ന്യൂദല്‍ഹി: ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാലു പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പെണ്‍കുട്ടിയുടെ അച്ഛന്‍. തന്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചെന്നും പോലീസോടും സര്‍ക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു.
പ്രതികളെ പോലീസ് വെടിവച്ചു കൊന്നതില്‍ സംതൃപ്തിയുണ്ടെന്ന് ഡോക്ടറുടെ അമ്മാവന്‍ വ്യക്തമാക്കി. താനൊരു പ്രൊഫസറാണ്. തെറ്റുചെയ്യുന്ന വിദ്യാര്‍ഥികളെ ശിക്ഷിക്കാറുണ്ട്. വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ആ ശിക്ഷയെന്ന കാര്യത്തില്‍ സന്തോഷവുമുണ്ട്. മറ്റുള്ള കുട്ടികള്‍ക്കുള്ള പാഠം കൂടിയാണ് ആ ശിക്ഷകളെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ വെറുതെ വിട്ടിരുന്നെങ്കില്‍ അവര്‍ കുറ്റം ആവര്‍ത്തിക്കും. മനപൂര്‍വ്വമല്ലെങ്കില്‍ കൂടി പോലീസിന്റെ നടപടിയില്‍ സംതൃപ്തിയുണ്ടെന്നും വെറ്റനറി ഡോക്ടറുടെ അമ്മാവന്‍ വ്യക്തമാക്കുന്നു.
ഹൈദരാബാദില്‍ ഇന്ന് പുലര്‍ച്ചെയാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലാണ് സംഭവം. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പോലീസ് വ്യക്തമാക്കി. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നും പോലീസ് അറിയിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായണ്‍പേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികള്‍. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളില്‍ നിന്നാണ് സൈബര്‍ബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു.
















