കൊച്ചി: ശബരിമലയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുന്ന നിയമത്തിന്റെ കരട് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കണമെന്ന് ഓള്‍ ഇന്ത്യ ശബരിമല ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. ശബരിമല ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട പിതൃസ്ഥാനീയരായ പന്തളം കൊട്ടാരത്തിന്റെയും തന്ത്രി കുടുംബത്തിന്റെയും ഭക്തരുടെയും അഭിപ്രായങ്ങള്‍ മാനിക്കണമെന്നും സ്വാമി ചിദാനന്ദപുരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍നിന്ന് 15 ശതമാനം മാത്രമാണ് അയ്യപ്പഭക്തന്മാരുള്ളത്, ബാക്കി വരുന്ന 85 ശതമാനം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് ആ സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങളും പരിഗണിക്കണം.
ശങ്കരമേനോന്‍, കുട്ടികൃഷ്ണന്‍ എന്നീ കമ്മിറ്റികള്‍ മുന്നോട്ടുവച്ചതുപോലെ ക്ഷേത്രങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ഭരണസമിതികളില്‍നിന്ന് രാഷ്‌ട്രീക്കാരെ ഒഴിവാക്കണം. നിയമനിര്‍മാണത്തിന് പൊതുജനാഭിപ്രായം മാനിക്കണം.
ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്ന് വരുമാനം ലഭിക്കുന്നതുകൊണ്ട് മാത്രമാണ് സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ കൈയടക്കിവച്ചിരിക്കുന്നത്. സെക്കുലര്‍ സര്‍ക്കാര്‍ ഒരു മത വിഭാഗത്തിന്റെ മാത്രം ആരാധനാലയങ്ങള്‍ ഭരിക്കുന്നത് സെക്കുലറിസത്തിന് നിരക്കുന്നതല്ല. ഇത് യഥാര്‍ഥ സെക്കുലറിസം അല്ല, സ്യൂഡോ സെക്കുലറിസമാണെന്നും സ്വാമി പറഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ ദേശീയ അധ്യക്ഷന്‍ ജസ്റ്റിസ് എന്‍. കുമാര്‍, ജോയിന്റ് സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















