മംഗളൂരു: യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരുംവരെ അയ്യപ്പഭക്തര്‍ ഒരുരൂപപോലും കാണിക്കയായി ശബരിമലയിലെ ഭണ്ഡാരങ്ങളില്‍ ഇടരുതെന്ന് ഉത്തരാഖണ്ഡ് ഗൗതീര്‍ഥ കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതി. കഴിഞ്ഞവര്‍ഷം 9000 അയ്യപ്പഭക്തരെയാണ് കേരള സര്‍ക്കാര്‍ ഒരു കാരണവുമില്ലാതെ ജയിലിലടച്ചത്.
ശബരിമലയിലെ വരുമാനത്തില്‍ മാത്രമാണ് സര്‍ക്കാറിന്റെ കണ്ണ്. അതുകൊണ്ടുതന്നെ നമ്മള്‍ അയ്യപ്പഭക്തര്‍ കേരളസര്‍ക്കാറിനെ ഒരു പാഠം പഠിപ്പിക്കണം. കര്‍ണാടക ഉള്‍പ്പെടെ കേരളത്തിനുപുറത്തുള്ള അയ്യപ്പഭക്തര്‍ ഒരുരൂപപോലും കാണിക്കവഞ്ചിയില്‍ ഇടരുതെന്നും അദേഹം പറഞ്ഞു. ദക്ഷിണകന്നഡ അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അയ്യപ്പഭക്തരുടെ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി.
ഭക്തര്‍ക്ക് ശബരിമലയില്‍ പോകാം, പ്രാര്‍ഥിക്കാം, അപ്പവും അരവണയും വാങ്ങാം. പക്ഷേ, സര്‍ക്കാര്‍ ഖജനാവിലേക്കെത്തുന്ന ഭണ്ഡാരത്തില്‍ പൈസ ഇടരുത്. കേരളത്തിനു പുറത്തുനിന്നാണ് കൂടുതല്‍ അയ്യപ്പഭക്തര്‍ ശബരിമലയിലെത്തുന്നത്. നമ്മളെല്ലാവരും വിചാരിച്ചാല്‍ ഭണ്ഡാരപ്പിരിവുവഴി സര്‍ക്കാര്‍ ഖജനാവിലേക്കെത്തുന്ന പണം നിയന്ത്രിക്കാനാവും. അത്തരത്തില്‍ കേരള സര്‍ക്കാറിനെ പാഠം പഠിപ്പിക്കാനുമാകുമെന്നും സ്വാമി പറഞ്ഞു.
















