തൃശൂര്‍: പരിശോധന പോലും നടത്താതെ ഗുരുവായൂര്‍ പത്മനാഭനും വലിയ കേശവനും ഉത്സവ എഴുന്നള്ളിപ്പുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി വനം വകുപ്പ്. പത്മനാഭന് പാദരോഗവും വലിയ കേശവന് ക്ഷയരോഗവുമുണ്ടെന്നതിനാലാണ് ജില്ല നാട്ടാന നിരീക്ഷണ സമിതി യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആനകളെ വിലക്കിയതെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം.
എന്നാല്‍, ആനകളെ പരിശോധിക്കാതെ എങ്ങനെയാണ് രോഗം കണ്ടെത്തിയതെന്ന് ദേവസ്വം അധികൃതര്‍ ചോദിക്കുന്നു. ഒട്ടേറെ ആരാധകരുള്ള രണ്ട് ആനകളെയും ഉത്സവ എഴുന്നള്ളിപ്പിന് വിലക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഗുരുവായൂര്‍ പത്മനാഭനെയും വലിയ കേശവനെയും ഒരു പരിശോധനയും നടത്താതെ നിരോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ കേരള എലിഫന്റ് ഒണേഴ്‌സ് ഫെഡറേഷന്‍ പ്രതിഷേധിച്ചു.
ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തില്‍ രണ്ട് ആനകളും പങ്കെടുത്തിരുന്നു. അതിന് ശേഷം രാത്രിയോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവിറങ്ങിയത്. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം പരിശോധിച്ച് വ്യക്തത വരുത്തുന്നത് വരെ എഴുന്നള്ളിപ്പ് ഉള്‍പ്പെടെ ഒരു ചടങ്ങിനും ഈ ആനകളെ ഉപയോഗിക്കരുതെന്നാണ് അസി. കണ്‍സര്‍വേറ്റര്‍ ഉത്തരവിറക്കിയത്.
















