ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വിശാല ബെഞ്ചിന് വിട്ടതല്ലേയെന്ന് സുപ്രീംകോടതി. ബിന്ദു അമ്മിണിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡേ ഇക്കാര്യം പറഞ്ഞത്. ഒരോരുത്തരുടെയും ഹര്‍ജി ഒരോ ദിവസവും കേള്‍ക്കാനാവില്ലെന്നും അതിനാല്‍ രഹ്നഫാത്തിമ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഇതും പരിഗണിക്കാമെന്ന് അദേഹം വ്യക്തമാക്കി.
ഇതോടെ ശബരിമലയില്‍ യുവതി പ്രവേശനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നുള്ള ഹര്‍ജി അടുത്ത ആഴ്‌ച്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബിന്ദുവിന് വേണ്ടി സിറ്റിങ്ങിന് ലക്ഷങ്ങള്‍ കൈപ്പറ്റുന്ന കോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ഹാജരായത്.
ശബരിമല പ്രവേശത്തിന് സംസ്ഥാനത്തിനോട് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്നാ ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാമെന്നാണ് ഇന്നലെ എസ് എ ബോബ്ഡെ വ്യക്തമാക്കിയിരുന്നു. ഈ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തന്നെ പരിഗണിക്കണോ എന്ന കാര്യത്തില്‍ തീരുമാനം ഈ ആഴ്ച തന്നെ ചീഫ് ജസ്റ്റിസെടുക്കുമെന്നാണ് കോടതിയില്‍ നിന്നുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
















