കൊച്ചി: കുമ്മനം രാജശേഖരനെന്ന് തെറ്റിദ്ധരിച്ച് കുമ്മനം രാജേന്ദ്രന്റെ കത്തിന്റെ പേരിൽ അക്കിത്തവിരുദ്ധ പ്രചാരണം കൊഴുക്കുന്നു. ഒരു വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പിഴവ് അവസരമാക്കി ചിലർ നടത്തുന്ന പ്രചാരണം അബദ്ധമാണെന്നറിഞ്ഞിട്ടും തുടരുകയാണ്.
മഹാകവി അക്കിത്തത്തെക്കുറിച്ച്, കവിയുമായി ഏറെ അടുപ്പമുള്ള വിജു നായരങ്ങാടിയുടെ ഒരു ലേഖനത്തിൽ ( മലയാളം വാരിക) പറയുന്ന കുമ്മനം, കുമ്മനം രാജശേഖരനല്ല. മിസോറാം ഗവർണറും ഇടക്കാലത്ത് വിഎച്ച്‌പി ചുമതലയിലും ആയിരുന്ന കുമ്മനമല്ല കത്തെഴുതിയത്, കുമ്മനത്തുകാരനായ കുമ്മനം രാജേന്ദ്രൻ എന്നയാളാണ്. രാജേന്ദ്രന് വിശ്വഹിന്ദു പരിഷത് ചുമതലയൊന്നുമില്ലായിരുന്നു. അക്കിത്തത്തിനെ വിശ്വഹിന്ദു പരിഷത്തിൽ നിന്ന് കുമ്മനം രാജശേഖരൻ പുറത്താക്കിയെന്നാണ് വിജു നായരങ്ങാടിയുടെ ലേഖനത്തിൽ. കുമ്മനം രാജേന്ദ്രൻ കാർട്ടൂണിസ്റ്റാണ്, ലേഖനം എഴുതും അത്ര മാത്രം. വിജു നായരങ്ങാടിയുടെ ചെറിയൊരു പിഴവാണ് ചിലർ ആഘോഷിക്കുന്നത്.
വേദത്തിലും ഉപനിഷത്തിലും പഠിച്ച മാനുഷികതയും മാനവികതയും കമ്യൂണിസ്റ്റ് സിദ്ധാന്തത്തിലും തോന്നിയതിനെ തുടർന്ന്, അക്കിത്തം കമ്യൂണിസ്റ്റ് താത്ത്വിക ചിന്തകരിൽ ആകൃഷ്ടരായിരുന്നു. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയും മുതിർന്ന ഉത്തരവാദപ്പെട്ട പ്രവർത്തകർതന്നെ, പോലീസിനെ കൊല്ലാൻ കൈത്തോക്കുമായി നടക്കുന്നത് കണ്ട്, കമ്യൂണിസ്റ്റു രാഷ്‌ട്രീയം കാട്ടാളനീതിയാണെന്ന് കവി തിരിച്ചറിഞ്ഞു. പിന്നീട് ആർഷ സംസ്കൃതിയുടെ സംരക്ഷക പ്രസ്ഥാനങ്ങളിലാണ് പ്രവർത്തിച്ചത്. പക്ഷേ, ‘ സംഘപരിവാർ’ പ്രസ്ഥാനങ്ങളോടുള്ള അക്കിത്തത്തിന്റെ ഗാഢബന്ധം തകർക്കാൻ ഒരു വിഭാഗം പാഴ്ശ്രമങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. അക്കൂട്ടരാണ്, വിജു നായരങ്ങാടിയുടെ പിഴവ് അവസരമാക്കി, അത് പ്രചാരണ വിഷയമാക്കുന്നത്.
അവസരം കിട്ടിയ കുപ്രചാരകന്മാർ കാള പെറ്റു എന്നു കേട്ടപ്പോൾകയറെടുത്ത് ഇങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: