കഥമാത്രമെഴുതുകയും കഥയിലൂടെ കലഹിക്കുകയും ആസ്വദിപ്പിക്കുകയും ചെയ്ത ടി. പദ്മനാഭന് തൊണ്ണൂറു വയസ്സ്. കഴിഞ്ഞ എഴുപതിലേറെ വര്‍ഷങ്ങളായി കഥമാത്രമെഴുതിക്കൊണ്ടിരിക്കുന്ന, ഇങ്ങനെയൊരാള്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അഭിമാനമാണ്. മലയാള ഭാഷയ്ക്കു മാത്രം സ്വന്തമാണ് പദ്മനാഭന്. താനെഴുതിയ കഥകള്‍ ലോകോത്തരങ്ങളാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞയാളാണദ്ദേഹം. അതദ്ദേഹത്തിന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട്. എന്നാല്‍ പദ്മനാഭന്റെ ആ അവകാശവാദം അദ്ദേഹത്തിന്റെ ആത്മവിശ്വാസമാണ്. തന്റെ കഥകള്‍ ലോകോത്തരമാണെന്ന് അദ്ദേഹം തെളിയിച്ചു. മലയാളി വായിച്ച ഓരോ പദ്മനാഭന് കഥയും ആസ്വാദനത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ചു.
മുമ്പ് നാഷണല്‍ ബുക്ക് ട്രസ്റ്റിനു വേണ്ടി തയ്യാറാക്കിയ ദക്ഷിണ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരത്തില്‍ എം.പി. ശങ്കുണ്ണിനായര് കുറിച്ചിട്ട വാക്കുകള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. ”ഈ യുവാവ് തന്റെ കഥകള്‍ ലോകോത്തരമെന്ന് പറയും. പറയുന്നത് വെറും ഭോഷ്ക്കല്ലതാനും..” എന്നായിരുന്നു ശങ്കുണ്ണി നായരുടെ വാക്കുകള്‍.
കാലങ്ങളേറെ കഴിഞ്ഞിട്ടും ഇപ്പോഴും ആ വാക്കുകള്‍ അക്ഷരംപ്രതി ശരിയായി തന്നെ തുടരുന്നു. കഥയായാലും കവിതയായാലും സ്വന്തം എഴുത്തിനെ കുറിച്ച് വിശ്വാസവും തൃപ്തിയുമുള്ള ഒരാള്‍ക്കേ പദ്മനാഭനെ പോലെ സംസാരിക്കാന്‍ കഴിയൂ. അദ്ദേഹം ഒരു കഥയെഴുതിക്കഴിഞ്ഞാല്‍, ഇതാ ഒരു നല്ല കഥയെന്ന് പറഞ്ഞ് അത് വായനക്കാരനു മുന്നിലേക്ക് വയ്ക്കുന്നു. കഥയെഴുതിക്കഴിഞ്ഞ് വായനക്കാരാ ഞാനൊരു കഥയെഴുതി, ഇതാ അത്…നിങ്ങള്‍ വായിച്ചു വിലയിരുത്തൂ എന്ന് പറയാന്‍ പദ്മനാഭന് തയ്യാറല്ല. നല്ലതല്ലാത്തതൊന്നും തനിക്ക് എഴുതാന്‍ കഴിയില്ലെന്ന ഉറച്ച ആത്മവിശ്വാസമാണ് ടി. പത്മനാഭന് എന്ന കഥാകൃത്തിനെ കൊണ്ട്, ”ഞാനെന്തൊരു കേമന്‍…” എന്നു പറയിക്കുന്നത്. ഇപ്പോള്‍ 90-ാം വയസ്സിലെത്തിയപ്പോഴും പദ്മനാഭന്റെ കഥയെഴുത്തിന് മാറ്റമുണ്ടായിട്ടില്ല. എഴുപതാണ്ടുകളിലേറെയായി അദ്ദേഹം കഥകള്‍ മാത്രമെഴുതുന്നു. എല്ലാത്തിലും വലുത് കഥയാണെന്ന് പറയുന്നത് ധാര്‍ഷ്ട്യത്തോടെയാണെന്നതു തന്നെയാണ് പ്രത്യേകതയും.
ജീവിതത്തെക്കുറിച്ചുള്ള ഭംഗിയാര്‍ന്ന സമീപനവും വീക്ഷണവും സ്വായത്തമാക്കിയവരാണ് മനുഷ്യകഥാനുഗായികളായ എഴുത്തുകാരെന്ന് പറയാറുണ്ട്. പദ്മനാഭന്റെ എഴുത്തും ആ ഗണത്തില്‍ പെടുത്താവുന്നതാണ്. ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുന്ന മലയാള ചെറുകഥാ സാഹിത്യത്തില്‍ മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രം രേഖപ്പെടുത്തിയത് പദ്മനാഭന്റെ കഥകളാണ്. അദ്ദേഹം ഒന്നും വാരിവലിച്ചെഴുതുന്നില്ല. അങ്ങനെയെഴുതാന്‍ കഴിയാത്തതിനാലാണ് തനിക്ക് നോവലിന്റെ വലിയ ക്യാന്‍വാസിലേക്ക് പ്രവേശിക്കാന്‍ കഴിയാത്തതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്.
കണ്ണൂര്‍ പള്ളിക്കുന്നില്‍ നളിനകാന്തി എന്ന് പേരിട്ടിരിക്കുന്ന വീട്ടിലാണ് പദ്മനാഭന്റെ താമസം. നളിനകാന്തി എന്നത് പദ്മനാഭന്റെ ഒരു കഥയുടെ പേരാണ്. ഈ വീട്ടില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുമുണ്ട്. വീട്ടുമുറ്റത്ത് വരവേല്‍ക്കാന്‍ നില്ക്കുന്ന പൂച്ചകള്‍. വളര്‍ത്തുനായ. വീടിനോട് ചേര്‍ന്നു നില്ക്കുന്ന മുരിങ്ങമരം. നിരവധി കഥകളില്‍ പൂച്ചകളുണ്ട്. പിന്നെ വളര്‍ത്തു നായയും. പൂച്ചകളെ കുറിച്ച്, മരങ്ങളെ കുറിച്ച്, മൃഗങ്ങളെ കുറിച്ച്, കാരുണ്യത്തെയും ദുഃഖത്തെയും കുറിച്ച്, സങ്കീര്‍ണ്ണമായ മനുഷ്യാവസ്ഥകളെയും മനുഷ്യമനസ്സിനെയും കുറിച്ച്…. പത്മനാഭന്റെ കഥകള്‍ അത്തരത്തിലുള്ളതാണ്. ജീവിതത്തോട് മനുഷ്യമനസ്സ് എങ്ങനെ പ്രതികരിക്കണം എന്നതാണ് പദ്മനാഭന് കഥയിലെ മുഖ്യസന്ദേശം. മനുഷ്യനും മിണ്ടാപ്രാണികള്‍ക്കും തന്റെ കഥയില്‍ തുല്യസ്ഥാനം പദ്മനാഭന് നല്കി.
‘ജീവന്റെ വഴി’ എന്ന കഥയിലൂടെ ആ മുരിങ്ങ മരത്തെ നാം അടുത്തറിഞ്ഞു. പിറന്നു വീണ കുഞ്ഞിനെ പോലെ സ്നേഹത്തോടെ ന്യൂസ് പേപ്പറിലും തുണിയിലും പൊതിഞ്ഞ് കൊണ്ടുവന്ന മുരിങ്ങ തൈയെ കുറിച്ച്. ഒരുകുഞ്ഞിനെ വളര്‍ത്തിവലുതാക്കുന്നതുപോലെ തന്നെയാണ് ആ മുരിങ്ങയെയും പരിപാലിച്ച് വളര്‍ത്തിയത്. കഥയില്‍ പറയുന്നതിങ്ങനെ:”ഒരു വൈകുന്നേരമാണ് മുരിങ്ങ പൊട്ടിവീണത്. അപ്പോള്‍ കാറ്റോ മഴയോ ഒന്നുമുണ്ടായിരുന്നില്ല. ഞാന്‍ കുഴമ്പുതേച്ച് കുളിമുറിയില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ‘ഠേ’ എന്ന ശബ്ദം കേട്ടത്. ആദ്യം ആ ഒരൊറ്റ ശബ്ദമേ ഉണ്ടായിരുന്നുള്ളു. പിന്നീട് തുലാവര്‍ഷത്തിന്റെ ആരംഭത്തിലുണ്ടാകുന്ന നേര്‍ത്ത ഇടിവെട്ടുപോലെ രണ്ടുമൂന്നു തവണകൂടി ‘ഠേ, ഠേ…’ എന്ന ശബ്ദം കേട്ടു. ആദ്യം എനിക്കൊന്നും മനസ്സിലായില്ല. പക്ഷേ, പിന്നീട് ബദ്ധപ്പെട്ട് പുറത്തുവന്നു നോക്കിയപ്പോള്‍ കണ്ടു; എന്റെ മുരിങ്ങ പൊട്ടിയിരിക്കുന്നു….”
മുരിങ്ങയെ കുറിച്ചൊരു കഥയോ എന്നു തോന്നാം. എന്നാല്‍ ജീവന്റെ നാമ്പുകള്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പൊട്ടിമുളയ്ക്കുമ്പോള്‍ കരുണവറ്റാത്ത ഹൃദയങ്ങള്‍ ബാക്കിയുണ്ടെന്ന് വെളിപ്പെടുന്നു ഇവിടെ. അതൊരു മുരിങ്ങ മരത്തിലാണെങ്കില്‍ കൂടി.
മറ്റൊരു കഥ നായയെ കുറിച്ചാണ്. ”മരണത്തിന്റെ നിഴലില്‍ നിസ്സഹായനായ ആ നായ മൂന്ന് രാപ്പകല്‍ കഴിച്ചുകൂട്ടി. നിരത്തുവക്കിലെ ഒരു മാവിന്റെ ചുവട്ടിലാണ് ‘ശേഖൂട്ടി’ തളര്‍ന്നു വീണത്. അവിടെ നിന്ന് അവന് പിന്നീട് എണീക്കുകയുണ്ടായില്ല…” ശേഖൂട്ടി എന്ന കഥ ആരംഭിക്കുന്നതിങ്ങനെയാണ്. തന്റെ കര്‍ത്തവ്യങ്ങളെല്ലാം ചിട്ടയോടെ ചെയ്ത ഒരു നായ ഒടുവില്‍ തളര്‍ന്നു വീണപ്പോള്‍, അതിന്റെ ദയനീയാവസ്ഥയെ കഥയിലൂടെ വിവരിക്കുകയാണ് പദ്മനാഭന്. ശേഖൂട്ടി സഞ്ചരിച്ച ജീവിതവഴികളിലൂടെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ വായനക്കാരന്റെ ഉള്ളില്‍ കാരുണ്യത്തിന്റെ ഉറവ പൊടിയുന്നു.
ആറു വര്‍ഷം മുമ്പ് ഒരോണപ്പതിപ്പില്‍ എഴുതിയ കഥ കിണറ്റില്‍ വീണ ഒരു പൂച്ചക്കുട്ടിയെ കുറിച്ചായിരുന്നു. രാത്രിയിലെപ്പോഴോ പൊട്ടക്കിണറിന്റെ ആഴങ്ങളിലേക്ക് പതിച്ച ഒരു പൂച്ചക്കുട്ടി കഥാകൃത്തിനെ മാത്രമല്ല വേദനിപ്പിച്ചത്. വായനക്കാരന്റെ മനസ്സിലും വേദനയും ഇനിയും നഷ്ടപ്പെട്ടുപോകാത്ത ആര്‍ദ്രതയും ജനിപ്പിച്ചു. ഓരോ വാക്കിലും അക്ഷരത്തിലും സ്നേഹത്തിന്റെ ഇഴ അദ്ദേഹം കാത്തു സൂക്ഷിക്കുന്നു.
സ്നേഹത്തിന്റെ ഇഴകള്‍ ഇത്രത്തോളം കാത്തുസൂക്ഷിക്കാന്‍ പദ്മനാഭനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. പേരെടുത്തു പറയേണ്ട എത്രയെത്ര കഥകള്‍. പദ്മനാഭന്റെ കഥകളില്‍ മികച്ചു നില്‍ക്കുന്നത് പ്രകാശം പരുത്തുന്ന പെണ്‍കുട്ടിയും മഖന്‍സിംഗിന്റെ മരണവുമാണെന്ന അഭിപ്രായമാണ് പരക്കെയുള്ളത്. ഈ രണ്ടുകഥകളും മാനവികതയുടെ മഹത്വത്തെയാണ് വിളിച്ചറിയിക്കുന്നത്. രണ്ടു കഥകളും സ്വന്തം അനുഭവത്തില്‍നിന്നാണ് പദ്മനാഭന് എഴുതിയിട്ടുള്ളതും.
മനുഷ്യന്റെ പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഇത്രമാത്രം കാവ്യാത്മകമായി അവതരിപ്പിച്ച മറ്റൊരു എഴുത്തുകാരന് നമുക്കില്ല. ഒരു നേര്‍ത്തസാന്ത്വനത്തിന്റെ തണുത്ത സ്പര്‍ശത്തോടെ കഥാപാത്രങ്ങളെ സമീപിക്കുമ്പോഴും പദ്മനാഭന് അവരുടെ ഉള്ളിലെ പൊള്ളുന്ന കനല്‍ക്കട്ടകളെയാണ് വായനക്കാരന് കാട്ടിത്തരുന്നത്. അതിനാലാണ് ഒറ്റവായനയിലൊതുങ്ങാത്ത ഉള്ളുപൊള്ളിയ്ക്കുന്ന അനുഭവങ്ങളാണ് ഓരോ പദ്മനാഭന് കഥകളുമെന്ന് വിശേഷിപ്പിക്കുന്നത്.
പദ്മനാഭന് കഥകളിലെ കഥാപാത്രങ്ങള്‍ ‘അയാള്‍’ എന്ന നിലയ്ക്കാണ് ലോകത്തോടു സംസാരിക്കുന്നത്. ‘അയാള്‍’ എന്ന കഥാപാത്രത്തിലൂടെ പദ്മനാഭന് ലോകത്തോടു സംസാരിക്കുന്നു. കുറ്റവാളി എന്നതാണ് ആദ്യ കഥ. അതില്‍ മുതല്‍ ‘അയാള്‍’ എന്ന കഥാപാത്രമുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ കണ്ണൂരില്‍ നിന്നു പ്രസിദ്ധീകരിച്ച നവയുഗം വാരികയിലാണ് കുറ്റവാളി അച്ചടിച്ചു വന്നത്. പിന്നീട് ഭര്‍ത്താവ് എന്ന കഥ എം. ഗോവിന്ദന്റെ മദിരാശിപത്രികയില്‍ പ്രസിദ്ധീകരിച്ചു. പ്രകാശം പരത്തുന്ന പെണ്‍കുട്ടി പുറത്തുവന്നതോടെയാണ് ടി. പദ്മനാഭനിലെ കഥാകൃത്തിന് മലയാള കഥാസാഹിത്യത്തില്‍ അനിഷേധ്യമായ സ്ഥാനം ഉണ്ടായത്. പിന്നീട് എത്രയോ കഥകള്‍… മലയാള ചെറുകഥയില്‍ സവിശേഷമായ കാലഘട്ടം സൃഷ്ടിക്കുന്നതില്‍ പദ്മനാഭന് കഥകള്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സമകാലികരായി നിരവധി കഥാകൃത്തുക്കളും നോവലിസ്റ്റുകളും ഉണ്ടായിട്ടുണ്ട്. എം.ടിയും മാധവിക്കുട്ടിയുമുള്‍പ്പെടെ. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായ വ്യക്തിത്വം പ്രകടിപ്പിക്കാനും അത് നിലനിര്‍ത്താനുമാണ് പദ്മനാഭന് ശ്രമിച്ചത്. അദ്ദേഹത്തിന്റെ രചനകളെ മലയാളികള്‍ ഇഷ്ടപ്പെട്ടതും അതിനാലാണ്.
ഇരുന്നൂറോളം കഥകളെ എഴുതിയിട്ടുള്ളൂ എന്ന് അദ്ദേഹം പറയും. മറ്റുള്ളവര്‍ അവര്‍ ആയിരത്തിലധികം എഴുതിയിട്ടുണ്ടെന്നും പറയും. ആയിരം എഴുതിയവരോട് അസൂയ നിറച്ചല്ല പദ്നാഭന് സംസാരിക്കുന്നത്. പക്ഷേ, ആ വാക്കുകളില്‍ പരിഹാസ്യമുള്ളത് കണ്ടുകൂട. ആയിരമെഴുതിയിട്ട് എന്തുകാര്യം, എന്റെ 200 ആണ് അതിലും കേമം എന്ന ‘അഹങ്കാരം’ നിറഞ്ഞ വാക്കുകളാണത്. അത്തരത്തിലൊരു അഹങ്കാരം കൊണ്ടു നടക്കാന്‍ യോഗ്യനായ ഒരേ ഒരു വ്യക്തി മാത്രമേ ഇന്ന് മലയാള സാഹിത്യ ലോകത്തുള്ളൂ. അത് ടി.പത്മനാഭനാണ്. അതിനാല്‍ ആരുടെ മുന്നിലും അദ്ദേഹത്തിന് പറയാം, തന്റെ കഥകളാണ് ലോകോത്തരമെന്ന്. തെളിവു നല്കാന് 200 ഓളം കഥകള്‍ നിരനിരയായി നില്ക്കും. കഥാസാഹിത്യത്തിലെ കാലഭൈരവന് പദ്മനാഭന് മാത്രമാണ്. നവതി നിറവില്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: