തൃശൂര്‍: മാവോയിസ്റ്റുകളെ സംബന്ധിച്ച സിപിഎം നേതൃത്വത്തിന്റെ നിലപാട് തള്ളി പി. ജയരാജന്. മാവോയിസ്റ്റുകളും ഇസ്ലാമിക് ഗ്രൂപ്പുകളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുവെന്ന് ആവര്‍ത്തിക്കുന്ന ലേഖനത്തിലാണ് ജയരാജന് പാര്‍ട്ടി നിലപാട് തള്ളിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ പി. ജയരാജന്റെ നിലപാട് പാര്‍ട്ടിയിലെ ഭിന്നത വെളിവാക്കുന്നു.
പച്ചക്കുതിര മാസികയ്ക്ക് നല്കിയ ലേഖനത്തിലാണിത്. ആശയപരമായി മാത്രമല്ല പ്രായോഗികമായും മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ഇന്ത്യയില്‍ കൈകോര്‍ക്കുന്നുണ്ട്. മാവോയിസ്റ്റുകളുടെ പല പേരിലറിയപ്പെടുന്ന മുന്നണികളിലും ഇസ്ലാമിസ്റ്റുകള്‍ ഐക്യപ്പെടുന്നുണ്ട്. മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ ഇവര്‍ ഒരു മറയായി ഉപയോഗപ്പെടുത്തുന്നു. നിരോധിക്കപ്പെട്ട പല സംഘടനകളുടേയും പ്രവര്‍ത്തകര്‍ ഇത്തരം യോഗങ്ങളില്‍ ഒത്തുകൂടുന്നു, ജയരാജന് വിശദീകരിക്കുന്നു.
ജനപങ്കാളിത്തമില്ലാത്ത ഭീകരപ്രവര്‍ത്തനത്തെ മഹത്വവല്ക്കരിക്കാന് ഒരു മറയായാണ് ഇവര്‍ മനുഷ്യാവകാശ സംഘടനകളെ ഉപയോഗിക്കുന്നത്. മാവോയിസ്റ്റുകള്‍ക്കൊപ്പം പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും ഒരുമിച്ച് അണിചേരുന്നുവെന്നും ജയരാജന് ചൂണ്ടിക്കാണിക്കുന്നു. നേരത്തെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനും ജയരാജനും ഇക്കാര്യം പരസ്യമായി പറഞ്ഞത് പാര്‍ട്ടി തള്ളിയിരുന്നു. പാര്‍ട്ടിക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്നാണ് നേതാക്കള്‍ തിരുത്തിയത്. ഐഎസ് ഭീകരവാദം കേരളത്തിലും പ്രത്യക്ഷപ്പെടുന്നതായും ജയരാജന് ലേഖനത്തില്‍ സമ്മതിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വം തിരുത്തിയിട്ടും പി. ജയരാജന് നിലപാട് മാറ്റാന്‍ തയ്യാറാകാത്തത് പാര്‍ട്ടിയിലെ രൂക്ഷമായ ഭിന്നതയുടെ തെളിവാണ്.
എസ്ഡിപിഐ ഉള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ള നേതാക്കള്‍. പാര്‍ട്ടി നേതൃത്വവുമായി കടുത്ത ഭിന്നതയില്‍ തുടരുന്ന ജയരാജന്റെ ലേഖനം ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: