ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ ദല്‍ഹി ‘നിര്‍ഭയ’ കൂട്ടബലാത്സംഗക്കേസിലെ പ്രതികളുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ശുപാര്‍ശ നല്‍കി. വിഷയത്തില്‍ നേരത്തെ ദല്‍ഹി, കേന്ദ്ര സര്‍ക്കാരുകളോട് രാഷ്‌ട്രപതി വിശദാംശങ്ങള്‍ തേടിയിരുന്നു. ദല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ദയാഹര്‍ജി തള്ളി. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രണ്ട് ദിവസം മുന്‍പ് ഇത് കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ. രാഷ്‌ട്രപതി ദയാഹര്‍ജി തള്ളിയാല്‍ നാല് പ്രതികളെ തൂക്കിക്കൊല്ലാനുള്ള നടപടികള്‍ ആരംഭിക്കും.
2012 ഡിസംബര്‍ 16നാണ് പ്രതികള്‍ ഓടുന്ന ബസ്സില്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി 29ന് ആശുപത്രിയില്‍ മരിച്ചു. പ്രതികള്‍ നടത്തിയ ക്രൂരതയുടെ കാഠിന്യം രാജ്യത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെടുന്നതിന് ഇടയാക്കി. ഒന്നാം പ്രതി റാം സിംഗ് 2013ല്‍ ജയിലില്‍ തൂങ്ങി മരിച്ചു. നാല് പ്രതികള്‍ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചു. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവെച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിയെ ജുവനൈല്‍ നിയമപ്രകാരം മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇയാള്‍ ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി.
മറ്റെല്ലാ നടപടികളും പൂര്‍ത്തിയായതിനാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ദയാഹര്‍ജി നല്‍കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 29ന് ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളും രാഷ്‌ട്രപതിക്ക് അപേക്ഷ നല്‍കിയിരുന്നു. വധശിക്ഷ ഒഴിവാക്കുന്നത് നീതി നിഷേധിക്കലാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
















