നിര്‍ബന്ധമില്ല. എപ്പോള്‍ പ്രസിദ്ധീകരിച്ചാലും എനിക്ക് പ്രശ്നമില്ല. എന്റെ ജോലി കഴിഞ്ഞു. അത്രമാത്രം.
ഘടനാപരമായി അഖിലേന്ത്യാ ഭാഷകള്‍ തമ്മിലും ഉത്തരേന്ത്യന്‍ ദക്ഷിണേന്ത്യന്‍ ബന്ധമുണ്ട്. തമിഴ് മുതല്‍ നേപ്പാള്‍ വരെ ഭാഷാ ബന്ധമുണ്ട്. യൂറോപ്യന്‍ ഭാഷകളുമായി താരതമ്യം ചെയ്യുമ്പോഴാണ് അത് വ്യക്തമാകുന്നത്. ‘ഐ ഏറ്റ് എ മാംഗോ.’ സബ്ജക്ട്, പ്രഡിക്കറ്റ്, ഒബ്ജക്ട് എന്നാണ് ഘടന. ഇന്ത്യന്‍ ഭാഷകളില്‍ സബ്ജക്ട്, ഒബ്ജക്ട്, പ്രഡിക്കറ്റ് എന്നാണ് വരുന്ന്. ‘മേനേ ആം ഖായാ എന്ന് ഹിന്ദി. ഞാന്‍ മാമ്പഴം സാപ്പിട്ടേന്’ എന്നാണ് തമിഴ്. യൂറോപ്യന്‍ ഭാഷകളില്‍ അങ്ങനെയല്ല. രണ്ടാമതായി ‘അവ്യയം’ (പ്രപ്പൊസിഷന്) യൂറോപ്യന്‍ ഭാഷകളില്‍ ‘പ്രീ പൊസിഷ’നാണ്. ‘നേറ്റീവ് ഓഫ് എറണാകുളം.’ ‘എറണാകുളം സ്വദേശി’ എന്നാണ് മലയാളം. ‘മൈ ഫാദര്‍’ എന്നത് ‘ഫാദര്‍ ഓഫ് മൈന്‍’ എന്നാണ് ഇംഗ്ലീഷ്. ‘അച്ഛന് എന്റേത്’ എന്ന് നമ്മള് പറയില്ല.
ഐ ഡുടനോട്ട് നോ എന്ന് ഇംഗ്ലീഷ്. ‘എനിക്ക് അറിയില്ല’ എന്നേ മലയാളം പറയൂ. ‘ഐ ഗോട്ട് ഇറ്റ്.’ ‘ഞാന്‍ അത് കിട്ടി’ പറയില്ല. ‘എനിക്ക് അത് കിട്ടി’ എന്നേ പറയൂ. ഇതെല്ലാം ഇന്ത്യന്‍ ഭാഷയില്‍ ഒരുപോലെയാണ്.
വാക്കിനോട് ചേര്‍ന്ന് പോസ്റ്റ് പൊസിഷന്‍ വരുന്നു ഇവിടെ. ഇംഗ്ലീഷില്‍ വേറെ വേറെ വാക്കാണ്. കൂടെത്തന്നെ എഴുതണം ഇന്ത്യന്‍ ഭാഷകളില്‍. ‘തലയ്ക്ക് മേലേ’ എന്നല്ല, ‘തലയ്ക്കുമേലെ’ എന്ന് ചേര്‍ത്ത് എഴുതണം. തമിഴ് ഗ്രൂപ്പ്-ഹിന്ദി ഗ്രൂപ്പ് എന്ന് വ്യത്യാസവും ഉണ്ട്. ‘എ-ഏ, ഒ-ഓ’ എന്നിങ്ങനെയുള്ള ദീര്ഘവ്യത്യാസം മലയാളം തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലേ ഉള്ളൂ. ‘കെട്ടു,’ ‘കേട്ടു’ എന്ന അര്‍ത്ഥഭേദം വരുന്നത് ഈ ഭാഷകളില്‍ മാത്രം. ഹിന്ദിയില്‍ ദീര്ഘമേയുള്ളൂ. ഹ്രസ്വമില്ല. അതുകൊണ്ട് ഒറ്റപ്പാലം എന്ന് ഉത്തരേന്ത്യക്കാരന് പറയാനാവില്ല. ‘ഓട്ടപ്പാലം’ എന്നേ പറയൂ.
അതിനിടെ ഒറ്റപ്പാലത്തേക്കുറിച്ച് പറഞ്ഞപ്പോള്‍ ഒരു ഫോണ്‍ വിളി. ഒറ്റപ്പാലത്തുനിന്നാണ്. രണ്ടാമത്തെ കുഞ്ഞിന് അന്വിത എന്ന് പേരിടുന്നതിനെക്കുറിച്ചുള്ള ഹരിയേട്ടനോട് സംശയം തീര്‍ക്കലാണ്. അരുണിനും ദിവ്യയ്ക്കും ജനിച്ച ആദ്യ കുട്ടിക്ക് അനിരുദ്ധ് എന്നാണ് പേര്. പുതിയ മകള്‍ക്ക് അന്വിതയെന്ന് പേര്. അത് നല്ലതാണെന്നും ദുര്‍ഗയെന്നു മാത്രമല്ല ഏത് ദേവിയെ ആരാധിച്ച് ആ ദേവിയെ പിന്തുടരുന്നുവോ അതുകൊണ്ടാണ് അന്വിതയെന്ന വിശേഷണമെന്ന് വ്യാഖ്യാനവും നല്കി. നഴ്സറിയില്‍ പോകുന്ന അനിരുദ്ധനോടും ഫോണില്‍ സംസാരിച്ച് നേരില്‍ കാണാമെന്ന് പറഞ്ഞ്, നമസ്തേ അവസാനിപ്പിച്ചു. തുടര്ച്ചമുറിയാതെ ഭാഷാ ശാസ്ത്രത്തിലേക്ക്.
ദീര്‍ഘമേ ഉത്തരേന്ത്യന്‍ ഭാഷയ്ക്കുള്ളൂ. അതുകൊണ്ട് ഹിന്ദിപ്പേര് പറയുമ്പോള്‍ നീട്ടിപ്പറയണം. ‘ഹെഡ്ഗേവാര്‍’ ആണ് ‘ഹെഡ്ഗെ’വാറല്ല.
വാക്കിലും കാലത്തിലും വ്യത്യാസമുണ്ട്. ക്രിയയില്‍ തീരെ വ്യത്യാസമില്ലാത്ത ഭാഷ മലയാളം മാത്രമാണ് എന്നെനിക്ക് തോന്നുന്നു. ഇംഗ്ലീഷില്‍ ‘ഹീ കംസ്, ദേ കം’ എന്ന് വരുന്നുവെന്നതിന് ഭേദമുണ്ട്. മലയാളത്തില്‍ അതില്ല; ഭൂതകാലത്തില്‍ തീരെയില്ല. ‘ഞാന്‍ വന്നു,’ ‘അച്ഛന് വന്നു,’ ‘അവര്‍ വന്നു,’ ‘മൃഗം വന്നു’ എന്നേ പറയൂ. മറാഠി, കൊങ്കണി, ഹിന്ദി എല്ലാം വ്യത്യാസം. ‘ആയേ,’ ‘ആയി’ എന്ന് ലിംഗവും വചനവും അതനുസരിച്ച് മാറും. തമിഴില്‍ ‘അവന് വന്താന്‍,’ അവള് ‘വന്താള്‍, നാന് വന്തേന്,’ ‘അവര്‍ വന്തോം’ എന്ന് പറയുന്നു.
ചിന്തകള്‍ ഒന്നാണ്. ഉദാഹരണത്തിന് മര്യാദ. ആദരവോടെ വിളിക്കുന്നത് ഏത് ഭാഷയിലും സമാനമാണ്. അച്ഛന്റെയോ അമ്മയുടെയോ ചാരിത്ര്യഭംഗം സംബന്ധിച്ച തെറിവാക്ക് ഒരേപോലെ. യൂറോപ്യന്‍ ഭാഷകളില്‍ അങ്ങനെയല്ല. ഇംഗ്ലീഷില്‍ ഒരാളെ ബാസ്റ്റാര്‍ഡ് (പിതൃശൂന്യന്‍) എന്ന് വിളിച്ചാല്‍ അയാള്‍ക്ക് പ്രശ്നമില്ല, ‘ഞാന്‍ അതിനുത്തരവാദിയല്ല’ എന്നു പറയും. മറിച്ച് ‘കള്ളന്’ എന്ന് വിളിച്ചാല്‍ ‘തല്ലും’ എന്നും പറയും. ഈ നിലപാട് ഇന്ത്യയില്‍ ഒരുപക്ഷേ ഒരു ഭാഷയ്ക്കും ഇല്ല. തെറിവാക്കുകള്‍ വിശകലനം ചെയ്താല്‍ അതിന് പൊതുസ്വഭാവമുണ്ട്. കൈനീട്ടമെന്നോ വാശിയെന്നോ പറയുന്നതിന് വിവിധ ഭാഷകളില്‍ സമാനതയുണ്ട്. വാശി, കൈനീട്ടം, കൈപ്പുണ്യം, എച്ചില് തുടങ്ങിയവകള്‍ക്ക് സമാനതയുണ്ട്. തീണ്ടാരി എന്ന അവസ്ഥയ്ക്ക് എല്ലാ ഭാഷകളിലും പ്രത്യേക വാക്കുകളുണ്ട്. ചത്തു, മരിച്ചു എന്ന് പറഞ്ഞാല്‍ രണ്ടും ഒന്നാണ് ഫലത്തില്‍. പക്ഷേ ചത്തു എന്ന് മൃഗങ്ങള്‍ക്കും മരിച്ചു എന്ന് മനുഷ്യര്‍ക്കും ആണ് പറയുക. ഹിന്ദി പ്രദേശത്ത് ‘ഗര്‍ഭിണി’ എന്ന വാക്ക് ‘ഗര്‍ഭമുള്ള മൃഗങ്ങള്‍ക്ക്’ പറയുന്നതാണ്. മനുഷ്യന്റെയാണെങ്കില്‍ ‘ഗര്‍ഭവതി’ എന്നു പറയണം. ഇത് തെറ്റിച്ച് ആദ്യകാലത്ത് ഞാന്‍ പറയുമായിരുന്നു. അവര്‍ അബദ്ധം പറഞ്ഞ് തന്നു.
തമിഴിന് സംസ്കൃതത്തിന്റെ സ്വാധീനമല്ല എന്ന് പറയാനാവില്ല. പക്ഷേ സ്വതന്ത്ര ഘടനയുണ്ട്. ഹിന്ദിയിലെ സമാചാര്‍ അല്ലേ തമിഴിന്റെ ‘സമാചാരം.’ എണ്ണം പറയുന്നത് നോക്കുക. തമിഴ്, മലയാളം, കര്‍ണാടകം, തെലുങ്ക് ഭാഷകളില്‍ എണ്ണം ഇംഗ്ലീഷു പോലെയാണ്. ഇരുപത്തിരണ്ട് എന്ന് പറയുന്നതില്‍ ഇരുപതാണ് അടിസ്ഥാനം. ഇംഗ്ലീഷിലും ഇതുപോലെയാണ്. ട്വന്റിവണ്‍, ട്വന്റി ടു എന്നാണ് ട്വന്റി അടിസ്ഥാനം. എന്നാല്‍ സംസ്കൃതത്തില്‍ അങ്ങനെയില്ല. ആദ്യം വരുന്നത്, മറിച്ചാണ്. ‘ഏക’വംശഃ, ‘ദ്വി’വംശഃ, ‘ചതുര്’വിംശഃ. ഹിന്ദിയില്‍ ഇക്കീസ്, ബായീസ്, തേയീസ്, ചൗബീസ് എന്നിങ്ങനെയാണ്. അടിസ്ഥാനപരമായി വ്യത്യസ്തമാണ്. സംസ്കൃതത്തിന് പഴക്കം വേദകാലം വരെ; പാണിനിക്കും അപ്പുറം സംസ്കൃതം പോകുന്നു. അത്ര പഴക്കം ഇല്ലല്ലോ തമിഴിന്. കാളിദാസ കവിതകളില്‍ പോലുമില്ലാത്ത ക്രിയാ കാലം ‘ല’കാരം വേദത്തില്‍ പ്രയോഗിച്ചിട്ടുണ്ട്.
ഇത്രയൊക്കെ വലിയ ആളാണെങ്കില്‍, എന്തുകൊണ്ട് വാര്‍ത്തകളിലും ചിത്രങ്ങളിലും ഈ മനുഷ്യനെ കാണുന്നില്ല, സമൂഹമധ്യത്തിലേക്ക് ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ ‘നുഴഞ്ഞു കയറുന്നില്ല’ എന്നൊക്കെ സംശയിക്കാം. പക്ഷേ, ഒരു മാധ്യമത്തിലൂടെയും ഒരു വ്യക്തിക്കും കഴിയാത്തത്ര വ്യാപകമായി, ഒരു നിമിഷംകൊണ്ട് ചെന്നെത്താനും സഞ്ചലനം ചെയ്യാനും കഴിയുന്നയാളാണ് ഹരിയേട്ടന്. വാക്കും ബുദ്ധിയും രീതിയുംകൊണ്ട് സംഘത്തിനും സംഘടനയ്ക്കും പുറത്ത് അദ്ദേഹം നേടിയ സ്വാധീനവും സൗഹൃദവും വലുതാണ്. അത് ട്രോജന്‍ യുദ്ധം പോലെ ഒരു തന്ത്രമാണ്. എതിര്‍പക്ഷമെന്ന് തോന്നിക്കുന്നവര്ക്കിടയിലെ പ്രധാനിയില്‍ ചെലുത്തുന്ന സ്വാധീനം. അതിശയിക്കും ഹരിട്ടന് സംഘടനയ്ക്ക് പുറത്ത് സമ്പര്‍ക്കവും സ്വാധീനവുമുള്ള വ്യക്തികളെക്കുറിച്ചറിയുമ്പോള്:
സംഘത്തിന് പുറത്ത്
ഒരുകാലത്ത് സംഘപ്രവര്‍ത്തനം അത്തരത്തിലായിരുന്നു. എനിക്ക് മാത്രമല്ല, മാധവ്ജിക്കും മറ്റുള്ളവര്‍ക്കും അത്തരത്തില്‍ ബന്ധമുണ്ടായിരുന്നു. സംഘപ്രവര്‍ത്തനവും അക്കാലത്ത് അങ്ങനെയായിരുന്നു. തിരുവനന്തപുരത്ത് സാഹിത്യ പഞ്ചാനന്‍ പി.കെ. നാരായണ പിള്ളയുമായി മാധവ്ജി സൗഹാര്‍ദ്ദത്തിലായിരുന്നു. ഡോ. കെ. ഭാസ്കരന് നായരുമായും മറ്റും മറ്റുമായി. ഭാസ്കര്‍ റാവു, ശങ്കരന് ശാസ്ത്രികള്‍ തുടങ്ങി പുറത്തുനിന്നുവന്നവര്ക്കൊഴികെ എല്ലാവര്ക്കും അത്തരം ബന്ധമുണ്ടായിരുന്നു. അങ്ങനെ ബന്ധങങ്ങള് രൂപപ്പെടുത്താന്‍ പ്രേരണയുണ്ടായിരുന്നു.
പറവൂരില്‍ പ്രചാരകയായിരിക്കെ ഞാന്‍ സ്വയം കേസരി ബാലകൃഷ്ണപിള്ളയെ പോയി കണ്ടു. ഒരിക്കല്‍ ബാബാസാഹിബ് ആപ്തെയോട് സംസാരിക്കുമ്പോള്‍ കേസരി എന്നൊരു എഴുത്തുകാരനുണ്ട് അദ്ദേഹത്തെ സമ്പര്‍ക്കം ചെയ്തു എന്നൊക്കെ വിശദീകരിച്ചു. അപ്പോള്‍ ആപ്തേജി പറഞ്ഞു, അദ്ദേഹം വളരെ പ്രസിദ്ധ എഴുത്തുകാരനാണ്, അടുത്തതവണ കാണുമ്പോള്‍ അദ്ദേഹത്തോട് ‘കല്പ്പ ക്രൊണോളജി ഇന്‍ ചൈനീസ് ലിറ്ററേച്ചര്‍’ എന്നതിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞുവരണമെന്ന് പറഞ്ഞു. ഞാന്‍ നാഗപ്പൂരില്‍ നിന്നുവന്നപ്പോള്‍ വീണ്ടും കേസരിയെക്കണ്ടു. ഞാന്‍ ആപ്തെജിയുമായി സംസാരിച്ച കാര്യങ്ങള്‍ പറഞ്ഞു, ഉടനെ കേസരി പറഞ്ഞു-‘അദ്ദേഹം വലിയ സംസ്കൃത പണ്ഡിതനാണ്’ എന്ന്. ഇവര്‍ തമ്മില്‍ കത്തിടപാടൊക്കെ നടത്തിയുണ്ടാവാം.
അങ്ങനെ പല പ്രമുഖരേയും കാണുന്ന പതിവ് പലര്‍ക്കും ഉണ്ടായിരുന്നു. ഒ.വി. വിജയന് പില്ക്കാല കൂട്ടുകാരനായി മാറി. ഒ.വി. ഉഷയുമായി സമ്പര്‍ക്കമുണ്ട്. വിജയന് ഉള്ളാലേ ഹൈന്ദവത കൂടാന്‍കാരണം കരുണാകര ഗുരുവുമായുള്ള സമ്പര്‍ക്കമാണ്. ഞാനുമായുള്ള സമ്പര്‍ക്കവും സഹായിച്ചിരിക്കാം. ഒരിക്കല്‍ സേതുവേട്ടനേയും (എസ്. സേതുമാധവന്) കൂട്ടി ഞാന്‍ ദല്‍ഹിയിലെ, ജനക്പുരിയില്‍ ഒ.വി. വിജയനെ കാണാന്‍ പോയി. അങ്ങനെയിരിക്കെ വിജയന് പറഞ്ഞു, കടമ്മനിട്ടയുടെ കവിതയില്‍ ഹൈന്ദവതയാണ് മുഴച്ചു നില്‍ക്കുന്നത് എന്ന് ടേപ്പ് റിക്കാര്‍ഡില്‍ കടമ്മനിട്ടയുടെ കാട്ടാളനും മറ്റും കേള്‍പ്പിച്ചു. അത്തരത്തില്‍ സംഭാഷണം വരുമ്പോള്‍ അവര്‍ നമ്മേളേയും അളക്കുന്നുണ്ടാവുമല്ലോ. ആര്‍എസ്എസുകാര്‍ കീറാമുട്ടികളല്ല എന്ന് ബോധ്യമാകുമല്ലോ. കടുത്ത നിലപാടെടുക്കുമ്പോഴാണ് നമ്മുടെ ഇമേജ് തകരാറിലാകുന്നത്. അടല്‍ജിയുടെ പ്രതിച്ഛായ എന്തുകൊണ്ടാണ് അങ്ങനെയല്ലാത്തത്, കടും നിലപാട് കുറവായതുകൊണ്ടാണ്; ആദര്ശവാദിയല്ലാത്തതുകൊണ്ടല്ല. പരമേശ്വര്‍ജിയുടെ ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് ഒ.വി. വിജയനുമായി കാണാറ്. പരമേശ്വര്‍ജിയാണ് എന്നെ ആദ്യം പരിചയപ്പെടുത്തിയത്. ഒരിക്കല്‍ വിജയന് ചോദിച്ചു, കുട്ടനാട്, ഇത്രയേറെ കമ്യൂണിസത്തിന്റെ കേന്ദ്രമായിട്ട് എങ്ങനെയാണ് ആര്‍എസ്എസുകാര്‍ അവിടെ വേരുപിടിച്ച് വളരുന്നതെന്ന്. ഞാന്‍ പറഞ്ഞു അതിന് കാരണം കമ്യൂണിസ്റ്റല്ല ഹ്യൂമനിസമാണ് എന്ന്. അവിടെ കമ്യൂണിസം ജയിക്കാന്‍തന്നെ കാരണം ഹ്യുമനിസം കൊണ്ടാണ്. മനുഷ്യത്വപരമായി പെരുമാറാനറിയാത്തവരെന്ന ഒരു അനുഭവത്തില്‍ ജനങ്ങള്‍ ക്ലേശിക്കുമ്പോള്‍ ഹ്യൂമനിസം പറഞ്ഞുവന്ന ഒരു സിദ്ധാന്തം കമ്യൂണിസമായിപ്പോയി. അപ്പോള്‍ മനുഷ്യസ്നേഹികള്‍ക്ക് തുറന്നുകിട്ടിയ വഴി കമ്യൂണിസമായിരുന്നു. അവിടെ ഇന്ന് ഈ ഹ്യൂമനിസം പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസാണ്. കമ്യൂണിസ്റ്റുകള്‍ തമ്മില്‍ ഇപ്പോള്‍ കുഴപ്പങ്ങള്‍ കാണിക്കുന്നു. അങ്ങനെ ഹ്യൂമനിസത്തിന്റെ സ്വീകാര്യതയാണ് ആര്‍എസ്എസിന് കിട്ടുന്നത് എന്ന് പറഞ്ഞു.
അപ്പോള്‍ വിജയന് പറഞ്ഞു, ‘ഇഎംഎസ് അരസികന് കമ്യൂണിസ്റ്റാണ്, എകെജി ഹ്യൂമനിസമാണ്.’ ഞാന്‍ ചോദിക്കാതെ അദ്ദേഹം ഇങ്ങോട്ടു പറഞ്ഞു. വിജയന് വിശദീകരിച്ചു-ഞാനന്ന് ദേശാഭിമാനിയില്‍ ജോലി ചെയ്യുകയാണ്. കാര്ട്ടൂണൊക്കെ വരയ്ക്കും. പണത്തിനുവേണ്ടിയല്ല, പാര്‍ട്ടിയുടെ പ്രവര്‍ത്തനമാണ്. അങ്ങനെയിരിക്കെ ദല്‍ഹിയില്‍ സ്റ്റേറ്റ്സ്മാന് പത്രത്തില്‍ ജോലി കിട്ടി. അതില്‍ ചേരണോ എന്ന ചിന്ത. പോയാല്‍ ദേശാഭിമാനിയില്‍ ഒപ്പമുള്ളവര്‍ പറയും പൈസ നോക്കി പോയി, കരിയറിസ്റ്റ് ആണ് എന്നൊക്കെ. എനിക്ക് പോകണമെന്നുമുണ്ട്. എകെജിയോട് ചോദിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം കണ്ണൂരില്‍നിന്ന് മദിരാശിയിലേക്ക് മെയില്‍ വണ്ടിയില്ഇ പോകുംവഴി കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ കണ്ടു. ‘എന്താടോ വിജയാ’ എന്ന് ചോദിച്ച് വിളിച്ച് ട്രെയിനില്‍ എ ക്ലാസ് കമ്പാര്ട്ട്മെന്റിലിരുത്തി സംസാരിച്ചു. എംപിയാണല്ലോ. കാര്യം പറഞ്ഞു, ”താന്‍ ഇവിടെ കിടന്ന് നരകിക്കേണ്ട, അവിടെപ്പൊക്കോ. താന്‍ എവിടെപ്പോയാലും നമ്മുടെ അതു ആളുതന്നെയല്ലേ” എന്ന് വേഗം ഒ.കെ. നല്കി. പോകാന്‍ തീരുമാനിച്ചു. അന്ന് പാര്‍ട്ടി ആസ്ഥാനം മദ്രാസിലാണ്. ഇഎംഎസിനോട് പറയാന്‍ വേണ്ടി മദ്രാസില്‍ പോയി. കണ്ടു, ഇങ്ങനെ ജോലി കിട്ടി, പോവുകയാണെന്ന് പറഞ്ഞു. ആ മനുഷ്യന് എന്നെ നോക്കി, ഒന്നും സംസാരിച്ചില്ല. അന്നുമുതല്‍ ഇന്നുവരെ പിന്നെ എന്നോട് സംസാരിച്ചിട്ടേ ഇല്ല.” അതുകൊണ്ടാണ് ഇഎംഎസ് അരസികനാണ്, എകെജി ഹ്യുമനിസ്റ്റാണ് എന്ന് പറഞ്ഞതെന്ന് വിജയന് പറഞ്ഞു. ഇങ്ങനെ ആരെയും സമ്പര്‍ക്കം ചെയ്യാം, സംസാരിക്കാം. വാദിക്കില്ല, തര്‍ക്കിക്കില്ല, ശത്രുതയോടെ മടങ്ങില്ല എന്ന് തീരുമാനിച്ചാല്‍ മതി.
വിജയന്റെ ഗുരുസാഗരത്തില്‍ സംന്യാസിയാകുന്ന രംഗമുണ്ട്. പിനാകി വെള്ളത്തിലിറങ്ങി മുങ്ങി നഗ്നനായി തിരികെ വരുന്നു, കാവി സ്വീകരിക്കുന്നു… അതൊക്കെ ഉജ്ജ്വലമായി എഴുതിയിട്ടുണ്ട്. ഒരിക്കല്‍ വിജയനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ‘ഗുരുസാഗരത്തില്‍ സംന്യാസം സ്വീകരിക്കുന്നതിനെക്കുറിച്ചൊക്കെ എഴുതിയിട്ടുണ്ടല്ലോ. വിരജാഹോമത്തെക്കുറിച്ച്, എങ്ങനെ നടത്തുന്നു എന്നൊക്കെ വായിച്ചിട്ടുണ്ടോ’ ഇല്ല, എന്താ അത് എന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ വിവരിച്ചു-വിരക്തി വന്ന് കഴിഞ്ഞ ശിഷ്യന് ഗുരു സംന്യാസം കൊടുക്കാന്‍ തീരുമാനിക്കുമ്പോള്‍ ചെയ്യുന്നതാണ് വിരജാഹോമം. ആ ചടങ്ങുകഴിഞ്ഞ്, ഗുരു പറഞ്ഞതനുസരിച്ച് ഗംഗയിലോ നദിയിലോ മുങ്ങി പൂര്‍വജന്മം കളഞ്ഞ് പുതിയ ജന്മം സ്വീകരിക്കുന്നതാണ് സമ്പ്രദായം. ഗുരുസാഗരത്തില്‍ അത് കൃത്യമായി അതേപോലെ വിവരിക്കുന്നുണ്ട്. വിജയന് പറഞ്ഞു, എനിക്ക് അറിയുകയേ ഇല്ല, ഞാന്‍ വായിച്ചിട്ടില്ല എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു വിരജാഹോമം എഴുതിയ മഹര്‍ഷിയുടെയും വിജയന്റെയും ചിന്തയുടെ തലം അറിഞ്ഞോ അറിയാതെയോ ഒരേ മേഖലയിലായിരുന്നു എന്ന്. അങ്ങനെ വളരെ തുറന്ന് സംസാരിക്കുമായിരുന്നു. അദ്ദേഹം അസുഖമായി തിരുവനന്തപുരത്ത് കിടക്കുമ്പോള്‍ പലരും കാണാനാഗ്രഹിച്ചു. സമ്മതിച്ചില്ല. ഞാനാവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചു. ഏറെനേരം തമ്മില്‍ കണ്ടു. അത് ആര്‍എസ്എസില്‍ ഞാന്‍ വലിയ തലത്തിലാണെന്നതുകൊണ്ടല്ല, വ്യക്തിബന്ധമാണ്, സൗഹാര്‍ദമാണ് കാരണം.
ഹരിയേട്ടന്റേതുപോലുള്ള മനസാന്നിധ്യം പലരിലും കാണാത്തതാണ്. അപകടം ഉണ്ടായപ്പോള്‍, ജീവാപായം സംഭവിക്കുമെന്ന് വന്നപ്പോള്‍പോലും പ്രകടിപ്പിച്ച ധൈര്യവും സ്ഥൈര്യവും മാതൃകകൂടിയാണ്. മരണമുഖത്ത് നില്‍ക്കുമ്പോഴും നിര്‍ണായക തീരുമാനം എടുക്കേണ്ടി വന്നപ്പോള്‍ അതും സംഘടന നിശ്ചയിക്കട്ടെ, എന്നു നിശ്ചയിക്കാന്‍ ചങ്കൂറ്റം മാത്രം പോരാ, ദൃഢമായ സംഘടനാ ബോധംതന്നേ വേണം. മരണാന്തരം ജഡം മെഡിക്കല്‍ കോളെജിന് ജീവിച്ചിരിക്കെ എഴുതിക്കൊടുക്കുന്നത് മഹത്തായി വാഴ്ത്തപ്പെടുന്നിടത്ത് ഇത് വ്യത്യസ്ത മാതൃകയാണ്; കാറപകടത്തിലും ഹൃദയം മുടക്കലിലും വഴി കിട്ടിയ ചികിത്സാവസരങ്ങള് പോലും പുതിയ ചിലത് പഠിക്കാന്‍ അവസരമാക്കുകയായിരുന്നുവല്ലോ…
അപകടം, ആശുപത്രി
നേപ്പാളില്വച്ചാണ് ആ അപകടം. 2001-ല്‍ വീര്ഗഞ്ചില്നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുന്നു. മാരുതികാര്‍. നാലു പ്രചാരകന്മാര്, ഡ്രൈവറും. നല്ല റോഡ്. ഇരുവശവും കാട്. 200 കിലോമീറ്റര്‍ യാത്രയുണ്ട്. വണ്ടി ഓടി 30 കിലോമീറ്ററേ ആയുള്ളൂ. അപ്പോള്‍ കാട്ടില്‍നിന്ന് ഒരു കൂട്ടം പശുക്കള്‍ റോഡിലേക്ക് വന്നു. പശുക്കളെ രക്ഷിക്കാന്‍ ഡ്രൈവര്‍ വലത്തേക്ക് എടുത്തു. കാര്‍ നേരെ കാട്ടില്‍ കയറി. മരത്തിലിടിച്ചു. എന്റെ തലപൊട്ടി. മറ്റാര്‍ക്കും കാര്യമായ കുഴപ്പമുണ്ടായില്ല. ഞങ്ങള്‍ ബസില്‍ക്കയറി വീര്ഗഞ്ചില് ആശുപത്രിയിലെത്തി. അവിടെ ഞാന്‍ ഏഴു ദിവസം ചികിത്സിച്ചു. ബോധക്കേടൊന്നും വന്നില്ല. അവിടുന്ന് ചെറുവിമാനത്തില്‍ കാഠ്മണ്ഡുവില്‍. പിന്നെ ദല്‍ഹിയിലെത്തി. സര്‍ക്കാര്‍ വാജ്പേയിയുടേതാണ്. ഛമന്ലാല് ഗുപ്തയായിരുന്നു മന്ത്രി.
പുറംപരിക്കേ ഉള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനാല്‍ അതുംവച്ച് ഞാന്‍ ഗോവയിലെ ബൈഠക്കില്‍ പോയി. അവിടുന്ന് കേരളത്തില്‍ കോട്ടയത്തെ ചമ്പക്കരയില്‍ എത്തി. മുറിവൊക്കെ ഉണങ്ങി. എല്ലാ ഭേദമായെന്നു തോന്നി. പക്ഷേ തലവേദന മാറുന്നില്ല. അത് വര്‍ധിച്ചു. ഒരിക്കല്‍ നാഗപ്പൂരില്‍ വച്ച് അത് കൂടി, ബോധക്കേടായി. ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് കിടന്ന ഞാന്‍ എഴുന്നേറ്റില്ല. വൈകുന്നേരമായപ്പോള്‍ വന്നു നോക്കിയപ്പോള്‍ കിടക്കയിലൊക്കെ ഞാന്‍ മൂത്രമൊഴിച്ചു എന്നൊക്കെ അവര്‍ പറയുന്നു. പെട്ടെന്ന് ആശുപത്രിയിലാക്കി. ഓപ്പറേഷന് വേണമെന്നായി. സുദര്‍ശന്‍ജി വേഗം അനുമതിയൊക്കെ ഒപ്പിട്ട് നല്കി. എനിക്കൊന്നും ഓര്‍മയില്ല. പിന്നെപ്പറഞ്ഞു കേട്ടതേ ഉള്ളൂ. ഞാന്‍ ഭാഷയൊക്കെ മറന്നുപോയത്രേ. വേറെ ഒരു ആശുപത്രിയില്‍ നിന്ന് മലയാളി നഴ്സിനെ കൂട്ടിക്കൊണ്ട് വന്ന് ഞാന്‍ പറയുന്നത് ഡോക്ടര്‍മാര്‍ മനസ്സിലാക്കി. എട്ടൊമ്പത് ദിവസം അവിടെ കിടന്നു. പിന്നെ നാഗപ്പൂര്‍ കാര്യാലയത്തിലേക്ക് പോയി.
പയ്യെപ്പയ്യെ ഓര്‍മവന്നു. പക്ഷേ എഴുതാന്‍ സാധിച്ചിരുന്നില്ല. കൈ വിറയലുണ്ടായിരുന്നു. നാഗപ്പൂര്‍ സംഘചാലക് ഒരു ഡോക്ടറായിരുന്നു; ദിലീപ് ഗുപ്ത. അദ്ദേഹം ഒരു നോട്ടു ബുക്ക് തന്നു. അതില്‍ ദിവസവും ഓരോ പേജ് എഴുതണമെന്ന് പറഞ്ഞു. ഞാന്‍ ഇംഗ്ലീഷ് അക്ഷരമെഴുതാന്‍ തുടങ്ങി. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നി ഞാനെഴുതുന്നത് ഇടത്തോട്ടുള്ള അക്ഷരം മാത്രമാണല്ലോ, മലയാളം വലത്തോട്ടാണല്ലോ അത് പരീക്ഷിക്കാമെന്ന്. മൂന്നാലു ദിവസം കഴിഞ്ഞപ്പോള്‍ ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും ചരിച്ചും എല്ലാം എഴുതുന്ന ദേവനാഗരിയില്‍ ഞാന്‍ എഴുതിനോക്കിത്തുടങ്ങി. ഡോക്ടര്‍ ചോദിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. തുടര്‍ന്ന് ഓര്‍മയില്‍ നിന്ന് കുറച്ച് എഴുതി. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, തലച്ചോറിന് ഒരു തകരാറുമില്ല, പൂര്‍ണമായും ശരിയായ രീതിയിലാണെന്ന്.
ശസ്ത്രക്രിയയ്ക്ക് ആദ്യം തലയില്‍ ദ്വാരമിട്ടു. വിജയമായില്ല. പിന്നെ ഓപ്പണ്‍ ചെയ്തു. എട്ടുമാസം മരുന്ന് കഴിക്കേണ്ടിവന്നു. ഇരുത്തിക്കൊണ്ടേ ഓപ്പറേഷന് നടത്തൂ. കുറച്ചുനാള്‍ കേരളത്തില്‍ വന്ന് അനുജന്റെ വീട്ടില്‍ താമസിച്ചു. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. അതിനുശേഷമല്ലേ ഗുരുജിയുടെ സമ്പൂര്‍ണ രചനാ സമാഹാരം തയാറാക്കിയത്. ബൃഹദ് ജോലിയായിരുന്നില്ലേ അത്. 2002-ല്‍ ആയിരുന്നു ഓപ്പറേഷന്. അവിടെ നേപ്പാളില്‍ എനിക്ക് സഹായത്തിന് ആശുപത്രിയില്‍ നിശ്ചയിച്ചയാള്‍ മലയാളി. സ്കൂളില്‍ പ്രിന്‍സിപ്പാള്‍. പാലക്കാട്ടുകാരന് രാമചന്ദ്രന്.
ഒരിക്കല്‍ രാത്രിയില്‍ എറണാകുളം സംസ്ഥാന കാര്യാലയത്തില്‍ വച്ച് ഹൃദയാഘാതം ഉണ്ടായി. ഹരിയേട്ടന് കിടപ്പുമുറി അകത്തുനിന്ന് പൂട്ടാറില്ല. സഹായത്തിനുള്ളവര് അടുത്തമുറിയിലുണ്ടാകും. അന്ന് അസ്വസ്ഥതയുണ്ടായ രാത്രി, ആരോടും ഒന്നും അറിയിക്കാതെ സ്വയം പരിശോധിച്ചു എന്താണ് പറ്റിയതെന്ന്. ‘ഇയര്‍ബാലന്‍സ്’ തെറ്റിയതാണോ എന്ന് സ്വയം പരിശോധന നടത്തി. അതെക്കുറിച്ച് രസകരമായി ഹരിയേട്ടന് പറയുന്നു.
അതൊക്കെ അറിവില്ലാത്തതുകൊണ്ടും പേടിയില്ലാത്തതുകൊണ്ടും സംഭവിക്കുന്നതാണ്. ഹൃദയത്തിനാണ് പ്രശ്നമെന്നൊക്കെ തോന്നിയാല്‍ പരിഭ്രമിക്കും. പ്രചാരക് ജീവിതമായതുകൊണ്ട് സ്വയം ആശ്രയിക്കുന്നതും മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാകാതെ നോക്കുന്നതും ശീലമായിപ്പോയതുകൊണ്ടാണ്.
അതു പറഞ്ഞ് ഹരിയേട്ടന് ഓര്‍ത്തോര്‍ത്ത് ചിരിച്ചു. പല സ്വയം പരിശോധനകളും. അന്ന് രാത്രിയില്‍ പരീക്ഷിച്ചു. ഒടുവില്‍ തീരെ വയ്യാതാകുന്നുവെന്ന് ഉറപ്പായപ്പോഴാണ് ആശുപത്രിയില്‍ പോകണമെന്ന് തീരുമാനിച്ചതും കൂട്ടുകിടന്ന സ്വയംസേവകരെ അറിയിച്ചതും.
അറിയാനുള്ള ആഗ്രഹം വായനയുടെ ശീലംകൊണ്ടുണ്ട്. അതുകൊണ്ട് ഓപ്പറേഷന് സമയത്ത് സ്റ്റെന്ത് വയ്ക്കുന്നത് എനിക്ക് കാണാമോ എന്ന് ചോദിച്ചപ്പോള്‍ അമൃത ആശുപത്രിയിലെ ഡോ. പ്രകാശ് കമ്മത്ത് എനിക്ക് കാണത്തക്കവിധത്തില്‍ സ്ക്രീന്‍ വച്ചു. വേദനയില്ല, ചെയ്യുന്നത് നമ്മുടെ ശരീരത്തിലാണെന്ന തോന്നലുമില്ല. ഞാന്‍ കണ്ടു, നടപടികള്‍. ഡോക്ടര്‍ സംസാരിച്ചുകൊണ്ടിരുന്നു. ഞാന്‍ പ്രചാരകനാണെന്നറിയാം അദ്ദേഹത്തിന്. അപ്പോള്‍ കാസര്‍കോട്ടെ ഡി.എസ്. കമ്മത്തിനെ അറിയാമോ എന്ന് ചോദിച്ചു. ദയാനന്ദിന്റെ ജ്യേഷ്ഠന് കമലാക്ഷ് കമ്മത്തിനേയും അറിയാമെന്ന് പറഞ്ഞു. എങ്ങനെ എന്ന് ഡോക്ടര്‍. ഞങ്ങള്‍ ഒരുമിച്ച് അഞ്ചുമാസം താമസിച്ചിട്ടുണ്ടെന്ന് ഞാന്‍. ഡി.എസ്. കമ്മത്തും ഒരുമിച്ചുണ്ടായിരുന്നു. സംഘനിരോധനം നീക്കാനുള്ള സത്യഗ്രഹ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായി കണ്ണൂര്‍ ജയിലിലായിരുന്നുവെന്നും പറഞ്ഞു. അപ്പോള്‍ ഡോക്ടര്‍ പറയുന്നു, കമലാക്ഷ് കമ്മത്തിന്റെ മകന്റെ മകനാണ് ഞാന്‍ എന്ന്. അപ്പോള്‍ ഞാന്‍ ചോദിച്ചു, ജീവാനന്ദന്റെ മകനോ എന്ന്. ഡോക്ടര്‍ അന്തംവിട്ടു. കാസര്‍കോട് ശാഖയില്‍വച്ച് കണ്ടിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു.
അതേ ടീമിലെ രാംദാസ് നായിക് എന്ന ഡോക്ടര്‍, അതുവരെ മിണ്ടിയിരുന്നില്ല, എന്റെ അച്ഛനും ജയിലില്‍ ഉണ്ടായിരുന്നുവെന്ന് അപ്പോള്‍ പറഞ്ഞു. എവിടുന്ന് ഉണ്ട് എന്ന് ഞാന്‍. കാഞ്ഞങ്ങാട് എന്ന് മറുപടി. അവിടെ എനിക്കറിയാവുന്ന ഒരു സുബ്രായ് നായിക് എന്ന് ഞാന്‍. അദ്ദേഹത്തിന്റെ മകനാണ് ഞാനെന്ന് ഡോക്ടര്‍. എന്നെ ഓപ്പറേറ്റ് ചെയ്ത ഒരാള്‍ എനിക്കൊപ്പം ഉണ്ടായിരുന്ന സ്വയംസേവകന്റെ മകന്റെ മകന്, മറ്റൊരാള്‍ ഒരാളുടെ മകന്…
അതിനു മുന്‍പ് ഒരു സംഭവം നടന്നു. അതാവണം എന്നെക്കുറിച്ച് കൂടുതല്‍ അവര്‍ ശ്രദ്ധിച്ചത്. ഓപ്പറേഷന് നിശ്ചയിച്ചു. സ്റ്റെന്റ് വയ്ക്കണം. അത് 24 ആയിരം രൂപയുടേത് വയ്ക്കണോ 84 ആയിരത്തിന്റേത് വേണോ എന്ന് ഡോക്ടര്‍. ഞാന്‍ പറഞ്ഞു, എനിക്ക് ആര്‍എസ്എസ് ഓഫീസില്‍ ചോദിക്കണം, അവര്‍ തീരുമാനമെടുക്കട്ടെ എന്ന്. എനിക്ക് ഫോണ്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ ഫോണ്‍ ചെയ്തു. ഗണേശായിരുന്നു ചാര്‍ജ് (എം.ഗണേശ്). ഡോക്ടര്‍ സംസാരിച്ചു, വിശദീകരിച്ചു. ഗണേശന് 84,000 ന്റേത് എന്ന് പറഞ്ഞു. തീരുമാനം കാര്യാലയത്തിന്റേതായിരുന്നു. ജീവന്‍രക്ഷാ വേളയിലും തീരുമാനം കാര്യാലയം എടുക്കണമെന്ന് പറഞ്ഞപ്പോഴാണ് ഡോക്ടര്‍ ഡി.എസ്. കമ്മത്തിന്റെ കാര്യമൊക്കെ പറയാന്‍ തയ്യാറായത്. പിന്നെയുമുണ്ട്, ഒടുവില്‍ ക്രിട്ടിക്കല്‍ യൂണിറ്റിലേക്ക് മാറ്റി. അപ്പോള്‍ സ്റ്റെന്റ് കയറ്റാന്‍ കാലിലെ ഞരമ്പിന്റെ അറ്റത്ത് ചില സംവിധാനങ്ങള്‍ ഘടിപ്പിച്ചിരുന്നത് നീക്കാറായി. അത് എന്താണെന്ന് കാണണമെന്ന് ഞാന്‍ നഴ്സിനോട് പറഞ്ഞു. അവര്‍ കാണിച്ചുതന്നു. പേനയുടെ റീഫില്‍ അറ്റംപോലെ ഒരു കഷണം. ഇതൊക്കെ നോക്കിയപ്പോള്‍ എനിക്ക് പുതിയ ചില അറിവുകിട്ടി. അങ്ങനെ സ്റ്റെന്റിനെക്കുറിച്ച് പഠിച്ചു. ഇപ്പോള്‍ ഒരാള്‍ സ്റ്റെന്റിനെക്കുറിച്ച് പറഞ്ഞാല്‍ എത്ര മില്ലിമീറ്റര്‍ എന്നൊക്കെ ഞാന്‍ ചോദിക്കും. ആര്‍ക്കും അറിയില്ല. ഓക്സ്ഫോഡ് ഡിക്ഷണറിയില്‍ സ്റ്റെന്റ് ഇല്ല. കാര്‍ഡിയോളജിസ്റ്റ് പ്രഭുവിനോട് ഞാന്‍ ചോദിച്ചു; അദ്ദേഹം ഒരു പ്രൊഫസര്‍ വിശദീകരിക്കുംപോലെ എല്ലാം പറഞ്ഞുതന്നു. ഒടുവില്‍ പറഞ്ഞു, മിസ്റ്റര്‍ ഹരീ, വി ആര് നോട് കാര്‍ഡിയോളജിസ്റ്റ്, വി ആര് ഓണ്‍ലി പ്ലംബേഴ്സ് ഓഫ് ഹാര്‍ട്ട്സ്. (ഹരീ, ഞങ്ങള്‍ ഹൃദയരോഗ ചികിത്സയിലെ വിദഗ്ധരല്ല, ഹൃദയത്തിന്റെ പൈപ്പുകള്‍ നന്നാകുന്നവര് മാത്രമാണ്) ആ സൂക്കേടിന്റെ ഗൗരവം ലഘുവാക്കുന്ന മനശാസ്ത്രപരമായ രീതി കൂടിയാണത്.
ചിട്ട, രീതി
ചുമതലയുള്ളപ്പോള്‍ എന്റെ ജീവിതരീതി ഒന്ന്. ഇല്ലാതായപ്പോള്‍ വേറെ രീതി. വൈവിധ്യങ്ങള്‍ കുറവല്ലേ ഇപ്പോള്‍. 2005-ലോ ഏഴിലോ ഒക്കെ ചുമതല വിട്ടില്ലേ. ഇപ്പം അഞ്ചരയ്ക്ക് എഴുന്നേല്ക്കും. ആറുമണിക്ക് ഏകാത്മതാ സ്തോത്രം ചൊല്ലും. അതുകഴിഞ്ഞ് ചായ കുടിക്കും, ആദ്യം ‘ജന്മഭൂമി’ വായിക്കും. പിന്നെ കുളിയും ജപവും. 40 മിനുട്ട് പ്രാര്‍ത്ഥനയും ജപിക്കും. അപ്പോഴേക്കും എട്ടുമണി. പ്രഭാത ഭക്ഷണം. പിന്നീട് ഹിന്ദു, ഇന്ത്യന്‍ എക്സ്പ്രസ് വായിക്കും. 9.30 മുതല്‍ പന്ത്രണ്ടുവരെ പഠനം, അല്ലെങ്കില്‍ എഴുതും. 12.30 ന് ഭക്ഷണം കഴിഞ്ഞ് ഉറങ്ങും. രണ്ടു മണിക്ക് ഉണരും. പിന്നെയും വായിക്കും. നേരത്തേ ചെയ്തതിന്റെ തുടര്‍ച്ചയായിരിക്കും ചിലപ്പോള്‍. മൂന്നുമൂന്നരയ്ക്ക് ചായ കിട്ടും. വൈകിട്ട് അഞ്ചരയ്ക്ക് ശാഖയില്‍ പോകും. പ്രാര്‍ത്ഥന കഴിഞ്ഞ് കുറച്ച് ദൂരം, ഭാസ്കരീയം വരെ നടക്കും. പിന്നെ രാത്രി, ഭക്ഷണം. രാത്രിയില്‍ ജനറല്‍ മാഗസിന്‍സ് വായിക്കും. ആര്‍ഷനാദം, ഹിരണ്യ, സത്സംഗം, പിന്നെ ഉത്തരേന്ത്യയില്നിന് വരുന്ന വിവിധഭാഷകളിലെ മാസികകള്‍ ഒക്കെ. ഒമ്പതര-പത്ത് മണിക്ക് ഉറങ്ങും. വൈകിട്ട് ഏഴു മുതല്‍ 10 വരെയാണ് ഫോണ്‍ വിളികള്‍. പലരും ഓഫീസിലായിരിക്കുമല്ലോ. ഇതിനിടയ്ക്ക് ആരു വന്നാലും സംസാരിക്കും, ഫോണ്‍ വിളിച്ചാലും എടുക്കും. ഞാനൊരിക്കലും തിരക്കിലല്ല. എനിക്ക് തിരക്കേയില്ല. അതാണെന്റെ ഇപ്പോഴത്തെ രീതി.
മുമ്പ് സംഘടനയുടെ പരിപാടികള്‍ നിശ്ചയിക്കും. അതനുസരിച്ച് യാത്ര, യാത്രാരീതി, സന്ദര്‍ശനം, സ്വയംസേവകരുടെ വീടുകള്‍ സന്ദര്‍ശനം. അതൊന്നും ഞാനല്ല നിശ്ചയിക്കുന്നത്. സംഘമാണല്ലോ. അന്നും അഞ്ചുമണിക്ക് എഴുന്നേല്ക്കുമായിരുന്നു. പതിന്നൊരവരെ സമയം കിട്ടുമായിരുന്നു വായിക്കാനൊക്കെ. ഉച്ചയ്ക്ക് മൂന്നുമണി കഴിഞ്ഞേ പരിപാടികള്‍ നിശ്ചയിക്ക്മായിരുന്നുള്ളൂ.
പ്രചാരക ജീവിതത്തില്‍ 1992 മുതല്‍ 2005 വരെ 16 വര്‍ഷം അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖായിരുന്ന കാലത്ത് രാജ്യത്ത് എവിടെയും ഒറ്റ പോഗ്രാം പോലും റദ്ദാക്കിയിട്ടില്ല. തീവണ്ടി കിട്ടിയില്ല, വൈകി തുടങ്ങിയ പ്രശ്നങ്ങള്‍പോലും എനിക്ക് ഉണ്ടായിട്ടില്ല. അതിനാല്‍ ഞാന്‍ പരിപാടി നിശ്ചയിച്ചാല്‍ ചെന്നെത്തുമെന്ന് പ്രാന്തപ്രചാരകന്മാര്ക്ക് ഉറപ്പായിരുന്നു. ഉദാഹരണത്തിന്, ഭാസ്കര്‍ റാവു മരിച്ച സമയത്ത് ജലന്ധറിലെ ഒ ടി സി പരിപാടിയിലായിരുന്നു. ശവദാഹത്തിന് എനിക്ക് എത്താനായില്ല. ഇന്നത്തെപ്പോലെ യാത്രാ സൗകര്യങ്ങളില്ലല്ലോ. അന്ന് എയര്‍ലൈന്‍സ് മാത്രമല്ലേ ഉള്ളൂ.
വിദേശത്ത് ഞാന്‍ പോയ സമയത്തും ഒരു പരിപാടിയും റദ്ദാക്കിയിട്ടില്ല. ഈ യാത്രകളിലൊക്കെ രണ്ടോ മൂന്നോ സമയത്തേ ഹോട്ടലില്‍ തമസിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം സ്വയംസേവകരുടെ വീട്ടിലാണ് താമസിച്ചിട്ടുള്ളത്. എല്ലായിടത്തും കാര്യാലയവുമില്ലല്ലോ. ഒരിക്കല്‍ കോട്ടയ്ക്കലില്‍ എത്തിയപ്പോള്‍ രാത്രി 10 മണി. അത്ര പരിചയമില്ല. സുരക്ഷിതമായി തോന്നിയില്ല. അതിനാല്‍ ഹോട്ടലില്‍ താമസിച്ചു. പിറ്റേന്ന് കാലത്ത് സ്വയംസേവകരെ കണ്ടെത്തി. വിമാനം തകരാറിലായപ്പോള്‍ ഒരിക്കല്‍ നേപ്പാളിലും ഭുവനേശ്വരിലും അവര്‍ ഹോട്ടലില്‍ താമസിപ്പിച്ചു. ബാക്കി വിദേശത്ത് പോയപ്പോഴും സ്വയംസേവകരുടെ വീട്ടില്‍ തന്നെയായിരുന്നു. എനിക്ക് ആവശ്യങ്ങളും കുറവ്. പഥ്യമൊന്നുമല്ല. ആകെ വെജിറ്റേറിയന്‍ ഭക്ഷണം ആകണമെന്നേയുള്ളൂ. അതും പ്രശ്നമല്ലല്ലോ. നോണ്‍ കഴിക്കേണ്ടന്ന് തീരുമാനിച്ചാല്‍ പോരെ. വേണ്ട എന്ന് പറഞ്ഞാല്‍ മതില്ലോ. പ്രത്യേകം തയ്യാറാക്കണ്ടല്ലോ. സ്വയംസേവകരുടെ വീടുകള്‍ അധികവും നോണ്‍ വെജിറ്റേറിയനാണ് കേരളത്തില്‍.
ആര്‍എസ്എസിന്റെ വിദേശ രാജ്യങ്ങളിലെ എച്ച്എസ്എസ് (ഹിന്ദു സ്വയംസേവക സംഘം) പ്രവര്‍ത്തനം വലുതാണ്. അഖണ്ഡഭാരതം, ഭൂപടത്തിലും ഭൂമിയതിര്ത്തിയിലും ഒതുങ്ങാതെ വിശ്വരൂപമായി ദര്‍ശിക്കാന്‍ വിദേശ രാജ്യങ്ങളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അറിയണം. ബാലിയും ബര്‍മയും പോലുള്ള കൊച്ചു രാജ്യങ്ങള്‍ മുതല്‍ അഞ്ച് വിശാല ഭൂഖണ്ഡങ്ങളില്വരെ ആര്‍എസ്എസ് പ്രചാരകനായി ആശയ പ്രചാരണത്തിന് ഹരിയേട്ടന് പോയിട്ടുണ്ട്. വിദേശ യാത്രകള്‍ വിനോദ സഞ്ചാരത്തിനുള്ള സൂത്രവഴികളല്ല ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍. ഒരു രാജ്യത്തെ പഠിക്കുക, സംസ്കാരം അറിയുക, അത് ഭാരതത്തിന്റെ ആത്മാവുമായി തുലനം ചെയ്ത് നോക്കുക, പഠിക്കേണ്ടത് പഠിക്കുക, ഭാരതത്തിനാണ് തൂക്കമെന്ന് അറിയുക, അറിയിക്കുക, എവിടെയുമുള്ള പ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രേരണയും കൂട്ടുന്നതാണിത്. വിദേശങ്ങളിലൂടെ നൂറു ശതമാനം സ്വദേശിയായ ഹരിയേട്ടന്…
വിദേശത്ത്
1991-ല്‍ അഖിലേന്ത്യാ തലത്തില്‍ ഭാരവാഹിയായതു മുതലാണ് യാത്ര തുടങ്ങിയത്. 2002-ലാണ് ശസ്ത്രക്രിയ. അതുവരെ തുടര്യാത്രകളായിരുന്നു. അതിനാല്‍ എത്രവട്ടം ഭാരതത്തിലെമ്പാടും യാത്ര ചെയ്തിട്ടുണ്ട് എന്നറിയില്ല. ലക്ഷദ്വീപിലും ആന്തമാനിലും ഒഴികെ ബാക്കി എല്ലായിടത്തും പലതവണ പോയിട്ടുണ്ട്. അവിടെ ആര്‍എസ്എസ് അല്ല എച്ച്എസ്എസ് ആണ്. ഹിന്ദു സ്വയംസേവക സംഘ്. വിദേശത്ത് അഞ്ച് ഭൂഖണ്ഡത്തിലും പോയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ അവിടത്തെ ഒ ടി സിയില്‍ 20 ദിവസം താമസിച്ചിട്ടുണ്ട്. എഞ്ചിനീയറിങ് കോളജിലെ ഡോ. ബാലകൃഷ്ണ നായരായിരുന്നു ക്യാമ്പ് അധികാരി. അവര്‍ നിശ്ചയിച്ച ഏഴെട്ട് പട്ടണങ്ങളില്‍ പോയിട്ടുണ്ട്. യൂറോപ്പില്‍ മൂന്നിടത്ത്, നെതര്‍ലാന്‍ഡ്സ്, ലിത്വാനിയ, ഇംഗ്ലണ്ട്. ആഫ്രിക്കയില്‍ മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയയില്‍ മെയിന്‍ സിറ്റികളില്‍ എല്ലാം പോയി. പിന്നെ നേപ്പാള്‍, ബര്‍മ, സിംഗപ്പൂര്‍, ഹോങ്കോങ്, മലേഷ്യ, ഇന്തോനേഷ്യ, ന്യൂസിലന്‍ഡ്, ഫിജി എന്നിവിടങ്ങളില്‍ പോയിട്ടുണ്ട്. അമേരിക്കയില്‍ 26 സ്റ്റേറ്റ്സില്‍ പോയി. ഗള്‍ഫ് രാജ്യങ്ങളിലും പോയിട്ടുണ്ട്.
ഇന്തോനേഷ്യയിലെ ബാലിയില്‍ പോയിട്ടുണ്ട്. അമേരിക്കയിലും ഇംഗ്ലണ്ടിലും ഒഴികെ ബാക്കി മിക്ക സ്ഥലങ്ങളിലും ഹിന്ദിയാണ് സംസാരിക്കേണ്ടിവന്നത്.
നെതര്‍ലന്‍ഡില്‍ സുദിനാമില്നിന്ന് പലായനം ചെയ്ത് എത്തിയ ഹിന്ദുക്കളായിരുന്നു. അന്ന് ഡച്ച് ഗയാന. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പുറമേ നിന്നുള്ളവരെയൊന്നും വേണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഡച്ച് പാസ്പോര്‍ട്ട് ഉള്ളവരെല്ലാം ഡച്ചില് പോയി. ഹിന്ദുക്കള്‍ക്ക് ഹോളണ്ട് ഭാഷ മാത്രമേ അറിയാമായിരുന്നുള്ളൂ. അവര്‍ ഹോളണ്ടില്‍ പോയി. അവര്‍ക്കിടയില്‍ നമ്മുടെ പ്രവര്‍ത്തനം നടക്കുന്നു. ഇംഗ്ലീഷ് അറിയില്ല. ബൗദ്ധിക്കില്‍ ഭോജ്പുരി കലര്‍ന്ന ഹിന്ദിയില്‍ സംസാരിച്ചു. ഇംഗ്ലീഷ് കൊണ്ട് ഫലമില്ല. ഹിന്ദു സ്വയംസേവക സംഘുകാര്ക്ക് മൊറീഷ്യസില്‍ ഫ്രഞ്ചും ഭോജ്പുരിയും ചേര്‍ന്ന ഭാഷയാണ്. ദക്ഷിണാഫ്രിക്കയില്‍ ഇംഗ്ലീഷ് ഭാഷയാണ് പൊതുവായി.
ബാലിയില്‍ ഞാന്‍ പോയ സമയം സംഘപ്രവര്ത്തനമില്ല. പോകുന്ന ആദ്യ ആര്‍എസ്എസ് പ്രചാരകനാണ്. ഭാഷയൊന്നുമറിയില്ല. ഹോട്ടലില്‍ താമസിക്കേണ്ടിവന്നു. ഞാന്‍ കുളിയൊക്കെ കഴിഞ്ഞ്, ചന്ദനപ്പൊട്ടൊക്കെ തൊട്ട്, ഹോട്ടല്‍മുറി പൂട്ടി താക്കോല്‍ റിസപ്ഷനില്‍ താക്കോല്‍ കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞു, ഞങ്ങള്‍ മുറി പൂട്ടാറില്ല, ഇവിടെ മോഷണം നടക്കാറില്ല. അതിനാല്‍ പൂട്ടാതെ താക്കോല്‍ തന്നാല്‍ സ്വീകരിക്കാമെന്ന്. പിന്നെ ഞാന്‍ പോയി മുറി തുറന്നിട്ട് വാതില്‍ അടച്ച് താക്കോല്‍ കൊടുത്തു. രസകരമായി ആ സംഭവം. അവര്‍ക്ക് ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ല. അത്യാവശ്യം ‘യു, ഐ’ ഒക്കെ പറയാനാകും. ഒരാള്‍ എന്നെ കണ്ട് ചോദിച്ചു. യു ഹിന്ദു. ഞാന്‍ ‘യെസ്’ പറഞ്ഞു. അയാള്‍ ഐ ഹിന്ദു പറഞ്ഞു. ഞാന്‍ നമസ്തേ പറഞ്ഞു. പിന്നീട് ഒരു വിദ്യാര്‍ത്ഥിയെ കൂട്ടിന് കിട്ടി. അയാള്‍ക്ക് ഇംഗ്ലീഷ് ഒപ്പിക്കാം. അയാള്‍ പറഞ്ഞു, ഇവിടെ നമസ്തേ ഇല്ല, ‘സ്വസ്ത്യസ്തു’ എന്ന് പറയണം, തിരികെ ‘ശാന്തിഃ ശാന്തിഃ’ എന്ന് മറുപടി കിട്ടും. പെട്ടെന്ന് ഞാനത് മനസിലാക്കി. എന്നെ കണ്ട് സംസാരിക്കാന്‍ ശ്രമിക്കുന്നവരോട് ഞാന്‍ സ്വസ്ത്യസ്തു പറഞ്ഞു, അവര്‍ ശാന്തി ശാന്തിയും. ഞാനങ്ങനെ വിദഗ്ദ്ധനായി, ശ്രദ്ധിക്കപ്പെട്ടു.
ഹോട്ടലില്‍ സസ്യാഹാരമൊന്നുമില്ല. ഒരു വസ്തുവും. പിന്നെ രണ്ടുദിവസം ബ്രഡും പാലും മാത്രം കഴിച്ചു കഴിഞ്ഞു. എയര്‍ ഹോസ്റ്റസുമാര്‍ എന്നെ കണ്ടപ്പോള്‍ നെറ്റിയിലെ പൊട്ട് കണ്ട് ഹിന്ദു, എന്ന് ചോദിച്ച് വീ ഹിന്ദു പറയുമായിരുന്നു. ഞാനവരോടൊക്കെ സ്വസ്ത്യസ്തു പറഞ്ഞു, അവര്‍ ശാന്തി ശാന്തിയും. അവിടത്തെ ഹിന്ദുക്കള്‍ മറ്റെങ്ങും നിന്ന് വന്നതല്ല. അവിടത്തുകാര്‍ തന്നെ. അവിടെ എല്ലാ വീട്ടിലും കൊച്ചുകൊച്ച് അമ്പലങ്ങളുണ്ട്. അതെല്ലാം പൂര്‍വിക സ്മാരകങ്ങളാണ്. വലിയ അമ്പലമുണ്ട്. അവിടെ ശിവനും വിഷ്ണുവുമൊക്കെയുണ്ട്. അമ്പലത്തില്‍, പൂജാദ്രവ്യങ്ങള്‍ ആളുകള്‍ നിക്ഷേപിക്കും. അതെല്ലാം കൂടെ ഒന്നിച്ചിട്ട് പാചകം ചെയ്ത് പ്രസാദമാക്കും. അതില്‍ കോഴിമുട്ടയൊക്കെ കണ്ടിരുന്നു, പക്ഷേ രണ്ടുദിവസമേ നില്‍ക്കാനായുള്ളൂ. ഞാന്‍ ഭാരതത്തില്‍ വന്ന് സംഘത്തിന് റിപ്പോര്‍ട്ട് ചെയ്തു. ഭാരതത്തിലെ ഹിന്ദുവിസം കാലാനുസൃതമായി പരിഷ്കൃതമാണ്. വിവേകാനന്ദനും ശങ്കരനും മാധ്വനും രംഗനാഥാനന്ദയും നിവേദിതയും മറ്റും മറ്റും കാരണം. പക്ഷേ അവിടെ അങ്ങനെയല്ല. അവിടത്തെ ഹിന്ദുത്വം കാലികമാക്കണമെന്ന് ഞാന്‍ റിപ്പോര്‍ട്ടില്‍ എഴുതി.
നമ്മുടെ ഹിന്ദു സംന്യാസിമാര്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും യൂറോപ്പിലും ഒക്കെ പോകുന്നു. പ്രസംഗിക്കുന്നു, പ്രവര്‍ത്തിക്കുന്നു. പക്ഷേ ബാലിപോലെയുള്ള സ്ഥലങ്ങളില്‍ ആരും പോകുന്നില്ല. അവിടങ്ങളില്‍ പോയി പ്രവര്‍ത്തിക്കണം. ഇപ്പോള്‍ അവിടെ മൂന്നു നാലിടങ്ങളില്‍ ശാഖയൊക്കെ തുടങ്ങിയിട്ടുണ്ട്.
സിഡ്നിയില്‍ ഒരു ബൈഠക്കില്‍ ട്രവല്‍ എന്നൊരു സായ്വ് വന്നിരുന്നു. അദ്ദേഹം പലതും ചോദിച്ചു. ഏതൊക്കെ സംന്യാസിമാര്‍ വന്നിട്ടുണ്ട് എന്ന് എന്ന് ഞാന്‍ ചോദിച്ചു. രംഗനാഥ സ്വാമി മാത്രമാണ് ചെന്നത്. ട്രവല്‍ പറഞ്ഞു, നിര്‍ഭാഗ്യത്താല്‍ ഞങ്ങള്‍ ലോകത്തിന്റെ ഒരു മൂലയിലാണ് എന്ന്. വാസ്തവത്തില്‍ എല്ലാവരും ചിന്തിക്കേണ്ട വിഷയമാണത്. സിലോണിലും ബര്‍മയിലും മാത്രമാണ് പാരമ്പര്യ ഹിന്ദുത്വം നിലനില്‍ക്കുന്ന വിദേശ രാജ്യങ്ങള്‍. അവിടെ ആര് പോയിട്ടുണ്ട് പ്രചാരണത്തിന്. പോകേണ്ടതല്ലേ.
ആസ്ട്രേലിയയില്‍ ആഷ് ഫീല്‍ഡ് എന്ന ഒരിടത്ത് ശാരദാമഠം തുടങ്ങിയിട്ടുണ്ട്. അത് രംഗനാഥാനന്ദ സ്വാമി തുടങ്ങിയതാണ്. തൃശൂര്‍ ശാരദാമഠത്തില്‍ നിന്ന് ഒരു സംന്യാസിനിയെ അവിടെ അയച്ചാണ് തുടങ്ങിയത്. അജയപ്രാണയാണ് ആ സംന്യാസിനി. ഞാന്‍ കണ്ടുസംസാരിച്ചു. എറണാകുളത്ത് ചിറ്റൂരുകാരിയാണ്. ഇപ്പോള്‍ മടങ്ങി, തിരുവനന്തപുരത്തുണ്ട്. ബ്രഹ്മകുമാരീസ് ഗ്രൂപ്പിനും ഒരു ആശ്രമമുണ്ട്. ഹിന്ദു സ്വയംസേവക സംഘും.
ആസ്ട്രേലിയയില്‍ വോലാംഗ് കോങ് എന്ന് ഒരു സ്ഥലമുണ്ട്. ഭാരത്തതിലെ വിനായക ചതുര്‍ഥി കഴിഞ്ഞുവരുന്ന ഞായറാഴ്ച, അവിടെ ഹിന്ദുക്കളെല്ലാം ഒരുമിച്ച് ചേര്‍ന്ന് ഗണേശ ചതുര്ഥിയാഘോഷിക്കും. ആറായിരം പേരുണ്ടാവും. അന്ന് മുഴുവന്‍ അവിടെ കൂടും. വൈകിട്ട് വിഗ്രഹം നിമജ്ജനം ചെയ്ത് പിരിയും. വലിയ ക്ഷേത്രമാണ്. എല്ലാ ദേവീദേവന്മാരുമുണ്ട്. ദൈവങ്ങളുടെ സാംഘിക്കാണ്. അയ്യപ്പന് മാത്രം ഇല്ലെന്ന് തോന്നുന്നു. സാധിക്കും. മലയാളികള്‍ ധാരാളം ഉണ്ട്.
ഭൂപത്ഷായായിരുന്നു എന്റെ ഇന്‍ചാര്‍ജ്. അവിടെ പോയി സംസാരിച്ച സമയത്ത് പാര്‍ലമെന്ററി ഡലിഗേഷന്റെ ഭാഗമായി അവിടെ എത്തിയപ്പോള്‍ അടല്‍ജി (അടല്‍ബിഹാരി വാജ്പേയി) ഗണേശ ചതുര്‍ത്ഥിയില്‍ പങ്കെടുത്തുവെന്ന് അവര്‍ പറഞ്ഞു. എനിക്ക് അഭിമാനം തോന്നി.
നെറ്റിയില്‍ ചന്ദനപ്പൊട്ടിട്ട്, വെളുപ്പുടുത്ത്, ചിട്ടയില്‍ കാര്യങ്ങള്‍ ചെയ്ത്, സംസ്കൃതത്തിന്റേയും പൈതൃകത്തിന്റേയും മഹത്വം പറഞ്ഞും നടക്കുന്ന പഴഞ്ചന്മാരെന്നാണ് ചിലര്‍ ആര്‍എസ്എസിനേയും പ്രവര്‍ത്തകരേയും ആക്ഷേപിക്കുന്നത്. വിദേശികള്‍ നാളുകള്‍ മുമ്പുപേക്ഷിച്ച പരിഷ്കാരമാണ് അത്തരക്കാര്‍ക്ക് പഥ്യം. ഹിന്ദുത്വം അവര്‍ക്ക് അസംബന്ധം. ഇന്ത്യത്വം അസഹിഷ്ണുതയും. ജാതിക്കും മതത്തിനും അപ്പുറം ഹിന്ദുത്വം കാണാനും സാധിക്കാനും പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ചുമലില്‍, ചിലെടങ്ങളില്‍ ഉണ്ടാകുന്ന അനിഷ്ട സംഘവങ്ങളുടെ ഉത്തരവാദിത്തം ഏറ്റിക്കൊടുക്കാന്‍ അക്കൂട്ടര്‍ മത്സരിക്കും. പക്ഷേ, ഹരിയേട്ടനേപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ തമസ്കരിക്കും. അവസരം കിട്ടിയാല്‍ കുപ്രചാരണം നടത്തും. ഹിന്ദു നേതാവായ ഹരിയേട്ടന്റെ ചില ‘ജാതി ചിന്തകള്‍’ ഇങ്ങനെ:
ജാതിരഹിത ഹിന്ദു
ജാതിരഹിത ഹിന്ദുമതം ആദ്യം കാണുന്നത് മൊറീഷ്യസിലും ദക്ഷിണാഫ്രിക്കയിലുമാണ് എന്റെ അറിവില്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ അടിമത്തം മാറ്റിയപ്പോള്‍, പതിനെട്ടാം നൂറ്റാണ്ടിലോ മറ്റോ ആണ് അഞ്ചുതലമുറ മുമ്പ് ആദ്യ ഇന്ത്യക്കാര്‍ അവിടെയെത്തിയത്. ഇന്നത്തെ ആളുകള്‍ക്ക് അവരുടെ പൂര്‍വികര്‍ ആരാണെന്നും എവിടുത്തുകാരാണെന്നും ഒന്നും അറിയില്ല. ആനന്ദ് എന്ന ഒരു സ്വയംസേവകന് പറഞ്ഞു, ബീഹാറില്‍നിന്നാണ് എന്ന് കേട്ടിട്ടുണ്ടെന്ന് അയാളുടെ ഭാര്യ പറഞ്ഞു വില്ലുപുരത്തുനിന്നാണെന്ന്. പക്ഷേ അവര്‍ക്കാര്‍ക്കും അവരുടെ ജാതി ഏതെന്നറിയില്ല. ഇന്ത്യയില്‍ നിന്ന്, അല്ലെങ്കില്‍ യുപിയില്‍നിന്ന്, ബീഹാറില്‍നിന്ന് എന്ന് മാത്രമറിയാം. എല്ലാം വീടുകള്‍ക്കു മുന്നിലും ഹനുമാന്റെ പ്രതിമ വച്ചിട്ടുണ്ട്. ഒരു കാവിക്കൊടിയും. ഫ്രഞ്ചിന്റെയും ഭോജ്പുരിയുടെയും സങ്കരമായ ‘ക്രിയോള്‍’ ആണ് ഭാഷ. ഹിന്ദി എല്ലാവര്ക്കും അറിയാം. 21 ദിവസം അവിടെ താമസിച്ചു. ഹിന്ദി അക്കാദമിയുണ്ട്. അവര്‍ക്ക് മതം ഹിന്ദു എന്നറിയാം, ജാതി അറിയില്ല. ഇതുപോലെയാണ് ദക്ഷിണാഫ്രിക്കയില്‍, ദര്‍ബാന്‍, ജോഹനാസ്ബര്‍ഗ് എന്നിവിടങ്ങളിലും. അപ്പോള്‍ ജാതിരഹിത ഹിന്ദു സമൂഹം സാധ്യമോ എന്ന് ചോദിച്ചാല്‍ സാധിക്കും മൊറീഷ്യസില്‍ പോകൂ കാണാം എന്നാണ് മറുപടി. ഫിജിയില്‍ ഗുജറാത്തികളും ആഗ്രയില്‍നിന്നുള്ള ഡോക്ടര്‍മാരും. അവിടെ ആര്യസമാജക്കാര്‍ നല്ലതുപോലെയുണ്ട്.
ഭാരതത്തിന്റെ തുടര്‍ച്ചയാണ് നേപ്പാള്‍. നേപ്പാളിനെക്കുറിച്ച് മനസ്സിലാക്കാന്‍ എളുപ്പമാണ്. കേരളം നീളത്തിലാണല്ലോ. 700-750 കിലോമീറ്റര്‍ നീളം, 60-70 ശരാശരി വീതി. ഈ കേരളം എടുത്ത് സമാന്തരമായി വയ്ക്കുക. ഏതാണ്ട് നേപ്പാളായി. ഇവിടെ ഏറ്റവും കിഴക്ക് ഹൈറേഞ്ച്, അതിന് താഴെ മിഡില്‍ റേഞ്ച്, അതിന് താഴെ തീരപ്രദേശം. നേപ്പാളില്‍ ഹിമാല്‍, പഹാഡി, ടെറായി, ഇവിടത്തെ ഏലം, റബ്ബര്‍, തെങ്ങ് വളരുന്ന പ്രദേശംപോലെ. അവര്‍ക്ക് വ്യത്യസ്ത ആരാധനയാണ്. എല്ലാവരും ഹിന്ദുക്കളാണ്. ബ്രാഹ്മണരെല്ലാം മാംസാഹാരികളാണ്. കൂടുതല്‍ ഞാന്‍ പഠിച്ചിട്ടില്ല.
നേപ്പാളിലെ എച്ച്എസ്എസ് പ്രചാരകന് കൊച്ചിയിലുള്ള കാര്യവും അദ്ദേഹത്തോട് സംസാരിച്ച് നേപ്പാളിനെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ചും ജന്മഭൂമിയില് വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന്റെ ഗുണത്തേക്കുറിച്ചും ഹരിയേട്ടന് പറഞ്ഞു.
സംവരണത്തെപ്പറ്റി
ജാതിരഹിത ഹിന്ദുത്വം വലിയ ഒരു വിഷയമാണ്. സംവരണം തുടങ്ങിയല്ലോ. അത് നിലനില്ക്കാന് ജാതി വേണം. സംവരണം വഴി പോലീസ് തലപ്പത്തോ ജഡ്ജി പദവിയിലോ ഒരാള്‍ എത്തിയെന്ന് വിചാരിക്കുക. ജാതികൊണ്ടാണ് എനിക്കത് കിട്ടിയത്, എന്റെ അച്ഛന് കിട്ടിയത് എന്ന് തോന്നും. അപ്പോള്‍ ജാതി പോകാതിരിക്കാനാണ് സംവരണം എന്ന മനഃശാസ്ത്രം. ഇന്ത്യയിലെമ്പാടും വിവാഹപരസ്യത്തില്‍ ജാതിയും മതവും പറയില്ല, ഞങ്ങള്‍ മതേതര രാജ്യമാണ് എന്ന് പറയാന്‍ ആര് തയാറാകും. ‘ജന്മഭൂമി’ പോലും ആ നിലപാടിനെ എതിര്‍ക്കും. ‘കേസരി’ ആ പരസ്യം തുടങ്ങിയാല്‍ അവരും ജാതിപറച്ചില്‍ തുടരും. സമൂഹത്തിന് ആദര്‍ശബോധം വരണ്ടേ, കൊടുക്കണ്ടേ?
ഞാന്‍ മുഴുവന്‍ വിവാഹപരസ്യവും നോക്കും. മലയാള മനോരമ ആദ്യം ക്രിസ്റ്റ്യന്‍സിന്റെ കൊടുക്കും. അതില്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ. പിന്നെ അവാന്തര വിഭാഗത്തിന്റെ. ഹിന്ദുക്കളുടെ കൊടുക്കുമ്പോള്‍ നമ്പൂതിരി, നായര്‍, ഈഴവ, വിശ്വകര്‍മ, അതില്‍ തട്ടാന്‍, കൊല്ലന് എന്നെല്ലാം. വിവാഹമോചനം നേടിയവരാണെങ്കില്‍ മതവും ജാതിയും ഒരു വിലക്കുമില്ല എന്നെഴുതും. അവര്‍ക്ക് പെണ്ണ് അല്ലെങ്കില്‍ ആണ് കിട്ടിയാല്‍ മതി. മുസ്ലിമിന്റെയായാല് ദത്തുമാവാം എന്ന് എഴുതും. എന്താണതെന്നോ. വിവാര മോചിതരാണെങ്കില് ചിലപ്പോള്‍ സ്ത്രീയ്ക്ക് കുട്ടിയുണ്ടാകാം. അപ്പോള്‍ കുട്ടിയേയും സംരക്ഷിക്കാമെന്നാണതിനര്ത്ഥം. നമ്പൂതിരിമാരുടെ പരസ്യത്തില്‍, ‘ശുദ്ധജാതകം’ എന്ന പ്രശ്നമുണ്ട്. അവരുടെ പരസ്യത്തില്‍ ‘ശാന്തിക്കാരനുമാകാം’ എന്ന് കാണും. ഞാനത് ഏറെ അന്വേഷിച്ചു. അതായത് വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്ക് ശാന്തിക്കാരന് വേണ്ട. ശാന്തിക്കാരനാണ് ഭര്‍ത്താവെങ്കില്‍ ഭാര്യയ്ക്ക് ഒന്നിനും ഒപ്പം കിട്ടില്ല. ദാമ്പത്യജീവിതം ശരിയായി കിട്ടില്ല. ഇതൊരു സാമൂഹ്യപ്രശ്നമാണ്. നിവൃത്തിയില്ലാതെ വരുമ്പോള്‍ ശാന്തിക്കാരനുമാവാം, ദത്താവാം, ജാതിയും മതവും വേണ്ട. മറ്റ് സംസ്ഥാനങ്ങളില്‍ പോയാലും സാമൂഹ്യക്രമം മനസിലാക്കാന്‍ ഞാന്‍ അത് ഭാഷകളില്‍ ഈ കല്യാണ പരസ്യം നോക്കും.
താഴ്ന്ന ജാതിക്കാരന്റെ മകള്‍ ഉയര്‍ന്ന ജാതിക്കാരന്റെ മകനെ വിവാഹം കഴിച്ചാല്‍ വലിയൊരു കാര്യമായി പറയും. മറിച്ചാണെങ്കില്‍ രഹസ്യമായി വയ്ക്കും. അങ്ങനെ നോക്കുമ്പോള്‍ ജാതിരഹിത സമൂഹം നമ്മുടെ ചക്രവാളത്തില്‍ കാണുന്നില്ല. മരണത്തിലും ഇതാണ്. ശവം സംസ്കരിക്കാന്‍ സമ്മതിക്കുന്നില്ല. യേശുക്രിസ്തു, ബൈബിള്‍ വിശ്വാസം ഒക്കെ ഒന്നാണ്. പക്ഷേ ശവം സംസ്കരിക്കാന്‍ സമ്മതിക്കുന്നില്ല.
ചുമതലകളില്‍
1951-ല്‍ പറവൂരില്‍ പ്രചാരകായി.
52-ല്‍ ആലുവ. പക്ഷേ കേന്ദ്രം അവിടെയാണെന്നു മാത്രം.
53-ല്‍ തൃശൂരില്‍ ആയി. അപ്പോഴും പറവൂരിലും ആലുവായിലും പോകണം.
55-ല്‍ പാലക്കാട് കേന്ദ്രമാക്കി. അപ്പോഴാണ് കേരളത്തില്‍ ജില്ലയുണ്ടായത്. അങ്ങനെ ജില്ലാ പ്രചാരകായി. ഭാസ്കര്‍ റാവു ജില്ലാ പ്രചാരകായി കോട്ടയത്തു പോയത്. അന്നും കേരളമല്ലായിരുന്നു. മദ്രാസായിരുന്നു പ്രാന്തം. ദത്താജി ഡിഡോല്‍ക്കര്‍ പ്രാന്തപ്രചാരക്. പരമേശ്വര്‍ജി കോഴിക്കോട് ജില്ല. മാധവ്ജി കൊല്ലം, തിരുവനന്തപുരം പ്രചാരക്. പിന്നീട് ജില്ലകള്‍ കൂടി. ഏഴുവര്‍ഷം ഞാന്‍ പാലക്കാട്ടായിരുന്നു.
1962-ല്‍ മൂന്നു നാലു ജില്ലകള്‍ കൂടിയിട്ട് വിഭാഗുകള്‍ വന്നു. കേരളം ഉത്തര കേരളം ദക്ഷിണ കേരളം എന്ന് രണ്ടാക്കി. ഉത്തരകേരളത്തിലെ പ്രചാരക് മാധവ്ജി, ദക്ഷിണ കേരളത്തിന്റേത് ഞാന്‍. വിഭാഗ് പ്രചാരക് എന്ന നിലയില്‍ സെന്റര്‍ കോട്ടയം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍. വിഭാഗ് പ്രചാരകായി 1974 വരെ. 12 വര്‍ഷം.
വിഭാഗുകളുടെ എണ്ണം കൂടി, അടിയന്തരാവസ്ഥ വരുമ്പോള്‍ ഞാന്‍ (75 ല്‍) കോഴിക്കോട് പ്രചാരക്. 1979-ല്‍ പ്രാന്ത ബൗദ്ധിക് പ്രമുഖ്. അതിനു മുമ്പ് മാധവ്ജി ആയിരുന്നു. എനിക്കും മാധവ്ജിക്കും അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ പ്രാന്ത ചുമതലയായി. എം.എ. സാര്‍ കേസരി, വേണുവേട്ടന് ബിഎംഎസ്, പരമേശ്വര്‍ജി ജനസംഘം.
മാധവ്ജി പിന്നീട് പ്രാന്തീയ സമ്പര്‍ക്കത്തിലായി. ഞാന്‍ ബൗദ്ധിക് പ്രമുഖായി. രണ്ടു മൂന്നു വര്‍ഷം. 1980-ല്‍ സഹപ്രാന്ത പ്രചാരകായി. 1983-ല്‍ പ്രാന്തപ്രചാരക് 94 വരെ; പതിനൊന്നു വര്‍ഷം. 94 വരെ ബൗദ്ധിക് പ്രമുഖുമാണ്. 94-ല്‍ എന്നെ പ്രാന്ത പ്രചാരക് സ്ഥാനത്തുനിന്ന് ഒഴിവാക്കി. സേതുവേട്ടനായി. ഞാന്‍ പ്രാന്ത പ്രചാരകയായിരിക്കുമ്പോഴും ആ സ്ഥാനത്ത് കാര്യങ്ങള്‍ നോക്കിയത് സേതുവേട്ടനായിരുന്നു. 1992 ഒക്കെയാകുമ്പോള്‍ ഞാന്‍ കേന്ദ്രം മുംബൈയുമാക്കി.
1990-ല്‍ അഖിലഭാരത സഹബൗദ്ധിക് പ്രമുഖ് ഒപ്പം പ്രാന്തപ്രചാരകും. 1991 മുതല്‍ 94 വരെ പ്രാന്തപ്രചാരക് ആണ്, അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖും. 95, 96 കഴിഞ്ഞപ്പോള്‍ അഖിലേന്ത്യാ തലത്തിലുള്ള ആളുകള്‍ക്ക് ഓരോരോ മേഖലയുടെ ചുമതല കൊടുത്തു. മോഹന്‍ജി ഭാഗവത് ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്നുവെങ്കിലും യൂറോപ്പ്, ഇംഗ്ലണ്ട് ചുമതലയായിരുന്നു. മദന്‍ജിക്ക് അമേരിക്കന്‍ ചുമതല. എനിക്ക് ഏഷ്യ, ആസ്ട്രേലിയ ഭൂഖണ്ഡ ചുമതല. ആഫ്രിക്കയും മോഹന്ജിക്കായിരുന്നു. മാരാര്‍ജി മരിച്ച ദിവസം ഞാന്‍ മലേഷ്യയിലായിരുന്നു.
എളമക്കര പ്രാന്തകാര്യാലയമാകുന്നത് 1975 ലാണ്. അന്നും കാര്യാലയം ടിഡി റോഡിലായിരുന്നു. ഗൃഹപ്രവേശം നടത്തി എന്നേ ഉള്ളൂ. താഴത്തേത് മാത്രമേ താമസയോഗ്യമായിരുന്നുള്ളൂ. അപ്പോഴാണ് അടിന്തരാവസ്ഥ. കഴിയുംവരെ പൂട്ടിയിട്ടിരുന്നു. ടിഡി റോഡിലെ കെട്ടിടത്തിന്റെ ഉടമസ്ഥനെക്കൊണ്ട്, ആര്‍എസ്എസുകാര്‍ മാറി അതുകൊണ്ട് കെട്ടിടം റീപൊസസ് ചെയ്യാന്‍ വേണ്ടി അനുമതി നല്‍കണമെന്ന് അധികാരികള്‍ക്ക് അപേക്ഷ കൊടുപ്പിച്ചു. അതുകൊണ്ട് അടിയന്തരാവസ്ഥ കഴിയുംവരെ കെട്ടിടം നമ്മുടെ കൈയിലായിരുന്നു. ഞാനും സി.കെ. ശ്രീനിവാസനും (ഇപ്പോള്‍ കണ്ണൂര്‍ വിഭാഗ് സഹ സംഘചാലക്) ഇടയ്ക്ക് അവിടെ ഉറങ്ങുമായിരുന്നു.
രാ. വേണുഗോപാല്‍
വേണുവേട്ടന്റെ അമ്മയുടെ മാല, വീട്ടിലെ വീതം വയ്പ്പൊക്കെ നടത്തിയപ്പോള്‍ വേണുവേട്ടന് കൊടുത്തു. അത് പുതിയ കാര്യാലയത്തിലായിപ്പോയി. പോലീസ് സീല്‍ വച്ചു. പുറത്ത് കാവല്‍. അത് എടുക്കണമെന്ന് തീരുമാനിച്ചു. കച്ചവടക്കാരനായ മറ്റൊരു വേണു രാത്രി പിന്നില്‍ കൂടി വന്ന് കയറി, അകത്ത് കടന്ന് വേണുവേട്ടന്റെ സ്യൂട്ട്കേസ് ഒക്കെ തുറന്ന് മാലയെടുത്ത് വേണുവേട്ടന് കൊടുത്തു; പോലീസുകാര്‍ പുറത്ത് കാവല്‍ കിടക്കുമ്പോള്‍ സാഹസികമായി. അടിയന്തരാവസ്ഥ കഴിഞ്ഞ് ബാളാ സാഹേബ് ദേവറസ് സന്ദര്‍ശിക്കുന്നു എന്നറിഞ്ഞപ്പോള്‍ വേഗം കെട്ടിടം പണി തീര്‍ത്തു. താമസമാക്കിയത് 77 മുതലാണ്.
കേരളം രൂപീകരിച്ചശേഷം ആദ്യ ഒ ടി സി കാലടിയിലാണ്, 1965-ല്‍. കേരളപ്രാന്തം 1964-ല്‍ പ്രഖ്യാപിച്ചു. അന്ന് ഭാസ്കര്‍ റാവുവാണ് പ്രാന്തപ്രചാരക്. രണ്ട് സംസ്ഥാനങ്ങളുടെയും ഒ ടി സി 1964 മേയ് മാസം കോയമ്പത്തൂരില്‍ നടക്കുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു മരിച്ചത് ആ വര്‍ഷമാണ്. ആദ്യ കേരള ഒ ടി സിയില്‍ 167 അല്ലെങ്കില്‍ 168 പേരായിരുന്നു. പി.പി. മുകുന്ദന് ആദ്യ ബാച്ചിലാണ്. റൂട്ട് മാര്‍ച്ചില്‍ മുകുന്ദനാണ് ധ്വജം വഹിച്ചിരുന്നത്. എം.പി. ബാലന്, എം. ഗോപിനാഥന് ഒക്കെ ഉണ്ടാക്കിയിരുന്നു.
അഞ്ച് സര്സംഘചാലകന്മാര്ക്കൊപ്പം ഗുരുജി, ബാലാഹേബ്, രജ്ജു ഭയ്യ, സുദര്‍ശന്‍ജി, മോഹന്‍ജി അഞ്ച് സര്സംഘചാലകന്മാര്ക്കൊപ്പമുള്ള അനുഭവങ്ങള്‍ എഴുതിയാല്‍ത്തന്നെ എത്രയുണ്ടാകും; എത്ര അനുഭവങ്ങള്‍!! ചെറുതല്ലല്ലോ!!! പ്രധാനമല്ലേ.
യോജക് വര്‍ഗ് എന്ന പേരില്‍ ഒ ടി സിപോലെ ഒന്ന് സംഘത്തില്‍ നടക്കുന്നുണ്ട്. ഇത് അഞ്ചാം വര്‍ഷമാണ്. ഇപ്പോള്‍ പ്രവര്‍ത്തനത്തിന്റെ മാനം വര്‍ധിച്ചു. 25 കൊല്ലം മുമ്പത്തെ പ്രവര്‍ത്തനമല്ല. അപ്പോള്‍ ഇതൊക്കെ ആസൂത്രണം ചെയ്യുന്നവര്‍ക്ക് പരിശീലനവും ദിശാബോധവും പ്രവര്‍ത്തനം പുതുക്കലും വേണം. ഇവര്‍ യോജകരാണ്, പ്ലാനേഴ്സ്. മുഴുവന്‍ ഭാരതത്തിലേയും ക്ഷേത്രീയ-പ്രാന്തീയ പ്രവര്‍ത്തകര്‍ക്കും പരിശീലനം കൊടുക്കണം എന്ന് തീരുമാനിച്ച് നടത്തുന്നതാണ് യോജക് പ്രവര്‍ത്തനം. നാലുവര്‍ഷംകൊണ്ട് മുഴുവന്‍ പേര്‍ക്കും; പ്രാന്തീയ പ്രവര്‍ത്തകര്‍ ആയിരം, മറ്റുള്ളവര്‍ 200. അങ്ങനെ ഒരു ടീമില്‍ 300 പേര് വീതം ഒരുവര്‍ഷത്തെ ക്ലാസില്‍. ആ യോജക് വര്‍ഗില്‍ അഞ്ച് ദിവസം സംസാരിക്കണം. 2015-ല്‍ തുടങ്ങി. ഇത് നാലാമതത്തേത്. ആദ്യത്തേതിലും നാലാമത്തേതിലും അഞ്ച് വിഷയങ്ങളില്‍ സംസാരിക്കാന്‍ എന്നെ വിളിച്ചു. ‘പഥിക്, പാഥേയ്’ എന്ന പേരില്‍ സംഘം അത് ഹിന്ദിയില്‍ പുസ്തകമാക്കി. അതിന് അവതാരിക എഴുതിയിരിക്കുന്നത് പൂജനീയ മോഹന്‍ജി തന്നെയാണ്. മറ്റ് എല്ലാ ഭാഷകളിലും അത് വിവര്‍ത്തനം ചെയ്തു. ജ്ഞാനം, സ്ഥിരമനസ്, കര്‍ത്തവ്യബോധം, സ്നേഹം, ഭക്തി, കര്‍മം, സമര്‍പ്പണം എന്നിങ്ങനെയായിരുന്നു പത്ത്വിഷയങ്ങള്. അതാണെന്റെ ഏറ്റവും പുതിയ പുസ്തകം.
നമ്മുടെ നല്ല ഒരു പ്രവര്ത്തകന് എല്ലാം അറിഞ്ഞിരിക്കണം. ഭരണഘടന, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങള്‍ അറിയണം. സ്വയംസേവകരായിരിക്കാം, ചിലര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍, തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തില്‍ ഒക്കെക്കൂടി വന്നവരുമാകാം. നേരിട്ട് സംഘപ്രവര്‍ത്തനത്തിലൂടെ അല്ലാതെ വരുന്നവര്‍ ചില അവസരത്തില്‍ പെട്ടെന്ന് കേടായിപ്പോകാന്‍ സാഹചര്യങ്ങളുണ്ട്. കൃത്രിമത്തിനും അഴിമതിക്കും ഒക്കെ ഇരയായേക്കാം. ബങ്കാരു ലക്ഷ്മണനെപ്പോലെയുള്ളവര് നാണക്കേടല്ലേ സംഘടനയ്ക്ക്. ഇത്തരത്തില്‍ രാഷ്ട്രീയ അപചയം ഉണ്ടാകില്ലെന്ന് പറയാനാവില്ലല്ലോ. കര്‍ണാടകത്തില്‍ മാറിവന്നവരെ അയോഗ്യരാക്കിയതിനാല്‍ പ്രശ്നമല്ല. അല്ലെങ്കില്‍ പാര്‍ട്ടി മാറിയ അവര്‍ ബിജെപിയില്‍ വരികയായിരുന്നെങ്കില്‍ സ്ഥാനം കൊടുക്കേണ്ടിവരില്ലായിരുന്നോ. കാര്യാലയത്തിലിരുന്ന് പാടില്ല, വേണ്ട എന്നൊക്കെ പറയാം. പക്ഷേ രാഷ്ട്രീയക്കളത്തിലിങ്ങുമ്പോഴേ അറിയൂ. റിസ്ക് എടുത്ത് ചെയ്യുന്നു എന്ന് കരുതൂ. പിന്നെ ആ വിദ്വാന് മാറിയാലോ. അപ്പോള്‍ ബിജെപിയും വ്യത്യസ്തമല്ല എന്ന് വരും. ഇത് സംഭവിക്കില്ല എന്ന് പറയാനാവില്ല. സംഭവിക്കും. അപ്പോള്‍ ആ തരത്തില്‍ സാധാരണ സ്വയംസേവകരും അധഃപതിക്കും. ആദ്യം ന്യായീകരിക്കേണ്ടിവരും. പിന്നെ ചെയ്യേണ്ടിയും വരും. ഗാന്ധിയുടെ കാലം മുതല്‍ നെഹ്റു കാലത്തിലും കോണ്‍ഗ്രസിനും ഇത് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകണം. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നു.
കല്ഹണന് ‘രാജതരംഗിണി’യില്‍ എഴുതിയിട്ടുണ്ട്. 83-ാം ശ്ലോകത്തില്‍ എഴുതുന്നു, 1000-1011 വരെ ഭരിക്കുന്ന രാജാവിനെക്കുറിച്ച് കല്ഹണന് എഴുതുന്നു. ചങ്ങാത്തം പ്രത്യേക ഉദ്ദേശ്യത്തോടെയാകരുത്, ശക്തി മേല്ക്കോയ്മയ്ക്കാകരുത്, സ്ത്രീയുടെ മാന്യത പരദൂഷണത്തിനിടയാകാതിരിക്കണം, വര്‍ത്തമാനം എല്ലാവരേയും തൃപ്തിപ്പെടുത്തുന്നതാകണം, യുവത്വം നിശ്ചദാര്ഢ്യമില്ലാത്തതാകരുത്, രാജത്വം കളങ്കമല്ലാത്തതാവണം. പക്ഷേ, ഇതെല്ലാം ഇപ്പോള്‍ വിപരീതമായാണല്ലോ നടക്കുന്നത് എന്ന് കവി എഴുതുന്നു. ഈ പുസ്തകത്തിന്റെ നോട്ട് തയാറാക്കിയപ്പോള്‍ ഞാനതിന് എഴുതിയ കമന്റ് ഇത്രമാത്രം: – ”ഈ എഴുത്ത് നമ്മുടെ കാലത്തെക്കുറിച്ചാണോ. അതോ അക്കാലത്തെ സ്ഥിതിയായിരുന്നോ, ഇന്നിനേക്കുറിച്ചുള്ള അന്നത്തെ പ്രവചനമായിരുന്നോ.
കലണ്ടറില്‍ വട്ടമിട്ട് അടയാളപ്പെടുത്തിയ ദിവസങ്ങളൊഴിച്ചാല്‍ ഹരിയേട്ടന് ‘ഫ്രീ’യാണ്. സംഭാഷണം എപ്പോള്‍ വേണമെങ്കിലും തുടരാമെന്ന് പറഞ്ഞ് നിര്‍ത്തുമ്പോള്‍ ശ്രീരാമകൃഷ്ണാശ്രമത്തില്നിന്ന് നന്ദാത്മജാനന്ദ സ്വാമിയുടെ ഫോണ്‍ വിളി. ബ്രാഹ്മണ്യത്തെക്കുറിച്ച് ലേഖനം വേണം. ബ്രാഹ്മണ്യത്തിന്റെ ക്വാളിറ്റിയെക്കുറിച്ചല്ലേ എന്ന് മറുചോദ്യം. എന്ന് വേണം, എത്ര നീളത്തില്‍ എന്നെല്ലാം അന്വേഷണം. പക്ഷേ, സംഘഗുരു ദക്ഷിണ, ശ്രാവണപൗര്‍ണമി ആഘോഷ പരിപാടികള്‍ ഒക്കെ ആയതിനാല്‍ തിരക്കാണെന്ന് സമാധാനം. സ്വാമിജിക്ക് എത്തിച്ച ‘കര്ണന്’ പുസ്തകം വായിച്ചോ എന്നു അന്വേഷണം. ദ്രൗപതിയെക്കുറിച്ച് എഴുതിയത് പ്രസിദ്ധീകരണത്തിനൊരുങ്ങുന്നുവെന്നും അറിയിച്ച് ഫോണ്‍ വച്ചു.
സംഭാഷണത്തിനൊടുവില്‍ ഹരിയേട്ടന് പറഞ്ഞതാണ് ശരി, ‘നോക്കൂ നമ്മള് ഇങ്ങനെ ഇരുന്നാല്‍ ഇതിനവസാനമുണ്ടാകില്ല.’ അവസാനിക്കാതിരിക്കട്ടെ എന്ന് വാസ്തവത്തില്‍ കൊതിച്ചുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: