ന്യൂദല്‍ഹി : രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയക്കേസ് പ്രതികളെ തൂക്കിക്കൊല്ലാനുള്ള ആരാച്ചരാകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് മലയാളി. കോട്ടയം സ്വദേശിയും ദല്‍ഹിയില്‍ സ്ഥിരം താമസക്കാരനുമായ നവീല്‍ ടോംജോസാണ് ആരാച്ചാരാകാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റി വിധി നടപ്പിലാക്കാന്‍ ആരാച്ചാരെ കിട്ടാനില്ലെന്ന് വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ നവീല്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും, പ്രിസണ്‍സ് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറലുമായ മുകേഷ് പ്രസാദിന് സന്നദ്ധത അറിയിച്ചുകൊണ്ട് ഇ- മെയില്‍ അയയ്‌ക്കുകയായിരുന്നു.
രാജ്യം തലകുനിച്ച നിര്‍ഭയക്കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ തനിക്ക് ഭയമില്ല. തീഹാര്‍ ജയില്‍ സൂപ്രണ്ട് അനുവദിച്ചാല്‍ താന്‍ ആരാച്ചാര്‍ ആകും. പിന്തിരിപ്പിക്കാന്‍ ആരും നോക്കണ്ടെന്നും നവീല്‍ പറഞ്ഞു. കൊടും ക്രൂരത നടത്തിയ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ ഏതറ്റം വരേയും പോകാന്‍ തയ്യാറാണ്. പ്രിതകളെ തൂക്കിക്കൊല്ലുന്നതിന് പ്രതിഫലം ലഭിച്ചാല്‍ വയനാട് ആദിവാസി മേഖലയില്‍ ആംബുലന്‍സ് വാങ്ങാനായി അത് ഉപയോഗിക്കുമെന്നും നവീല്‍ കുട്ടിച്ചേര്‍ത്തു.
പാലാ കുടക്കച്ചിറ സ്വദേശിയായ നവീല്‍ രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ്. നാട്ടിലായിരിക്കേ കോട്ടയം പാമ്പാടി എന്നിവിടങ്ങളിലെ ആതുരാലയങ്ങളില്‍ നവീല്‍ പ്രവര്‍ത്തിച്ചിരുന്നു. സ്‌കാനിയ ബസും കണ്ടെയ്‌നര്‍ ലോറികളും ഓടിച്ചിരുന്ന നവീല്‍ നിര്‍ഭയ സംഭവം നടക്കുമ്പോള്‍ ദല്‍ഹി വസന്ത് വിഹാര്‍ മഹിപാല്‍പുരിയില്‍ താമസിക്കുകയായിരുന്നു.
















