കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ 17-ാം ലോക്‌സഭയിലേക്ക് വിജയിച്ച് കയറിയ എംപിമാരില്‍ ചിലരുടെ പക്വതയില്ലാത്ത പെരുമാറ്റം പ്രതിപക്ഷനിരയ്‌ക്കാകെ നാണക്കേടായിരിക്കുകയാണ്. സഭയ്‌ക്കകത്തെ മോശം പെരുമാറ്റവും ലോക്‌സഭാ നടപടിക്രമങ്ങളിലെ അറിവില്ലായ്മയും ചില എംപിമാരെ ശ്രദ്ധേയമാക്കുന്നു. കേരളാ നിയമസഭയിലെ പെരുമാറ്റ രീതികള്‍ ലോക്‌സഭാ എംപിയായിട്ടും ചിലര്‍ ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. മോദിയെയും അമിത് ഷായെയും സഭയ്‌ക്കുള്ളില്‍ ധീരമായി നേരിട്ടു എന്ന ആങ്കിളില്‍ വാര്‍ത്തകള്‍ മലയാള മാധ്യമങ്ങളിലെത്തിക്കാനാണ് ചില കോണ്‍ഗ്രസ് അംഗങ്ങളുടെ സഭയ്‌ക്കകത്തെ പരാക്രമമെന്നത് പരസ്യമായ രഹസ്യമാണ്. ടി.എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ ലോക്‌സഭയിലെ പുതുമുഖങ്ങള്‍ മോശം പെരുമാറ്റം കൊണ്ട് സഭയുടെ അന്തസ് കെടുത്തിക്കഴിഞ്ഞു. ഇവരെ തടയാനോ തിരുത്താനോ മുതിര്‍ന്ന മറ്റു കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറാവുന്നുമില്ല.
കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കുള്ളില്‍ രണ്ടു തവണയാണ് ലോക്‌സഭയില്‍ മര്യാദവിട്ടുള്ള പെരുമാറ്റങ്ങള്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. മഹാരാഷ്‌ട്ര വിഷയത്തില്‍ സഭയില്‍ നടത്തിയ മോശം പെരുമാറ്റത്തിന്റെ പേരില്‍ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും ഒരു ദിവസത്തെ സസ്‌പെന്‍ഷനാണ് ലഭിച്ചത്. സഭയില്‍ ബാനറുകള്‍ കൊണ്ടുവരരുതെന്ന ചട്ടം ഇരുവരും മറികടക്കുക മാത്രമല്ല 374-ാം ചട്ടപ്രകാരം ഇരുവരെയും സസ്‌പെന്റ് ചെയ്തതായി സ്പീക്കര്‍ അറിയിച്ചപ്പോള്‍ സഭ വിട്ടിറങ്ങാനും കോണ്‍ഗ്രസ് അംഗങ്ങള്‍ തയ്യാറായില്ല. ഇരുവര്‍ക്കും ഇക്കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനും കോണ്‍ഗ്രസ് നിരയില്‍ ആരുമുണ്ടായില്ല എന്നത് മറ്റൊരു നാണക്കേട്.
ബാനര്‍ മാറ്റാന്‍ സ്പീക്കര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഇരുവരും തയ്യാറാവാതെ വന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. പ്രതിപക്ഷ ഭാഗത്തുനിന്ന് ട്രഷറി ബെഞ്ചിലേക്ക് രണ്ട് എംപിമാരും ബാനറുകളുമായി പോയത് കാര്യങ്ങള്‍ കൂടുതല്‍ മോശമാക്കി. അത്യപൂര്‍വ്വമായി മാത്രമാണ് ലോക്‌സഭയില്‍ ഇത്തരം മോശം പെരുമാറ്റങ്ങള്‍ അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാവാറുള്ളത്. സ്പീക്കറും മന്ത്രിമാരും തമ്മിലുള്ള കാഴ്ച മറച്ച് ബാനറുകള്‍ ഉയര്‍ത്തിയത് സഭയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരുന്നു. ഇതേ തുടര്‍ന്ന് സ്പീക്കര്‍ ഇരുവരെയും സസ്‌പെന്റ് ചെയ്തതായി പ്രഖ്യാപിച്ചു. എന്നാല്‍ സഭ വിട്ടിറങ്ങാന്‍ തയ്യാറാവാതെ വന്നതോടെ മാര്‍ഷലുകളെ ഉപയോഗിച്ച് അംഗങ്ങളെ പുറത്താക്കി. വനിതാ അംഗങ്ങളെ ഉപയോഗിച്ച് മാര്‍ഷലുകളെ പ്രതിരോധിക്കുന്ന വിചിത്ര കാഴ്ചയും ലോക്‌സഭയില്‍ കഴിഞ്ഞ 25ന് കാണാനായി.
തനിക്ക് സസ്‌പെന്‍ഷന്‍ നോട്ടീസ് ലഭിച്ചില്ലെന്നും ഉച്ചയ്‌ക്ക് ശേഷം സഭയില്‍ കയറുമെന്നുമായിരുന്നു മാധ്യമങ്ങളെ കണ്ട ടി.എന്‍. പ്രതാപന്റെ പ്രതികരണം. ലോക്‌സഭാ നടപടിക്രമങ്ങളെപ്പറ്റി യാതൊന്നും അറിയാത്തതാണ് പ്രതാപന്റെ പ്രശ്‌നമെന്ന് വ്യക്തമാക്കുന്ന പ്രതികരണമായിരുന്നു അത്. സെക്ഷന്‍ 374 പ്രകാരം നടപടിയെടുത്താല്‍ അംഗം സ്വമേധയാ സഭയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് രീതി. ഇതു മറികടന്ന് സോണിയാഗാന്ധിക്കൊപ്പം ലോക്‌സഭയില്‍ കയറാന്‍ പ്രതാപന്‍ ശ്രമിച്ചത് മാര്‍ഷലുകള്‍ തടയുകയും ചെയ്തു. ഒടുവില്‍ അംഗങ്ങളുടെ പ്രവര്‍ത്തി തെറ്റായിപ്പോയെന്നും ഖേദം പ്രകടിപ്പിക്കുന്നതായും പ്രതിപക്ഷ നേതാക്കള്‍ക്ക് സ്പീക്കറെ അറിയിക്കേണ്ടിവന്നു. സഭയിലെ നിയമം പാലിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും അച്ചടക്ക ലംഘനം അനുവദിക്കില്ലെന്നും സ്പീക്കര്‍ ഓം ബിര്‍ള കോണ്‍ഗ്രസ് അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ടി.എന്‍. പ്രതാപന് കേരളാ നിയമസഭയിലെ അഭ്യാസങ്ങളുടെ ഹാങ്ങോവര്‍ മാറിയിട്ടുണ്ടായിരുന്നില്ല. ഇത്തവണ ഹൈബിക്ക് പകരം ഡീന്‍ കുര്യാക്കോസിന്റെ കൂട്ടുപിടിച്ചായിരുന്നു പ്രതാപന്റെ അച്ചടക്ക ലംഘനം. ഉന്നാവ് സംഭവത്തില്‍ കേന്ദ്രവനിതാ-ശിശു ക്ഷേമമന്ത്രി സ്മൃതി ഇറാനി മറുപടി നല്‍കവേ മന്ത്രിക്ക് നേരേ പാഞ്ഞടുത്ത പ്രതാപനും ഡീനും ആക്രോശങ്ങള്‍ ചൊരിഞ്ഞത് ലോക്‌സഭാംഗങ്ങളെ ആകെ സ്തബ്ദരാക്കി. കൈകള്‍ തെറുത്ത് കയറ്റിയായിരുന്നു ഡീനിന്റെ പ്രകടനം. ഇരുവരുടേയും പെരുമാറ്റം കണ്ട് ഒരുവേള വാക്കുകള്‍ ഇടറുന്ന അവസ്ഥയിലേക്ക് വനിതാ മന്ത്രി എത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും മറ്റും അംഗങ്ങളെത്തിയാണ് പ്രതാപനെയും ഡീനിനെയും പിന്തിരിപ്പിച്ചത്. സ്പീക്കര്‍ക്ക് നേരെ സംബോധന ചെയ്തു സംസാരിക്കേണ്ടതിന് പകരം ട്രഷറി ബെഞ്ചിന് നേര്‍ക്ക് ഓടിയടുക്കുന്ന കേരളാ സ്‌റ്റൈല്‍, പ്രതാപന്‍ യാതൊരു മാന്യതയുമില്ലാതെ ലോക്‌സഭയിലും പുറത്തെടുക്കുകയായിരുന്നു.
കേരളത്തില്‍ നിന്ന് ഏഴു പുതുമുഖ എംപിമാരാണ് ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലുള്ളത്. ഏഴുവട്ടം ലോക്‌സഭാംഗമായ കൊടിക്കുന്നില്‍ സുരേഷാണ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ഏറ്റവും അനുഭവ സമ്പത്തുള്ള അംഗം. ഇതിന് പുറമേ ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി വിപ്പും കൊടിക്കുന്നിലാണ്. എന്നാല്‍ പുതുമുഖ എംപിമാര്‍ക്ക് സഭാ ചട്ടങ്ങള്‍ പറഞ്ഞുകൊടുക്കുന്നതിനോ തിരുത്തുന്നതിനോ കൊടിക്കുന്നിലടക്കമുള്ള മറ്റു കോണ്‍ഗ്രസ് എംപിമാര്‍ തയ്യാറാവാത്തതും ലോക്‌സഭയിലെ കോണ്‍ഗ്രസ് പക്ഷത്തെ അപക്വ പെരുമാറ്റങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
പ്രതാപന്റെ പെരുമാറ്റത്തിനെതിരെ കടുത്ത നടപടിയാവശ്യപ്പെട്ട് ബിജെപി അംഗങ്ങളും കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. പ്രതാപനെയും ഡീനിനെയും സസ്‌പെന്റ് ചെയ്യണമെന്ന പ്രമേയവും കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി പ്രഹഌദ് ജോഷി ലോക്‌സഭയില്‍ അവതരിപ്പിച്ചു. വനിതാ അംഗത്തിന്റെ മുന്നിലെത്തി ഭീഷണിപ്പെടുത്തിയ പ്രതാപന്റെയും ഡീനിന്റെയും നടപടി തെറ്റാണെന്ന് സസ്‌പെന്‍ഷന്‍ പ്രമേയം അവതരിപ്പിച്ച കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി പ്രഹഌദ് ജോഷി പറഞ്ഞു. വനിതാ മന്ത്രിയോട് മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് പ്രതാപനും ഡീനും സഭയ്‌ക്ക് പുറത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം താന്‍ സ്വീകരിക്കുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള സഭാംഗങ്ങളെ ഇന്നലെ അറിയിച്ചിട്ടുണ്ട്. പൗരത്വ ബില്‍ അവതരണം നടക്കേണ്ടതുള്ളതിനാല്‍ ഇന്നലെ സഭയില്‍ വെച്ച് സ്പീക്കര്‍ നടപടി പ്രഖ്യാപിച്ചില്ലെന്ന് മാത്രം. സമാധാനപരമായി നടക്കുന്ന ഒരു സമ്മേളന കാലയളവില്‍ രണ്ടുവട്ടം സസ്‌പെന്‍ഷന്‍ വാങ്ങിക്കൂട്ടുന്ന നാണക്കേട് ടി.എന്‍. പ്രതാപന് ലഭിക്കുമോ എന്ന് കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: