അവശ്യസാധനങ്ങള്‍ക്കെല്ലാം വിലകയറുമ്പോള്‍ സാധാരണക്കാര്‍ ജീവിക്കാന്‍ ഏറെ വിഷമിക്കുന്നു. അധിക വിലകൊടുത്താല്‍ കൂടി സാധനങ്ങള്‍ വിപണിയില്‍ ലഭ്യമല്ലാതെ വരുന്ന അവസ്ഥകൂടി ഉണ്ടായതോടെ കേരളം ക്ഷാമകാലത്തിലേക്കുള്ള തിരിച്ചുപോക്കിലാണെന്ന് പറയേണ്ടിവരുന്നു. വിലക്കയറ്റം പിടിച്ചു നിര്‍ത്താനും വിപണിയില്‍ അവശ്യസാധന ലഭ്യത ഉറപ്പുവരുത്താനും സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമാകുക തന്നെ വേണം.
ഭക്ഷണത്തിനാവശ്യമുള്ള എല്ലാ സാധനങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിനാണ് വിലക്കയറ്റവും ക്ഷാമവും ഏറെ ബാധിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ സ്വന്തമായി ഉല്പാദിപ്പിക്കുന്ന കാര്യത്തില്‍ കേരളം ഇനിയും സ്വയംപര്യാപ്തത കൈവരിച്ചിട്ടില്ല. നെല്ലുല്പാദനത്തില് മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന കൃഷിവകുപ്പ് ഇക്കാര്യത്തില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നു വേണം വിലയിരുത്താന്‍. നെല്ലുല്പാദനം മെച്ചപ്പെടുത്താന്‍ വന്‍തോതിലുള്ള പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. കോടിക്കണക്കിനു രൂപയാണ് ഈ മേഖലയില്‍ സര്‍ക്കാര്‍ ചെലവിട്ടത്.
കേരളത്തില്‍ ഉല്പാദനം കുറഞ്ഞതിനൊപ്പമാണ് തമിഴ്നാട്ടിലെ മഴ അവിടുത്തെ കൃഷിയെ കാര്യമായി ബാധിച്ചത്. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് കച്ചവടക്കാരും ഇടത്തട്ടിലുള്ളവരും വന്‍തോതില്‍ ധാന്യങ്ങളും പച്ചക്കറികളുമെല്ലാം പൂഴ്ത്തിവയ്ക്കുന്നത്. ഇതെല്ലാം വിലക്കയറ്റത്തിന് വഴിവച്ചു. പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, ധാന്യങ്ങള്‍, മാംസ ഉത്പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം വില വര്‍ദ്ധിച്ചുകഴിഞ്ഞു. എല്ലാ സാധനങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധന രേഖപ്പെടുത്തുന്നത്. കുത്തരിക്ക് 48 മുതല്‍ 53 രൂപവരെയാണ് വില. പച്ചരിക്ക് 26-30 വരെയും സവാള 120 മുതല്‍ 130 വരെയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടൊപ്പം ചെറിയ ഉള്ളി 160-168, വെളുത്തുള്ളി 230-240, ഉഴുന്ന് 152-155, മുളക് 160- 220, പയര്‍ 66-96, കടല 70-80, മൈദ-40-47, ആട്ട- 38-40, ഉരുളക്കിഴങ്ങ് 39-47 എന്നിങ്ങനെയാണ് പൊതു വിപണിയിലെ വില.
അടുത്ത അഞ്ചുവര്‍ഷം സംസ്ഥാനത്ത് വിലക്കയറ്റമുണ്ടാകില്ലാന്നായിരുന്നു ഇടതു സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ നല്‍കിയിരുന്ന വാഗ്ദാനം. പതിമൂന്നു തരം നിത്യോപയോഗസാധനങ്ങള്‍ക്കു വില കൂടില്ലെന്ന വാഗ്ദാനം സര്‍ക്കാരിന് പാലിക്കാനായില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പൂഴ്ത്തിവയ്പ്പ് തടയാനുമുള്ള ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. പൊതുവിപണിയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ സപ്ലൈകോ, മാവേലിസ്റ്റോറുകള്‍ തുടങ്ങിയവ വഴിയാണ് വിപണി ഇടപെടലുകള്‍ നടത്താറ്. ഇവിടങ്ങളില്‍ നിന്ന് സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കും. എന്നാല്‍ ക്രിസ്മസ് സീസണായിട്ടും അത്തരം വിപണി ഇടപെടലിന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിപണി ഇടപെടലിന് സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നാണ് ഭാഷ്യം.
സപ്ലൈകോയും മറ്റും സാധനങ്ങള്‍ സംഭരിച്ചിരുന്ന കര്‍ഷകര്‍ക്ക് ഭീമമായ തുകയാണ് കൊടുക്കാനുള്ളത്. കൃഷി നഷ്ടമായ സാഹചര്യത്തിലും ഈ പണം കൊടുത്തു തീര്‍ക്കാന്‍ തയ്യാറായിട്ടില്ല. ചെറുകിട വിതരണക്കാര്‍ക്ക് 250 കോടി രൂപ കുടിശിക സര്‍ക്കാര്‍ നല്‍കാനുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ സാധനങ്ങള്‍ സംഭരിക്കാനും കഴിയുന്നില്ല. മിക്ക മാവേലി സ്റ്റോറുകളിലും സപ്ലൈകോ ഔട്ട്ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങളില്ല. ഇതുമൂലം എല്ലാ അവശ്യസാധനങ്ങള്‍ക്കും സാധാരണക്കാര്‍ക്ക് പൊതുവിപണിയിലെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വിലക്കയറ്റം രൂക്ഷമായതോടെ ഹോട്ടല്‍ ഭക്ഷണത്തിനും വില വര്‍ദ്ധിപ്പിക്കുന്നു. ചായയ്ക്കുള്‍പ്പടെ ഹോട്ടലുകാര്‍ വിലയുയര്‍ത്തിക്കഴിഞ്ഞു.
വിലക്കയറ്റം പിടിച്ചു നിര്‍ത്താനുള്ള വിപണിയിടപെടലില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകുന്നത് ജനങ്ങളെ കൂടുതല്‍ വിഷമത്തിലാക്കും. പണമില്ലെന്ന ന്യായം പറഞ്ഞ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാട്ടുന്ന അലംഭാവം പൊറുക്കാവുന്നതല്ല. മറ്റെല്ലാ ധൂര്‍ത്തിനും സര്‍ക്കാര്‍ വേണ്ടുവോളം പണം ചെലവിടുമ്പോള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന ജനവഞ്ചന അംഗീകരിക്കാവുന്നതല്ല. വിപണി ഇടപെടലിനും അവശ്യസാധന ലഭ്യത ഉറപ്പാക്കുന്നതിനും കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ഉണ്ടാകുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: