ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായ ഇരുപതുകാരിയെ പെട്രോളൊഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമം. ഇന്നലെ ഉന്നാവോയിലാണ് സംഭവം. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളാണ് ഈ സംഭവത്തിന് പിന്നിലും. പെണ്‍കുട്ടിയുടെ ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ലഖ്‌നൗവിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്‌ക്കായി വ്യോമമാര്‍ഗം ദല്‍ഹിയിലേക്ക് മാറ്റി.
ബലാത്സംഗക്കേസിലെ പ്രതിയും കൂട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയാണ് പെട്രോളൊഴിച്ച് കത്തിച്ചത്. സ്ഥലത്തെത്തിയ പോലീസ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിനെ കണ്ടതോടെ പ്രതികള്‍ ഓടിയൊളിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. ഒന്നാംപ്രതി ശിവം ത്രിവേദി ഉള്‍പ്പെടെ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേര്‍ക്കായി അന്വേഷണം തുടരുകയാണ്. പീഡനക്കേസിലെ പ്രതികളിലൊരാള്‍ ഗ്രാമമുഖ്യന്റെ മകനാണ്.
















