തിരുവനന്തപുരം: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തോറ്റതിന് പിന്നാലെ സുപ്രീം കോടതിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ്. സുപ്രീംകോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇടപ്പെടല്‍ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പില്‍ അനുകൂലമായെന്നാണ് വിഷ്ണുനാഥിന്റെ വാദം.
ഉപതിരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 ലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ലീഡ് നിലനിര്‍ത്തി മുന്നേറുമ്പോഴാണ് വിഷ്ണുനാഥ് തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിക്കുമെതിരെ രംഗത്തുവന്നത്. കര്‍ണാടകയിലേത് ഒരുപാട് വെല്ലുവിളികളുള്ള തിരഞ്ഞെടുപ്പായിരുന്നു. വ്യത്യസ്തമായ ഫലമുണ്ടാകുമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചതും പ്രതീക്ഷിച്ചതുമാണെന്ന് വിഷ്ണുനാഥ് പറഞ്ഞു.
അയോഗ്യരാക്കിയ എം.എല്‍.എമാര്‍ക്ക് സുപ്രീം കോടതി മത്സരിക്കാന്‍ അനുമതി നല്‍കി. അപൂര്‍വമായ ഒരു വിധിയാണത്. അയോഗ്യരാണെന്നു പറയുകയും മത്സരിക്കാന്‍ യോഗ്യരാണെന്നു പറയുകയും ചെയ്യുന്ന ഒരു സ്ഥിതിയുണ്ടായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞിട്ടും പിന്നീട് മാറ്റിവെക്കാന്‍ കമ്മീഷനും തയ്യാറായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തില്‍ ഇതുവരെ, നോമിനേഷന്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നെ ആ തെരഞ്ഞെടുപ്പ് കോടതി പറഞ്ഞാല്‍പ്പോലും മാറ്റിവെയ്‌ക്കാറില്ല, കോടതി പറയാറുമില്ല. ഇവയെല്ലാം ബി.ജെ.പിക്ക് അനുകൂലമായെന്ന് വിഷ്ണുനാഥ് പറഞ്ഞു.
















