ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ക്രൂരപീഡനത്തിനിരയാവുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഭേദഗതി.
ആറുപതിറ്റാണ്ട് പഴക്കമുള്ള പൗരത്വ നിയമമാണ് ഭേദഗതി ചെയ്യുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പായി പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നായി ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, സിഖ്, ജയിന്‍, ബൗദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി ബില്‍. ഇത്തരത്തിലുള്ളവരെ അനധികൃത നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കാതെ പൗരത്വം നല്‍കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. പതിനൊന്നു വര്‍ഷം ഇന്ത്യയില്‍ താമസിക്കണം എന്ന വ്യവസ്ഥ അഞ്ചു വര്‍ഷമായും കുറച്ചിട്ടുണ്ട്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗ മേഖലകളില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം ഇന്നര്‍ ലൈന്‍ പെര്‍മിറ്റിലുള്ള മേഖലകളും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍പ്പെടുത്തി ഭരണം നടത്തുന്ന അസാം, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗ മേഖലകളും പുതിയ നിയമഭേദഗതിയില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കി സംരക്ഷിക്കുമെന്നത് ബിജെപിയുടെ 2014ലെയും 2019ലെയും തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. മാതൃരാജ്യമായ ഭാരതത്തിന് ഇവരെ സ്വീകരിക്കാതിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ലോക്‌സഭയുടെ കാലത്ത് ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ കടന്നിരുന്നില്ല. ഇതേതുടര്‍ന്ന് റദ്ദായിരുന്നു. ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ശേഷം ബുധനാഴ്ച രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: