തിരുവനന്തപുരം: ഇക്കുറി ക്രിസ്മസ് വിപണിക്ക് കൈപൊള്ളും. അഞ്ചുവര്‍ഷത്തേയ്ക്ക് വില കൂടില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം പഴയ ചാക്കിന് തുല്യമായി. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചു നിര്‍ത്തുന്നതില്‍ വിപണിയില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, മാംസ ഉത്പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം വില വര്‍ധിച്ചുകഴിഞ്ഞു. എല്ലാ സാധനങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 15 രൂപ വരെയാണ് വര്‍ധന.
സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ വിലവര്‍ധനവില്‍ ഇടപെല്‍ ആലോചിച്ചു മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. പ്രളയ സെസ്സുകൂടി സാധാരണക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചതോടെ ക്രിസ്മസ് ആഘോഷത്തിന്റെ മാറ്റുകുറയും.
മികച്ച കുത്തരിക്ക് 48 മുതല്‍ 53 രൂപവരെയാണ് വില. പച്ചരിക്ക് 26-30 വരെയും സവാള 120 മുതല്‍ 130 വരെയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടൊപ്പം ചെറിയഉള്ളി 160-168, വെളുത്തുള്ളി 230-240, ഉഴുന്ന് 152-155, മുളക് 160- 220, പയര്‍ 66-96, കടല 70-80, മൈദ-40-47, ആട്ട- 38-40, ഉരുളക്കിഴങ്ങ് 39-47 എന്നിങ്ങനെയാണ് പൊതു വിപണിയിലെ വില.
പച്ചക്കറിക്കും വില കൂടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് ഇരട്ടിയോളമാകുമെന്നാണ് വ്യാപാരികള്‍ നല്കുന്ന സൂചന. മുരിങ്ങക്കയ്ക്ക് കിലോയ്ക്ക് 300 രൂപയായി. തമിഴ്നാട്ടിലെ വെള്ളപ്പൊക്കം പച്ചക്കറി കൃഷിക്ക് വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയത്. അതിനാല്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്ന പച്ചക്കറി ലോഡുകളുടെ എണ്ണം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ നിന്നും എത്തുന്ന ഉരുളക്കിഴങ്ങ്, ഉള്ളി, സവാള തുടങ്ങിയവയുടെ വിലയില്‍ ഇപ്പോള്‍ തന്നെ വര്‍ധന പ്രകടമാണ്. ക്രിസ്മസിന് ഏറെ പ്രാധാന്യം മാംസ വിപണിക്കാണ്. മത്സ്യം, മാംസം, മുട്ട എന്നിവയുടെ വില നിത്യേന മാറികൊണ്ടിരിക്കുന്നു.
പതിമൂന്നു നിത്യോപയോഗസാധനങ്ങള്‍ക്കു വില കൂടില്ലെന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത വിളിച്ചോതുന്നതാണ് സപ്ലൈക്കോയുടെ പ്രവര്‍ത്തനം. വില കൂടുന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെടലുകള്‍ നടത്തേണ്ട സപ്ലൈക്കോ ഔട്ട് ലെറ്റിലും മാവേലി സ്റ്റോറുകളിലും സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ല. അതിനാല്‍ സാധാരണക്കാര്‍ പൊതു വിപണിയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ചെറുകിട വിതരണക്കാര്‍ക്കുള്ള പണം സര്‍ക്കാര്‍ നല്‍കാതായതോടെ സപ്ലൈകോയ്ക്ക് സാധനങ്ങള്‍ നല്‍കുന്നത് കുറച്ചു. ഇതോടെ മാവേലി സ്റ്റോറുകളിലും മറ്റ് ഔട്ട്ലെറ്റുകളിലും സാധനങ്ങള്‍ ലഭിക്കാതെയായി. ചെറുകിട വിതരണക്കാര്‍ക്ക് 250 കോടി രൂപ കുടിശിക സര്‍ക്കാര്‍ നല്‍കാനുണ്ട്.
വിലക്കയറ്റത്തിന്റെ പേരില്‍ ഹോട്ടലുകളും നിരക്കുയര്‍ത്തി. ഉത്സവ സീസണുകളില്‍ വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം തടയേണ്ട സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മാറിനില്‍ക്കുകയാണ്. ക്രിസ്മസ് വിപണിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പടെയുള്ള വസ്തുകളുടെ വില ക്രമാതീതമായി ഉയരുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: