കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ അത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു ദിനംപോലും ഇല്ല. തിരുവനന്തപുരം കൈതമുക്കില്‍ കുട്ടികള്‍ വിശപ്പ് സഹിക്കവയ്യാതെ മണ്ണ് വാരിത്തിന്നതും അവര്‍ക്ക് പിതാവില്‍ നിന്നും അനുഭവിക്കേണ്ടി വന്ന മര്‍ദ്ദനത്തെക്കുറിച്ചും എല്ലാം വിശദമായിത്തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇത് അതിക്രമത്തിന്റെ ഒരു വശം. മറ്റൊന്ന് ശാരീരിക ചൂഷണമാണ്. എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞുങ്ങള്‍ വരെ പീഡനത്തിന് ഇരകളാകുന്നു. ഉറ്റ ബന്ധുവോ, അയല്‍ക്കാരനോ, അധ്യാപകനോ ഒക്കെയാവും മിക്ക കേസുകളിലും പ്രതി. പ്രതികരിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഇവര്‍ ഇരയെ നിശബ്ദരാക്കുന്നു. കുട്ടികളെ സംരക്ഷിക്കാന്‍ അനവധി നിയമങ്ങള്‍ നിലവിലുള്ള നാട്ടിലാണ് ഇതൊക്കെ നടക്കുന്നത് എന്നതും ഓര്‍ക്കണം. നിയമത്തെക്കുറിച്ചുള്ള അജ്ഞതയും ഒരു ഘടകമാണ്. ആ അജ്ഞത മാറേണ്ടതുണ്ട്.
നമ്മള് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഒന്നാണ് കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്. നിരവധി നിയമങ്ങള്‍ കുട്ടികളുടെ അഭിവൃദ്ധിക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. പക്ഷേ, പലതും നടപ്പിലാവുന്നില്ല. അല്ലെങ്കില്‍ പൊതുജന ശ്രദ്ധയില്‍പ്പെടുന്നില്ല. കുട്ടികള്‍ക്കെതിരെ 2019 സപ്തംബര്‍ വരെ കേരളത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ആകെ 3226 കേസുകളാണ്. ഇതില്‍ പോക്സോ നിയമ പ്രകാരം 2514 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ നടന്ന അതിക്രമങ്ങളിലെ വിചാരണ നടക്കുന്നത്, പ്രായപൂര്‍ത്തിയായതിന് ശേഷമായിരിക്കും. അതിക്രമം നടന്ന്, ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന നിയമം നിലവിലുള്ളപ്പോഴാണിത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍, പോലീസ് അറസ്റ്റ് രേഖപ്പെടുത്താനും പലപ്പോഴും തയ്യാറാകാറില്ല.
രക്ഷിതാക്കളും അടുത്ത ബന്ധുക്കളും പ്രതികളായിട്ടുള്ള കേസുകളില്‍ എഫ്ഐആര്‍ രേഖപ്പെടുത്താനും പോലീസ് മടിക്കുന്നു. രക്ഷിതാക്കള്‍ പ്രതികളായുള്ള കേസുകളില്‍, കുട്ടികളെ സ്വന്തം വീടുകളിലേയ്ക്ക് തിരികെ അയയ്ക്കരുതെന്നും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കണമെന്നുമാണ്. ഇത്തരം കേസുകളില്‍ കുടുംബാംഗങ്ങളുടെ സമ്മര്‍ദ്ദം മൂലം കുട്ടികള്‍ മൊഴി മാറ്റാനുള്ള സാധ്യതയും കൂടുതലാണ്. വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്ന കുട്ടികള്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ടിവരുന്നതും, ഇരയ്ക്കുനേരെ മോശം വാക്കുകള്‍ പ്രയോഗിക്കുന്നതും സ്വഭാവഹത്യ നടത്തലും എല്ലാം ഒഴിവാക്കേണ്ടതുണ്ട്. നമ്മുടെ ഭരണഘടന ഇരയ്ക്ക് ഉറപ്പ് നല്കുന്ന അവകാശങ്ങളും സുരക്ഷിതത്വവും തെളിമയുള്ള ഭാവിയും ഇത്തരം പ്രവര്‍ത്തികളിലൂടെ ഇല്ലാതാവുകയാണ്. നീതിന്യായ വ്യവസ്ഥയുടെ വീഴ്ചയായി വേണം ഈ നടപടികളേയും കണക്കാക്കാന്‍. ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ (1997-2002) ഭാഗമായി കുട്ടികളുടെ അതിജീവനം, സുരക്ഷിതത്വം, വികസനം എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് നടപടികള്‍ വിപുലീകരിച്ചു. ഇതേത്തുടര്‍ന്നാണ് 1998-ല്‍ യൂണിസെഫുമായിച്ചേര്ന്ന് ചൈല്‍ഡ് ഹെല്പ് ലൈന്‍ ആരംഭിച്ചത്. കുട്ടികള്‍ക്ക് നേരിട്ടോ അവരെ സഹായിക്കണമെന്നുള്ള മറ്റാര്‍ക്കെങ്കിലുമോ ചൈല്‍ഡ് ഹെല്പ് ലൈന്‍ നമ്പറായ 1098 ല്‍ വിളിച്ച് പരാതിപ്പെടാം.
പലപ്പോഴും എന്താണ് തങ്ങള്‍ക്ക് സംഭവിക്കുന്നതെന്ന് കുട്ടികള്‍ക്ക് തിരിച്ചറിയാനോ മനസ്സിലാക്കാനോ സാധിക്കില്ല. തങ്ങളെ ഉപദ്രവിച്ചവരുടെ പേരുപോലും പറയാന്‍ കുട്ടികള്‍ ഭയപ്പെടുന്നു. സാമൂഹ്യമായും സാമ്പത്തികമായും താഴെത്തട്ടിലുള്ളവരാണെങ്കില് ഇതൊക്കെ സാധാരണമാണെന്ന മട്ടിലുള്ള ഇടപെടലുകളോടെ, കുട്ടികള്‍ നിശ്ശബ്ദരാക്കപ്പെടുന്നു. സമൂഹത്തില്‍ ഉയര്‍ന്ന തലങ്ങളിലുള്ളവര്‍ അവരുടെ അന്തസ്സ്, സംഭവം മറ്റുള്ളവരറിഞ്ഞാല്‍ ഉണ്ടാകാവുന്ന ദോഷങ്ങള്‍, കുട്ടിയുടെ ഭാവി, ഒറ്റപ്പെടുത്തലുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഇതെല്ലാം മറച്ചുവയ്ക്കുന്നു.
സ്കൂള്‍ ജാഗ്രതാ സമിതികള്‍, സൗഹൃദ ക്ലബ്ബുകള്‍ തുടങ്ങിയവയുടെ ശ്രമഫലമായാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ പുറംലോകം അറിയുന്നതുതന്നെ. കുട്ടികളുടെ കാര്യങ്ങളില്‍ കരുതലുള്ള അദ്ധ്യാപകരുടേയും സ്കൂള്‍ കൗണ്‍സിലേഴ്സിന്റേയും കരുതലോടെയുള്ള ഇടപെടലുകളും ഗുണം ചെയ്യാറുണ്ട്. ആന്‍ ഫ്രാങ്കിന്റേയും മലാല യൂസഫ് സായിയുടേയുമൊക്കെ ജീവിതാനുഭവങ്ങള്‍ കുട്ടികള്‍ക്ക് ധൈര്യവും വെളിച്ചവും പകര്‍ന്നു കൊടുക്കുന്നുണ്ട്. കുട്ടികള്‍,അവരവരുടെ അവകാശത്തെപ്പറ്റി, ജീവിതത്തെ പറ്റിയൊക്കെ ബോധവാന്മാരായാല്, അവര്‍ക്ക് അവരുടെ നിലനില്‍പ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് തിരിച്ചറിയാന്‍ സാധിക്കും.
നമ്മുടെ ഭരണഘടനയുടെ 86-ാം കൂട്ടിച്ചേര്‍ക്കലായാണ് ആറു മുതല്‍ പതിനാല് വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം നിലവില്‍ വന്നത്. കൂടാതെ ആര്‍ട്ടിക്കിള്‍ 21,45,51 എന്നിവ കുട്ടികള്‍ക്ക് പ്രത്യേക പരിരക്ഷയും ഉറപ്പു നില്കുന്നു. എന്നാല്‍ ഇതെല്ലാം നടപ്പിലാക്കുന്നതിന് മാതാപിതാക്കളുടേയും മുതിര്‍ന്നവരുടേയും സഹായം കുട്ടികള്‍ക്കാവശ്യമാണ്. ശക്തമായ നിയമ സംവിധാനം ഉള്ളപ്പോള്‍ തന്നെ കുത്തഴിഞ്ഞ കുടുംബ ബന്ധങ്ങളും, വിവാഹ മോചനങ്ങളും കുട്ടികളുടെ സുരക്ഷയെയും ജീവിതത്തെയും വലിയ അളവില്‍ ബാധിക്കുന്നുണ്ട്. ഇവിടെയാണ് കെട്ടുറപ്പുള്ള കുടുംബങ്ങള്‍ക്ക് പ്രാധാന്യമേറുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: