കൊച്ചി: കാമുകിയുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം തമിഴ്‌നാട്ടില്‍ ഉപേക്ഷിച്ച് ഭര്‍ത്താവ് പിടിയില്‍. ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും സുഹൃത്ത് സുനിതയുമാണ് പോലീസ് പിടിയിലായത്.
കഴി സെപ്തംബര്‍ 20ന് ഇരുവരും ചേര്‍ന്ന് പേയാടുള്ള റിസോര്‍ട്ടില്‍ വെച്ചാണ് പ്രേംകുമാര്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയത്. അമിതമായി മദ്യം നല്‍കിയശേഷം കറയുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുനല്‍വേലിയിലെ ഹൈവേയിലുള്ള കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ ഉദയംപേരൂര്‍ ആമേട അമ്പലത്തിനു സമീപം ഇരുവരും വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു. കൊലപാതകത്തിനു ശേഷം വിദ്യയുടെ ഫോണ്‍ നേത്രാവതി എക്‌സ്പ്രസ്സിന്റെ ചവറ്റുകൊട്ടയിലും ഉപേക്ഷിച്ചു. അതിനുശേഷം പ്രേംകുമാര്‍ വിദ്യയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനു മുമ്പ് രണ്ടുമൂന്ന് തവണ ഇവരെ കാണാതായിട്ടുണ്ട്. അന്നൊക്കെ രജിസ്റ്റര്‍ ചെയ്തിരുന്ന പരാതികളും സഹായകമാകുമെന്ന കണക്കു കൂട്ടലിലായിരുന്നു പ്രേംകുമാര്‍. കൃത്യം നിര്‍വ്വഹിച്ചത് താന്‍ ഒറ്റയ്‌ക്കാണെന്നാണ് പ്രേംകുമാര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഭാര്യയെ കൊലപ്പെടുത്താനും മൃതദേഹം ഉപേക്ഷിക്കാനുമെല്ലാം സുനിത ബേബിയുടെ സഹായം പ്രേംകുമാറിനുണ്ടായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
പിന്നീട് അന്വേഷണം പ്രേംകുമാറിലേക്ക് തന്നെ എത്തിയപ്പോള്‍ നിവൃത്തിയില്ലാതെ ഇയാള്‍ കുറ്റസമ്മതം നടത്തിക്കൊണ്ട് പോലീസിന് വാട്‌സ്ആപ്പ് സസന്ദേശം അയയ്‌ക്കുകയായിരുന്നു. എനിക്കവളെ കൊല്ലേണ്ടി വന്നു എന്നായിരുന്നു സന്ദേശം. തുടര്‍ന്ന് തിരുവനന്തപുരം വെള്ളറടയിലെത്തി പോലീസ് പ്രേംകുമാറിനേയും സുനിതയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രേംകുമാര്‍ പറഞ്ഞതനുസരിച്ച് പോലീസ് തിരുനെല്‍വേലി പോലീസുമായി ബന്ധപ്പെട്ടു. തിരുനെല്‍വേലി ഹൈവേയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം സംസ്‌കരിച്ചിരുന്നു എന്ന വിവരമാണ് അവിടെനിന്ന് ലഭിച്ചത്. മൃതദേഹത്തിന്റെ ഫോട്ടോ അവര്‍ അയച്ചു നല്‍കി. അത് വിദ്യയുടേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞു.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം സ്വദേശിനായ സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ്. ഇരുവരെയും അല്‍പസമയത്തിനകം പോലീസ് തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.
















