കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ സഭാ തര്‍ക്കത്തെ തുടര്‍ന്ന് സെമിത്തേരിയില്‍ സംസ്‌കരിക്കാനാകാതെ 38 ദിവസമായി വീടിനു മുന്നില്‍ പേടകത്തില്‍ സൂക്ഷിച്ചിരുന്ന തൊണ്ണൂറ്റിരണ്ടുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. പള്ളിയുടെ പൂട്ടു തകര്‍ത്ത്, പോലീസ് കാവല്‍ മറികടന്നാണ് യാക്കോബായ വിഭാഗക്കാര്‍ പള്ളിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന 56 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ഒക്‌ടോബര്‍ 28നാണ് യാക്കോബായക്കാരിയായ മഞ്ഞാടിത്തറ കിഴക്കേവീട്ടില്‍ മറിയാമ്മ രാജന്‍ (92) മരിച്ചത്. മൃതദേഹം ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് പള്ളിയില്‍ അതിക്രമിച്ച് കടന്നു സംസ്‌കാരം നടത്തിയത്. ഇതിനിടെ സംഭവമറിഞ്ഞ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ പള്ളി പരസരത്ത് തടിച്ചുകൂടി. യാക്കോബായ സഭയുടെ ബോര്‍ഡ് നീക്കം ചെയ്ത സ്ഥലത്തായി ഓര്‍ത്തഡോക്‌സ് സഭയുടെ ബോര്‍ഡ് സ്ഥാപിച്ചു. സംഭവം നടക്കുമ്പോള്‍ വളരെ കുറച്ചു പോലീസുകാര്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ.
ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നതിനു മുമ്പായി കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയതിനാല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുവാന്‍ സാധിച്ചു. യാക്കോബായ സഭയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തെത്തുടര്‍ന്ന് കായംകുളം മൂന്നാംകുറ്റി ജങ്ഷനില്‍ വാഹന ഗതാഗതം തടസപ്പെട്ടു. പള്ളിയും പരിസരവും ഇപ്പോള്‍ പോലീസിന്റെ നിയന്ത്രണത്തിലാണ്.
ഓര്‍ത്തഡോക്‌സ് സഭയ്‌ക്ക് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പാക്കിയ പള്ളിയാണ് കട്ടച്ചിറയിലേത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ഇപ്പോഴത്തെ പള്ളി വികാരി തന്നെ കാര്‍മികത്വം വഹിക്കണമെന്നു ഓര്‍ത്തഡോക്‌സ് സഭയും, ഇത് അംഗീകരിക്കാനാവില്ലെന്നു യാക്കോബായ വിഭാഗവും നിലപാടെടുത്തതിനാലാണ് സംസ്‌കാരം വൈകിയത്. സഭാതര്‍ക്കം കാരണം മേഖലയില്‍ പോലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിലുണ്ട്. പള്ളിയില്‍ അതിക്രമിച്ചു കയറല്‍, കലാപം ഉണ്ടാക്കാന്‍ ശ്രമം, പോലീസിന്റെ ജോലി തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യാക്കോബായ വിഭാഗക്കാര്‍ക്കെതിരെ കുറത്തികാട് പോലീസ് കേസെടുത്തിട്ടുള്ളത്.
കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന സംഭവം ഗുരുതരമെന്ന് ഓര്‍ത്തോഡോക്‌സ് സഭ. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാകണമെന്നും സഭ ആവശ്യപ്പെട്ടു.ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവി ക്യാമറയില്‍നിന്നു വ്യക്തമാകുന്നത് പ്രകാരം പുലര്‍ച്ചെ ഒരു സംഘം ആളുകള്‍ പള്ളി സെമിത്തേരിയുടെ ഗേറ്റ് തകര്‍ത്ത് അകത്തു പ്രവേശിക്കുകയും ആരുടെയോ ഒരു മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതുമാണ്. മൃതദേഹം ആരുടേതെന്നു വ്യക്തമല്ല. അജ്ഞാതമായ ഒരു മൃതദേഹം ഇരുട്ടിന്റെ മറവില്‍ സംസ്കരിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. സംഭവത്തെ പറ്റി പോലീസ് അടിയന്തരമായി അന്വേഷണം നടത്തണം. മൃതദേഹം ആരുടേതെന്നു ഉറപ്പുവരുത്തണമെന്നും കട്ടച്ചിറ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോണ്‍സ് ഈപ്പന്‍ പറഞ്ഞു.
















