തിരുവനന്തപുരം: വാളയാര്‍ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അഡ്വ. എ. ജയശങ്കറിനെതിരെ ഭീഷണിയുമായി സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി. രാജേഷ്. കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ എം.ബി. രാജേഷ് ഇടപെടലുകള്‍ നടത്തിയതായി സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ എസ്. ജയശങ്കര്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ചര്‍ച്ചയിലേക്ക് വിളിച്ച എം.ബി. രാജേഷ് താന്‍ നിയമനടപടി സ്വീകരിക്കുമെന്നും ജയശങ്കറിനെ മര്യാദ പഠിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
വാളയാര്‍ കേസില്‍ എം.ബി. രാജേഷും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനായിട്ടുള്ള നിതിന്‍ കണിച്ചേരിയും മുന്‍കൈയ്യെടുത്താണ് പ്രതികളെ രക്ഷിച്ചിട്ടുള്ളതെന്ന് വ്യക്തമായിട്ടുള്ളതാണ്. ആ പ്രതികളിപ്പോള്‍ മാന്യന്മാരായി നടക്കുകയാണ്. പാര്‍ട്ടി മീറ്റിങ്ങുകള്‍ക്കും ജാഥയ്‌ക്കും അവര്‍ പരസ്യമായി പോകുന്നുമുണ്ടെന്നാണ് എ. ജയശങ്കറിന്റെ ആരോപണം.
ഹൈദരാബാദ് ദിശ കേസുമായി ബന്ധപ്പെട്ട് ചാനലില്‍ ചര്‍ച്ച നടത്തുന്നതിനിടയിലാണ് എസ്. ജയശങ്കര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. തുടര്‍ന്ന് ചാനലിലേക്ക് ഫോണ്‍ ചെയ്ത എം.ബി. രാജേഷ് ആരോപണം നിഷേധിക്കുകയും വിശദീകരണം നല്‍കണം എന്നും ആവശ്യപ്പെടുകയായിരുന്നു. സര്‍വ്വത്ര പുച്ഛം, പരമപുച്ഛം പുലഭ്യം പറച്ചില്‍ ഇതൊക്കെ ഒരലങ്കാരമായിട്ടും ഭൂഷണമായിട്ടും കൊണ്ടുനടക്കുന്നൊരാളാണ് ജയശങ്കര്‍. എന്ത് തെമ്മാടിത്തരം പറഞ്ഞാലും കേട്ടിരിക്കാന്‍ വിധിക്കപ്പെട്ടൊരാളല്ല താനെന്ന് അയാളോട് പറയാന്‍ ആഗ്രഹിക്കുന്നു. നിയമനടപടി ജയശങ്കറിന് നേരെയും സ്വീകരിക്കുമെന്നും ജയശങ്കര്‍ അറിയിച്ചു.
അതേസമയം നിയമനടപടിയെ ഭയക്കുന്നയാളൊന്നുമല്ല താനെന്നാണ് ജയശങ്കര്‍ ഇതിനോട് പ്രതികരിച്ചത്. നേതാവായ പിണറായി വിജയന്‍ പണ്ട് തനിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസയച്ചിട്ടുള്ളതാണ്. വെറും 50 ലക്ഷം രൂപയേ ചോദിച്ചുള്ളൂ. എന്തുകൊണ്ടോ അദ്ദേഹം പിന്നീട് കേസ് കൊടുക്കുകയുണ്ടായില്ല. ഏതായാലും ആ അവസരം രാജേഷിന് കൈവന്നതില്‍ താന്‍ സന്തോഷിക്കുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ അദ്ദേഹത്തെ ഉപദേശിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
















