ഹൈദരാബാദ്: തെലങ്കാനയിെല സൈബരാബാദ് പോലീസ് കമ്മീഷന്‍ വി.സി. സജ്ജനാര്‍. ഇന്നലെ രാവിലെ മുതല്‍ ജനലക്ഷങ്ങള്‍ ആഘോഷിച്ച പോലീസുദ്യോഗസ്ഥന്‍. വെറ്ററിനറി ഡോക്ടറായ യുവതിയെ മാനഭംഗപ്പെടുത്തി കൊന്ന പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
ഇത് ആദ്യമല്ല സജ്ജനാറുടെ ഔദ്യോഗിക ജീവിതത്തില്‍. ആസിഡ് ആക്രമണക്കേസിലെ പ്രതികളെയും ഏറ്റുമുട്ടലില്‍ അദ്ദേഹമാണ് വകവരുത്തിയത്. 2008 ഡിസംബര്‍ 12നായിരുന്നു അത്. ആന്ധ്രയിലെ വാറങ്കലില്‍ രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മൂന്ന് എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികളായിരുന്നു. എസ്. ശ്രീനിവാസ റാവുവും േപാത്തരാജു ഹരികൃഷ്ണയും ബി. സഞ്ജയും. അന്വേഷണത്തിനൊടുവില്‍ ഇവര്‍ അറസ്റ്റിലായി. തെളിവെടുപ്പിനിടെ മൂവരും പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവരെ വെടിവച്ചുകൊല്ലുകയായിരുന്നു. വാറങ്കലിലെ മംമ്ണൂര്‍ കുന്നില്‍ വച്ചായിരുന്നു സംഭവം. ഇതും വന്‍വിവാദമായിരുന്നു.
96 ബാച്ചില്‍പ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥനാണ്. സജ്ജനാര്‍. അന്ന് ഐജിയായിരുന്ന അദ്ദേഹം 2018 മാര്‍ച്ചിലാണ് സൈബരാബാദ് കമ്മീഷണര്‍ ആയത്. ആന്ധ്ര പോലീസില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം മാവോയിസ്റ്റ് വേട്ടകളിലും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. നിരവധി മാവോയിസ്റ്റുകളെ വെടിവയ്‌പ്പില്‍ വധിച്ചിട്ടുമുണ്ട്. കുപ്രസിദ്ധ നക്‌സല്‍ നേതാവ് നയീമുദ്ദീനെ വധിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അന്ന് ഇന്റലിജന്‍സ് ഐജിയായിരുന്നു.
















