‘വിഭജനത്തിന്റെ അനീതി’ തിരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. പൗരത്വ ഭേദഗതി ബില്‍ പാസാക്കിക്കൊണ്ടാവും ആ തിരുത്തല്‍. ലോക്സഭയില്‍ തിങ്കളാഴ്ച ബില്‍ അവതരിപ്പിക്കും. ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള ലോക്സഭയില്‍ ബില്‍ പാസാക്കാനാവും എന്നുറപ്പാണ്. 11ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലെങ്കിലും ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി എന്നിവര്‍ ബില്ലിനെ പിന്തുണയ്ക്കുന്നതോടെ രാജ്യസഭയെന്ന കടമ്പയും കടക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കും.
പക്ഷേ, എന്തിനേയും മതത്തിന്റെ നൂലിഴയില്‍ കോര്‍ക്കാന്‍ മാത്രം ശീലിച്ചിട്ടുള്ള കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പടെയുള്ള മറ്റ് പാര്ട്ടിക്കാര് ബില്‍ പാസാക്കുന്നത് എതിര്‍ക്കും എന്നുറപ്പാണ്. ആറുവര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്തൃന്, സിഖ്, ജൈന, പാഴ്സി, ബുദ്ധ മതവിശ്വാസികള്‍ക്ക് മതിയായ രേഖകള്‍ ഒന്നും ഇല്ലെങ്കില്‍ പോലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബില്‍. അസം, മേഘാലയ, ത്രിപുര തുടങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വനവാസി വിഭാഗത്തെ ബില്ലില്‍ നിന്നും ഒഴിവാക്കിയതും ഗുണം ചെയ്യും.
പൗരത്വ ഭേദഗതി ബില്ലില്‍ നിന്നും മുസ്ലിം വിഭാഗത്തെ ഒഴിവാക്കുന്നു എന്നും കേന്ദ്ര സര്‍ക്കാര്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നുമാണ് ബില്ലിനെ എതിര്‍ക്കുന്നവരുടെ പ്രധാന ആരോപണം. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്നതും വിവേചനത്തിനും അടിച്ചമര്‍ത്തലിനും ഇരയാക്കപ്പെടുന്നത് മത ന്യൂനപക്ഷമാണെന്ന് ഒന്ന് ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാകും. അങ്ങനെയുള്ളവരെ ഇന്ത്യന്‍ പൗരന്മാരായി സ്വീകരിക്കുന്നതില്‍ പൗരബോധമുള്ള ആരും തെറ്റുകാണില്ല.
പക്ഷേ പ്രസ്തുത വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് കടുത്ത ഇരട്ടത്താപ്പാണ്. 2003 ഡിസംബറില്‍ അന്ന് രാജ്യസഭാംഗമായിരുന്ന മന്മോഹന്സിങിന്െ നിലപാട് പൗരത്വ ഭേദഗതിക്ക് അനുകൂലമായിരുന്നു. ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ അരക്ഷിതാവസ്ഥയെക്കുറിച്ചും അഭയം തേടിയെത്തുന്നവരോടുള്ള സമീപനം ഉദാരമാക്കണമെന്നും മന്‍മോഹന്‍സിങ് അന്ന് സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ധാര്‍മിക ഉത്തരവാദിത്വത്തെക്കുറിച്ചും അന്ന് ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയെ ഓര്‍മിപ്പിക്കാനും അദ്ദേഹം മറന്നിരുന്നില്ല.
ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ മലക്കം മറിച്ചില്‍. ജനങ്ങളെ പറഞ്ഞ് പറ്റിക്കുന്നത് ശീലമാക്കിയിട്ടുള്ള കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. 2004 ജൂലൈയില്‍ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്, ബംഗ്ലാദേശില്‍ നിന്നും 1.20 കോടി അനധികൃത കുടിയേറ്റക്കാര്‍ രാജ്യത്ത് അധിവസിക്കുന്നുണ്ടെന്നാണ്. 2016 ല്‍ കേന്ദ്രമന്ത്രിയായിരുന്ന കിരണ്‍ റിജിജു രാജ്യസഭയില്‍ പറഞ്ഞത് രാജ്യത്ത് രണ്ട് കോടിയോളം ബംഗ്ലാദേശികള്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്നും. ഇത്തരത്തില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോള്‍ അത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണ് അതില്‍ പ്രധാനം.
എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നിലപാടും എതിര്‍ക്കുക എന്നതിനപ്പുറം കോണ്‍ഗ്രസിനും കൂട്ടര്‍ക്കും യാതൊരുവിധ രാജ്യതാല്‍പ്പര്യവും ഇല്ല. കേന്ദ്രസര്‍ക്കാരിനെ മതത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമമാണ് അവര്‍ ഇപ്പോള്‍ നടത്തുന്നതും. 2003 ല്‍ രാജ്യസഭയില്‍ അനുകൂല നിലപാട് എടുത്ത മന്മോഹന് സിങ്, പിന്നീട് പ്രധാനമന്ത്രിയായപ്പോള്‍ എന്തുകൊണ്ട് പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്താന്‍ തയാറായില്ല എന്നതൊരു ചോദ്യമാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അത്തരത്തിലൊരു നീക്കം നടത്തുമ്പോള്‍ മന്മോഹന് സിങ് നിലപാട് വ്യക്തമാക്കേണ്ടതാണ്. അന്നത്തെ ധാര്‍മിക ചിന്ത അദ്ദേഹത്തില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: