ശബരിമല: ഏകീകൃത ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിനെ നോക്കുകുത്തിയാക്കി വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതരുടെ ബന്ധുക്കളെ വിവിധ താത്കാലിക തസ്തികകളില്‍ നിയമിക്കുന്ന നടപടി വിവാദമാകുന്നു.
ആശ്രിത നിയമനമടക്കം ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ നിയമനം കാത്തുനില്‍ക്കുമ്പോഴാണ് ബോര്‍ഡിലെ ഉന്നതരുടെ ബന്ധുക്കളും ഇഷ്ടക്കാരും വിവിധ ഒഴിവുകളില്‍ കയറിപ്പറ്റുന്നത്. തിരുവനന്തപുരത്തെ ദേവസ്വം ആസ്ഥാനത്ത് മാത്രം ഇത്തരത്തില്‍ നിരവധി നിയമനങ്ങള്‍ നടന്നു.
അനധികൃത നിയമനങ്ങള്‍ മൂലം ബോര്‍ഡിന് കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. പ്രതിദിനം 600 മുതല്‍ 900 രൂപ വരെയാണ് താത്കാലിക ജീവനക്കാരുടെ ശമ്പളം. വിവിധ ഓഫീസുകള്‍, മരാമത്ത്, കമ്മീഷണര്‍ ഓഫീസ്, തുടങ്ങി ക്ഷേത്രങ്ങളിലെ നാലമ്പലത്തിനുള്ളില്‍ പോലും ഇല്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചാണ് ഇത്തരം നിയമനം.
ദേവസ്വം പ്രസ്, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഓഫീസ്, സ്കൂളുകള്‍, കോളേജുകള്‍ എന്നിങ്ങനെ ബോര്‍ഡിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലാണ് അനധികൃത നിയമനങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നടന്നത്.
സംഭവം വിവാദമായതോടെ നിയമനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്ന് ഏകീകൃത ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. കൂടാതെ താത്കാലിക നിയമനങ്ങള്‍ നടത്താന്‍ പാടില്ലെന്നു കാട്ടി സര്‍ക്കാരും ഏകീകൃത ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡും ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: