തിരുവനന്തപുരം: ആതിഥേയ മേഖലയില്‍ പരിചയസമ്പത്തുള്ള പ്രമുഖ ഹോട്ടല്‍ ശൃംഖലയായ താമര ലീഷര്‍ എക്സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തലസ്ഥാനത്ത് ആക്കുളത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കൊടൈക്കനാല്‍, കൂര്‍ഗ്, ബെംഗളൂരു എന്നിവിടങ്ങളില്‍ ഹോട്ടലുകള്‍ തുടങ്ങിയ താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എല്ലാവിധ ആഡംബര സജ്ജീകരണങ്ങളും തിരുവനന്തപുരത്തെ ഏറ്റവും വലിയ ഹോട്ടല്‍ കണ്വെന്ഷന് സെന്ററുമാണ് ആക്കുളത്തെ ‘ഒ ബൈ താമര’ എന്ന ഹോട്ടലില്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്.
താമര ബ്രാന്‍ഡിലെ ഹോട്ടല്‍ മുറികളുടെ എണ്ണം 2025 ഓടെ ആഗോളാടിസ്ഥാനത്തില്‍ 1,000 തികയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് താമര ലീഷര്‍ എക്സ്പീരിയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയും ഡയറക്ടറുമായ ശ്രുതി ഷിബുലാല്‍ പറഞ്ഞു.
തിരുവനന്തപുരത്തിനു പിന്നാലെ ആലപ്പുഴ, ഗുരുവായൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലും പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തെ ഹോട്ടലില്‍ 152 മുറികളാണുള്ളത്. കമ്പനിയുടെ മൂന്നു വിഭാഗം ഹോട്ടലുകളില്‍ ‘ഒ ബൈ താമര” വിഭാഗത്തിലെ ആദ്യ ഹോട്ടലാണ് ഇവിടെ ആരംഭിച്ചതെന്നും ഹോട്ടലിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
കേരളത്തിന്റെ വിനോദസഞ്ചാര, വിവരസാങ്കേതിക മേഖലകളിലെ നിര്‍ണായക വളര്‍ച്ച കണക്കിലെടുത്താണ് കേരളത്തിനു പ്രാമുഖ്യം നൽകുന്നത് വിനോദസഞ്ചാരത്തിനുള്ള നിത്യഹരിത ലക്ഷ്യസ്ഥാനമായ കേരളത്തിന്റെ പ്രകൃതിഭംഗി വിനോദസഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്നതാണെന്നും അതില്‍ പങ്കാളിയായി സംസ്ഥാനത്തിന്റെ ആതിഥേയ മേഖലയ്ക്ക് അനുയോജ്യമായ സംഭാവന നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.
ഉത്തരവാദിത്ത ആതിഥേയത്വമാണ് കേരളത്തില്‍ 300 കോടി രൂപ നിക്ഷേപം നടത്തുന്ന താമര ഗ്രൂപ്പിന്റെ അടിത്തറ. കോര്‍പ്പറേറ്റ് ഭരണം, തൊഴില്‍ നൈതികത, സുസ്ഥിര സമ്പ്രദായങ്ങള്‍, അതിഥികളുടെ സന്തോഷം എന്നിവയിലധിഷ്ഠിതമായതും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് രൂപീകരിക്കുകയാണ് ദര്‍ശനമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മുതല്‍ ഹരിതചട്ടങ്ങള്‍ സൂക്ഷ്മമായി പാലിച്ചിട്ടുണ്ട്. സംയോജിത വാസസ്ഥല മൂല്യനിര്‍ണയത്തിനുള്ള ദേശീയ മാനദണ്ഡമായ “ഗൃഹ” (ഗ്രീന്‍ റേറ്റിങ് ഫോര്‍ ഇന്റഗ്രേറ്റഡ് ഹാബിറ്റാറ്റ് അസസ്മെന്റ്) സര്ട്ടിഫിക്കേഷന് ഉടന്‍ ലഭിക്കും.
10,000 ചതുരശ്രയടിയിലാണ് തലസ്ഥാനത്തെ ഏറ്റവും വലിയ കണ്വെന്ഷന് സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇത് മുഴുവനായോ ഏഴായിരവും മൂവായിരവും വിസ്തീര്‍ണമുള്ള രണ്ട് ഹാളുകളായോ ഉപയോഗിക്കാം. ഹാളില്‍ തിയേറ്റര്‍ ശൈലിയില്‍ 1,250 പേര്‍ക്കും റൗണ്ട് ടേബിള്‍ മാതൃകയില്‍ അഞ്ഞൂറുപേര്ക്കും ഇരിക്കാമെന്നും അവര്‍ പറഞ്ഞു.
ഒന്നാം നിലയില്‍ ലോബിയില്‍ നിന്നുള്ള എലിവേറ്റര്‍, സ്വീകരണമുറി, ബാര്‍, ബോര്‍ഡ്റൂം, ആവശ്യാനുസരണം ക്രമീകരിക്കാവുന്ന 1400 ചതുരശ്രയടി കോണ്‍ഫറന്‍സ് റൂം എന്നിവയുള്‍പ്പെടുന്ന 1,809 ചതുരശ്രയടിയിലുള്ള ബിസിനസ് സെന്ററുണ്ട്. കോണ്‍ഫറന്‍സ് ഹാളില്‍ തീയേറ്റര്‍ ശൈലില് 125 പേര്‍ക്കും റൗണ്ട് ടേബിളായി 75 പേര്‍ക്കും ഇരിക്കാം. ഔദ്യോഗിക ബിസിനസ് മീറ്റിങ്ങുകള്‍ക്കുള്ള 258 ചതുരശ്ര അടി ബോര്‍ഡ്റൂമില്‍ 12 സീറ്റുകളാണുള്ളത്.
മൂന്നാം നിലയില്‍ 7,136 ചതുരശ്രയടി പുല്‍ത്തകിടിയോടെ പൂള് സജ്ജമാക്കിയിട്ടുണ്ട്. മുന്നൂറ്റിയന്‍പതോളം പേരെ ഉള്‍ക്കൊള്ളാവുന്ന ഈ സ്ഥലം ഔട്ട്ഡോര്‍ പരിപാടികള്‍ക്ക് അനുയോജ്യമാണ്.
മൂന്നു വിഭാഗത്തിലുള്ള മുറികളാണുള്ളത്. 301 ചതുരശ്രയടിയിലുള്ള ഡീലക്സ്-എലീറ്റ് റൂമുകള്‍, പ്രത്യേക ലിവിംഗ് റൂം, പൗഡര്‍ റൂം, ബെഡ്റൂം എന്നിവ ഉള്‍പ്പെടുന്ന 729 ചതുരശ്രയടിയിലുള്ള സ്യൂട്ട് റൂം എന്നിവ. 43 ഇഞ്ചുള്ള എച്ച്ഡി സ്മാര്‍ട് ടിവി, 24 മണിക്കൂറും അതിവേഗ ഇന്റര്‍നെറ്റ്, ഇലക്ട്രോണിക് സെയ്ഫ്, മിനി ബാര്‍, വോക്ക് ഇന്‍ ഷവര്‍, ലോണ്ട്രി സേവനങ്ങള്‍, സൗണ്ട് പ്രൂഫ് വിന്‍ഡോ എന്നീ സജ്ജീകരണങ്ങളും മുറികളിലുണ്ട്.
മുഴുവന്‍സമയ റൂം സര്‍വീസിനു പുറമേ ‘ഒ ബൈ താമര’യില്‍ നാല് ആഡംബര ഭക്ഷണശാലകളുമുണ്ട്. ദിവസം മുഴുവന്‍ ഭക്ഷണം ലഭിക്കുന്ന ‘ഒ കഫേ’യും ലോബി പേസ്ട്രി ഷോപ്പായ ‘എല്‍ബിവി’യും പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. റൂഫ് ടോപ് ബാറും ഗ്രില്ലും അടങ്ങുന്ന ‘ടേക്ക് ഓഫ്’, ‘സ്പോര്‍ട്സ് ബാര്‍’ എന്നിവ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.
അഞ്ച് ട്രീറ്റ്മെന്റ് റൂമുകളോടുകൂടിയ സ്പാ, സ്റ്റീം, സോണ, ജകൂസി സൗകര്യങ്ങളും പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകളുടേയും ഉഴിച്ചില്‍ നടത്തുന്നവരുടേയും സേവനവും ലഭ്യമാക്കുന്നുണ്ട്. അത്യാധുനിക ജിംനേഷ്യം, ഫിറ്റ്നസ് സെന്റര്‍, ഇന്‍ഫിനിറ്റി പൂള് എന്നിവയാണ് മറ്റു ആകര്‍ഷണതകള്‍.
പ്രാദേശിക സമൂഹത്തോടുള്ള ഉത്തരവാദിത്തം എന്ന താമര ഗ്രൂപ്പിന്റെ നയം മുന്‍നിര്‍ത്തി പ്രദേശത്തുള്ളവര്‍ക്കും ഇവിടെ ജോലി നല്‍കിയിട്ടുണ്ടെന്ന് ശ്രുതി അറിയിച്ചു.
താമര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് സെയില്‍സ്-മാര്‍ക്കറ്റിംഗ് മേധാവി ശരത് ശങ്കറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകരുടെ സന്ദര്‍ശനവും അവരുമായുള്ള ആശയവിനിമയവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: