പാലക്കാട്: വാളയാറില്‍ രണ്ട് ദളിത് പെണ്‍കുട്ടികള്‍ ക്രൂരമായി പീഡനത്തിന് ഇരയാക്കിയ ശേഷം കൊന്ന കേസിലെ പ്രതികള്‍ക്ക് നേരെ ആക്രമണം. കേസിലെ നാലാം പ്രതി എം. മധു (കുട്ടിമധു)വിന് നേരേയാണ് അട്ടപ്പള്ളത്ത് വെച്ച് ആക്രമണമുണ്ടായത്. നാട്ടുകാരില്‍ ചിലര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതിയെ മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ അടിച്ച് നിലത്തിട്ടു. തുടര്‍ന്ന് വിവരമറിഞ്ഞെ് സ്ഥലത്തെത്തിയ പോലീസാണ് മധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കുട്ടിമധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണ് ഉണ്ടായത്. വാളയാര്‍ കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച്ചമൂലമാണ് പ്രതികള്‍ കേസില്‍ നിന്ന് രക്ഷപെട്ടതെന്ന് സെഷന്‍സ് കോടതി ജഡ്ജി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ പാലക്കാട് സെഷന്‍സ് ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചുള്ള പരാമര്‍ശം ഉള്ളത്.
മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും സെഷന്‍സ് കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സെഷന്‍സ് ജഡ്ജി റിപ്പോര്‍ട്ട് നല്‍കിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഈ കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. റിട്ട. ജഡ്ജി എസ്. ഹനീഫയ്‌ക്കാണ് അന്വേഷണച്ചുമതല. ഇതിനിടെയാണ് കുട്ടിമധുവിന് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇന്നലെ ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വാളയാര്‍ കേസിലെ പ്രതിക്ക് നേരേ പട്ടാപ്പകല്‍ ആക്രമണം നടന്നത്.
















