തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീമുകള്‍ തിരുവനന്തപുരത്തെത്തി. ഇന്നു രാത്രിയാണ് ഇരു ടീമുകളും തിരുവന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. കാര്യവട്ടം സ്പോര്‍ട്്സ് ഹബില്‍ നാളെ രാത്രി 7.30നാണ് കളി. വിഖ്യാത ഓസീസ് ഓപ്പണറായ ഡേവിഡ് ബൂണാണ് കളിയുടെ മാച്ച് റഫറി. അനില്‍ ചൗധരിയും ഒ. നന്ദനുമാണ് ഫീല്‍ഡ് അമ്പയര്‍മാര്‍. നിതിന്‍ മേനോനാണ് ടിവി അമ്പയര്‍. കൂറ്റന്‍ സ്കോര്‍ പിന്തുടര്ന്നു വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. കനത്ത മഴ പെയ്തെങ്കിലും നാളെ കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ആദ്യ മത്സരത്തില്‍ 208 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കോഹ്ലിപ്പട നായകന്റെ മികവില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. എട്ട് പന്ത് ബാക്കിനില്‍ക്കേ ആറ് വിക്കറ്റിന്റെ കൂറ്റന്‍ വിജയം . 50 പന്തില്‍ 94 റണ്‍സെടുത്ത നായകന്റെയും 40 പന്തില്‍ 62 റണ്‍സെടുത്ത ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെയും മിന്നുന്ന ഇന്നിങ്സാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.ബാറ്റിങ്ങില്‍ ഇന്ത്യ കരുത്ത് തെല്യിച്ചു എങ്കിലും ബൗളിങ്ങില്‍ ആശങ്കയേറെയാണ്. മികച്ച ബൗളിങ് നടത്തി
യ യുസ്വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി. നാളെ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ടി 20യില്‍ അശ്വിനെ മറികടന്ന് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറായി ചാഹല്‍ മാറും. പരിചയസമ്പന്നരായ ഇന്ത്യന്‍ ബൗളര്‍മാര്‍ കഴിഞ്ഞ ദിവസം വഴങ്ങിയത് 23 എക്സ്ട്രാസാണ്. പതിനഞ്ച് വൈഡാണ് എറിഞ്ഞത്. ഈ അച്ചടക്കമില്ലായ്മയും വിന്‍ഡീസ് സ്കോര്‍ ഉയര്‍ത്തുന്നതിന് കാരണമായി. ഫീല്‍ഡിങ്ങും മെച്ചപ്പെടേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തില്‍ മൂന്നിലേറെ ക്യാച്ചുകളാണ് ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്.
സഞ്ജു കളിക്കുമോ
സ്വന്തം നാട്ടിലെത്തുമ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്ന കളിക്കാരന് സഞ്ജു സാംസണ് തന്നെ. സഞ്ജുവിന് അവസാന ഇലവനില്‍ സ്ഥാനം കിട്ടുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. ശിഖര്‍ ധവാന് പകരക്കാനായി ടീമിലെത്തിയെങ്കിലും ആദ്യ മത്സരത്തില്‍ കളിച്ചത് കെ.എല്‍. രാഹുലായിരുന്നു. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിന് പകരം സഞ്ജുവിനെ കളിപ്പിച്ചേക്കുമെന്ന് കരുതിയിരുന്നെങ്കിലും ഹൈദരാബാദില്‍ അതുണ്ടായില്ല. എന്നാല്‍ തിരുവനന്തപുരത്തെത്തുമ്പോള്‍ പന്തിന് പകരം സഞ്ജുവിനെ പരീക്ഷിച്ചാലും അത്ഭുതപ്പെടാനില്ല. കേവലം 18 റണ്‍സാണ് പന്തിന് നേടാനായത്. തുടര്‍ച്ചയായി പരാജയപ്പെടുന്ന പന്തിനെ മാറ്റി സഞ്ജുവിന്റെ ബാറ്റിനെ കോഹ്ലി വിശ്വസിക്കുമെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: