പുനലൂര്‍: ഗൃഹപ്രവേശനത്തിന്റെ തലേ ദിവസം വീടിനെ മനുഷ്യവിസര്‍ജ്യ ഉപയോഗിച്ച് മലിനപ്പെടുത്തി സിപിഎം പ്രവര്‍ത്തകരുടെ അതിക്രമം. പുനലൂര്‍ കോട്ടവട്ടം മംഗലത്ത് പുത്തന്‍ വീട്ടില്‍ രാജശേഖരന്‍ പിള്ളയുടെ വീടാണ് സിപിഎം പ്രവര്‍ത്തകര്‍ മലിനമാക്കിയത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം വീട്ടുടമ പോലീസില്‍ പരാതിപ്പെട്ടിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
വീട്ടിലേക്കുവരുന്ന വഴിമറച്ച് സ്റ്റേജുകെട്ടിയതിനെതിരെ രാജശേഖരന്‍ പിള്ള ഹൈക്കോടതിയില്‍ കേസ് കൊടുത്തിരുന്നു. അതനുസരിച്ച് താലൂക്കില്‍ നിന്നും അധികൃതരെത്തി സ്‌റ്റേജ് പൊളിച്ചുമാറ്റി. ഇതിന്റെ പ്രതികാരമായാണ് വാര്‍ഡ് കൗണ്‍സിലറുടെ ഒത്താശയോടെ സിപിഎം പ്രവര്‍ത്തകര്‍ ഗൃഹപ്രവേശത്തിന്റെ തലേ ദിവസം ഇത്തരമൊരു ദ്രോഹം വീട്ടുടമയോട് ചെയ്തത്. പുനലൂര്‍ പോലീസിനും എസ്പിക്കും ജില്ലാകളക്ടര്‍ക്കുമടക്കം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല. ഇതിനു കാരണം രാഷ്‌ട്രീയക്കളികളാണെന്ന് വീട്ടുകാര്‍ പറയുന്നു. ഇത്രയും കാലം സമ്പാദിച്ച പണവും ബാങ്ക് വായ്‌പയും എടുത്താണ് രാജശേഖരന്‍ പിള്ള വീടുവച്ചത്. പാലുകാച്ചലിന്റെ അന്നുതന്നെ ഇത്തരമൊരു ദുരനുഭവം വന്നതിന്റെ നടുക്കത്തിലാണ് വീട്ടുകാര്‍.
















