കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തിയ 166 തൊഴിലാളികളെ മനേജ്‌മെന്റ് പിരിച്ചുവിട്ടു. സംസ്ഥാനത്തെ 43 ശാഖകളില്‍നിന്നാണ് ഇത്രയും പേരെ മുന്നറിയിപ്പില്ലാതെ കമ്പനി പിരിച്ചുവിട്ടത്. ശനിയാഴ്ച വൈകിട്ടാണ് ജീവനക്കാരെ പുറത്താക്കിയതായി ഇ-മെയില്‍ അറിയിപ്പ് ലഭിച്ചത്. ഇതിനു പിന്നാലെ ജോലിചെയ്ത കാലയളവ് കണക്കാക്കി നഷ്ടപരിഹാരത്തുകയും ഇവരുടെ അക്കൗണ്ടിലേക്കും കമ്പനി നല്‍കി.
പിരിച്ചുവിടല്‍ നടപടിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) മുത്തൂറ്റ് ഫിനാന്‍സ് യൂണിറ്റ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ജനുവരി രണ്ടുമുതല്‍ സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
ആഗസ്ത് 20 മുതല്‍ 52 ദിവസം മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ പണിമുടക്കിയിരുന്നു. നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) നേതൃത്വത്തില്‍ സംസ്ഥാനത്താകെ 611 ശാഖകളിലും 11 റീജണല്‍ ഓഫീസുകളിലും സമരം നടത്തിയിരുന്നു.
















