ആലപ്പുഴ: കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത സിപിഎമ്മുകാര്‍ മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ വെട്ടിലായത് ധനമന്ത്രി തോമസ് ഐസക്. രാജ്യത്തിനെതിരെ ആയുധമെടുത്തും അല്ലാതെയും പോരാടുന്ന മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുക മാത്രമല്ല, വീട് സന്ദര്‍ശിക്കുകയും ചെയ്ത ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് വിമര്‍ശനം. സിപിഎമ്മില്‍ മാവോയിസ്റ്റുകളുടെ കാര്യത്തില്‍ രണ്ട് അഭിപ്രായമുണ്ടെങ്കിലും ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിക്ക് വിരുദ്ധ നിലപാട് സ്വീകരിച്ചയാള്‍ക്ക് മന്ത്രിസ്ഥാനത്തു തുടരാനുള്ള അര്‍ഹതയുണ്ടോയെന്നും ചോദ്യമുയരുന്നു.
എല്ലാ സംശയങ്ങളും അവസാനിപ്പിച്ചാണ് അറസ്റ്റിലായ അലനും, ത്വാഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ വ്യക്തമാക്കിയത്. ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ അസാധുവാണെന്നും മുഖ്യമന്ത്രി ഇതോടെ തുറന്നുകാട്ടി. മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളും മാവോയിസ്റ്റുകളും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ തുറന്നടിച്ചപ്പോള്‍ പ്രതിഷേധവുമായി എത്തിയവര്‍ക്കും പിണറായിയുടെ നിലപാട് തിരിച്ചടിയായി.
മാവോയിസ്റ്റുകളെ ആട്ടിന്‍കുട്ടികളായി ചിത്രീകരിക്കാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ പറഞ്ഞത് പ്രതിപക്ഷത്തിനും, സിപിഐക്കും മാത്രമല്ല, സിപിഎമ്മിലെ ചിലര്‍ക്കുമുള്ള മറുപടിയായിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എം.എ. ബേബിയും രംഗത്തെത്തിയിരുന്നു. ഒരു പടികൂടി കടന്ന് അലന്റെ വീട്ടിലെത്തി കേന്ദ്രകമ്മിറ്റി അംഗം കൂടിയായ തോമസ് ഐസക് ബന്ധുക്കളെ ആശ്വസിപ്പിക്കാനും തയാറായി. നേരത്തെയും അര്‍ബന്‍ മാവോയിസ്റ്റുകളെയും, അരാജകവാദികളെയും തുറന്ന് പിന്തുണയ്‌ക്കുന്ന സമീപനമാണ് ഐസക് സ്വീകരിച്ചിട്ടുള്ളത്.
ചുംബനസമര സീസണില്‍ സമരക്കാര്‍ക്ക് പിന്തുണയുമായി ഐസക്ക് എത്തിയത് വിവാദമായിരുന്നു. ആലപ്പുഴയില്‍ ചുംബനസമരക്കാരെ പോലീസ് ഒഴിപ്പിച്ചപ്പോള്‍ ഐസക്കിന്റെ ഓഫീസിന് സമീപം മാധ്യമങ്ങളെ എത്തിച്ച് അവര്‍ക്കു മുന്നില്‍ സമരക്കാര്‍ക്ക് ചുംബിക്കാന്‍ അവസരമൊരുക്കി. ഐസക്കുമായി അടുപ്പമുള്ള ശാസ്ത്രസാഹിത്യ പരിഷത്തിലെ ചിലരായിരുന്നു ആലപ്പുഴയിലെ സമരക്കാര്‍. ഒടുവില്‍ പിണറായി വിജയന്‍ തന്നെ ഇത്തരം സമരാഭാസത്തിനെതിരെ പരസ്യ നിലപാട് സ്വീകരിച്ചതോടെ സിപിഎമ്മിലെ ചുംബന സമരാനുകൂലികള്‍ പിന്‍വാങ്ങി. പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയിലാക്കി നാലാം ലോകവാദം ഉയര്‍ന്നു വന്നപ്പോഴും ഐസക്കും, ബേബിയും ഉള്‍പ്പടെയുള്ളവരാണ് പ്രതിക്കൂട്ടിലായത്. അന്നു വിഎസ് പക്ഷത്തിനൊപ്പം, പിണറായി വിജയന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷവും ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചതാടെയാണ് നാലാംലോകവാദക്കാര്‍ മൗനത്തിലായത്.
















